ഉച്ചഭക്ഷണ പദ്ധതിയുടെ താളം തെറ്റിക്കരുത്

സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ 152 കോടി രൂപയാണ് ഇപ്പോൾ സർക്കാർ നൽകേണ്ട കുടിശ്ശികയായിട്ടുള്ളത്.
Editorial on school mid day meal scheme
ഉച്ചഭക്ഷണ പദ്ധതിയുടെ താളം തെറ്റിക്കരുത്
Updated on

സ്കൂൾ കുട്ടികളുടെ വിശപ്പകറ്റാനും പോഷകാഹാര നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് രാജ്യം ആവിഷ്കരിച്ച ഉച്ചഭക്ഷണ പദ്ധതി ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതിയാണ്. പിഎം- പോഷൺ പദ്ധതിയെന്നു പുനർ നാമകരണം ചെയ്തിട്ടുള്ള ഇതിന്‍റെ ഭാഗമായി 11 ലക്ഷത്തിലേറെ സ്കൂളുകളിലെ 12 കോടിയോളം കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ദാരിദ്ര്യ നിർമാർജനത്തിൽ ഇനിയും വളരെയേറെ മുന്നോട്ടുപോകാനുള്ള സാഹചര്യത്തിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയുടെ പ്രാധാന്യം എത്ര വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ക്ലാസ് മുറികളിലെ പട്ടിണി ഒഴിവാക്കാനും സ്കൂളുകളിലേക്കു കൂടുതൽ കുട്ടികളെ ആകർഷിക്കാനും കുട്ടികളിലെ പഠന താത്പര്യം വർധിപ്പിക്കാനും സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനും പോഷകാഹാരക്കുറവിനു പരിഹാരം കാണാനും എല്ലാം ഉച്ചഭക്ഷണ പദ്ധതി വലിയ തോതിൽ സഹായമായിട്ടുണ്ട്. വിശപ്പ് വിദ്യാഭ്യാസത്തെ തടസപ്പെടുത്തരുത് എന്ന വലിയ സന്ദേശമാണ് ഇതിൽ ഉൾപ്പെടുന്നത്.

ഈ പദ്ധതി വേണ്ടവിധത്തിൽ നടപ്പാക്കുകയെന്നതു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. അതിൽ വീഴ്ച വരാനേ പാടില്ലാത്തതുമാണ്. എന്നാൽ, കേരളത്തിൽ പദ്ധതി നടത്തിപ്പ് പലപ്പോഴും പ്രതിസന്ധിയിലാവുന്നതു കണ്ടുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഇരുപത്തേഴു ലക്ഷത്തോളം കുട്ടികളാണ് സ്കൂളുകളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നത്. അധ്യാപകരുടെ, പ്രത്യേകിച്ചു പ്രഥമാധ്യാപകരുടെ ചുമതലയാണ് ഉച്ചഭക്ഷണ വിതരണം മുടങ്ങാതെ നടത്തുന്നത് എന്നതാണ് അവസ്ഥ. യഥാസമയം സർക്കാരിൽ നിന്നു പണം കിട്ടാതെ വരുമ്പോൾ അവർ കടം വാങ്ങിയും സ്വന്തം കൈയിൽ നിന്നെടുത്തും ആഭരണങ്ങൾ പണയം വച്ചും ഒക്കെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകേണ്ടിവരുന്നു. പല പ്രധാനാധ്യാപകരും ലക്ഷക്കണക്കിനു രൂപയുടെ ബാധ്യതയിലാണുള്ളതത്രേ. വിദ്യാർഥികളുടെ വിശപ്പകറ്റാൻ പണം തേടി അലയേണ്ടിവരുന്ന അധ്യാപകരെ കാണാതിരിക്കണമെങ്കിൽ സർക്കാർ സമയത്തു കനിയണം. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഉച്ചഭക്ഷണ പദ്ധതിയോടു മുഖം തിരിക്കുന്നത് അന്യായം മാത്രമാണ്. എന്തായാലും കൈയിൽ നിന്നു പണമെടുത്ത് ഇനി ഉച്ചഭക്ഷണ വിതരണം നടത്തില്ലെന്ന നിലപാട് ഒരു വിഭാഗം ഹെഡ്മാസ്റ്റർമാരുടെ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം പതിനേഴിനകം കുടിശ്ശികത്തുക നൽകിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ഉച്ചഭക്ഷണ വിതരണത്തിൽ നിന്നു പിന്മാറുമെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ്ടിഎയും മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.

സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ 152 കോടി രൂപയാണ് ഇപ്പോൾ സർക്കാർ നൽകേണ്ട കുടിശ്ശികയായിട്ടുള്ളത്. പദ്ധതിയിൽ 60 ശതമാനം കേന്ദ്ര സർക്കാരിന്‍റെയും 40 ശതമാനം സംസ്ഥാന സർക്കാരിന്‍റെയും വിഹിതമാണ്.

കേന്ദ്രം സമയത്തു തരുന്നില്ലെന്നു സംസ്ഥാനവും സംസ്ഥാനത്തിന്‍റെ വിഹിതം എവിടെയാണെന്ന് കേന്ദ്രവും ആവർത്തിച്ചു ചോദിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുന്നതുകൊണ്ട് കുട്ടികളുടെ ഭക്ഷണം ഉറപ്പിക്കാനാവില്ല. കേന്ദ്ര സഹായം വാങ്ങിയെടുക്കാനും സംസ്ഥാന സഹായം സമയത്തു ലഭ്യമാക്കാനും സംസ്ഥാന സർക്കാർ പ്രത്യേക താത്പര്യമെടുക്കുക തന്നെ വേണം. സെപ്റ്റംബറിലെ സംസ്ഥാന വിഹിതം, ഒക്റ്റോബർ മുതലുള്ള കേന്ദ്ര, സംസ്ഥാന വിഹിതം എന്നിവ ഇപ്പോൾ കുടിശ്ശികയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുൻപ് പലപ്പോഴും ഇത്തരത്തിൽ കുടിശ്ശിക വന്നതിനെത്തുടർന്ന് അധ്യാപകർ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്. പ്രഥമാധ്യാപകരുടെ മേൽ സമ്മർദമുണ്ടാക്കുന്ന സർക്കാർ നിലപാടിനെ കോടതി ശക്തമായി വിമർശിച്ചിട്ടുമുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ ഈ വിഷയം കോടതി പരിഗണിച്ചപ്പോൾ കേന്ദ്ര ഫണ്ട് ലഭിക്കാത്തത് കുടിശ്ശിക നൽകുന്നതു വൈകാൻ കാരണമാവുന്നുവെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. എന്നാൽ, ഈ വാദം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തള്ളിക്കളഞ്ഞു. പ്രധാനാധ്യാപകർക്കു നൽകാനുള്ള കുടിശ്ശിക എന്നു കൊടുത്തുതീർക്കുമെന്നു കോടതി ആരായുകയുണ്ടായി. കുടിശ്ശികത്തുകയിൽ ഒരു ഭാഗം നൽകിയാണ് അന്നു സർക്കാർ തടിയൂരിയത്. പിന്നീടും കുടിശ്ശിക കുമിഞ്ഞുകൂടി എന്നതാണ് ഇപ്പോൾ കാണുന്ന വസ്തുത. കോടതി ഇടപെടലുണ്ടായിട്ടും സർക്കാരിന്‍റെ സമീപനത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് ഇതിൽ നിന്നു മനസിലാവുന്നത്. സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഒരു കുട്ടിക്കളിയായി സർക്കാർ കാണരുത്. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി കുട്ടികൾക്ക് അറിയേണ്ട കാര്യമില്ല. അവർക്കു കൃത്യമായി ഭക്ഷണം കിട്ടുന്നുവെന്ന് ഉറപ്പുവരുത്താൻ സർക്കാർ കുടിശ്ശിക നൽകുക മാത്രമല്ല വേണ്ടത്; ഭക്ഷണത്തിനുള്ള ഫണ്ട് സ്കൂളുകൾക്കു മുൻകൂറായി അനുവദിക്കണം. പദ്ധതിക്കു സർക്കാർ അനുവദിക്കുന്നത് തുച്ഛമായ തുകയാണ് എന്ന പരാതിയും പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. കുട്ടികൾക്കു വിശപ്പടക്കാൻ ഭക്ഷണം കൊടുക്കുന്നതിനു ചെലവാകുന്ന തുക ഒരു സർക്കാരിനും അധികപ്പറ്റല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com