യുദ്ധം: മധ്യസ്ഥ ശ്രമങ്ങൾ വിജയത്തിലെത്തട്ടെ

നമ്മുടെ സൗഹൃദ രാജ്യങ്ങളാണ് യുദ്ധത്തിൽ രണ്ടു വശത്തുമുള്ളത്. അതുകൊണ്ടു തന്നെ നിഷ്പക്ഷമായ നിലപാട് ഇന്ത്യ സ്വീകരിക്കുകയും ചെയ്യുന്നു
 War: May mediation efforts succeed

യുദ്ധം: മധ്യസ്ഥ ശ്രമങ്ങൾ വിജയത്തിലെത്തട്ടെ

file photo

Updated on

25 ദിവസം പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചില നിർണായക നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എത്രയും വേഗം ഈ യുദ്ധം അവസാനിക്കട്ടെയെന്നാണു സമാധാനപ്രിയരായ മുഴുവൻ ‍ജനങ്ങളും ആഗ്രഹിക്കുന്നത്. യുദ്ധം ഉയർത്തിയിട്ടുള്ള പലവിധ പ്രതിസന്ധികളിൽ നിന്ന് ഒട്ടും വൈകാതെ ലോകത്തിനു പുറത്തുകടക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതു മൂലമുണ്ടായിട്ടുള്ള ഇന്ധന പ്രതിസന്ധി അതിരൂക്ഷമാണ്. നിരവധി രാജ്യങ്ങളിലെ ജനങ്ങളെയാണ് അതു ഗുരുതരമായി ബാധിക്കുന്നത്. അമെരിക്കയും ഇസ്രയേലും ഒരു വശത്തും ഇറാൻ മറുവശത്തുമായി നടക്കുന്ന യുദ്ധം നീണ്ടുപോകുന്ന ഓരോ ദിവസവും പ്രതിസന്ധി കൂടിവരുകയാണ്.

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരെയും ആശങ്കയിലാക്കിയിരിക്കുന്നു. പാചക വാതക പ്രതിസന്ധി ഇന്ത്യയ്ക്കു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. നമ്മുടെ സൗഹൃദ രാജ്യങ്ങളാണ് യുദ്ധത്തിൽ രണ്ടു വശത്തുമുള്ളത്. അതുകൊണ്ടു തന്നെ നിഷ്പക്ഷമായ നിലപാട് ഇന്ത്യ സ്വീകരിക്കുകയും ചെയ്യുന്നു. ഇനിയും ഈ നയം തന്നെ തുടരാനേ നമുക്കു കഴിയൂ. ഒപ്പം യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു ഭാഗത്തെയും ആവർത്തിച്ച് ഓർമിപ്പിക്കുകയും ചെയ്യാവുന്നതാണ്. കഴിഞ്ഞ ദിവസം യുദ്ധത്തിന്‍റെ വിവരങ്ങൾ പങ്കുവയ്ക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിളിച്ചപ്പോൾ പശ്ചിമേഷ്യയിൽ സൈനിക പിന്മാറ്റത്തെയും സമാധാന പുനഃസ്ഥാപനത്തെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയുണ്ടായി. ഹോർമുസ് കടലിടുക്ക് എല്ലാവർക്കും പ്രാപ്യമായ വിധത്തിൽ തുറക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു. നേരത്തേ ലോക്സഭയിൽ സംസാരിക്കുമ്പോഴും ചരക്കുകപ്പലുകൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിൽ ഗതാഗതം തടസപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.

