

കേരളത്തിന് അത്യന്തം അപമാനകരമായതും മലയാളികൾ തലകുനിക്കേണ്ടിവന്നതുമായ സംഭവമായിരുന്നു അട്ടപ്പാടിയിലെ നിസ്സഹായനായ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഇരുകൈകളും കെട്ടിയിട്ടുള്ള മർദ്ദനത്തിൽ അവശനായി നിൽക്കുന്ന മധുവിന്റെ ചിത്രം എളുപ്പമൊന്നും നമുക്കു മറക്കാനാവില്ല. 2018 ഫെബ്രുവരി 22നായിരുന്നു ലോകത്തിനു മുന്നിൽ കേരളത്തിന്റെ മുഖം വികൃതമാക്കിയ ആ ക്രൂരകൃത്യം. കാട്ടിലെ ഗുഹകളിൽ താമസിക്കുകയും വല്ലപ്പോഴും നാട്ടിലിറങ്ങുകയും ചെയ്തിരുന്ന ഈ യുവാവിന് മനോദൗർബല്യവുമുണ്ടായിരുന്നു. വിശപ്പകറ്റാൻ മുക്കാലിയിലെ കടയിൽ നിന്ന് അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം വിചാരണ ചെയ്തതും തല്ലിക്കൊന്നതും. കാട്ടിൽ നിന്നു പിടികൂടിയ മധുവിനെ കൈകൾ ലുങ്കി കൊണ്ടു കെട്ടി, ചാക്കുകെട്ട് തലച്ചുമടാക്കിയാണ് നാലു കിലോമീറ്റർ അകലെ മുക്കാലി കവലയിലേക്കു നടത്തിച്ചത്. നടക്കുന്നതിനിടയിലും മുക്കാലിയിലെത്തിയ ശേഷവും ആളുകൾ ഈ പാവത്തെ ക്രൂരമായി മർദിച്ചിട്ടുണ്ട്. ഒടുവിൽ പൊലീസ് എത്തി ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്.
ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വെറുതേ നിന്നു തല്ലുകൊള്ളാൻ മാത്രം കഴിയുമായിരുന്ന ആ പാവത്തിനെ മർദിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക കൂടി ചെയ്തു "കള്ളനെ' പിടിച്ച ആവേശത്തിൽ ചിലർ. വിശപ്പിന്റെ വിലയറിയാനും മനോദൗർബല്യമുള്ളവന്റെ മാനസികാവസ്ഥയെക്കുറിച്ചു ചിന്തിക്കാനും കഴിയാത്ത സമൂഹമായി നാം അധഃപതിക്കുകയാണോ എന്നു ശങ്കിക്കുന്നവർക്ക് മധുവിനോടുള്ള ആൾക്കൂട്ടത്തിന്റെ പെരുമാറ്റം എടുത്തുപറയാവുന്ന ഉദാഹരണമായി.
അഞ്ചുവർഷക്കാലമായി മധുവധക്കേസ് നമ്മുടെ മുന്നിലുണ്ട്. അക്രമത്തിന് ഇരയായത് ഒരു പാവം ആദിവാസി. മരണത്തിനു ശേഷമെങ്കിലും അവനു നീതി കിട്ടാൻ അവന്റെ അമ്മയും സഹോദരിയും ഇക്കാലമത്രയും പൊരുതി. പലവിധ കടമ്പകൾ, സമ്മർദങ്ങൾ, ഭീഷണികൾ അവർക്കു നേരിടേണ്ടിവന്നു. പിന്തുണയുമായി മനുഷ്യസ്നേഹം നിറഞ്ഞ ചില നല്ല മനസുകളും ഉണ്ടായിരുന്നു. പലപ്പോഴും കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയങ്ങൾ ഉയർന്നുവന്നു. അറസ്റ്റുചെയ്യപ്പെട്ട 16 പേരിൽ 14 പേരും കുറ്റക്കാരാണെന്ന് ഒടുവിൽ മണ്ണാർക്കാട് എസ് സി/എസ്ടി പ്രത്യേക കോടതി കണ്ടെത്തുകയും ഇതിൽ 13 പേർക്ക് ഏഴു വർഷം കഠിനതടവ് വിധിക്കുകയും ചെയ്തിരിക്കുകയാണ്. ഒരാൾക്ക് മൂന്നു മാസം തടവാണുള്ളത്. ഇതിനു പുറമേ പതിനാലു പേർക്കും പിഴ ശിക്ഷയുമുണ്ട്.
