

ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഗംഭീരമായൊരു ചരിത്രനേട്ടത്തിന്‍റെ ആവേശത്തിലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്രൊ) ഇപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കാത്തിരിക്കുകയായിരുന്ന സ്പേസ് ഡോക്കിങ് (സ്പേഡെക്സ്) ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ഇന്നലെ ഇസ്രൊയ്ക്കു കഴിഞ്ഞു. ബഹിരാകാശത്തു വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ദൗത്യമാണിത്. ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് പിഎസ്എൽവി- സി60 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ച ചേസർ, ടാർഗറ്റ് റോക്കറ്റുകളെയാണ് നാലാമത്തെ പരിശ്രമത്തിൽ ബഹിരാകാശത്തുവച്ച് കൂട്ടിച്ചേർക്കാനായത്. ഏതാനും ദിവസം മുൻപ് ഈ ഉപഗ്രഹങ്ങളെ മൂന്നു മീറ്റർ അകലത്തിൽ വരെ എത്തിക്കാൻ കഴിഞ്ഞിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഇത്രയും കുറഞ്ഞ അകലത്തിൽ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം സുരക്ഷിത അകലത്തിലേക്കു തിരികെ എത്തിക്കുകയായിരുന്നു അന്നു ചെയ്തത്. ഈ പരീക്ഷണത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ കൂടി വിശകലനം ചെയ്താണ് ഉപഗ്രഹങ്ങളെ യോജിപ്പിക്കുന്നതിൽ നിർണായക വിജയം നേടിയിരിക്കുന്നതും. സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യ കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറിയിരിക്കുന്നു. റഷ്യ, യുഎസ്, ചൈന എന്നിവയാണു മറ്റു മൂന്നു രാജ്യങ്ങൾ.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് വളരെ അത്യാവശ്യമായ സാങ്കേതിക വിദ്യയാണ് സ്പേസ് ഡോക്കിങ്. ബഹിരാകാശ പദ്ധതികളിൽ മറ്റു പ്രമുഖ ലോക രാജ്യങ്ങൾക്കൊപ്പം മുന്നേറ്റം കാഴ്ചവയ്ക്കണമെങ്കിൽ ഈ സാങ്കേതിക വിദ്യ നമുക്ക് അനിവാര്യമാണ്. സാറ്റലൈറ്റ് സർവീസിങ്, സ്പേസ് സ്റ്റേഷൻ ഓപ്പറേഷൻസ്, ഗ്രഹങ്ങൾക്കിടയിലുള്ള ദൗത്യങ്ങൾ എന്നിവയ്ക്കെല്ലാം ബഹിരാകാശത്തെ കൂട്ടിയോജിപ്പിക്കൽ സാങ്കേതിക വിദ്യ ഉപകരിക്കുമെന്ന് ഇസ്രൊ വിശദീകരിക്കുന്നുണ്ട്. 2035ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് ഇന്ത്യയുടെ പദ്ധതി. 2040ഓടെ ചന്ദ്രനിലേക്ക് ആളുകളെ അയയ്ക്കാനും ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്. ഇത്തരം ദൗത്യങ്ങൾക്ക് സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഭ്രമണപഥത്തിൽ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് ഡോക്കിങ് ശേഷി ഇല്ലാതെ സാധ്യമാവില്ല. ചന്ദ്രയാൻ 4 ദൗത്യത്തിലൂടെ ചന്ദ്രനിൽ നിന്ന് സാംപിളുകൾ കൊണ്ടുവരുന്നതിനും ഈ സാങ്കേതിക വിദ്യയുടെ സഹായം വേണം. രാജ്യത്തിന്‍റെ ബഹിരാകാശ മനുഷ്യയാത്രാ ദൗത്യമായ ഗഗൻയാനിലും സ്പേസ് ഡോക്കിങ്ങിലെ വിജയം നിർണായകമാവും. ഈ ദൗത്യത്തിന്‍റെ പിന്നിലും മുന്നിലും നിന്നു പ്രവർത്തിച്ച ശാസ്ത്രജ്ഞരടക്കം മുഴുവനാളുകളും അഭിനന്ദനം അർഹിക്കുന്നു.
ശാസ്ത്ര- സാങ്കേതിക വിദ്യാ രംഗത്ത് അഭിമാനകരമായ കുതിപ്പാണ് രാജ്യത്തുണ്ടാവുന്നത്. അതു കണ്ടില്ലെന്നു നടിക്കാൻ പ്രമുഖ ലോക രാജ്യങ്ങൾക്കുപോലുമാവില്ല. കഴിഞ്ഞ വർഷങ്ങളിൽ നിർണായകമായ പല നാഴികക്കല്ലുകളും പിന്നിടുന്നതിന് ഇസ്രൊയ്ക്കു കഴിഞ്ഞിട്ടുണ്ട്.
