
സന്തോഷകരം, ശുചിത്വ റാങ്കിങ്ങിലെ കുതിപ്പ്
പല കാര്യങ്ങളിലും രാജ്യത്തിനു മാതൃകയായിട്ടുള്ള സംസ്ഥാനമാണു കേരളം. മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ നമ്മുടെ സംസ്ഥാനം ഒന്നാം സ്ഥാനത്താവുന്ന പല മേഖലകളുമുണ്ട്. രാജ്യത്തു സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമാണു നമ്മുടേത്. ആരോഗ്യ രംഗത്തും വർഷങ്ങളായി രാജ്യത്തിനു മാതൃകയാണ്. ഇപ്പോൾ ഭക്ഷ്യസുരക്ഷയിൽ കേരളം ഒന്നാം സ്ഥാനത്തുണ്ട്. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു വന്നതും അടുത്ത കാലത്താണ്. ഇത്തരത്തിൽ മികവിന്‍റെ നിരവധിയായ വിശേഷങ്ങൾ ഇനിയും കണ്ടെത്താനാവും. എന്നാൽ, മാലിന്യ നിർമാർജനത്തിൽ കേരളം വേണ്ടത്ര മുന്നേറിയിട്ടില്ല എന്നതു സമീപവർഷങ്ങളിലെല്ലാം അനുഭവമുള്ളതാണ്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായി മാലിന്യ പ്രശ്നം മാറുകയും ചെയ്തു. ചുറ്റുമുള്ള പ്രദേശങ്ങൾക്കു മാലിന്യക്കൂനകൾ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ പലതാണ്. പലതരം പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയടക്കം ഇതുമൂലമുണ്ടാകും. അതു തിരിച്ചറിയാൻ നാം വൈകി എന്നുവേണം പറയാൻ. പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നതു പതിവു കാഴ്ചയായ നഗരങ്ങളെക്കുറിച്ച് പലകുറി പറഞ്ഞിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ "കർശന നടപടികൾ' പ്രഖ്യാപിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
എന്തായാലും സമീപദിവസങ്ങളിൽ പുറത്തുവന്ന ഒരു റിപ്പോർട്ട് ഇക്കാര്യത്തിൽ കേരളത്തിന് അഭിമാനകരമാണ്; പ്രതീക്ഷ നൽകുന്നതുമാണ്. ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിനുണ്ടായ നേട്ടത്തെക്കുറിച്ചുള്ളതാണത്. ചരിത്രത്തിലാദ്യമായി രാജ്യത്തെ 100 ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള എട്ടു നഗരങ്ങൾ ഇടം നേടിയിരിക്കുന്നു. കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും ഒറ്റ നഗരവും ഉണ്ടായിരുന്നില്ല എന്നു കൂടി ഓർക്കണം. അതായത് മാലിന്യ സംസ്ക്കരണ രംഗത്ത് കേരളം വൻ മുന്നേറ്റം നടത്തി ചരിത്രം കുറിച്ചിരിക്കുന്നു. സംസ്ഥാനത്തെ 93 നഗരസഭകളിൽ എൺപത്തിരണ്ടും ഇക്കുറി 1,000 റാങ്കിനുള്ളിൽ ഇടം നേടിയിട്ടുണ്ട്. എന്തൊരു മാറ്റമാണത്. കൊച്ചി (50), മട്ടന്നൂർ (53), തൃശൂർ (58), കോഴിക്കോട് (70), ആലപ്പുഴ (80), ഗുരുവായൂർ (82), തിരുവനന്തപുരം (89), കൊല്ലം (93) എന്നിവയാണ് ആദ്യ 100 റാങ്കിൽ ഇടംപിടിച്ച നഗരസഭകൾ. കഴിഞ്ഞ വർഷം കൊച്ചിയുടെ റാങ്ക് 3963 ആയിരുന്നു. മട്ടന്നൂർ 1,854, ഗുരുവായൂർ 2,364 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷത്തെ റാങ്കിങ്. കഴിഞ്ഞ വർഷം കേരളത്തിലെ നഗരങ്ങൾക്കു ലഭിച്ച ഏറ്റവും ഉയർന്ന റാങ്ക് 1,370 ആയിരുന്നുവെങ്കിൽ ഈ വർഷം ഏറ്റവും താഴ്ന്ന റാങ്ക് 1,385 ആണ്.
