

എസ്എസ്എൽസി ഫലപ്രഖ്യാപനം വ്യത്യസ്തം.
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ അതിനൊരു പ്രത്യേകതയുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രിയല്ല, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണു ഫലപ്രഖ്യാപനം നടത്തിയത് എന്നതാണത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതു വരെ കാത്തിരിക്കാതെ സമയത്തു ഫലപ്രഖ്യാപനം നടത്തിയത് എന്തായാലും നന്നായി. ഇന്നത്തെ കാലത്ത് പരീക്ഷാഫലം പ്രഖ്യാപിക്കാൻ മന്ത്രി വേണമെന്നൊന്നുമില്ല. ഉന്നത ഉദ്യോഗസ്ഥർ പോലും വേണമെന്നില്ല. സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനു പ്രത്യേക വാർത്താസമ്മേളനമൊന്നും വിളിച്ചുകൂട്ടുന്നില്ല. അവരുടെ വെബ്സൈറ്റിൽ പരീക്ഷാഫലം പങ്കുവയ്ക്കുകയാണു ചെയ്യുന്നത്. വെബ്സൈറ്റിൽനിന്ന് പരീക്ഷാഫലം ഡൗൺലോഡ് ചെയ്യുകയുമാവാം. വിദ്യാർഥികൾക്കു തുടർ പഠനത്തിനുള്ള അവസരം നഷ്ടമാവാത്ത തരത്തിൽ സമയത്തു ഫലപ്രഖ്യാപനം നടത്തുക എന്നതാണു പ്രധാനം. പരീക്ഷാഫല പ്രഖ്യാപനം ഒരു ചടങ്ങായി തുടരേണ്ടതുണ്ടോ എന്നൊക്കെ പുതിയ സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ആലോചിക്കട്ടെ.
എസ്എസ്എൽസി പരീക്ഷയിലെ "ഫുൾ എ പ്ലസ് ' കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇത്തവണ മൂല്യനിർണയം കർശനമാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളതായി നേരത്തേ റിപ്പോർട്ടുകൾ വന്നതാണ്. ഉത്തര സൂചിക കൂടുതൽ കൃത്യമാക്കുക, കൃത്യമായ ഉത്തരങ്ങൾക്കു മാത്രം മാർക്ക് നൽകുക എന്ന തീരുമാനം ഫലപ്രഖ്യാപനത്തിൽ നിഴലിച്ചിട്ടുണ്ട് എന്നാണു മനസിലാക്കുന്നത്. മൂല്യനിർണയം കർശനമാക്കിയതു മാത്രമല്ല ചോദ്യപേപ്പറിന്‍റെ നിലവാരം ഉയർത്തിയതും എ പ്ലസുകൾ കുറച്ചു എന്നാണു കേൾക്കുന്നത്. പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിൽ വന്ന ശേഷമുള്ള ആദ്യ എസ്എസ്എൽസി പരീക്ഷയായിരുന്നു ഇത് എന്നതും ഇതോടു ചേർത്തു പറയേണ്ടതാണ്. സ്വാഭാവികമായും അതും ബാധിച്ചിട്ടുണ്ടാവാം.
