

വീട്ടിലെ പ്രസവം
തടയുക തന്നെ വേണം
file photo
ആരോഗ്യ രംഗത്ത് രാജ്യത്തിനു മാതൃകയാണു കേരളമെന്ന് അഭിമാനിക്കുമ്പോഴും സമീപകാലത്തെ ചില കണക്കുകളും വസ്തുതകളും നമ്മെ ആശങ്കപ്പെടുത്തുന്നതാണ്. ശരിയായ വൈദ്യസഹായം ലഭിക്കാതെ വീട്ടിൽ നടക്കുന്ന പ്രസവങ്ങളും അതേത്തുടർന്നുണ്ടാവുന്ന ദുരന്തങ്ങളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്ത് മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണു കേരളം.
മാതൃമരണ നിരക്കിലും നവജാതശിശു മരണ നിരക്കിലും അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്കിലും ഐക്യരാഷ്ട്ര സഭയുടെ 2030ലെ സുസ്ഥിര വികസന ലക്ഷ്യം മറികടന്നു കഴിഞ്ഞ സംസ്ഥാനമാണിത്. അപ്പോഴും വീടുകളിൽ നടക്കുന്ന പ്രസവം സംബന്ധിച്ചു വരുന്ന കണക്കുകൾ നാടിനെ തെറ്റായ വഴിയിലേക്കു നയിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന ആശങ്ക വളർത്തുകയാണ്.
കഴിഞ്ഞ ജനുവരിയിൽ 14 വീട്ടു പ്രസവങ്ങൾ സംസ്ഥാനത്തു നടന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. മൂന്നു നവജാത ശിശുക്കൾ മരിച്ചുവെന്നും കണക്കുകളിലുണ്ട്. ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്‌സിങ്ങിന് ആരോഗ്യ വകുപ്പു ഡയറക്റ്ററേറ്റ് നൽകിയ വിവരാവകാശ മറുപടി പ്രകാരം 2019 മുതൽ 2026 ജനുവരി വരെ 3,369 വീട്ടു പ്രസവങ്ങൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള ഒരു വർഷത്തിനിടെ 202 വീട്ടു പ്രസവങ്ങളാണു നടന്നത്. അതിൽ കൂടുതലും മലപ്പുറത്തായിരുന്നു.
ഒരു വർഷത്തിനിടെ 50 വീട്ടു പ്രസവങ്ങൾ മലപ്പുറത്തുണ്ടായി. ഇടുക്കിയിൽ 27, തിരുവനന്തപുരത്ത് 20, വയനാട് 17, എറണാകുളത്ത് 16, പാലക്കാട് 15, കോഴിക്കോട്11, കണ്ണൂരിലും തൃശൂരിലും10 വീതം വീട്ടു പ്രസവങ്ങളുണ്ടായിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒറ്റയക്കത്തിലാണ് ഒരു വർഷത്തിനിടെയുണ്ടായ വീട്ടു പ്രസവങ്ങൾ. 2025 ജനുവരി മുതൽ 2026 ജനുവരി വരെ വീട്ടു പ്രസവങ്ങളിൽ ഒമ്പതു നവജാത ശിശുക്കളാണു മരിച്ചത്. അഞ്ചു വർഷത്തിനിടെ 30 നവജാത ശിശുക്കൾ മരിച്ചതായാണു കണക്ക്.
വീട്ടു പ്രസവങ്ങളിലെ മാതൃമരണം സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തേ പല തവണ പുറത്തുവന്നിട്ടുണ്ട്. ചാവക്കാട്ട് വീട്ടിലെ അക്യുപങ്ചർ പ്രസവത്തിൽ നവജാത ശിശുവും പിന്നാലെ മുപ്പത്തേഴുകാരിയായ അമ്മയും മരിച്ചത് അടുത്ത കാലത്താണ്. പ്രസവത്തെത്തുടർന്നുണ്ടായ അണുബാധയ്ക്കു ചികിത്സ വൈകിയതാണ് യുവതിയുടെ മരണത്തിനു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി.
ആധുനിക ചികിത്സ ഉപേക്ഷിച്ച് മറ്റു ചില ചികിത്സാ രീതികളെ ആശ്രയിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പല തവണ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. ശാസ്ത്രീയ അടിത്തറയില്ലാത്ത, അപകട സാധ്യതയേറിയ ചികിത്സാ രീതികളിൽ വിശ്വസിക്കരുതെന്നും പ്രസവം ആശുപത്രികളിൽ തന്നെ നടത്തണമെന്നും ആരോഗ്യ പ്രവർത്തകർ ആവർത്തിച്ച് അഭ്യർഥിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. പക്ഷേ, അതെല്ലാം അവഗണിക്കുന്ന ചിലരുടെ സമീപനം നിരാശാജനകമെന്നു മാത്രമേ പറയാനാവൂ.
ആധുനിക വൈദ്യശാസ്ത്രത്തെ അപഹസിച്ചും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കുറ്റപ്പെടുത്തിയും മതപരമായ കാരണങ്ങൾ പറഞ്ഞുമൊക്കെ ഗർഭിണികളെ ആശുപത്രിയിൽ നിന്ന് അകറ്റുന്നവർ നാടിനു വലിയ ദോഷമാണു ചെയ്യുന്നത്. ഇത്തരത്തിലുള്ള വ്യാജൻമാരുടെ പിടിയിൽ ആളുകൾ അകപ്പെട്ടുപോകുന്നതു തടയേണ്ടത് അനിവാര്യമായിരിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ വീണുപോകാതിരിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കണം.
പ്രസവം നിർബന്ധമായും ആശുപത്രിയിൽ തന്നെ വേണമെന്ന് ആരോഗ്യ വിദഗ്ധർ വീട്ടിലെത്തി നിർദേശിച്ചിട്ടും വീട്ടുകാർ അതിനു വഴങ്ങാതിരുന്നതിനാൽ ദുരന്തത്തിന് ഇരയാകേണ്ടിവന്ന യുവതികൾ കേരളത്തിലുണ്ടെന്നത് ഞെട്ടിക്കുന്ന യാഥാർഥ്യമാണ്. വീട്ടുപ്രസവങ്ങൾ നടത്തിക്കൊടുക്കുന്ന രഹസ്യ കേന്ദ്രങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതു കണ്ടെത്തി കർശനമായി തടയാൻ സർക്കാർ സംവിധാനങ്ങൾക്കു കഴിയണം. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും ആവശ്യമായ ചികിത്സയും പരിചരണവും നൽകുന്നതിൽ മാതൃക കാണിക്കുന്ന സംസ്ഥാനം എന്ന സത്പേര് നമുക്കു നിലനിർത്തേണ്ടതുണ്ട്.