മമതയെ ഞെട്ടിച്ച തെരഞ്ഞെടുപ്പു ഫലം

ഇതാദ്യമായി അവിടെ അധികാരത്തിലെത്തിയ പാർട്ടിക്ക് ജനങ്ങൾ നൽകിയതു മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ്
 Election results that shocked Mamata

മമതയെ ഞെട്ടിച്ച തെരഞ്ഞെടുപ്പു ഫലം

file image
Updated on

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച വിജയമാണു ബിജെപി നേടിയിരിക്കുന്നത്. ഇതാദ്യമായി അവിടെ അധികാരത്തിലെത്തിയ പാർട്ടിക്ക് ജനങ്ങൾ നൽകിയതു മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ്. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ പാർട്ടി സ്വന്തമാക്കിയിരിക്കുന്നു. ഇതോടെ ഒന്നര പതിറ്റാണ്ടു നീണ്ട മമത ബാനർജിയുടെ ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്. മമതയുടെ തൃണമുൽ കോൺഗ്രസ് 80 സീറ്റോടെ പ്രതിപക്ഷത്തേക്കു മാറുന്നു. കോൺഗ്രസ് രണ്ടും സിപിഎം ഒന്നും സീറ്റിൽ ഒതുങ്ങി എന്നത് ഈ കക്ഷികളെ ഏറെ നിരാശപ്പെടുത്തുന്നതാണ്. രണ്ടു പാർട്ടികൾക്കും തിരിച്ചുവരവിനുള്ള യാതൊരു സാധ്യതയും ബംഗാളിൽ കാണുന്നില്ല എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. 200ൽ ഏറെ സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവർത്തനങ്ങൾ ഫലം കണ്ടു എന്നതിൽ ആഹ്ലാദിക്കുകയാണു ബിജെപി പ്രവർത്തകരും നേതാക്കളും.

അതേസമയം, തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണു തൃണമുൽ കോൺഗ്രസ്. ബിജെപിയോടല്ല, താൻ പോരാടിയതു തെരഞ്ഞെടുപ്പു കമ്മിഷനോടാണ് എന്നാണു മമത ആരോപിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷൻ ബിജെപിയുടെ കമ്മിഷനായി പ്രവർത്തിച്ചുവെന്നും തൃണമുലിന്‍റെ നൂറോളം സീറ്റുകൾ കവർന്നെടുത്തുവെന്നും മമത ആരോപിക്കുന്നു. കേന്ദ്ര സേനാ ഉദ്യോഗസ്ഥർ കൗണ്ടിങ് സെന്‍ററുകൾക്കു പുറത്ത് ഗൂണ്ടകളെപ്പോലെ പെരുമാറിയെന്നും ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്നും ഒക്കെയാണ് അവർ കുറ്റപ്പെടുത്തുന്നത്. വോട്ടർ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് താൻ ഉയർത്തിയ പരാതികൾ തെരഞ്ഞെടുപ്പു കമ്മിഷൻ അവഗണിച്ചു എന്ന പരാതിയും മമതയ്ക്കുണ്ട്. വോട്ടർ പട്ടികയിൽ നിന്നു ലക്ഷക്കണക്കിനു പേരുകൾ നീക്കം ചെയ്തത് അടക്കം മമത പരാമർശിക്കുന്നു. ബിജെപിയും കമ്മിഷനും തമ്മിലുള്ള ഒത്തുകളി, അവരുടെ ബലപ്രയോഗം തുടങ്ങിയ ആരോപണങ്ങൾ കോൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മമത ഉന്നയിക്കുന്നുണ്ട്. ഇതു യഥാർഥ ജനവിധിയല്ലാത്തതിനാൽ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നാണ് അവർ പറയുന്നത്.

തെരഞ്ഞെടുപ്പു കമ്മിഷന്‍റെ പിന്തുണയോടെ ബിജെപി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു കവർന്നെടുത്തുവെന്നു രാഹുൽ ഗാന്ധിയടക്കം ഇന്ത്യ മുന്നണി നേതാക്കളും കുറ്റപ്പെടുത്തുന്നുണ്ട്. അവർ മമതയുടെ ആരോപണത്തിന് ഒപ്പം നിൽക്കുകയാണ്. വോട്ടെടുപ്പിന്‍റെ ഫല പ്രഖ്യാപനം കഴിഞ്ഞതിനു ശേഷം ജനവിധി അട്ടിമറിച്ചതാണ്, അതിനാൽ അംഗീകരിക്കില്ല എന്നൊക്കെ പറയുന്നത് ഇന്ത്യൻ ജനാധിപത്യത്തിനു വലിയ കളങ്കമാണു വരുത്തിവയ്ക്കുക. വോട്ടെടുപ്പു‌ പ്രക്രിയയിൽ സംശയങ്ങൾ ജനിപ്പിക്കുന്നതു വളരെ അപകടകരമാണ്. തെരഞ്ഞെടുപ്പു കമ്മിഷനെതിരേ പ്രതിപക്ഷ കക്ഷികൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമായല്ല. എന്നാൽ, തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിനു ശേഷം ഫലം അംഗീകരിക്കില്ലെന്നു പറയുന്നത് കൂടുതൽ അപകടകരമായ സാഹചര്യമാണ്. 90 ശതമാനത്തിലേറെ വോട്ടർമാർ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ച ഒരു തെരഞ്ഞെടുപ്പിലാണ് പരാജയപ്പെട്ട ഭരണകക്ഷി അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നോർക്കണം.

