മലയാളികൾക്ക് അഭിമാനമായി അനിൽ മേനോൻ

സുനിത വില്യംസ്, രാജ ചാരി, ശുഭാംശു ശുക്ല എന്നിവർക്കു ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഇന്ത്യൻ വംശജൻ എന്ന വിശേഷണവും അനിൽ മേനോനുള്ളതാണ്
First Malayali in space: NASA astronaut Anil Menon on ISS mission

അനിൽ മേനോൻ

Updated on

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടം നാസയുടെ ബഹിരാകാശ യാത്രികൻ ഡോ. അനിൽ മേനോൻ കരസ്ഥമാക്കിയിരിക്കുന്നു. മലയാളികൾക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണിത്. സുനിത വില്യംസ്, രാജ ചാരി, ശുഭാംശു ശുക്ല എന്നിവർക്കു ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഇന്ത്യൻ വംശജൻ എന്ന വിശേഷണവും അനിൽ മേനോനുള്ളതാണ്. യുഎസ് സ്പേസ് ഫോഴ്സ് കേണലായ അദ്ദേഹം റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോ​ട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവർക്കൊപ്പമാണ് കസാക്കിസ്ഥാനിലെ ബൈക്കൊനൂർ കോസ്മോഡ്രോമിൽ നിന്ന് സോയുസ് എംഎസ് 29 പേടകത്തിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17ന് ബഹിരാകാശത്തേക്കു യാത്ര തിരിച്ചത്. സോയുസ് 2.1 എ റോക്കറ്റ് വിക്ഷേപിച്ച ഇവരുടെ പേടകം രാത്രി പതിനൊന്നരയോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ സെനിത്ത് കവാടവുമായി ബന്ധിപ്പിച്ചു. ഡോക്കിങ് നടപടികൾ വിജയകരമായി പൂർത്തിയായ ശേഷം ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സംഘാംഗങ്ങൾ പുതിയ സംഘത്തെ സ്വീകരിച്ചു. അതിനു പിന്നാലെ അനിലും സംഘവും ബഹിരാകാശ നിലയത്തിലേക്കു പ്രവേശിക്കുകയും ചെയ്തു.

നാസ ശാസ്ത്രജ്ഞനായ അനിൽ മേനോൻ ജനിച്ചതും വളർന്നതുമെല്ലാം അമെരിക്കയിലാണ്. എന്നാൽ, അദ്ദേഹത്തിന്‍റെ പിതാവ് ശങ്കരൻ മേനോൻ ഒറ്റപ്പാലം സ്വദേശിയാണ്. പഠനത്തിനു വേണ്ടി യുഎസിലെത്തിയ ശങ്കരൻ മേനോൻ അവിടെ താമസമാക്കുകയായിരുന്നു. കോൺഗ്രസിന്‍റെ അധ്യക്ഷസ്ഥാനത്തെത്തിയ ഒറ്റപ്പാലം മങ്കരയിൽ ജനിച്ച മലയാളി ചേറ്റൂർ ശങ്കരൻ നായരുടെ പേരക്കുട്ടിയുടെ ചെറുമകൻ കൂടിയാണു നാൽപ്പത്തൊമ്പതുകാരനായ അനിൽ. യുക്രെയ്നിൽ നിന്ന് അമെരിക്കയിലേക്കു കുടിയേറിയ എലിസബത്ത് സമോയിലെങ്കോയാണ് അനിലിന്‍റെ അമ്മ. ഭാര്യ അന്നയും ബഹിരാകാശ സഞ്ചാരിയാണ്. സ്പെയ്സ് എക്സിന്‍റെ പൊളാരിസ് ഡോൺ ദൗത്യത്തിന്‍റെ ഭാഗമായിരുന്നു അവർ. ഹാർവാഡ് സർവകലാശാലയിൽ നിന്ന് ന്യൂറോ ബയോളജിയിൽ ബിരുദവും സ്റ്റാൻഫഡിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് എമർജൻസി മെഡിസിൻ വിഭാഗം ഡോക്റ്ററും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനിൽ. നാസയിലും സ്പേസ് എക്സിലും ഫ്ലൈറ്റ് സർജനായിരുന്നു. ബഹിരാകാശ സഞ്ചാരികൾക്ക് മെഡിക്കൽ പിന്തുണ നൽകിയിരുന്ന അദ്ദേഹം നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത് 2021 ഡിസംബറിലാണ്. അവരുടെ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ഇനിയുള്ള എട്ടുമാസക്കാലം ബഹിരാകാശത്തു ചെലവഴിക്കുന്ന അനിൽ മേനോനും സംഘവും നിർണായകമായ നിരവധി ഗവേഷണങ്ങളാണു നടത്തുക. വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് ഇതു പ്രയോജനം ചെയ്യുമെന്നുറപ്പാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് മനുഷ്യരെ സജ്ജമാക്കുന്നതിനുള്ള മെഡിക്കൽ പരീക്ഷണങ്ങൾ ഇവർ നടത്തുന്നത് ലോകം അതീവ താത്പര്യത്തോടെ വീക്ഷിക്കും. ദീർഘകാല ബഹിരാകാശ യാത്രകൾ മനുഷ്യശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളാണു വരുത്തുകയെന്ന് അനിൽ മേനോൻ പഠിക്കും. അദ്ദേഹം നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങളും സാങ്കേതിക പഠനങ്ങളും വിലപ്പെട്ട സംഭാവനകളായി മാറട്ടെയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ അദ്ദേഹത്തിനുള്ള പ്രാവീണ്യം ലോകത്തിനു മുതൽക്കൂട്ടായി മാറുകയാണ് എന്നത് മലയാളികൾക്കു മൊത്തം അഭിമാനം പകരുന്നതാണ്. കേരളത്തിലെ പുതു തലമുറകൾക്കു പ്രചോദനമാകാൻ അനിൽ മേനോന്‍റെ ഈ ദൗത്യം സഹായിക്കും. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി ഞാനായിരിക്കാം, പക്ഷേ, അവസാനത്തെ മലയാളി ഞാനാവില്ല എന്ന് ആവേശപൂർവം അദ്ദേഹം പറയുന്നുണ്ട്.

മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ "ഗഗൻയാൻ' പദ്ധതിയിൽ മറ്റൊരു മലയാളി കൂടി ബഹിരാകാശത്തേക്കു പോകാൻ തയാറെടുക്കുന്നുണ്ട്. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യക്കാരിൽ ഉൾപ്പെട്ട പ്രശാന്ത് ബാലകൃഷ്ണന്‍ നായർ. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് പാലക്കാട് നെന്മാറ സ്വദേശിയാണ്. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ അജിത് കൃഷ്ണന്‍, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് പ്രശാന്തിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മറ്റു മൂന്നു പേർ. രാജ്യത്തിന്‍റെ യശസ്സ് വാനോളം ഉയർത്താനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇവരിൽ 140 കോടി ഇന്ത്യക്കാരും പ്രതീക്ഷയർപ്പിക്കുന്നു. "ഗ​ഗ​ൻ​യാ​നി​ലെ' യാ​ത്രി​ക​രു​ടെ പേ​ട​ക​ത്തി​ന്‍റെ മൂ​ന്നു നി​ർ​ണാ​യ​ക​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ നടന്നത് അടുത്തിടെയാണ്. പേ​ട​കം ക​ട​ലി​ൽ ഇ​റ​ങ്ങി​യ ​ശേ​ഷം സു​ര​ക്ഷി​ത​മാ​യി തു​ട​രാ​നും ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു തി​രി​കെ പ്ര​വേ​ശി​ക്കു​മ്പോ​ൾ യാ​ത്രി​ക​രു​ടെ പേ​ട​കം വേ​ർ​പെ​ടാ​നും പാ​ര​ഷൂ​ട്ട് വി​ന്യ​സി​ക്കു​മ്പോ​ഴു​ള്ള ഘ​ട​നാ​പ​ര​മാ​യ ഉ​റ​പ്പ് പ​രി​ശോ​ധി​ക്കാ​നു​മു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണു വി​ജ​യ​ക​ര​മാ​യി പി​ന്നി​ട്ട​തെ​ന്ന് ഇ​സ്രൊ വ്യക്തമാക്കുകയുണ്ടായി. ഗഗൻയാനിൽ മാത്രമല്ല വരാനിരിക്കുന്ന ഇസ്രോയുടെ നിരവധിയായ ദൗത്യങ്ങളിൽ മലയാളികളുടെ പങ്ക് വർധിപ്പിക്കുന്നതിനു പ്രചോദനമാവട്ടെ അനിൽ മേനോന്‍റെ യാത്ര.

logo
Metro Vaartha
www.metrovaartha.com