2023ലെ ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെയും ആദിത്യ എൽ 1 വിക്ഷേപണത്തിന്‍റെയും വിജയം അടക്കം എടുത്തുപറയാൻ സമീപകാല നേട്ടങ്ങൾ ഏറെയാണ്. 2024ലെ ആദ്യ ദിവസം തന്നെ മറ്റൊരു ചരിത്ര നേട്ടവും ഇസ്രൊ കൈവരിച്ചു. സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചപ്പോഴായിരുന്നു അത്. എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി അതോടെ ഇന്ത്യ മാറി. 2021ൽ അമെരിക്കൻ ബഹിരാകാശ ഏജൻസി നാസയാണ് ഇതിനു മുൻപ് ഇങ്ങനെയൊരു ഉപഗ്രഹം വിക്ഷേപിച്ചിട്ടുള്ളത്. ബഹിരാകാശത്തെ എക്സ്-റേ കിരണങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളും ന്യൂട്രോൺ നക്ഷത്രങ്ങളും അടക്കമുള്ളവയുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരികയാണ് എക്സ്പോസാറ്റ് ലക്ഷ്യമിട്ടത്.
ചന്ദ്രയാൻ മൂന്നിലൂടെ ചന്ദ്രനിൽ പേടകം ഇറക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയായിരുന്നു. യുഎസും റഷ്യയും ചൈനയും മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ മുന്നിലുള്ളത്. സൂര്യരഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ദൗത്യവുമായി 2023 സെപ്റ്റംബർ രണ്ടിന് ആദിത്യ എൽ 1 ഉപഗ്രഹം വിക്ഷേപിച്ചപ്പോൾ സൗരോപഗ്രഹം വിക്ഷേപിക്കുന്ന പ്രമുഖ ലോക ബഹിരാകാശ ഏജൻസികൾക്കൊപ്പം ഇസ്രൊ എത്തുകയായിരുന്നു. ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിൽ 2024 ജനുവരി ആറിനാണ് ആദിത്യ എൽ 1 ലക്ഷ്യസ്ഥാനമായ എൽ 1 പോയിന്‍റിൽ എത്തിയത്. നാസയും യൂറോപ്യൻ സ്പെയ്സ് ഏജൻസിയും ജപ്പാൻ എയ്റോ സ്പെയ്സ് എക്സ്പ്ലൊറേഷൻ ഏജൻസിയും ചൈനയും സൂര്യനെ ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ നടത്തുന്നുണ്ട്. അവർക്കെല്ലാം ഒപ്പമാണ് ഇന്ത്യയും നിലയുറപ്പിച്ചിരിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിക്കുന്നത്. കാലാവസ്ഥാ പ്രവചനം, പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ്, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം തിരിച്ചറിയാൻ ഈ ഉപഗ്രഹം സഹായിക്കുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനം പുഷ്പകിന്‍റെ ലാൻഡിങ് പരീക്ഷണങ്ങളും കഴിഞ്ഞവർഷം വിജയകരമായി നടന്നു. ഇസ്രൊയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-08ന്‍റെ വിജയകരമായ വിക്ഷേപണവും കഴിഞ്ഞ വർഷമാണു നടന്നത്. ചെറു റോക്കറ്റായ എസ്എസ്എൽവി-ഡി3 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. ബഹിരാകാശത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികൾ പഠിക്കാനുള്ള ഇന്ത്യയുടെ അനലോഗ് സ്പേസ് മിഷനും ലോക ശ്രദ്ധ നേടിയതാണ്. കഴിഞ്ഞ ഡിസംബറിൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ 3 ദൗത്യത്തിന്‍റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങളെ പിഎസ്എൽവി സി 59 വിജയകരമായി വിക്ഷേപിക്കുകയുണ്ടായി. ഇന്ത്യയെ ലോക രാജ്യങ്ങളുടെ മുന്നിൽ നിർത്തുന്നതിന് ഇനിയും നിരവധി പ്രസ്റ്റീജ് പദ്ധതികൾ ഇസ്രൊയുടെ മുന്നിലുണ്ട്. അവയെല്ലാം കൃത്യമായ ഷെഡ്യൂളിൽ പൂർത്തിയാക്കാൻ നമ്മുടെ ബഹിരാകാശ ഏജൻസിക്കു കഴിയട്ടെ.