തിരിച്ചുപിടിക്കാം, വയനാട് ടൂറിസം| മുഖപ്രസംഗം

വയനാട് ആകെ ദുരന്ത മേഖലയാണെന്ന് ടൂറിസ്റ്റുകൾക്കിടയിലുണ്ടായിരിക്കുന്ന തെറ്റിദ്ധാരണ എത്രയും വേഗം മാറ്റിയെടുക്കേണ്ടതുണ്ട്.
Editorial on wayanad
തിരിച്ചുപിടിക്കാം, വയനാട് ടൂറിസം| മുഖപ്രസംഗം
Updated on

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണു വയനാട്. പച്ചപ്പാർന്ന പ്രകൃതിയും നല്ല കാലാവസ്ഥയും സഞ്ചാരികളെ ആകർഷിക്കുന്ന നിരവധിയായ ടൂറിസ്റ്റ് കേന്ദ്രങ്ങളും വയനാട്ടിലുണ്ട്. സംഘം ചേർന്നുള്ള യാത്രകൾക്കും ഒറ്റയ്ക്കുള്ള യാത്രകൾക്കും എല്ലാം യോജിച്ചതാണ് വയനാടിന്‍റെ മണ്ണും മലകളും താഴ്‌വരകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും എല്ലാം. ആരുടെയും ഹൃദയം കീഴടക്കാൻ പോന്ന പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന നാട്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി ലക്ഷക്കണക്കിനാളുകൾ ഓരോ സീസണിലും വയനാട്ടിൽ സന്ദർശനത്തിന് എത്താറുണ്ട്. കേരളത്തെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി നിലനിർത്തുന്നതിൽ പ്രധാന പങ്കാണു വയനാട് വഹിക്കുന്നതും.

കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് 2023ൽ ഉണ്ടായത്. കഴിഞ്ഞ വർഷം 2.18 കോടി ആളുകൾ കേരളം സന്ദർശിച്ചു എന്നാണു കണക്ക്. 2022ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ മാത്രമാണ് കേരളത്തിലെത്തിയിരുന്നത്. കോവിഡിനു മുൻപുള്ള കണക്കുമായി താരതമ്യപ്പെടുത്തിയാൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 19 ശതമാനത്തോളം വർധിച്ചിട്ടുണ്ടെന്ന് സർക്കാർ കണക്കുകളിൽ കാണുന്നു. 2022ൽ 3.45 ലക്ഷം വിദേശ സഞ്ചാരികൾ കേരളത്തിലെത്തിയപ്പോൾ 2023ൽ അവരുടെ എണ്ണം 6.49 ലക്ഷമായും വർധിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ വരവിൽ ഏകദേശം 88 ശതമാനം വർധനയാണുണ്ടായത്. ഇത്തരത്തിൽ ടൂറിസം മേഖല മെച്ചപ്പെടുന്നതിനിടെയാണ് ഒരു പ്രധാന കേന്ദ്രമായ വയനാട് ഉരുൾ പൊട്ടലുണ്ടായതിന്‍റെ പേരിൽ വിനോദ സഞ്ചാരികളെ ആശങ്കപ്പെടുത്തുന്നത്. മുണ്ടക്കൈ- ചൂരൽമല ദുരന്തം വയനാട് ദുരന്തമായി ചർച്ച ചെയ്യപ്പെട്ടതു വയനാട് ടൂറിസത്തിനു വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ മാത്രമുണ്ടായ ദുരന്തം വയനാട് ജില്ലയെ ആകെ ബാധിച്ചിരിക്കുന്ന അവസ്ഥയാണിപ്പോൾ. വയനാട് ആകെ ദുരന്ത മേഖലയാണെന്ന് ടൂറിസ്റ്റുകൾക്കിടയിലുണ്ടായിരിക്കുന്ന തെറ്റിദ്ധാരണ എത്രയും വേഗം മാറ്റിയെടുക്കേണ്ടതുണ്ട്.

