

രോഗികളെ വരെ പെരുവഴിയിലാക്കാമോ, ഹർത്താലിന്‍റെ പേരിൽ
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിതിൻ രാജിന്‍റെ ആത്മഹത്യ കേരളത്തെയാകെ ഞെട്ടിച്ചതാണ്. കോളെജ് അധ്യാപകരുടെ ജാതി അധിക്ഷേപത്തെത്തുടർന്നാണു നിതിൻ രാജ് ജീവനൊടുക്കിയതെന്ന ആരോപണം നടുക്കത്തോടെയല്ലാതെ നമുക്കു കേൾക്കാനാവുമായിരുന്നില്ല. അധ്യാപകരുടെ മാനസിക പീഡനവും ജാതി വിവേചനവും ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെടുത്തുവെങ്കിൽ ഈ നാട് അതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും വേണം. തീരാദുഃഖത്തിലായ ആ കുടുംബത്തിനു നീതി ലഭ്യമാവുന്നുവെന്ന് ഉറപ്പാക്കണം. അതിനു വേണ്ടി നാടൊന്നാകെ നിലകൊള്ളണം. ജാതിയുടെയും നിറത്തിന്‍റെയും പേരിലുള്ള അധിക്ഷേപങ്ങൾക്കെതിരേ തക്കതായ നടപടിയുണ്ടാവണമെന്നതിൽ സംശയമൊന്നുമില്ല. അതുകൊണ്ടുതന്നെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടികൾ നടത്താനുള്ള അവകാശവും നിഷേധിക്കാനാവാത്തതാണ്. എന്നാൽ, അതിന്‍റെ പേരിൽ ജനങ്ങൾക്കെതിരേ അക്രമത്തിനിറങ്ങുന്നതിന് യാതൊരു ന്യായീകരണവുമില്ല.
52 ദളിത് സംഘടനകളുടെ സഹകരണത്തോടെ ഇന്നലെ നടത്തിയ ഹർത്താലിൽ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി ചിലർ അക്രമത്തിനു തുനിഞ്ഞത് അതുകൊണ്ടു തന്നെ ന്യായീകരണമില്ലാത്തതായി. ജനങ്ങളെ വലച്ചുകൊണ്ടുള്ള ഏതൊരു പ്രതിഷേധ രീതിയും ജനങ്ങളുടെ പിന്തുണ നേടുന്നതിൽ പരാജയപ്പെടുമെന്നുള്ള ബോധ്യം എല്ലാവർക്കുമുണ്ടാവേണ്ടതാണ്. പൊതുജനങ്ങൾ സ്വമേധയാ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നതിൽ തെറ്റില്ല. അതിനോടു ജനങ്ങൾ സഹകരിക്കുമ്പോഴാണു പ്രതിഷേധം വിജയിക്കുന്നതും. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്നും തലേന്നു തന്നെ വ്യക്തമാക്കപ്പെട്ടതുകൊണ്ടാണ് ഇന്നലെ ആളുകൾ വിവിധ ആവശ്യങ്ങൾക്കായി റോഡിലിറങ്ങിയത്. ജോലിക്കു പോകാനും പരീക്ഷ എഴുതാനും ആശുപത്രികളിൽ ചികിത്സയ്ക്കു പോകാനുമൊക്കെ വീടുകളിൽ നിന്നിറങ്ങിയവരെ നടുറോഡിൽ തടയുകയും അവരോടു കയർത്തു സംസാരിക്കുകയും ചെയ്യുന്നതു പ്രതിഷേധത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ തന്നെ കളങ്കപ്പെടുത്തുകയാണു ചെയ്യുക. തിരുവല്ലയിൽ ആശുപത്രിയിലേക്കു പോയ ക്യാൻസർ രോഗിയെ തടഞ്ഞ് ""നിന്നെ വിടില്ല, ഹർത്താൽ പൊളിക്കണമെന്നാണോ നിനക്കു നിർബന്ധം'' എന്നൊക്കെ ചോദിച്ചത് ആർക്കാണു ന്യായീകരിക്കാനാവുക. തിരുവനന്തപുരത്ത് ആർസിസിയിലേക്കുള്ള രോഗികളും മെഡിക്കൽ കോളെജിലേക്കു പോകാനെത്തിയവരും പെരുവഴിയിലായി. അവരോടു ഹർത്താൽ അനുകൂലികൾ യാതൊരു കരുണയും കാണിച്ചില്ല.