

പ്രതീകാത്മക ചിത്രം
മുന്നറിയിപ്പുകളൊന്നുമില്ലാതെ പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിന്‍റെ ദുരിതങ്ങളിലാണു കേരളം ഇപ്പോഴുള്ളത്. വേണ്ടത്ര മഴയില്ലാതെ വൻ പ്രതിസന്ധി ഉറ്റുനോക്കിക്കൊണ്ടിരുന്ന നാടിന്‍റെ പല പ്രദേശങ്ങളും ഏതാനും മണിക്കൂറുകളിലെ അതിതീവ്രമായ മഴയിൽ മുങ്ങിപ്പോവുകയായിരുന്നു. നാടുമുഴുവൻ ആശങ്കയിലായ ആ മണിക്കൂറുകളിൽ പല പ്രദേശങ്ങളിലും അതിവേഗം വെള്ളം കയറി. ഏതെങ്കിലും തരത്തിലുള്ള കരുതൽ എടുക്കും മുൻപേ വിലപ്പെട്ട വസ്തുക്കൾ നനഞ്ഞു കുതിർന്നു നശിച്ചു. പ്രധാന റോഡുകൾ വെള്ളത്തിലായി. റോഡും തോടും തിരിച്ചറിയാൻ കഴിയാതെയായി. പുഴകൾ കരകവിഞ്ഞൊഴുകി. മലയോര മേഖലയിൽ വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു. മലയോരത്തും തീരദേശത്തും ഒരുപോലെ ഭീതിയായി. ജീവൻ കൈയിൽ പിടിച്ചുള്ള നെട്ടോട്ടത്തിലായിരുന്നു പലരും കഴിഞ്ഞ ദിവസം. ഈരാറ്റുപേട്ട, പാലാ, റാന്നി, ഈങ്ങാപ്പുഴ, കോഴഞ്ചേരി, ആറന്മുള എന്നിങ്ങനെ വെള്ളത്തിലായ പ്രദേശങ്ങൾ നിരവധിയുണ്ട്. നിരവധിയാളുകളെ അപകട മേഖലകളിൽ നിന്നു മാറ്റി പാർപ്പിച്ചിരിക്കുകയാണ്. മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരിക്കുന്നു. വിവിധ നദികളിൽ ജലനിരപ്പു ക്രമാതീതമായി ഉയർന്നതിനാൽ തീരവാസികൾ മാറിത്താമസിക്കണമെന്നു ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകുകയും ചെയ്തു. മലയോരങ്ങളിലെ വിനോദ സഞ്ചാരവും രാത്രിയാത്രകളും നിരോധിച്ചു.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നാണു സർക്കാർ അഭ്യർഥിച്ചിട്ടുള്ളത്. സർക്കാരിന്‍റെ എല്ലാവിധ പിന്തുണയും ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉണ്ടാവേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി ഇതിനു വേണ്ടി രംഗത്തുണ്ടാവണം. മഴ ദുരന്തങ്ങളിൽ എട്ടു മരണമാണു സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേർക്കു പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാംപുകളിലായി 5792 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട് എന്നാണു സർക്കാർ കണക്ക്. പൂർണമായും ഭാഗികമായും തകർന്ന വീടുകളുണ്ട്. വലിയ തോതിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. കടകളിൽ വെള്ളം കയറിയ വ്യാപാരികൾക്കു കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഓണക്കാലം മുൻകൂട്ടിക്കണ്ട് സ്റ്റോക്കെടുത്തു വച്ചവർക്ക് അതിന്‍റെ നഷ്ടം കൂടി സഹിക്കേണ്ടിവരികയാണ്. ദുരന്തബാധിതരെല്ലാം ഉറ്റുനോക്കുന്നതു സർക്കാരിലേക്കാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതതു ജില്ലകളിൽ ക്യാംപ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഈ പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.
വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നുണ്ട്. ഇപ്പോഴത്തെ മഴ ഏതാനും മണിക്കൂർ പെയ്താൽ വെള്ളപ്പൊക്കമായി എന്നതു കൊണ്ടു തന്നെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ കലക്റ്റർമാർ സജ്ജരായി ഇരിക്കേണ്ടതുണ്ട്. മലയോര മേഖലകളിൽ പ്രത്യേകിച്ച് അതീവ ജാഗ്രത ആവശ്യമാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും സംശയിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുക തന്നെ വേണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിരന്തര നിരീക്ഷണം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. ആവശ്യം വന്നാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനു വേണ്ട കെട്ടിടങ്ങൾ മുൻകൂട്ടി കണ്ടെത്തി സജ്ജമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറാവണം. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിപ്പിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ക്യാംപുകളിൽ കുടിവെള്ളവും ഭക്ഷണവും ശുചിത്വവും ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയണം. വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ഓടകൾ, കലുങ്കുകൾ, മഴവെള്ളച്ചാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കി അടിയന്തര ശുചീകരണം നടത്തേണ്ടതും അപകടകരമായ മരങ്ങളും ചില്ലകളും വെട്ടിമാറ്റേണ്ടതുമാണ്.
രോഗങ്ങൾ തടയാൻ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തുനിന്നു പ്രത്യേക ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്. ആവശ്യത്തിനു മരുന്നും മറ്റ് ഉപകരണങ്ങളും എല്ലാമുണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ക്യാംപുകളിൽ കഴിയുന്നവർക്ക് ആവശ്യമുള്ള ആരോഗ്യ സേവനങ്ങൾ എത്തിക്കുക എന്നതും വീഴ്ചയില്ലാതെ നടപ്പാവേണ്ടതുണ്ട്. ഏതു സാഹചര്യത്തിലും ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് ആരോഗ്യപ്രവർത്തകരും ആംബുലൻസും സജ്ജമായിരിക്കേണ്ടതാണ്. ഈ മിന്നൽ പ്രളയം വലിയ നഷ്ടമാണ് കർഷകർക്കുണ്ടാക്കിയിരിക്കുന്നത്. അതു തിട്ടപ്പെടുത്തി അർഹമായ പരിഹാരം ഉറപ്പാക്കേണ്ടതുണ്ട്. കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട് എന്നാണ് അറിയിച്ചിട്ടുള്ളത്. കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് ഈ കൺട്രോൾ റൂമുകളിൽ അറിയിക്കാവുന്നതാണ്. കൃഷിനാശത്തിനു ധനസഹായം ലഭിക്കുന്നതിനായി കർഷകർക്ക് കൃഷി വകുപ്പിന്‍റെ പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ഇതു സംബന്ധിച്ച നടപടിക്രമങ്ങളൊക്കെ കാലതാമസമില്ലാതെ പൂർത്തിയാക്കി കർഷകരെ സഹായിക്കാൻ സർക്കാരിനു കഴിയട്ടെ.