മരണമില്ലാത്ത ജയചന്ദ്ര ഗീതങ്ങൾ

ആറു പതിറ്റാണ്ടു നീണ്ട ആ സംഗീത ജീവിതം ഹിറ്റുകളുടെ വലിയൊരു സമാഹാരമാണ്.
Editorial on singer p. jayachandran
മരണമില്ലാത്ത ജയചന്ദ്ര ഗീതങ്ങൾ
Updated on

പാട്ടിന്‍റെ പാലാഴി തീർത്ത ഭാവഗായകൻ ഈ ലോകത്തോടു യാത്രചൊല്ലി പിരിഞ്ഞിരിക്കുന്നു. കേൾക്കുന്ന ഏതൊരാളുടെയും മനം മയക്കുന്ന വിധത്തിൽ ഗാനങ്ങൾ ആലപിക്കാൻ ഇനി പി. ജയചന്ദ്രൻ ഇല്ല. മലയാളക്കരയൊന്നാകെ അദ്ദേഹത്തിന്‍റെ മഹത്തായ സംഭാവനകൾ സ്മരിക്കുന്ന മണിക്കൂറുകളാണിത്. ഇനിയെത്രകാലം കഴിഞ്ഞാലും ഈ സംഭാവനകളുടെ നീണ്ട ലിസ്റ്റ് സംഗീത പ്രേമികൾ ചർച്ച ചെയ്തുകൊണ്ടിരിക്കും. ഭാവഗായകന്‍റെ ഇമ്പമാർന്ന ശബ്ദം നാളെകളിലും ‌വാഴ്ത്തപ്പെട്ടുകൊണ്ടിരിക്കും. പ്രണയവും വിരഹവും ആഹ്ലാദവും നിരാശയും ഭക്തിയും എല്ലാം സന്ദർഭാനുസരണം തെളിയുന്ന ആലാപനത്തിലൂടെ ജനലക്ഷങ്ങളെയാണ് അദ്ദേഹം ആരാധകരാക്കി മാറ്റിയത്. തലമുറകൾക്ക് ഒരേപോലെ സ്വീകാര്യനായ ഗായകനാണ് അദ്ദേഹം. ഏറ്റവും പുതിയ തലമുറ വരെ ജയചന്ദ്രന്‍റെ ഗാനങ്ങൾ നെഞ്ചേറ്റി പാടി നടക്കുന്നു. ആറു പതിറ്റാണ്ടു നീണ്ട ആ സംഗീത ജീവിതം ഹിറ്റുകളുടെ വലിയൊരു സമാഹാരമാണ്. അനുഗ്രഹീതമായ ആ ശബ്ദം ഓരോ വരികളുടെയും ആത്മാവ് കണ്ടറിഞ്ഞ് അതിനു സ്വയം വഴങ്ങിക്കൊണ്ടിരുന്നു.

അദ്ദേഹം ആലപിച്ച ഒരു പിടി നല്ല ഗാനങ്ങൾ ജയചന്ദ്രൻ പാടിയാൽ മാത്രം ഇത്രയും ഭംഗിയാവുന്നവയാണെന്ന് ഏതു സംഗീതാസ്വാദകനും അറിയാവുന്നത്. ആലാപനത്തിലെ പെർഫെക്ഷൻ വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയുന്നതിലും അപ്പുറം. ജയചന്ദ്രൻ ആലപിച്ച എത്രയോ ഗാനങ്ങളുണ്ട് മലയാളിക്ക് എണ്ണിയെണ്ണിപ്പറയാൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ അദ്ദേഹം പാടി. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടി. അഞ്ചു തവണ കേരളത്തിലും നാലു തവണ തമിഴ്നാട്ടിലും സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. കേരളത്തിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയൽ അവാർഡും തമിഴ്നാട് സർക്കാരിന്‍റെ കലൈമാമണി ബഹുമതിയും അദ്ദേഹത്തിന്‍റെ ഭാവപൂർണിമയ്ക്കു ലഭിച്ച അംഗീകാരങ്ങളാണ്.

