ജീവനെടുത്ത് വീണ്ടും കാട്ടാന | മുഖപ്രസംഗം

വനങ്ങളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ എങ്ങനെ ആളുകൾ ജീവിക്കുമെന്ന ആശങ്ക ദിവസം ചെല്ലുന്തോറും ഏറിവരികയാണ്.
കാട്ടാന
കാട്ടാനfile image

വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങി ആളുകളെ ആക്രമിക്കുന്നതും ജീവൻ തന്നെ അപഹരിക്കുന്നതുമായ ഭീകരാവസ്ഥ സംസ്ഥാനത്തു തുടരുകയാണ്. വനപ്രദേശങ്ങളോടു ചേർന്ന മേഖലകളിൽ താമസിക്കുന്ന പതിനായിരക്കണക്കിനാളുകളുടെ നെഞ്ചിൽ തീകോരിയിടുന്ന സംഭവങ്ങളാണ് നിത്യേനയെന്നോണം കേൾക്കുന്നത്. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുമ്പോഴും ഫലപ്രദമായ ഒരു പരിഹാര നടപടിയും സ്വീകരിക്കാൻ അധികൃതർക്കു കഴിയുന്നില്ല. ഈ നിലയ്ക്കു പോയാൽ വനങ്ങളോടു ചേർന്നുള്ള ഗ്രാമങ്ങളിൽ എങ്ങനെ ആളുകൾ ജീവിക്കുമെന്ന ആശങ്ക ദിവസം ചെല്ലുന്തോറും ഏറിവരികയാണ്.

പത്തനംതിട്ട തുലാപ്പള്ളി പുളിയൻകുന്നുമലയിൽ കുടിലിൽ ബിജു കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് ഇന്നലെ വലിയ തോതിലുള്ള ജനകീയ പ്രതിഷേധത്തിനു കാരണമായി. ബിജുവിന്‍റെ കുടുംബത്തിനു പത്തു ലക്ഷം രൂപ ഇന്നലെ തന്നെ കൈമാറാനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു സർക്കാരിനോടു ശുപാർശ ചെയ്യാനും ജില്ലാ കലക്റ്ററും ജനപ്രതിനിധികളുമായി നാട്ടുകാർ നടത്തിയ ചർച്ചയിൽ ധാരണയായതിനെത്തുടർന്നാണ് ജനകീയ പ്രതിഷേധം അവസാനിച്ചത്. ബിജുവിന്‍റെ മക്കളിൽ ഒരാൾക്ക് കണമലയിലെ വനം വകുപ്പ് ഓഫിസിൽ താത്കാലിക ജോലി ഉടൻ നൽകും. സ്ഥിരം ജോലി നൽകണമെന്നു സർക്കാരിനോടു ശുപാർശ ചെയ്യും. "ആളെകൊല്ലി' കാട്ടാനയെ വെടിവച്ചു കൊല്ലാനുള്ള ശുപാർശ ജില്ലാ ഭരണകൂടം വനം വകുപ്പിനു കൈമാറാനും ധാരണയായിട്ടുണ്ട്. എന്നാൽ, വെടിവച്ചു കൊല്ലാനുള്ള ശുപാർശ പ്രായോഗികമാവുമോയെന്ന് കണ്ടുതന്നെ അറിയണം. സമീപകാലത്ത് ഈ ആന നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നു പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതിനെ ആക്രമണകാരിയായി കണക്കാക്കാവുന്നതാണ്.

മലയോര മേഖലകളിൽ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നാണ് പത്തനംതിട്ടയിൽ പ്രതിഷേധത്തിനിറങ്ങിയ നാട്ടുകാർ ആരോപിച്ചത്. മുൻപ് വയനാട്ടിലും ഇടുക്കിയിലും അടക്കം വന്യമൃഗ ശല്യം ഉണ്ടായ പ്രദേശങ്ങളിലെല്ലാം നാട്ടുകാരുടെ പരാതി വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ചായിരുന്നു. വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തടയാനുള്ള യാതൊരു നടപടിയും ആത്മാർഥതയോടെ നടപ്പാക്കുന്നില്ലെന്നു ജനങ്ങൾ പറയുന്നുണ്ട്. വനം വകുപ്പിന്‍റെ പോരായ്മകൾ എന്തൊക്കെയെന്നു പരിശോധിച്ച് അതിനു പരിഹാരം കാണേണ്ടതു സർക്കാരാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് വലിയ തോതിൽ കൂടിയിട്ടുണ്ട് എന്നത് അവഗണിക്കാനാവില്ല.

പത്തനംതിട്ടയിൽ ബിജു കൊല്ലപ്പെട്ട മേഖല തന്നെ നിരന്തരം വന്യമൃഗങ്ങളുടെ ശല്യം നേരിടുന്നുണ്ട്. കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചത് ഏതാണ്ട് ഒരു വർഷം മുൻപാണ്. വീട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന തുണ്ടിയിൽ ചാക്കോച്ചൻ, റബർ തോട്ടത്തിൽ നിന്നിരുന്ന പ്ലാവിനാകുഴിയിൽ തോമസ് എന്നിവരാണ് അന്നു മരിച്ചത്. വനം വകുപ്പിനെതിരേ അന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പുലിയിറങ്ങി നിരവധി വീടുകളിലെ വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിരവധി തവണയായി കാട്ടാനയുടെ ശല്യമുണ്ടാവുന്നു.

വയനാട്- മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കാട്ടുനായ്ക്ക കോളനിയിലെ മിനി കൊല്ലപ്പെട്ടത് ഏതാനും ദിവസം മുൻപാണ്. അതിനു മുൻപ് ഏതാനും മാസങ്ങൾക്കിടെ വയനാട്ടിലും ഇടുക്കിയിലും വാഴച്ചാലിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു. ഇടുക്കിയിൽ ചക്കക്കൊമ്പനും പടയപ്പയും ചിന്നക്കനാൽ, ദേവികുളം മേഖലയിലെ ജനങ്ങൾക്കിടയിൽ ഇറങ്ങുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായി. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതും അടുത്തിടെയാണ്. മൂന്നാറിലെ ജനവാസ മേഖലയിൽ പുലിയിറങ്ങിയത് ഏതാനും ദിവസം മുൻപാണ്. കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നിയും കാട്ടുപോത്തും ജനവാസ മേഖലകളിൽ ഇറങ്ങുന്നതു പതിവായിരിക്കുന്നു. ഇതൊരു പ്രത്യേക സാഹചര്യമാണ് എന്നു മനസിലാക്കിയുള്ള പ്രവർത്തനങ്ങളാണ് അനിവാര്യമായിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.