തല്ലിക്കൊല്ലുന്ന സ്കൂൾ കുട്ടികൾ, എങ്ങോട്ടാണ് ഈ പോക്ക്

യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ വളർന്നു വരുന്ന അക്രമവാസന നാടിനെ വല്ലാതെ അസ്വസ്ഥമാക്കുന്നതാണ്. ലഹരിയുടെ ഉപയോഗം അടക്കം ഇതിനു കാരണങ്ങൾ പലതുണ്ട്.
Editorial on student violence

തല്ലിക്കൊല്ലുന്ന സ്കൂൾ കുട്ടികൾ, എങ്ങോട്ടാണ് ഈ പോക്ക്

Updated on

കേരളം ഇതെങ്ങോട്ടാണു പോകുന്നതെന്ന് വലിയ ആശങ്കയോടെ ചിന്തിക്കേണ്ട അവസ്ഥയായിരിക്കുന്നു. യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ വളർന്നു വരുന്ന അക്രമവാസന നാടിനെ വല്ലാതെ അസ്വസ്ഥമാക്കുന്നതാണ്. ലഹരിയുടെ ഉപയോഗം അടക്കം ഇതിനു കാരണങ്ങൾ പലതുണ്ട്. അതു തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികൾ ഊർജിതപ്പെടുത്തിയില്ലെങ്കിൽ കേരളത്തിന്‍റെ സമാധാനാന്തരീക്ഷമാണു തകരാൻ പോവുന്നത്. മനുഷ്യത്വമില്ലാത്ത തലമുറയാണു വളർന്നുവരുന്നതെങ്കിൽ അതിന്‍റെ ദോഷം നാടിനൊന്നാകെയാണ്. ഏതാനും ദിവസം മുൻപാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഇരുപത്തിമൂന്നുകാരൻ അഫാൻ സ്വന്തം കുടുംബത്തിലെ നാലു പേരെയും പെൺസുഹൃത്തിനെയും നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തിയതും അമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ചതും. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ കണ്ടും കേട്ടും നാടൊന്നാകെ ഭീതിയോടെ വിറങ്ങലിച്ചു നിൽക്കു‌മ്പോൾ തന്നെയാണ് താമരശേരിയിൽ പതിനഞ്ചുകാരനായ സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് പത്താം ക്ലാസുകാരുടെ കൂട്ടത്തല്ലിൽ പരുക്കേറ്റു മരിക്കുന്നത്. ട്യൂഷൻ സെന്‍ററിൽ യാത്രയയപ്പിനിടെയുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി ടൗണിൽ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നത്രേ. വാട്സ്ആപ് ഗ്രൂപ്പിലൂടെ കുട്ടികളെ വിളിച്ചുവരുത്തിയാണു കൂട്ടത്തല്ലിനു 'വീര്യം' പകർന്നതെന്നും പറയുന്നുണ്ട്.

രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികൾ തമ്മിലാണ് ട്യൂഷൻ സെന്‍ററിൽ തർക്കമുണ്ടാവുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ആ സംഭവത്തിനു ശേഷം അതിന്‍റെ "കണക്കുതീർക്കൽ' വ്യാഴാഴ്ചയായിരുന്നു. ട്യൂഷൻ സെന്‍ററിലെ വിദ്യാർഥിയല്ലാത്ത ഷഹബാസിനെ കൂട്ടുകാരൻ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നുവെന്നും പറയുന്നുണ്ട്. മർദിച്ചവരിൽ മുതിർന്നവരും ഉണ്ടായിരുന്നതായി ഷഹബാസിന്‍റെ രക്ഷിതാക്കൾ ആരോപിക്കുന്നു. "ഷഹബാസിനെ കൊല്ലുമെന്നു ഞാൻ പറഞ്ഞതാ, കൊന്നിരിക്കും'' എന്നാണ് മർദനത്തിനു നേതൃത്വം നൽകിയവന്‍റെ ഇൻസ്റ്റഗ്രാമിൽ വന്ന പ്രതികരണം. കൂട്ടത്തല്ലിൽ ഒരുത്തൻ മരിച്ചാലും ഒരു വിഷയവുമില്ല, കേസെടുക്കില്ല, എടുത്താലും തള്ളിപ്പോകും എന്നൊക്കെയാണവൻ പറയുന്നത്! കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊലക്കുറ്റം ചുമത്തി നടപടികൾ എടുക്കുന്നുണ്ട്. നഞ്ചക്ക് കൊണ്ടുള്ള ആക്രമ‍ണത്തിലാണ് ഷഹബാസിനു മരണകാരണമായ പരുക്കേറ്റതെന്നു പൊലീസ് പറയുന്നു.

വിദ്യാർഥികൾ തമ്മിലുണ്ടായ ഒരു തർക്കം ഒരു കുട്ടിയുടെ ജീവനെടുക്കുന്നതിലേക്ക് എത്തുന്നുവെങ്കിൽ എന്തു വിശ്വസിച്ചാണ് കുട്ടികളെ സ്കൂളിലും ട്യൂഷൻ സെന്‍ററിലുമൊക്കെ അയയ്ക്കുക. കൂട്ടത്തല്ലുണ്ടാക്കി തല്ലിക്കൊന്നാലും ഒരു കുഴപ്പവുമില്ല എന്നൊക്കെ ഈ കുട്ടികൾ എന്തുകൊണ്ടാണു വിശ്വസിക്കുന്നത്. വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ ഒരു സംഘം വിദ്യാർഥികളുടെ ക്രൂര മർദനത്തിന് ഇരയായ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവമുണ്ടായിട്ട് ഒരു വർഷം ആയതേയുള്ളൂ. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥനെ കാണുന്നത് കഴിഞ്ഞ വർഷം ഫെബ്രുവരി പതിനെട്ടിനാണ്. ഒരു സംഘം സീനിയർ വിദ്യാർഥികളുടെ മൃഗീയമായ റാഗിങ് സിദ്ധാർഥനെ ശാരീരികമായും മാനസികമായും തളർത്തുകയായിരുന്നു. നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കെ പരസ്യ വിചാരണ നടത്തുകയും വിവസ്ത്രനാക്കി മർദിക്കുകയും ചെയ്തു. ബെൽറ്റു കൊണ്ട് അടിച്ചെന്നും മൂന്നു ദിവസം വെള്ളവും ഭക്ഷണവും നൽകിയില്ലെന്നും പറയുന്നുണ്ട്.

