ഹൈവേ പരിവർത്തനവും വികസിത ഭാരതവും

ദേശീയപാതാ ശൃംഖലാ വികാസം കഴിഞ്ഞ ദശകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്
Highway Transformation and Developed India

ഹൈവേ പരിവർത്തനവും വികസിത ഭാരതവും

Updated on

12 വർഷത്തിനിടെ റോഡ് സൗകര്യ മേഖലയിൽ ഇന്ത്യ വൻ പരിവർത്തനത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ഉപരിതല ഗതാഗത- ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ മാർഗനിർദേശത്തിലും കണക്റ്റിവിറ്റി, സമ്പദ് വളർച്ച ശക്തിപ്പെടുത്തൽ, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തൽ, പൗരന്മാരുടെ യാത്രാ സൗകര്യം വർധിപ്പിക്കൽ, യാത്രാ സമയം കുറയ്ക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക എന്നിവയുടെ പുതു യുഗം ആരംഭിച്ചു. ദേശീയ വികസനത്തിന്‍റെ പ്രധാന ഘടകമാണ് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നതിനാലാണ് കേന്ദ്രം പുതു നയങ്ങൾ രൂപീകരിച്ചത്. ദേശീയപാതാ ശൃംഖലയുടെ വികാസം, റെക്കോഡ് നിർമാണ വേഗത, ഐക്കണിക് എക്സ്പ്രസ് വേകളുടെ വികസനം എന്നിവ ഇന്ത്യയുടെ ഗതാഗത വ്യവസ്ഥയെ മൊത്തത്തിൽ പുനർനിർമിച്ചു.

ദേശീയപാതാ മേഖലയിലെ ഏറ്റവും പരിവർത്തനാത്മകമായ സംരംഭങ്ങളിലൊന്നാണ് ഭാരത് മാല പര്യോജന. രാജ്യത്തുടനീളമുള്ള ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതം ഒപ്റ്റിമൈസ് ചെയ്യാൻ രൂപകൽപ്പന ചെയ്ത മുൻനിര പദ്ധതിയാണിത്. 2017 ഒക്റ്റോബറിൽ ഗവൺമെന്‍റ് അംഗീകരിച്ച ഈ പരിപാടി, ₹5.35 ലക്ഷം കോടിയുടെ അടങ്കലിൽ 34,800 കിലോമീറ്റർ ദേശീയപാതാ ഇടനാഴികളുടെ വികസനം വിഭാവനം ചെയ്യുന്നു. സാമ്പത്തിക ഇടനാഴികൾ, ഇന്‍റർ- കോറിഡോറുകൾ, ഫീഡർ റൂട്ടുകൾ, ദേശീയ ഇടനാഴി കാര്യക്ഷമത മെച്ചപ്പെടുത്തൽ, അതിർത്തി റോഡുകൾ, തീരദേശ റോഡുകൾ, തുറമുഖ കണക്റ്റിവിറ്റി റോഡുകൾ, എക്സ്പ്രസ് വേകൾ എന്നിവയുടെ വികസനത്തിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കൊല്ലം മാർച്ച് വരെ, 26,425 കിലോമീറ്റർ പദ്ധതികൾക്ക് അനുമതി നൽകി, 22,590 കിലോമീറ്റർ ഇതിനകം നിർമിച്ചു.

