സ്കൂളുകൾ തുറക്കുന്നു, ഒരുക്കങ്ങളിൽ വീഴ്ചയരുത്| മുഖപ്രസംഗം

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ പലയിടത്തും മുന്നൊരുക്കങ്ങൾക്കു തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവാം.
സ്കൂളുകൾ തുറക്കുന്നു, ഒരുക്കങ്ങളിൽ വീഴ്ചയരുത്| മുഖപ്രസംഗം

രണ്ടു മാസത്തെ അവധിക്കു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നതിന് ഇനി ഏതാനും ദിവസം മാത്രമാണുള്ളത്. ജൂൺ മൂന്നിനു പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിന് സർക്കാർ നേരത്തേ തന്നെ നിർദേശങ്ങൾ നൽകിയിരുന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കാത്ത സ്കൂളുകൾ അതിവേഗത്തിൽ ശേഷിച്ച പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ പലയിടത്തും മുന്നൊരുക്കങ്ങൾക്കു തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവാം. വരും ദിവസങ്ങളെല്ലാം മഴയുടേതാണ്. മഴക്കാലമാണ് എന്നതിനാൽ മുന്നൊരുക്കങ്ങളിൽ പാളിച്ചയുണ്ടാവാൻ പാടില്ല. കുട്ടികളുടെ സുരക്ഷിതത്വം പൂർണമായി ഉറപ്പാക്കേണ്ടതുണ്ട്. അത്യാവശ്യമായ അറ്റകുറ്റപ്പണികൾ ഈ ദിവസങ്ങളിൽ തന്നെ നടത്തണം. എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതുണ്ട്.

സ്കൂളും പരിസരവും വൃത്തിയാക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക, സ്കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുക, ഉപയോഗ ശൂന്യമായ ഫർണിച്ചറും മറ്റ് ഉപകരണങ്ങളും നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ ചെയ്യുക, സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ എന്നിവ മാറ്റുക തുടങ്ങിയ നിർദേശങ്ങൾ നേരത്തേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം നൽകിയതാണ്. സ്കൂളിലേക്കുള്ള വഴിയിലും പരിസരത്തും അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുക, വൈദ്യുതി കമ്പികൾ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പുവരുത്തുക, സ്കൂൾ ബസുകൾക്കും കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുക തുടങ്ങി അവഗണിക്കാനാവാത്ത പല കാര്യങ്ങളും ചെയ്തു തീർക്കാനുണ്ട്.

അതിനൊപ്പം തന്നെ പ്രധാനമാണ് കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്നു രക്ഷിക്കുകയെന്നത്. സമീപകാലത്ത് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി വസ്തുക്കളുടെ ഉപയോഗം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ലഹരി മാഫിയയുടെ പിടിയിലമരുന്നു. യുവാക്കളെയും കുട്ടികളെയുമാണ് അവർ പ്രധാനമായും ലക്ഷ്യമിടുന്നത്. ലഹരി വിൽപ്പന സംഘങ്ങളെ നേരിടാൻ സർക്കാർ കർശനമായ നടപടികൾ പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. കലാലയപരിസരത്ത് അവരുടെ സാന്നിധ്യം ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, ലഹരി മാഫിയ ഇപ്പോഴും സജീവമാണ്. വർധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥതകൾ ഏറെയാണ്. കുട്ടികളെ ലഹരിയിൽ നിന്നു രക്ഷിക്കുന്നതിന് പഴുതടച്ചുള്ള പ്രതിരോധം തന്നെ വേണം. സ്കൂൾ പരിസരത്ത് എവിടെയും ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. എക്സൈസും പൊലീസും പ്രത്യേക ജാഗ്രത പുലർത്തണം. നിശ്ചിത ഇടവേളകളിൽ കടകളിൽ പരിശോധന നടത്തണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്. ഇത്തരം പരിശോധനകൾ പേരിനു മാത്രമാവരുത്.

സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വിവിധ തലങ്ങളിൽ ജനജാഗ്രതാ സമിതികളുണ്ട്. അവയുടെ പ്രവർത്തനം കാര്യക്ഷമമാവുന്നതും പ്രധാനമാണ്. ബോധവത്കരണ നടപടികൾ ശക്തമാക്കേണ്ടതുണ്ട്. കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും ചേർന്നുള്ള പ്രവർത്തനങ്ങളാണു വേണ്ടത്. സർക്കാർ നിർദേശിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ, ലഹരി വിരുദ്ധ സെമിനാർ തുടങ്ങിയവ ഒരു ചടങ്ങിനു നടത്തുകയല്ല വേണ്ടത്. അതിൽ നിന്ന് കുട്ടികൾക്കു വ്യക്തമായ സന്ദേശം പകർന്നു കിട്ടുന്നുവെന്ന് ഉറപ്പാക്കാനാവണം. വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ വാഹനങ്ങളുടെ പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗം, ഡ്രൈവർക്ക് ആവശ്യമായ മുൻപരിചയം, വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങി മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന എല്ലാ കാര്യങ്ങളിലും വീഴ്ചയില്ലെന്ന് ഉറപ്പാക്കേണ്ടത് സ്കൂൾ അധികൃതരാണ്.

സീറ്റിങ് ശേഷിക്ക് അനുസരിച്ചു മാത്രമേ വാഹനങ്ങളിൽ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ എന്ന നിർദേശം വളരെയേറെ പ്രസക്തമാണ്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കർശനമായി തടയേണ്ടതാണ്. എല്ലാ സ്കൂൾ വാഹനത്തിലും പ്രഥമ ശുശ്രൂഷാ കിറ്റ് വേണമെന്നു പറയുന്നത് പേരിനു കാണിക്കാൻ വേണ്ടിയല്ല, അത്യാവശ്യം വന്നാൽ ഉപയോഗിക്കാൻ തക്കവണ്ണം സുസജ്ജമായിരിക്കണം അത്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിൽ പ്രതിസന്ധിയില്ലാതെ നോക്കേണ്ടത് സർക്കാരിന്‍റെ ചുമതലയാണ്. ഇതിലുണ്ടാവുന്ന വീഴ്ച പ്രഥമാധ്യാപകരെയാണു വലയ്ക്കുന്നത്.

Trending

No stories found.

Latest News

No stories found.