മനപ്പൂർവമല്ലാത്ത നരഹത്യയാണ് കേസിൽ തെളിഞ്ഞതെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് ഓരോരുത്തർക്കും നൽകാവുന്ന ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ കടുത്ത ശിക്ഷ ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം മേൽക്കോടതിയെ സമീപിച്ചേക്കാം. പ്രതിഭാഗം അഭിഭാഷകനും മേൽക്കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. നിയമപോരാട്ടം ഇനിയും തുടരേണ്ടതുണ്ട് എന്നതാണ് ഇതു കാണിക്കുന്നത്. അപ്പോഴും കേരളം കാത്തിരുന്ന നിർണായകമായൊരു വിധി വന്നിരിക്കുന്നു എന്നതും അത് മധുവിന്റെ കുടുംബത്തിന് ആശ്വസിക്കാൻ വക നൽകുന്നു എന്നതും എടുത്തു പറയേണ്ടതാണ്. കേസ് കടന്നുവന്ന പ്രതിസന്ധി ഘട്ടങ്ങൾ ഓരോന്നായി പരിശോധിക്കുമ്പോഴാണ് എന്നിട്ടും ഇങ്ങനെയൊരു വിധിയിലേക്ക് പ്രോസിക്യൂഷന് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസം ഉണ്ടാവുന്നത്.
കുറ്റപത്രത്തിലുണ്ടായിരുന്ന 127 സാക്ഷികളിൽ മധുവിന്റെ ബന്ധുക്കൾ അടക്കം 24 പേരാണ് വിചാരണക്കിടെ കൂറുമാറിയത്. പ്രോസിക്യൂട്ടർമാർ മാറിമാറി വരേണ്ടിവന്നതും വിചാരണ നീണ്ടുപോയതും വിവാദമായിരുന്നു. സാക്ഷികളുടെ കൂറുമാറ്റം കേസിനെ ദുർബലമാക്കുമെന്നു പരക്കെ കരുതിയ സന്ദർഭത്തിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കാൻ തീരുമാനിച്ച കേസാണിത്. ഇതോടെ സാക്ഷികളും പ്രതികളും പൊലീസ് നിരീക്ഷണത്തിലായി. ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ ബന്ധപ്പെടുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആസൂത്രിതമായ കൂറുമാറ്റം നടക്കുന്നുവെന്നു സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കി.
കേസിൽ മാധ്യമങ്ങളുടെ ഇടപെടൽ അധികാരികളെ ഉണർത്തിയെന്ന കോടതിയുടെ പരാമർശവും ശ്രദ്ധേയമാണ്. അസ്വാഭാവിക മരണമായി ഒതുങ്ങിപ്പോകാവുന്ന കേസിൽ പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള സർക്കാർ- പൊലീസ് നടപടികൾ മരവിച്ചുപോകാതിരിക്കാൻ മാധ്യമങ്ങളുടെ സാമൂഹിക ജാഗ്രത ഉപകരിച്ചിട്ടുണ്ട്. ഇത്തരം ജാഗ്രതയാണ് നാടിനെയും ജനങ്ങളെയും ബാധിക്കുന്ന ഓരോ വിഷയത്തിലും പുലർത്തേണ്ടതും. ഇനിയും ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ ഒഴിവാക്കാൻ മധു വധക്കേസിലെ വിധി ഉപകരിക്കട്ടെ. പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും നീതി ലഭ്യമാക്കാൻ പൊരുതുന്ന സംവിധാനങ്ങൾ നാട്ടിലുണ്ട് എന്ന ധാരണ വളർത്താനും ഈ കേസ് സഹായകമാവട്ടെ.