സംഗീത ലോകത്തെ അതുല്യ പ്രതിഭ

മലയാളത്തിൽ ജാനകിയമ്മ ആലപിച്ച എത്രയോ ഗാനങ്ങളാണു തലമുറകളുടെ ഹൃദയങ്ങളിൽ ചേക്കേറിയിരിക്കുന്നത്
India Mourns Iconic Singer s janaki

എ​സ്. ജാ​ന​കി

Updated on

തെന്നിന്ത്യയുടെ വാനമ്പാടി, തലമുറകളുടെ ഗായിക, ആ​റു​പ​തി​റ്റാ​ണ്ടു കാ​ലം സംഗീത ലോകത്തു നി​റ​ഞ്ഞു​നി​ന്ന താരതമ്യങ്ങളില്ലാത്ത മഹാപ്രതിഭ എ​സ്. ജാ​ന​കി​യു​ടെ വേ​ർ​പാ​ടു സൃഷ്ടിക്കുന്ന ശൂന്യതയുടെ നൊമ്പരങ്ങളിലാണു കോടിക്കണക്കിനു സംഗീത പ്രേമികൾ. വിവിധ ഭാഷകളിലായി ജാനകിയമ്മ പാടിയത് അര ലക്ഷത്തോളം ഗാനങ്ങളാണ് എന്നു പറയുമ്പോൾ തന്നെ ഇന്ത്യൻ ചലച്ചിത്ര ഗാന രംഗത്ത് അവർ ആരായിരുന്നു എന്നു ബോധ്യമാവും. മലയാളത്തിൽ ജാനകിയമ്മ ആലപിച്ച എത്രയോ ഗാനങ്ങളാണു തലമുറകളുടെ ഹൃദയങ്ങളിൽ ചേക്കേറിയിരിക്കുന്നത്. ഇനി വരാനിരിക്കുന്ന എത്രയോ തലമുറകളാണ് ആ ഗാനങ്ങളുടെ ആലാപന മാധുരിയാസ്വദിച്ചു വിസ്മയപ്പെടാനിരിക്കുന്നത്.

ജാനകിയമ്മയുടെ ഭാവസാന്ദ്രമായ ശബ്ദം ഏതൊരു ഗാനത്തെയും എത്രമാത്രം മനോഹരമാക്കുന്നുണ്ടെന്ന് ആരെയും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. ശബ്ദവൈവിധ്യം കൊണ്ടു തന്നെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളിലെ അക്ഷരശുദ്ധികൊണ്ട് ആരാധകരുടെ മനസ് കീഴ്പ്പെടുത്തിയിട്ടുണ്ട്. ഭാഷ അവർക്കൊരു തടസമേ ആയിരുന്നില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെയായി ഗാനവസന്തം തന്നെ തീർത്തു അവർ. ബം​ഗാ​ളി, പ​ഞ്ചാ​ബി, ഒ​ഡി​യ, തു​ളു തുടങ്ങിയ ഭാ​ഷ​ക​ളി​ലും വിദേശ ഭാഷകളിലും ജാ​ന​കി പാ​ടി​യി​ട്ടു​ണ്ട്. പ്രണയത്തിന്‍റെ എല്ലാ ഭാവങ്ങളും വിരഹത്തിന്‍റെ എല്ലാ നൊമ്പരങ്ങളും ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിക്കാൻ അവരുടെ ആലാപനത്തിനു കഴിഞ്ഞിട്ടുണ്ട്. ഭക്തിയായാലും ആഹ്ലാദമായാലും ദുഃഖമായാലും വാത്സല്യമായാലും അത് അനായാസം ഉൾക്കൊള്ളുന്നതായിരുന്നു ജാനകിയമ്മയുടെ ആലാപന രീതി. ശാസ്ത്രീയമായി സംഗീതം പഠിക്കാതെയാണു ജാനകി ചലച്ചിത്ര ഗാനരംഗത്തേക്കു കടന്നുവന്ന് അവിടെ ആരെയും വിസ്മയിപ്പിക്കുന്ന തന്‍റേതായൊരു ലോകം സൃഷ്ടിച്ചെടുത്തത് എന്നുകൂടി അറിയണം. പ്രഗത്ഭരായ എത്രയോ സംഗീത സംവിധായകർ തങ്ങളുടെ ഇഷ്ടഗായികയായി ജാനകിയെ കണ്ടു. അക്ഷരാർഥത്തിൽ പാട്ടിന്‍റെ അമ്മ തന്നെയാണു ജാനകി.