ഓഗസ്റ്റിൽ കാര്യമായി സഞ്ചാരികൾ വയനാട്ടിൽ എത്തിയിരുന്നില്ല. ഈ ഓണക്കാലത്തും വിനോദ സഞ്ചാരികളുടെ എണ്ണം തീരെ കുറവായിരുന്നു. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഒരു ലക്ഷത്തിലധികം സഞ്ചാരികൾ വയനാട്ടിലെത്തിയതാണ്. ഇത്തവണ അതിന്‍റെ ഏതാണ്ട് മൂന്നിലൊന്ന് സഞ്ചാരികളേ എത്തിയുള്ളൂ. അവരിൽ തന്നെ ഏറെ പേരും രാത്രിയിൽ തങ്ങാൻ താത്പര്യം കാണിച്ചവരുമായിരുന്നില്ല. പ്രകൃതി ദുരന്തത്തിന്‍റെ ഭ‍യം വിട്ടൊഴിയാത്തതിന്‍റെ പ്രതിഫലനം. റിസോർട്ടുകളിലും ഹോം സ്റ്റേകളിലും മുൻകൂറായി ലഭിച്ചിരുന്ന റൂം ബുക്കിങ് വലിയ തോതിൽ റദ്ദായി. ലക്ഷക്കണക്കിനു രൂപയുടെ വരുമാന നഷ്ടമാണു വയനാടിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്. വഴിയോര കച്ചവടക്കാർ മുതൽ റിസോർട്ട് ഉടമകൾ വരെ നിരവധിയാളുകൾ വയനാട്ടിൽ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. അവരെല്ലാം വലിയ പ്രതിസന്ധിയിലാണ്. ടൂറിസം രംഗത്തെ ഇടിവ് സർക്കാരിനുള്ള വരുമാനത്തെയും ബാധിക്കുന്നുണ്ട്.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി നേതൃത്വം നൽകിയ പ്രചാരണ പ്രവർത്തനങ്ങൾ അവിടുത്തെ ടൂറിസം വീണ്ടും പച്ചപിടിക്കാനുള്ള നല്ലൊരു തുടക്കമായി മാറട്ടെ. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന വിശ്വാസം സഞ്ചാരികളിൽ ജനിപ്പിക്കാൻ പ്രചാരണ പ്രവർത്തനങ്ങൾക്കു കഴിയേണ്ടതാണ്. വയനാടിന്‍റെ സുരക്ഷിതത്വം വിനോദ സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നതിന് ടൂറിസം വകുപ്പ് വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നാണു പറയുന്നത്. അതെല്ലാം ഫലപ്രദമായി തീരട്ടെ. സമൂഹമാധ്യമങ്ങളിലടക്കം വയനാട് ടൂറിസത്തിന് അനുകൂലമായ പ്രചാരണം നടക്കേണ്ടതുണ്ട്.

പ്രശസ്തരായ വ്ലോഗർമാരെ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതിനു സർക്കാർ മുൻകൈയെടുത്തതു സ്വാഗതാർഹമാണ്. ഇതര സംസ്ഥാനങ്ങളിൽ വയനാട് ടൂറിസത്തിനു വേണ്ടിയുള്ള പ്രചാരണം നടത്തുന്നതും നല്ലതു തന്നെ. നമുക്കൊരുമിച്ച് വയനാടിന്‍റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാമെന്ന മുഹമ്മദ് റിയാസിന്‍റെ ആഹ്വാനം മലയാളികളോട് മൊത്തത്തിലുള്ളതാണ്. മന്ത്രിക്കൊപ്പം പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ ടി. സിദ്ദിഖ് എംഎൽഎ ചൂണ്ടിക്കാണിക്കുന്നതുപോലെ വയനാടിന്‍റെ അതിജീവനത്തിനുള്ള പ്രധാന മാർഗം കൂടിയാണ് ടൂറിസത്തിന്‍റെ തിരിച്ചുവരവ്. നിങ്ങൾ വയനാട്ടിലെത്തുമ്പോൾ അത് ഒരു നാടിന്‍റെ തിരിച്ചുവരവിനു വേണ്ടി ചെയ്യുന്ന സംഭാവന കൂടിയാവുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അതേ, വയനാടിനു ടൂറിസം തിരിച്ചുപിടിച്ചേ മതിയാവൂ.

Trending

No stories found.

Latest News

No stories found.