ഇരുപത്തിമൂന്നു നഗരസഭകളാണ് ഇത്തവണ സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയത് എന്നതും സന്തോഷകരമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പും നടത്തിയ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ ഫലം കാണുന്നു എന്നാണ് ഇതിൽ നിന്നു മനസിലാക്കേണ്ടത്. ബ്രഹ്മപുരം തീപിടുത്തത്തിനു പിന്നാലെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മാലിന്യമുക്തം നവകേരളം ക്യാംപെയ്ൻ വലിയ വിജയമായി മാറിയിട്ടുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി അവകാശപ്പെടുന്നത്. അത് അംഗീകരിക്കപ്പെടേണ്ടതുണ്ടെന്ന് ഇപ്പോഴത്തെ നേട്ടം കാണിക്കുകയും ചെയ്യുന്നു. എന്തായാലും ഇപ്പോഴുണ്ടായിട്ടുള്ള നേട്ടങ്ങൾ ഇനിയും മെച്ചപ്പെട്ട നിലയിലേക്ക് ഉയരാനുള്ള പ്രചോദനമായി മാറേണ്ടതാണ്. വരും വർഷങ്ങളിൽ കേരളത്തിലെ കൂടുതൽ നഗരങ്ങൾ ആദ്യ 100 റാങ്കിൽ ഉൾപ്പെടണം. ജനകീയ സഹകരണത്തോടെ ഓരോ നഗരവും വൃത്തിയായി സൂക്ഷിക്കാൻ നഗരസഭകൾക്കു കഴിഞ്ഞാൽ അത് സാധ്യമാവുന്നതേയുള്ളൂ.
മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വളരെ മോശമായിരുന്ന കൊച്ചി അമ്പതാം റാങ്കിലേക്ക് ഉയർന്നു എന്നതു പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. സമ്പൂർണ മാലിന്യമുക്ത നഗരമാകാൻ കൊച്ചി ഒരുങ്ങുന്നുവെന്നും കോർപ്പറേഷൻ അധികൃതർ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രഹ്മപുരം കേന്ദ്രീകരിച്ചുള്ള മാലിന്യ സംസ്കരണ പദ്ധതികൾ കേരളത്തിലെ മറ്റു നഗരങ്ങൾക്കു മുന്നിലെത്താൻ കൊച്ചിയെ സഹായിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തെ സിബിജി പ്ലാന്‍റ് ഉടൻ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പ്ലാന്‍റ് യാഥാർഥ്യമാകുന്നതോടെ മാലിന്യ പ്രശ്നം പരിഹരിക്കാൻ കൂടുതൽ അവസരമാവും. ശുചിത്വത്തിലും മാലിന്യ സംസ്കരണത്തിലും ഇനിയും മുന്നേറ്റമുണ്ടാക്കാൻ കൊച്ചിക്കു കഴിയേണ്ടതുണ്ട്. ഒപ്പം കേരളത്തിലെ മറ്റു നഗരങ്ങളും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകട്ടെ. സ്പെഷ്യൽ കാറ്റഗറിയിലെ മിനിസ്റ്റീരിയൽ അവാർഡ് നേടിയ മട്ടന്നൂർ നഗരസഭയും സ്വച്ഛ് സർട്ടിഫിക്കേഷനുകളില്‍ ഏറ്റവും ഉയർന്ന റേറ്റിങ്ങായ വാട്ടർ പ്ലസ് നേടിയ തിരുവനന്തപുരം നഗരസഭയും പ്രത്യേക പ്രശംസ അർഹിക്കുന്നു.
മധ്യപ്രദേശിലെ ഇൻഡോറാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം. തുടർച്ചയായി എട്ടാം വർഷമാണ് ഇൻഡോർ ഈ പദവി നേടുന്നത്. ഗുജറാത്തിലെ സൂററ്റും മഹാരാഷ്‌ട്രയിലെ നവി മുംബൈയും തൊട്ടു പിന്നാലെയുള്ള സ്ഥാനങ്ങളിലുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ്, ഉത്തർപ്രദേശിലെ നോയിഡ തുടങ്ങിയ നഗരങ്ങൾ പല വിഭാഗങ്ങളിലായി ശുചിത്വത്തിൽ മുന്നിലാണ്. ഇൻഡോറിന്‍റെ ശുചിത്വ പദ്ധതികൾ കഴിഞ്ഞ വർഷങ്ങളിലെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കേന്ദ്ര സർക്കാരിന്‍റെ ഈ അവാർഡ് തുടർച്ചയായി ലഭിക്കാൻ ഈ നഗരത്തെ പ്രാപ്തമാക്കിയതിനു പിന്നിൽ തദ്ദേശ ഭരണാധികാരികളുടെയും മറ്റു നേതാക്കളുടെയും സംഘനകളുടെയും ജനങ്ങളുടെയും പരിപൂർണ സഹകരണമുണ്ട്. ശുചിത്വത്തിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന നഗരങ്ങളുടെ മാതൃകകൾ പഠിച്ച് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ ഇനിയും കേരളത്തിന് അവസരമുണ്ട്.