ദേശീയപാതാ ശൃംഖലാ വികാസം കഴിഞ്ഞ ദശകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്. 2014ൽ ഏകദേശം 91,287 കിലോമീറ്ററായിരുന്ന ഈ ശൃംഖല 2025-26 വർഷം 1,46,572 കിലോമീറ്ററിലധികമായി വളർന്നു- ഏകദേശം 61% വർധന. ഇത് സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കണക്റ്റിവിറ്റി മെച്ചപ്പെടുത്തി, ചരക്കുകളുടെയും സേവനങ്ങളുടെയും അതിവേഗ നീക്കത്തിന് സഹായകമായി, വിപണികളിലേക്കു പ്രവേശനം വർധിപ്പിച്ചു. ഹൈവേ നിർമാണത്തിൽ റെക്കോഡ് വളർച്ചയാണിപ്പോൾ. 2013-14ലെ പ്രതിദിനം ശരാശരി 11.6 കിലോമീറ്റർ നിർമാണം എന്നതിൽ നിന്ന് 2025ൽ പ്രതിദിനം 34 കിലോമീറ്ററായി. കേന്ദ്രത്തിന്‍റെ നയ പിന്തുണ, മെച്ചപ്പെട്ട നിർവഹണം, സാങ്കേതികവിദ്യാ നവീകരണം എന്നിവയെല്ലാം ഈ നേട്ടത്തിനു കാരണമാണ്. ബംഗളൂരു ഐഐഎം നടത്തിയ പഠനമനുസരിച്ച് ഫാക്റ്ററികളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെട്ടതിലൂടെ ദേശീയപാതാ വികസനം ചരക്കുനീക്ക ചെലവുകൾ ഗണ്യമായി കുറച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഹൈവേ പദ്ധതികളിലൊന്നാണ് ഡൽഹി- മുംബൈ എക്സ്പ്രസ് വേ. 1,386 കിലോമീറ്റർ ദൈർഘ്യമുള്ളതും ഒരു ലക്ഷം കോടി രൂപയുടെ ചെലവുമുള്ള ഇത് പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും നീളമേറിയ ആക്സസ് നിയന്ത്രിത എക്സ്പ്രസ് വേയായി മാറും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കും. 2023 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ₹12,000 കോടിയിലധികം ചെലവിൽ വികസിപ്പിച്ച രാജസ്ഥാനിലെ 246 കിലോമീറ്റർ ഡൽഹി- ദൗസ- ലാൽസോട്ട് ആദ്യ സ്ട്രെച്ച് ഉദ്ഘാടനം ചെയ്ത. പിന്നീട് ഗുജറാത്തിലെ 87 കിലോമീറ്റർ വഡോദര- ബറൂച്ച് സ്ട്രെച്ച് തുറന്നു. ഇക്കൊല്ലം ജൂൺ 5ന് 36 കിലോമീറ്റർ കിം- ഇന സെക്‌ഷനും 27.5 കിലോമീറ്റർ ഗണ്ഡേവ- ഇന സെക്‌ഷനും.

ദേശീയ തലസ്ഥാന മേഖലയിലെ കണക്റ്റിവിറ്റിയിൽ ഡൽഹി- മീററ്റ് എക്സ്പ്രസ് വേ വലിയ മാറ്റം വരുത്തി. ₹8,346 കോടി ചെലവിൽ വികസിപ്പിച്ച 82 കിലോമീറ്റർ എക്സ്പ്രസ് വേ യാത്രാ സമയം ഗണ്യമായി കുറച്ചു. ദേശീയ തലസ്ഥാന മേഖലയിലെ നഗര ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിൽ ദ്വാരക എക്സ്പ്രസ് വേയും പ്രധാന നാഴികക്കല്ലാണ്. 29 കിലോമീറ്റർ ദൈർഘ്യമുള്ളതും ₹9,000 കോടി ചെലവിൽ വികസിപ്പിച്ചതുമായ ഈ പദ്ധതി ഡൽഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തി. ദക്ഷിണേന്ത്യയിലെ നാഴികക്കല്ലായി ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ വന്നിരിക്കുന്നു. ₹8,480 കോടി ചെലവിൽ വികസിപ്പിച്ച 118 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് 2023 മാർച്ച് 12നാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്. ബെംഗളൂരു- മൈസൂരു യാത്രാ സമയം 3 മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയ്ക്കാൻ ഇതിനു കഴിഞ്ഞു, വാണിജ്യ ബന്ധങ്ങൾ ശക്തമായി, ടൂറിസം വർധിച്ചു.

ഡൽഹി – ഡെറാഡൂൺ പരിസ്ഥിതി സൗഹൃദ ദേശീയപാതാ ശൃംഖല ഇന്ത്യയുടെ ഒരു എൻജിനീയറിങ് അത്ഭുതമാണ്. 12,000 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്ത 213 കിലോമീറ്റർ 6 വരി ആക്സസ് കൺട്രോൾ ഇടനാഴി ഏപ്രിൽ 14നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇത് ഡൽഹി- ഡെറാഡൂൺ യാത്രാ സമയം 6 മണിക്കൂറിൽ നിന്ന് 2.5 മണിക്കൂറായി കുറച്ചു. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് വന്യജീവി ഇടനാഴികളിൽ ഒന്നാണിത്- 12 കിലോമീറ്റർ നീളം. "ദാത് കാളി' ക്ഷേത്രത്തിന് സമീപം 370 മീറ്റർ തുരങ്കവും ഈ ഹൈവേയിലുണ്ട്.

12 വർഷമായി റോഡ്, ഹൈവേ മേഖലയിൽ രാജ്യം കണ്ട മാറ്റം പ്രശംസനീയം തന്നെ. രാജ്യം വികസിത ഭാരതം എന്ന ദർശനത്തിലേക്ക് മുന്നേറുമ്പോൾ ഭാരത് മാല പര്യോജന നടപ്പിലാക്കൽ, ദേശീയപാതാ ശൃംഖലയുടെ വികസനം, റെക്കോഡ് നിർമാണ വേഗത, ഐക്കണിക് എക്സ്പ്രസ് വേകളുടെ വികസനം എന്നിവ ഈ കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

logo
Metro Vaartha
www.metrovaartha.com