അതിനു ശേഷവും യുവാക്കളും വിദ്യാർഥികളുമായി ബന്ധപ്പെട്ട് പല അക്രമ സംഭവങ്ങളും കേരളം കാണുകയുണ്ടായി. കോട്ടയത്ത് ഗവൺമെന്‍റ് നഴ്സിങ് കോളെജിൽ റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ ക്രൂരതകൾ സമീപനാളുകളിലാണു കേട്ടത്. നഗ്നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ കെട്ടിത്തൂക്കുക, സൂചി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുക, ശരീരത്തിൽ കോമ്പസ് ഉപയോഗിച്ച് വരഞ്ഞു മുറിവുണ്ടാക്കിയ ശേഷം മുറിവുകളിൽ ലോഷൻ ഒഴിക്കുക, വേദനയെടുത്തു പുളയുമ്പോൾ വായിലും ശരീര ഭാഗങ്ങളിലും ക്രീം തേച്ചു പിടിപ്പിക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങളാണ് അവിടെ റാഗിങ് വീരന്മാൻ നടത്തിയിരുന്നത്. സീനിയർ വിദ്യാർഥികളെ കാണുമ്പോൾ സല്യൂട്ട് നൽകിയില്ലെങ്കിൽ അസഭ്യം പറയുക, കട്ടിലിൽ കെട്ടിയിട്ടു മർദിക്കുക, മദ്യപിക്കാൻ ജൂനിയർ വിദ്യാർഥികളിൽ നിന്ന് പണം വാങ്ങുക തുടങ്ങി പലവിധത്തിലായിരുന്നു പീഡനങ്ങൾ. പീഡനത്തിന്‍റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി മറ്റു ജൂനിയർ വിദ്യാർഥികളെ കാണിച്ച് അവരെ ഭയപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. കട്ടിലിൽ കെട്ടിയിട്ടു ശരീരം മുഴുവൻ ലോഷൻ പുരട്ടിയ ശേഷം ഡിവൈഡർ കൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുന്നതും ഇരകൾ വേദനകൊണ്ടു പുളയുമ്പോൾ സീനിയർ വിദ്യാർഥികൾ അട്ടഹസിക്കുന്നതും പോലുള്ള ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ സഹപാഠികളോട് ഇത്രയും ക്രൂരത കാണിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് സ്വയം ചോദിച്ചുകാണും മനുഷ്യത്വമുള്ള ഓരോരുത്തരും. തൃപ്പൂണിത്തുറയിൽ പതിനഞ്ചു വയസുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്നു ചാടി മരിച്ചത് സ്കുളിൽ സഹപാഠികളുടെ റാഗിങ്ങിനെത്തുടർന്നാണെന്നു പരാതി ഉയർന്നതും അടുത്തിടെയാണെന്ന് ഓർക്കുക.

വീടുകളിലായാലും സ്കൂളുകളിലായാലും കോളെജുകളിലായാലും മറ്റുള്ളവരോട് മനുഷ്യത്വം കാണിക്കാത്ത തലമുറയല്ല വളർന്നുവരുന്നതെന്ന് ഉറപ്പിക്കേണ്ടതുണ്ട്. വിവേകം നഷ്ടപ്പെടുന്ന കുട്ടികളെയല്ല നാടിനു വേണ്ടത്. നല്ല മൂല്യങ്ങൾ പകർന്നു നൽകേണ്ടവയാണ് വിദ്യാലയങ്ങൾ. സ്നേഹവും സഹവർത്തിത്വവും അച്ചടക്കവും എല്ലാം പഠിക്കേണ്ടത് വിദ്യാലയങ്ങളിൽ നിന്നാണ്. കാസർഗോഡ് ഒരു സ്കൂളിൽ നടന്ന പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പാർട്ടിക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരി മരുന്നുകൾ എത്തിച്ചത് പൊലീസ് പിടികൂടിയത് ഏതാനും ദിവസം മുൻപാണ്. വിദ്യാർഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡിന്‍റെ നിരീക്ഷണം ഏർപ്പെടുത്തിയതു കൊണ്ടാണ് ഇതു കണ്ടുപിടിച്ചത്. സംസ്ഥാനത്തെ എത്രയെത്ര കലാലയങ്ങൾ ലഹരി മരുന്നുകളുടെ വിൽപ്പന കേന്ദ്രങ്ങളായി മാറുന്നുവെന്ന് അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. "അക്രമാസക്തമായ' സിനിമകളുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം, മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം തുടങ്ങി കുട്ടികളുടെ മാനസികാവസ്ഥ മാറ്റിമറിക്കുന്ന ഘടകങ്ങൾ എന്തൊക്കെയുണ്ടെന്നു പരിശോധിക്കേണ്ടതുണ്ട്. കൊലവിളി നടത്താനും കൊലക്കത്തിയെടുക്കാനും ഒരു മടിയുമില്ലാത്ത തലമുറ വളർന്നുവരുന്നത് ഏതു വിധത്തിലും നമുക്കു തടയേണ്ടിയിരിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com