പീഡന കേസുകളിൽ ശക്തമായ നടപടി വേണം

സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരവധിയായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ട്.
Editorial on sexual assault case
പീഡന കേസുകളിൽ ശക്തമായ നടപടി വേണം
Updated on

പത്തനംതിട്ടയിൽ കായിക താരമായ ദളിത് പെൺകുട്ടിയെ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തൽ പുറത്തുവന്നപ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്നിരിക്കുന്നത് ഈ സംസ്ഥാനത്തിനാണ്. ക്രിമിനൽ കേസ് പ്രതികൾ മുതൽ പ്ലസ് ടു വിദ്യാർഥികൾ വരെ കേസിൽ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്നാണു വിവരം. അതിനു പിന്നാലെയാണ് മലപ്പുറത്തുനിന്ന് മറ്റൊരു പീഡന കേസ് കൂടി പുറത്തുവന്നിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടുപേർ ചേർന്നു പീഡിപ്പിച്ചതായി പരാതി ഉയർന്നത് അരീക്കോടാണ്. അയൽവാസിയും ബന്ധുക്കളും അടക്കമുള്ളവർക്കെതിരേയാണത്രേ പരാതി. യുവതിയെ മുഖ്യപ്രതി പലർക്കും കാഴ്ചവച്ചു എന്നാണു പൊലീസ് എഫ്ഐആറിൽ പറയുന്നത്. യുവതിയുടെ 15 പവൻ സ്വർണവും കവർന്നത്രേ. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ഇനിയും ഏറെ മുന്നോട്ടുപേകേണ്ടതുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങൾ. പ്രത്യേകിച്ച് അക്രമികളെ പ്രതിരോധിക്കാനുള്ള കെൽപ്പു കുറഞ്ഞവർക്ക് സർക്കാരും പൊതുസമൂഹവും ഒപ്പംനിന്ന് കരുത്തു പകരേണ്ടിയിരിക്കുന്നു.

പതിമൂന്നു വയസു മുതൽ തുടങ്ങിയ പീഡനത്തെക്കുറിച്ചാണ് പത്തനംതിട്ടയിലെ നിസഹായയായ ഒരു പാവം പെൺകുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. കുടുംബശ്രീയുടെ ഗൃഹസന്ദർശന പരിപാടിയായ "സ്നേഹിത'യിൽ അവരുടെ പ്രവർത്തകരോടാണു പെൺകുട്ടി പീഡന വിവരം പറയുന്നത്. സ്നേഹിത പ്രവർത്തകർ അക്കാര്യം ശിശുക്ഷേമ സമിതിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്നു ശിശുക്ഷേമ സമിതി നിയോഗിച്ച കൗൺസിലും പൊലീസും കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് 62 പേരുകൾ അറിവായിരിക്കുന്നത്. പൊലീസ് അന്വേഷണം കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ടെന്നാണ് ഇതുവരെയുള്ള നടപടികൾ സൂചിപ്പിക്കുന്നത്. ഇന്നലെ വൈകിട്ടു വരെ മുപ്പതോളം പേർ കേസിൽ അറസ്റ്റിലായിക്കഴിഞ്ഞു. കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നു പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഡിഐജി തന്നെ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നു. കേസ് അന്വേഷിക്കുന്ന 25 അംഗ സംഘത്തിൽ ഡിവൈഎസ്പിയും എസ്പിയും ഉൾപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുവരുകയാണെന്നു പൊലീസ് അവകാശപ്പെടുന്നുണ്ട്.

പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പങ്കുവച്ചവർ, പ്രചരിപ്പിച്ചവർ തുടങ്ങിയവരിലേക്കും അന്വേഷണം നീളുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പത്തനംതിട്ട ജില്ലയ്ക്കു പുറത്തേക്കും കേസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. പൊലീസിന്‍റെ ഭാഗത്ത് ഇപ്പോൾ കാണുന്ന ഈ കാര്യക്ഷമത തുടർന്നുള്ള ദിവസങ്ങളിലും നടപടികളിലും ഉണ്ടാവണം. കേസിൽ ഉൾപ്പെടുന്നത് എത്ര വലിയ ആളുകളായാലും അവർക്ക് എന്തുമാത്രം സ്വാധീനമുണ്ടായാലും അത് അന്വേഷണത്തെ ബാധിക്കരുത്. കുറ്റവാളികൾ മുഴുവൻ ശിക്ഷിക്കപ്പെടണം. മുഖം നോക്കാതെ നടപടിയെടുക്കാൻ രാഷ്ട്രീയം അടക്കം ഒന്നും തടസമാവരുത്. ഇനി ഇത്തരത്തിൽ ഒരു കേസ് കേരളത്തിൽ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാൻ അത്യാവശ്യമായിട്ടുള്ളത് കുറ്റക്കാർ കടുത്ത ശിക്ഷയ്ക്കു വിധേയരാവുന്നുവെന്ന് ഉറപ്പാക്കുന്നതു തന്നെയാണ്.

സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരവധിയായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ട്. പക്ഷേ, പ്രായപൂർത്തിയാവാത്തവരടക്കം പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന കേസുകൾ ഇപ്പോഴും ആശങ്കപ്പെടുത്തുന്ന തോതിലാണ്.

സ്ത്രീസുരക്ഷയ്ക്കു നേരേയുള്ള വെല്ലുവിളികൾ അവസാനിക്കുന്നില്ല. പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണു കേരളം. പുരോഗതിയുടെ സൂചികകളിൽ പലതിലും രാജ്യത്തു മുൻപന്തിയിലാണു നമുക്കു സ്ഥാനം. എന്നാൽ, സ്ത്രീകളും പെൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നതു തടയുന്നതിൽ ഇനിയും നമുക്കു വിജയിക്കാനായിട്ടില്ല. നാടിനെയൊന്നാകെ നാണം കെടുത്തുന്ന എത്രയെത്ര പീഡന സംഭവങ്ങൾ കേരളം കേട്ടുകഴിഞ്ഞു. വിതുരയും സൂര്യനെല്ലിയും കിളിരൂരും പൂവരണിയും അടക്കം എത്രയോ കേസുകൾ ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നു. പിന്നെയും ഇത്തരം കേസുകളുണ്ടാവുന്നു എന്നത് സ്ത്രീ-ശിശു സംരക്ഷണ സംവിധാനങ്ങൾ എത്രമാത്രം ദുർബലമാണെന്നു കാണിക്കുന്നതാണ്. പീഡനങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തേണ്ടതുണ്ടെന്നു വ്യക്തം.

പത്തനംതിട്ട കേസിൽ പെൺകുട്ടിയെ കൈമാറാൻ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം കുറ്റവാളികൾ ഉപയോഗിച്ചിരുന്നു എന്നാണു പറയുന്നത്. പൊലീസ് നിരീക്ഷണമോ ക്യാമറകളോ ഒന്നും അവിടെ ഇല്ലാത്തത് ഇതിനു സഹായകരമായി. പൊതുഇടങ്ങളിൽ പോലും കുറ്റകൃത്യങ്ങൾക്കു സഹായം ചെയ്യുന്ന സാഹചര്യങ്ങളുണ്ടാവുന്നു എന്നതാണ് ഇതിൽ നിന്നു മനസിലാവുന്നത്. അഞ്ചു വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടും അറിയേണ്ടവരാരും അതറിഞ്ഞില്ല. ഇതു സമൂഹത്തെ ഭയപ്പെടുത്തേണ്ടതു തന്നെയാണ്. സ്കൂളുകളിൽ കാര്യക്ഷമമായ കൗൺസലിങ് സംവിധാനങ്ങൾ ഉണ്ടാവേണ്ടതിന്‍റെ പ്രാധാന്യം ഇതിൽ നിന്നു വ്യക്തമാവുന്നുണ്ട്. അധ്യാപകരോട് എല്ലാം തുറന്നു പറയാൻ കുട്ടികൾക്ക് കഴിയുന്ന അന്തരീക്ഷമുണ്ടാവുക എന്നതു പ്രധാനമാണ്. പിടിഎയുടെ പ്രവർത്തനവും മെച്ചപ്പെടേണ്ടതുണ്ട്. താൻ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറഞ്ഞ് പ്രതിരോധിക്കാനും കുറ്റവാളികളെ തുറന്നുകാട്ടി അവർക്ക് അർഹതപ്പെട്ട ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള ആത്മവിശ്വാസവും ധൈര്യവും കുട്ടികൾക്കു പകർന്നു നൽകേണ്ടത് അനിവാര്യമാണ്. ബോധവത്കരണ പ്രവർത്തനങ്ങളുടെ പ്രസക്തിയും ഇതിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com