1958ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനവും ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി കലാരംഗത്തു ശ്രദ്ധ നേടിയ ജയചന്ദ്രൻ പിന്നണി ഗായകരുടെ മുൻനിരയിലേക്കു ചേക്കേറിയത് അതുല്യമായ വൈഭവം കൊണ്ടുതന്നെയാണ്. ചെന്നൈയിൽ (അന്നത്തെ മദ്രാസ്) മലയാളി സമാജം സംഘടിപ്പിച്ച ഒരു ഗാനമേളയിൽ ജയചന്ദ്രന്‍റെ പാട്ടുകേട്ടാണ് ശോഭന പരമേശ്വരൻ നായരും എ. വിൻസെന്‍റും സിനിമയിൽ പാടാൻ ക്ഷണിക്കുന്നത്. അറുപതുകളുടെ തുടക്കത്തിലായിരുന്നു അ‍ത്. കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിൽ "ഒരു മുല്ലപ്പൂമാലയുമായ്' എന്ന ഗാനത്തിൽ ആദ്യമായി ജയചന്ദ്രന്‍റെ ശബ്ദം റെക്കോഡ് ചെയ്യപ്പെട്ടു. ആ ചിത്രത്തിന്‍റെ റിലീസ് വൈകിയതിനാൽ "കളിത്തോഴൻ' എന്ന ചിത്രത്തിലെ "മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന ഗാനം ജയചന്ദ്രന്‍റേതായി ആദ്യം പുറത്തിറങ്ങി. ജി. ദേവരാജൻ ഈണമിട്ട ഈ ഗാനം അന്നു ഹിറ്റായി എന്നു മാത്രമല്ല ഇന്നും മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്. അതിനു ശേഷം പ്രഗത്ഭരായ സംഗീതജ്ഞരുടെ ഈണത്തിൽ പിറന്ന എത്രയെത്ര ജയചന്ദ്ര ഗാനങ്ങൾ. 1967ൽ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ എന്ന സിനിമയിൽ ബാബുരാജ് ഈണമിട്ട ""അനുരാഗഗാനം പോലെ...'', 1971ൽ പുറത്തിറങ്ങിയ സിഐഡി നസീർ എന്ന ചിത്രത്തിലെ എം.കെ. അർജുനൻ ഈണമിട്ട ""നിൻ മണിയറയിലെ'', 1973ൽ പുറത്തിറങ്ങിയ പണിതീരാത്ത വീട് എന്ന ചിത്രത്തിലെ എം.എസ്. വിശ്വനാഥൻ ഈണം പകർന്ന ""നീലഗിരിയുടെ സഖികളേ''.... എന്നിങ്ങനെ ഹിറ്റുകളുടെ നിര തന്നെയാണു പിന്നീടുണ്ടായത്. പുരുഷ ശബ്ദമാണെങ്കിൽ യേശുദാസോ ജയചന്ദ്രനോ പാടിയാലേ തൃപ്തിയാവൂ എന്ന നിലയിലായി കാര്യങ്ങൾ. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം.എസ്. വിശ്വനാഥൻ ഈണം പകർന്ന "സ്വർണഗോപുര നർത്തകീ ശിൽപ്പം...', "കർപ്പൂര ദീപത്തിൻ കാന്തിയിൽ...' "തിരുവാഭരണം ചാർത്തി വിടർന്നു....', "രാജീവനയനേ നീയുറങ്ങൂ...' തുടങ്ങിയ ഗാനങ്ങൾ ജയചന്ദ്രന്‍റെ ആലാപന മാധുര്യം നിറഞ്ഞൊഴുകുന്നതായിരുന്നു.

തമിഴിൽ ജയചന്ദ്രനെ ആദ്യമായി അവതരിപ്പിച്ചത് എം.എസ്‌. വിശ്വനാഥൻ തന്നെയായിരുന്നു; 1973ല്‍ പുറത്തിറങ്ങിയ "മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍...' എന്ന ഗാനത്തിലൂടെ. എം.എസ്. വിശ്വനാഥന്‍റെയും ഇളയരാജയുടെയും സംഗീതത്തിൽ പിന്നീടു നിരവധി ചിത്രങ്ങളിൽ ജയചന്ദ്രൻ പാടി. "വൈദേഹി കാത്തിരുന്താൾ' എന്ന ചിത്രത്തിനു വേണ്ടി പാടിയ ""രാസാത്തി ഒന്നെ കാണാതെ നെഞ്ച്...'' എന്ന ഗാനം തമിഴിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. 1982ൽ എവരു എവരു വീരു എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറിയ ജയചന്ദ്രൻ 2008ല്‍ എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ "അഡാ... എ വേ ഓഫ് ലൈഫ്' എന്ന ചിത്രത്തിലൂടെയായിരുന്നു ഹിന്ദിയിൽ സാന്നിധ്യം അറിയിച്ചത്. കന്നഡയിലും ഇരുപതോളം ചിത്രങ്ങള്‍ക്കു വേണ്ടി പാടി.

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും ചലച്ചിത്രഗാന രംഗത്തുനിന്ന് അൽപ്പം അകന്ന അദ്ദേഹം പിന്നീട് വീണ്ടും സജീവമായി രംഗത്തെത്തി. നിറം എന്ന ചിത്രത്തിലെ "പ്രായം നമ്മിൽ മോഹം നൽകി' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ തിരിച്ചുവരവ്. ചലച്ചിത്ര ഗാനങ്ങൾക്കു പുറമേ പ്രശസ്തമായ നിരവധി ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. ""ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ..., ജയദേവ കവിയുടെ ഗീതികൾ കേട്ടെന്‍റെ....'' തുടങ്ങിയ ഗാനങ്ങൾ എത്രകാലം ചെന്നാലും മലയാളി പാടിക്കൊണ്ടിരിക്കും. അതുല്യനായ ഗായകന്‍റെ മരണമില്ലാത്ത സ്മരണകൾക്കു മുന്നിൽ ആരാധകർക്കൊപ്പം ഞങ്ങളുടെയും പ്രണാമം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com