യുദ്ധത്തിൽ നിന്നു പിന്മാറാൻ അമെരിക്കയ്ക്കു താത്പര്യമുണ്ടെങ്കിലും ഇസ്രയേൽ ആക്രമ‍ണങ്ങൾ തുടരാനാണ് ആഗ്രഹിക്കുന്നത്. അമെരിക്ക ആക്രമണം നിർത്തിയാലും ഇസ്രയേൽ ആക്രമണങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നുണ്ട്. ഇസ്രയേലിന്‍റെ ഈ നിലപാട് സമാധാന നീക്കങ്ങൾക്കു തടസമാവുകയാണ്. ഹോർമുസ് കടലിടുക്കു തുറക്കാൻ ഇറാന് അഞ്ചു ദിവസത്തെ സമയമാണു കഴിഞ്ഞ ദിവസം ട്രംപ് അനുവദിച്ചത്. ഈ ദിവസങ്ങളിൽ ഇറാന്‍റെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് പറയുകയുണ്ടായി. യുദ്ധം അവസാനിപ്പിക്കാൻ ഇറാനു മുന്നിൽ 15 ഇന നിർദേശങ്ങൾ ട്രംപ് വച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്മേലുള്ള ചർച്ചയ്ക്ക് ഒരു മാസത്തെ വെടിനിർത്തലിനും യുഎസിനു താത്പര്യമുണ്ടത്രേ. ഇറാന്‍റെ ആണവ പദ്ധതിക്കു മേലുള്ള നിയന്ത്രണം ഈ നിർദേശങ്ങളിൽ ഉൾപ്പെടുന്നു എന്നാണു കേൾക്കുന്നത്. അതുപക്ഷേ, ഇറാനു സ്വീകാര്യമാവണമെന്നില്ല.

ഗൾഫ് മേഖലയിലുള്ള അമെരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടുക, ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനുമുള്ള അധികാരം നൽകുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകുക, ഹിസ്ബുള്ളക്കെതിരായ ഇസ്രയേലിന്‍റെ സൈനിക നീക്കം അവസാനിപ്പിക്കുക തുടങ്ങിയ കർശന വ്യവസ്ഥകൾ ഇറാൻ മുന്നോട്ടു വയ്ക്കുന്നു എന്നും റിപ്പോർട്ടുകളിൽ കാണുന്നുണ്ട്. ഈ നിർദേശങ്ങളൊക്കെ അംഗീകരിക്കുക അമെരിക്കയ്ക്കും എളുപ്പമാവുന്നതല്ല. എന്തായാലും സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സന്നദ്ധത പരസ്യമായി ഇതുവരെ ഇറാൻ പ്രകടിപ്പിച്ചിട്ടില്ല. അമെരിക്കയുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അവർ പറയുകയും ചെയ്യുന്നുണ്ട്. യുഎസ് അവരുമായി തന്നെയാവും ചർച്ച നടത്തുന്നതെന്നാണ് ഇറാൻ സൈന്യത്തിന്‍റെ വക്താവ് കഴിഞ്ഞ ദിവസം പരിഹസിച്ചത്.

അതേസമയം, യുഎസുമായി ചർച്ചയ്ക്കും ധാരണയ്ക്കും ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി സമ്മതിച്ചതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതു വിശ്വസിക്കാമെങ്കിൽ സമാധാനത്തിനുള്ള സാധ്യതകൾ തെളിയുന്നുണ്ട്. പാക്കിസ്ഥാനും ഈജിപ്തും തുർക്കിയും പോലുള്ള രാജ്യങ്ങളാണു മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നത്. അമെരിക്കയുടെയും ഇറാന്‍റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ച പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചർച്ചയിൽ അമെരിക്കൻ സംഘത്തെ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് നയിക്കുമെന്നാണു സൂചന. വാൻസുമായി സംസാരിക്കാനാണു താത്പര്യമെന്ന് ഇറേനിയൻ നേതൃത്വം അറിയിച്ചതായാണു പറയുന്നത്.

ഒരു മാസത്തെ വെടിനിർത്തലിനു സാധ്യത തെളിഞ്ഞാൽ അതു തുടർ ചർച്ചകൾക്കും സമവായത്തിനും അവസരമുണ്ടാക്കുമെന്നു കരുതാം. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ തന്നെയാണ് ആവശ്യമായിട്ടുള്ളത്. യുദ്ധം മാനവികതയുടെ താത്പര്യം ഉൾക്കൊള്ളുന്നതല്ലല്ലോ. തങ്ങളുമായി ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാൻ ഐക്യരാഷ്ട്ര സഭയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ അത് ഇന്ത്യയ്ക്കു വലിയ ആശ്വാസമാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com