അന്വേഷണത്തെ നേരിടുന്നത് അക്രമം കൊണ്ടല്ല

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ റെയ്ഡ് നടന്നത്
When protesters attacked vehicles carrying ED officials returning from the raid on Pinarayi Vijayan's house

പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ പ്രതിഷേധക്കാർ ആക്രമിച്ചപ്പോൾ

Updated on

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിന്‍റെയും വസതികളിലടക്കം എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഇന്നലെ നടത്തിയ റെയ്ഡ് വലിയ രാഷ്‌ട്രീയ വിവാദമായി മാറിയതു സ്വാഭാവികമാണ്. പിണറായി വിജയനും പാർട്ടിക്കും എതിരായ കേന്ദ്ര സർക്കാരിന്‍റെ രാഷ്‌ട്രീയ നീക്കം എന്ന ആരോപണം സിപിഎം നേരത്തേ തന്നെ ഉന്നയിച്ചിട്ടുള്ള കേസുമായി ബന്ധപ്പെട്ടാണല്ലോ തികച്ചും അപ്രതീക്ഷിതമായി പലയിടത്തും റെയ്ഡ് നടന്നത്. ഈ കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും എന്നു നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ള പാർട്ടി റെയ്ഡിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനിറങ്ങുകയായിരുന്നു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നതിനാൽ അതിൽ തെറ്റൊന്നുമില്ലതാനും.

എന്നാൽ, അന്വേഷണം നടത്തുന്നത് കേന്ദ്ര ഏജൻസിയായാലും സംസ്ഥാന ഏജൻസിയായാലും അതിനെ നേരിടാൻ അക്രമം മാർഗമാക്കുന്നത് അംഗീകരിക്കാനാവില്ല. തിരുവനന്തപുരത്ത് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച പ്രതിഷേധക്കാർ ഗുരുതരമായ കുറ്റമാണു ചെയ്തിരിക്കുന്നത്. ഇഷ്ടികയും കല്ലും കുപ്പികളും മറ്റും വാഹനങ്ങൾക്കു നേരേ വലിച്ചെറിയുകയായിരുന്നു. വാഹനത്തിന്‍റെ ഗ്ലാസുകളെല്ലാം തല്ലിത്തകർക്കുന്നത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ആർക്കും പറയാനാവില്ല. ഒരു വാഹനത്തിന്‍റെ മുന്നിലുള്ള ഗ്ലാസ് പൂർണമായും തല്ലിത്തകർത്തിട്ടുണ്ട്. ഇത്തരത്തിൽ ആക്രമണം നടത്തുന്നത് വാഹനത്തിൽ ഉദ്യോഗസ്ഥർ ഉള്ളപ്പോഴാണ് എന്നതാണു അതീവ ഗൗരവമായി കാണേണ്ടത്. വാഹനത്തിന്‍റെ ഡ്രൈവർക്കു കണ്ണിനു സാരമായി പരുക്കേറ്റിട്ടുണ്ട്. കൈയ്ക്കു പൊട്ടലുണ്ടായിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികൾ ഉദ്യോഗസ്ഥർക്കു നേരേ അസഭ്യവർഷം നടത്തുകയും ശാരീരികമായി ആക്രമിക്കാൻ തുനിയുകയും ചെയ്തു എന്നും പരാതിയുണ്ട്.