അർഹതയില്ലാത്ത കുട്ടികൾക്കും വാരിക്കോരി എ പ്ലസ് നൽകുന്നത് വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന അഭിപ്രായം നേരത്തേ ഉയർന്നിരുന്നു. എസ്. ഷാനവാസ് പൊതുവിദ്യാഭ്യാസ ഡയറക്റ്ററായിരുന്നപ്പോൾ എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് വാരിക്കോരി നൽകുന്നതിനെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ ശബ്ദരേഖ വിവാദമാവുകയും വലിയ ചർച്ചകൾക്കു വഴിയൊരുക്കുകയും ചെയ്തതാണ്. എസ്എസ്എൽസി ചോദ്യപേപ്പർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട ശിൽപ്പശാലയിൽ അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം വിദ്യാഭ്യാസ വിദഗ്ധർക്കിടയിൽ ചൂടേറിയ ചർച്ചയായി. അക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത കുട്ടികൾക്കുപോലും എ പ്ലസ് കിട്ടുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അർഹിക്കാത്ത എ പ്ലസുകൾ വാരിക്കോരി കുട്ടികൾക്കു കൊടുത്താൽ അത് അവരോടു ചെയ്യുന്ന ചതിയാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. മുൻപ് യൂറോപ്പിനോടു താരതമ്യം ചെയ്തിരുന്ന നമ്മുടെ പൊതുവിദ്യാഭ്യാസം ഇന്നു ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. പഠിച്ചു നേടിയെടുക്കേണ്ടതാണ് മാർക്ക് എന്ന ധാരണ കുട്ടികൾക്കുണ്ടാവണം എന്ന അഭിപ്രായം നിരവധി വിദഗ്ധർ ശരിവയ്ക്കുകയുണ്ടായി.
എന്തായാലും ഇത്തവണ ഫുൾ എ പ്ലസുകൾ പകുതിയായിട്ടുണ്ട്. വിജയശതമാനത്തിലും നേരിയ കുറവാണുള്ളത്. 99.07 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 0.43 ശതമാനം കുറവാണിത്. 30,514 പേരാണ് ഇക്കുറി ഫുൾ എ പ്ലസ് നേടിയിരിക്കുന്നത്. 2025ൽ 61,449 പേർക്കായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നത്. 2024ൽ 71,831 വിദ്യാർഥികളാണ് ഫുൾ എ പ്ലസ് നേടിയത്. അതിനു മുൻവർഷം 68,604 പേർക്കായിരുന്നു ഈ നേട്ടം. ഇതെല്ലാമായി താരതമ്യം ചെയ്യുമ്പോൾ വലിയ കുറവാണ് ഇക്കുറിയുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഓരോ വർഷവും നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഉന്നത പഠനത്തിന് അർഹത നേടുന്നത്. ഇവരിൽ മുന്നിലുള്ളവരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർ. 2016ൽ 96 ശതമാനത്തിനു മുകളിൽ വിജയമുണ്ടായിരുന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 22,879 കുട്ടികളായിരുന്നു. 2015ൽ 98 ശതമാനത്തിനടുത്തു വിജയമുണ്ടായപ്പോൾ 12,287 പേർക്കു മാത്രമായിരുന്നു ഫുൾ എ പ്ലസ്. അതിനു മുൻപുള്ള വർഷം 95.47 ശതമാനം വിജയവും 14,802 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസുമായിരുന്നു. പിന്നീട് കൂടുതൽ ഉദാര മൂല്യനിർണയം ഏർപ്പെടുത്തിയപ്പോഴാണ് എ പ്ലസുകളും കുതിച്ചുയർന്നത്.
പുതിയ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയാണ് ഇനി വിദ്യാഭ്യാസ രംഗത്തെ നയരൂപീകരണത്തിനു നേതൃത്വം നൽകേണ്ടത്. കഴിഞ്ഞ വർഷങ്ങളിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി പഠന- പരീക്ഷാ കാര്യങ്ങളിൽ വിദ്യാർഥികൾക്ക് ഏറ്റവും ഗുണകരമായ തീരുമാനങ്ങൾ സർക്കാർ എടുക്കട്ടെ. അതിനുമുൻപേ ഒട്ടും സമയം കളയാതെ പത്താം ക്ലാസ് പാസായ കുട്ടികളുടെ തുടർ പഠനത്തിനുള്ള സൗകര്യങ്ങൾ എല്ലാമുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. പ്ലസ് വൺ പ്രവേശന നടപടികൾ ഈ മാസം 25ന് ആരംഭിക്കുമെന്നാണു പറഞ്ഞിരിക്കുന്നത്. വിദ്യാർഥികൾക്ക് യാതൊരുവിധ ആശങ്കകൾക്കും ഇട നൽകാതെ പ്രവേശന നടപടികൾ പൂർത്തീകരിക്കാനാവട്ടെ.