1957ൽ ​പുറത്തിറങ്ങിയ "വി​ധി​യി​ൻ വി​ള​യാ​ട്ട് ' എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ പാ​ടി​യാ​ണ് പത്തൊമ്പതാം വയസിൽ അവർ ച​ല​ച്ചി​ത്ര ഗാന ​ലോ​ക​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത്. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ വിവിധ ഭാ​ഷ​ക​ളി​ൽ പാ​ടാ​ൻ ആ ​വ​ർ​ഷം ത​ന്നെ അ​വ​സ​രം ല​ഭി​ച്ചു. 1957ൽ ​പു​റ​ത്തി​റ​ങ്ങി​യ "മി​ന്നു​ന്ന​തെ​ല്ലാം പൊ​ന്ന​ല്ല'​എ​ന്ന ചി​ത്ര​ത്തി​ലെ "ഇ​രു​ൾ മൂ​ടു​ക​യോ എ​ൻ വ​ഴി​യി​ൽ'​എ​ന്ന ഗാ​ന​മാ​ണ് മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി പാ​ടി​യ​ത്. 1962ൽ ​പു​റ​ത്തി​റ​ങ്ങി​യ കൊ​ഞ്ചും ചി​ല​ങ്കൈ എ​ന്ന ത​മി​ഴ്ചി​ത്ര​ത്തി​ൽ ജാ​ന​കി പാ​ടി​യ ""ശി​ങ്കാ​ര വേ​ല​നേ ദേ​വാ''​എ​ന്ന പാ​ട്ട് തെ​ന്നി​ന്ത്യ​യെ ഇ​ള​ക്കി​മ​റി​ച്ചു. ചലച്ചിത്ര ഗാന രംഗത്ത് ജാ​ന​കിയുടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്നത് ഈ ഗാനമാണ്. മ​ല​യാ​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക സം​ഗീ​ത സം​വി​ധാ​യ​ക​ർ​ക്കു​വേ​ണ്ടി​യും അവർ പാ​ടി​.

മലയാളക്കര നെഞ്ചോടു ചേർത്തുവച്ച നിരവധിയായ ഗാനങ്ങൾ ജാനകിയുടേതായുണ്ട്. ത​ളി​രി​ട്ട കി​നാ​ക്ക​ൾ​ത​ൻ.., അ​ഞ്ജ​ന ക​ണ്ണെ​ഴു​തീ.., ഒ​രു കൊ​ച്ചു സ്വ​പ്ന​ത്തി​ൻ.., താ​മ​ര കു​മ്പി​ളി​ല​ല്ലോ മ​മ​ഹൃ​ദ​യം.., മ​ഞ്ഞ​ണി പൂ​നി​ലാ​വ്.., നി​ദ്ര​ത​ൻ നീ​രാ​ഴി.., ഇ​ന്ന​ലെ നീ​യൊ​രു സു​ന്ദ​ര രാ​ഗ​മാ​യെ​ൻ.., ഉ​ണ​രൂ വേ​ഗം നീ.., ആ ​നി​മി​ഷ​ത്തി​ന്‍റെ നി​ർ​വൃ​തി​യി​ൽ.., ഇ​ളം മ​ഞ്ഞി​ൻ കു​ളി​രു​മാ​യൊരു.., മ​ഞ്ഞ​ണി​ കൊ​മ്പി​ൽ.., ഗോ​പി​കേ നി​ൻ വി​ര​ൽ.., നാ​ഥാ നീ​വ​രും കാ​ലൊ​ച്ച.. തു​ട​ങ്ങി മലയാളികളുടെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്ന എത്രയോ ഗാനങ്ങൾ. ആന്ധ്രയിൽ ജനിച്ച അവർ മലയാളിയല്ലെന്നു ചിന്തിക്കാൻ പോലും നമുക്കാവില്ല. അത്ര നന്നായാണ് ജാനകിയമ്മ മലയാള ഗാനങ്ങൾ ആലപിച്ചത്.

മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങൾ മുപ്പത്തിമൂന്നു തവണയാണു ജാനകി നേടിയിട്ടുള്ളത്. അതിൽ മൂന്നിലൊന്നും കേരളത്തിൽ നിന്നായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാലു തവണ ഈ അതുല്യ ഗായികയെ തേടിയെത്തി. 1976ൽ ​പ​തി​നാ​റു വ​യ​തി​നി​ലേ എ​ന്ന ത​മി​ഴ്‌ ചി​ത്ര​ത്തി​ലെ ""സി​ന്ദൂ​ര​പ്പൂ​വേ..'' എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​നാ​ണ്‌ ആ​ദ്യ​മാ​യി ദേ​ശീ​യ​ പു​ര​സ്‌​കാ​രം ല​ഭി​ക്കുന്ന​ത്‌. ഓ​പ്പോ​ൾ എ​ന്ന മ​ല​യാ​ള​ സി​നി​മ​യി​ലെ ""ഏ​റ്റു​മാ​നൂ​ര​മ്പ​ല​ത്തി​ൽ''​എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ട് 1981ലെ ​ദേ​ശീ​യ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​. 1984ൽ തെലു​ങ്ക് ചിത്രമായ സിതാരയിലെ ഗാനത്തിനും 1992ൽ ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്ത തമിഴ് ചിത്രം തേവർ മകനിലെ ഗാനത്തിനും മികച്ച ഗാനത്തിനുള്ള പുരസ്കാരം ലഭിച്ചു.

2013ൽ ​പ​ദ്മ​ഭൂ​ഷ​ൻ ല​ഭി​ച്ചെ​ങ്കി​ലും അതു നി​ര​സിക്കുകയായിരുന്നു അവർ. ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളി​ൽ ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രോ​ടു​ള്ള വി​വേ​ച​ന​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു അ​ത്. അ​ര​ല​ക്ഷം ഗാ​ന​ങ്ങ​ൾ പാ​ടി​യ, ഇ​ത്ര​യേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ത​നി​ക്ക് ഭാ​ര​ത​ര​ത്നം ത​ന്നാ​ൽ വാ​ങ്ങാം എ​ന്നും അ​വ​ർ പാ​തി കാ​ര്യ​മാ​യും പാ​തി ത​മാ​ശ​യാ​യും പ​റ​ഞ്ഞു. പ​ക്ഷേ, അം​ഗീ​കാ​ര​ങ്ങ​ളു​ടെ നിറവിലും ലാ​ളി​ത്യം കൈ​വി​ടാ​ത്ത ഗാ​യി​ക​യാ​യി​രു​ന്നു ജാ​ന​കി​യ​മ്മ. കാലാതീതമായ സംഗീതത്തിലൂടെ കോടിക്കണക്കിനു ജനമനസുകളിൽ വിവരണാതീതമായ ആനന്ദം നിറച്ച അനശ്വര ഗായികയ്ക്ക് ഞങ്ങളുടെ പ്രണാമം. അവരുടെ ഐക്കണിക് ശബ്ദം നമ്മിൽ ഓരോരുത്തരിലും ഉണർത്തുന്ന സ്മരണകൾക്ക് എന്തായാലും അവസാനമാവുന്നില്ല. ആരെയും പിടിച്ചിരുത്തുന്ന ആ ഗാനങ്ങൾക്കു മരണവുമില്ല.

logo
Metro Vaartha
www.metrovaartha.com