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വിഐടി)യുടെ അഖിലേന്ത്യാ പ്രവേശന പരീക്ഷയ്ക്കു പോയിരുന്ന വിദ്യാർഥികളെയും തലസ്ഥാനത്തു തടഞ്ഞു. നൂറു കണക്കിനു വിദ്യാർഥികളാണ് ഹർത്താൽ അനുകൂലികളുടെ റോഡ് തടയലിൽ വലഞ്ഞുപോയത്. എത്രയോ ദിവസങ്ങൾ നീണ്ട ഒരുക്കത്തിനു ശേഷമാണ് ഇതുപോലുള്ള പരീക്ഷകൾ എഴുതാൻ വിദ്യാർഥികൾ പരീക്ഷാ സെന്‍ററുകളിലേക്കു പോകുന്നത്. വഴിയിൽ അവരെ തടഞ്ഞ് മാനസിക സംഘർഷത്തിലേക്കു നയിക്കുന്നതും പരീക്ഷയെഴുതാൻ അവസരം നിഷേധിക്കുന്നതും അംഗീകരിക്കാനാവാത്തതാണ്. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും വ്യാപകമായി തടയുകയുണ്ടായി. പലയിടത്തും കടകൾ നിർബന്ധിച്ച് അടപ്പിച്ചു. തിരുവനന്തപുരത്ത് മണിക്കൂറുകളാണു വാഹനങ്ങൾ തടഞ്ഞിട്ടത്. നിരവധി കെഎസ്ആർടിസി ബസുകൾ വഴിയിൽ കുടുങ്ങിയപ്പോൾ രാവിലെ ജോലിക്കും മറ്റും ഇറങ്ങിയവർ പെരുവഴിയിലായി. പൊരിവെയിലത്ത് റോഡിൽ കാത്തുനിൽക്കേണ്ടിവന്ന ഇവരുടെ ദയനീയാവസ്ഥ സമരത്തിന്‍റെ വിജയമായി അവകാശപ്പെടാവുന്നതേയല്ല. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. കണ്ണൂരും കാസർഗോഡും പാലക്കാടുമെല്ലാം ജനജീവിതം തടസപ്പെടുത്തുന്ന പ്രവർത്തനങ്ങളുണ്ടായി. വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. വഴി തടയുന്നവരെ ജനങ്ങൾ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി.
എന്തായാലും ഹർത്താലിലുണ്ടായ അതിക്രമങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഹർത്താൽ ആഹ്വാനം ചെയ്തവർക്കു നോട്ടീസും നൽകിയിരിക്കുന്നു. ഹർത്താലിന് ആഹ്വാനം നൽകിയവർ കോടതിയലക്ഷ്യം നടത്തിയതായി കോടതി വിലയിരുത്തിയിട്ടുണ്ട്. നാട്ടിലെ സകലമാന പ്രവർത്തനങ്ങളും തടസപ്പെടുത്തുകയോ സ്തംഭിപ്പിക്കുകയോ ചെയ്യുന്ന ഹർത്താലെന്ന സമരരീതിക്കെതിരേ നിരവധി തവണ ഹൈക്കോടതിയിൽ നിന്ന് ഉത്തരവുകളുണ്ടായിട്ടുണ്ട്. ജനജീവിതം തടസപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പ്രതിഷേധ മുറകൾ കർശനമായി നേരിടണമെന്നു കോടതി ബന്ധപ്പെട്ട അധികാരികളോടും പലവട്ടം നിർദേശിച്ചിട്ടുള്ളതാണ്. എന്നാൽ, അതിനെല്ലാം ശേഷവും ഹർത്താലുകളുണ്ടാവാറുണ്ട് എന്നതാണു വാസ്തവം. ഇതിൽ പലതും അക്രമാസക്തമായി തീരാറുമുണ്ട്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സമാധാനപരമായ രീതിയിലുള്ള പ്രതിഷേധങ്ങളും സമരമാർഗങ്ങളും എല്ലാം അനുവദിക്കപ്പെടണം. എന്നാൽ, അതിന്‍റെ പേരിൽ നാട്ടിലെ ജനജീവിതം തടസപ്പെടുത്താൻ ആർക്കും അധികാരമുണ്ടാവരുത്.