പശ്ചിമ ബംഗാളിലെ ജനങ്ങൾ തൃണമുൽ കോൺഗ്രസിനെ കൈവിട്ടുവെന്നു വ്യക്തമായി കാണിക്കുന്നതാണ് ഇത്തവണ വോട്ട് വിഹിതത്തിലുണ്ടായിരിക്കുന്ന മാറ്റങ്ങൾ. 2021ൽ 38 ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഇക്കുറി 45 ശതമാനത്തോളമായി ഉയർന്നിട്ടുണ്ട്. 48 ശതമാനമായിരുന്ന തൃണമുലിന്‍റെ വോട്ട് വിഹിതം 41 ശതമാനമായും കുറഞ്ഞു. ഇരു പാർട്ടികളും തമ്മിലുള്ള നാലു ശതമാനത്തിന്‍റെ വോട്ട് വ്യത്യാസം സീറ്റുകളുടെ എണ്ണത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. 2021ൽ 215 സീറ്റുണ്ടായിരുന്നതാണു തൃണമുലിന്. ബിജെപിക്ക് അന്ന് 77 സീറ്റ് മാത്രമായിരുന്നു. 2021ൽ 4.73 ശതമാനമായിരുന്ന ഇടതുപക്ഷത്തിന്‍റെ വോട്ട് 4.45 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 34 വർഷത്തെ ഭരണത്തിനു ശേഷം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയോടു പരാജയപ്പെടുമ്പോൾ 39 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്നു ഇടതു മുന്നണിക്ക്. അന്ന് സിപിഎമ്മിനു മാത്രം 30 ശതമാനമായിരുന്നു വോട്ട്. അവിടെനിന്നുള്ള തകർച്ച ബിജെപിയുടെ വളർച്ചയ്ക്കാണു സഹായിച്ചത്.

ഇത്തവണ മുർഷിദാബാദ് ജില്ലയിലെ ഡോംകൽ സീറ്റിൽ മാത്രം വിജയിച്ച സിപിഎം രണ്ടാം സ്ഥാനത്തെത്തിയത് ഇതേ ജില്ലയിലെ മറ്റു രണ്ടു സീറ്റുകളിൽ മാത്രമാണ്. 252 മണ്ഡലങ്ങളിൽ ഇടതു സ്ഥാനാർഥികളുണ്ടായിരുന്നു. അതിൽ 195ലും സിപിഎം സ്ഥാനാർഥികളുമായിരുന്നു. ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ട്, സിപിഐ (എംഎൽ) ലിബറേഷൻ എന്നിവയുമായി സഖ്യത്തിലാണ് ഇടതു മുന്നണി മത്സരിച്ചത്. 294 മണ്ഡലങ്ങളിലും ഒറ്റയ്ക്കു മത്സരിച്ച കോൺഗ്രസിന് രണ്ടിടത്തു മാത്രമുള്ള വിജയം തൃപ്തി നൽകുന്നതല്ല. തൃണമുൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കനത്ത പരാജയം തന്നെയാണിത്. ഭരണവിരുദ്ധ വികാരം വീശിയടിച്ചപ്പോൾ 35 മന്ത്രിമാരിൽ 22 പേരും പരാജയപ്പെട്ടു. ഭവാനിപുരിൽ മമത ബാനർജിയുടെ പരാജയം അടക്കം ഇതിലുണ്ട്. വനിതാ-ശിശുക്ഷേമം, വ്യവസായം, ഭവനനിർമാണം, വൈദ്യുതി, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാർ തോൽവി നേരിട്ടവരിൽ ഉൾപ്പെടുന്നുണ്ട്. 63 ശതമാനം ക്യാബിനറ്റ് മന്ത്രിമാർ തോറ്റു എന്നു പറഞ്ഞാൽ ഭരണനേതൃത്വത്തെ ജനങ്ങൾ പൂർണമായി കൈവിട്ടു എന്നു തന്നെയാണ് അർഥം.

logo
Metro Vaartha
www.metrovaartha.com