അക്രമത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ കേരളം മുഴുവൻ കണ്ടുകഴിഞ്ഞതാണ്. പാർട്ടിയോ പാർട്ടിയുടെ സമുന്നത നേതാക്കളോ അറിഞ്ഞാണ് ഈ അക്രമമുണ്ടായത് എന്നാരും പറയില്ല. രാവിലെ മുതൽ പിണറായിയുടെ വസതിക്കു മുന്നിൽ അടക്കം വിവിധ ഭാഗങ്ങളിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ അക്രമത്തിലേക്കു തിരിയുന്നതു തടയാൻ പാർട്ടി നേതാക്കൾക്കു കഴിയുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ തിരിച്ചുപോകുന്ന ഉദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ആക്രമിക്കുന്നതിൽ നിന്ന് അക്രമികളെ പിന്തിരിപ്പിക്കാൻ സിപിഎം നേതാക്കൾക്കു കഴിഞ്ഞില്ല എന്നതു നിർഭാഗ്യകരമായി. അതുപോലെ തന്നെ ശ്രദ്ധേയമായതു പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. പ്രതിഷേധക്കാർ അക്രമാസക്തമാവാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഉദ്യോഗസ്ഥർക്കു വേണ്ടത്ര സുരക്ഷയൊരുക്കാൻ പൊലീസിനു കഴിഞ്ഞില്ല എന്നു പറയേണ്ടിവരും. രാവിലെ മുതൽ സംഘർഷ സാധ്യത നിലനിൽക്കുന്നതുകൊണ്ട് പൊലീസ് പ്രത്യേക ജാഗ്രത പാലിക്കേണ്ടതായിരുന്നു. പിന്നീട് അക്രമികളെ തേടി പൊലീസിന് പാർട്ടി ഓഫിസ് വളയേണ്ടിവന്നത് തലസ്ഥാന നഗരത്തെ അതീവ സംഘർഷാവസ്ഥയിലാക്കുകയുണ്ടായി. പുതിയ സർക്കാർ അധികാരമേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് പൊലീസിന് ഇത്തരത്തിലൊരു സംഘർഷ സാഹചര്യം നേരിടേണ്ടിവന്നത്. സമര, പ്രതിഷേധ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത എന്തായാലും പൊലീസ് കാണിക്കട്ടെ. ഇഡി റെയ്ഡ് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ലെന്നും പൊലീസ് സഹായം തേടിയിരുന്നില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നുണ്ട്. പൊലീസിന്‍റെ സഹായം ആവശ്യമാവില്ലെന്നു കരുതിയാണോ സംസ്ഥാന പൊലീസിനെ വിശ്വാസമില്ലാതെയാണോ ഇഡി ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നറിയില്ല.

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ റെയ്ഡ് നടന്നത്. പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എക്സാലോജിക്. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വീണയ്ക്കും കമ്പനിക്കും ലക്ഷക്കണക്കിനു രൂപ മാസപ്പടിയായി ലഭിച്ചു എന്നാണ് ആരോപണം ഉയർന്നത്. പ്രമുഖ രാഷ്‌ട്രീയ നേതാക്കൾക്കും തൊഴിലാളി യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കുമെല്ലാം സിഎംആർഎൽ നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നൽകി എന്നും ആരോപണമുണ്ടായിരുന്നു. സിഎംആർഎൽ- എക്സാലോജിക് ഇടപാടു സംബന്ധിച്ചുള്ള ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തുടരാമെന്ന കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഇഡി പെട്ടെന്നു തന്നെ റെയ്ഡിലേക്കു നീങ്ങിയത്. റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. അവ വിശകലനം ചെയ്തു വരികയാണെന്നാണ് അവർ അവകാശപ്പെടുന്നത്. അതേസമയം, ഇഡിയെ ഉപയോഗിച്ച് ബിജെപിയും കേന്ദ്ര സർക്കാരും രാഷ്‌ട്രീയം കളിക്കുന്നു എന്ന ആരോപണം സിപിഎം ഉയർത്തുന്നുണ്ട്. പിണറായി വിജയനെതിരായ നീക്കത്തിൽ കോൺഗ്രസ് ബിജെപിക്കൊപ്പം നിൽക്കുന്നു എന്നും അവർ ആരോപിക്കുന്നു. മടിയിൽ കനമില്ലെന്നു പറഞ്ഞ മുൻ മുഖ്യമന്ത്രി എന്തിനാണ് ഇഡിയെ ഭയക്കുന്നതെന്നാണ് ബിജെപിയുടെ ചോദ്യം. ഈ കേസും അതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ഉടനൊന്നും അവസാനിക്കില്ലെന്നു ചുരുക്കം.

logo
Metro Vaartha
www.metrovaartha.com