ഏറ്റവും മികച്ചതാവട്ടെ, പൊലീസ് സേനാ പ്രവർത്തനം

കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങൾക്ക് ഇവിടെ യാതൊരുവിധ പിന്തുണയും ലഭിക്കുന്നില്ലെന്ന് ‍ഉറപ്പുവരുത്തണം.
May it be the best Police force

ഏറ്റവും മികച്ചതാവട്ടെ, പൊലീസ് സേനാ പ്രവർത്തനം

Updated on

തൊരു സർക്കാരിന്‍റെയും പ്രവർത്തന മികവു വിലയിരുത്തുമ്പോൾ ക്രമസമാധാന പാലനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ പൊലീസ് സേനയുടെ പ്രവർത്തനം ഏറ്റവും മികച്ചതാവുക എന്നത് ഏതൊരു സർക്കാരും ആഗ്രഹിക്കുന്നതുമാണ്. നീതി അർഹിക്കുന്നവർക്ക് അതു ലഭ്യമാക്കിക്കൊടുക്കാൻ പൊലീസിനു കഴിയുമ്പോഴാണ് സേനയുടെ യശസ് ഉയരുന്നത്. അതേസമയം സ്വാധീനങ്ങൾക്കു വഴങ്ങിയോ അല്ലാതെയോ പൊലീസ് അനീതിയുടെ പക്ഷത്തുനിന്നാൽ അതു ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാകും. ജനമൈത്രി പൊലീസിന്‍റെ കാലമാണിത്. പൊലീസും പൊതുജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയും പരസ്പര വിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുന്നതിന് ഏറെ പ്രയത്നങ്ങൾ ഇവിടെ നടന്നു കഴിഞ്ഞു. സേനയ്ക്കു ജനസൗഹൃദ മുഖം നൽകുന്നതിനെക്കുറിച്ചു മുൻ സർക്കാരിന്‍റെ കാലത്തു പറഞ്ഞുകേട്ടിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായി കുറ്റാന്വേഷണം നടപ്പാക്കുന്നതിനെക്കുറിച്ചും അവകാശവാദങ്ങളുണ്ടായി.

അപ്പോഴും പൊലീസ് സേന പലവിധ വിവാദങ്ങളിലും ചെന്നുപെട്ടു എന്നതാണു യാഥാർഥ്യം. ചെറിയൊരു വിഭാഗമെങ്കിലും വരുന്ന ക്രിമിനൽ മനോഭാവമുള്ളവർ സേനയ്ക്കു മൊത്തത്തിലുണ്ടാക്കിയ കളങ്കങ്ങൾ ഏറെയാണ്. അതുകൊണ്ടു തന്നെ പരാതിരഹിതമായ പൊലീസിങ് ഉറപ്പാക്കാൻ പുതിയ സർക്കാരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്നാണു കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുമായി പൊലീസ് ആസ്ഥാനത്തു നടത്തിയ ആദ്യ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞത്. 484 സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കുമെന്ന വാഗ്ദാനം അദ്ദേഹത്തിനു പാലിക്കാനാവട്ടെ. സ്റ്റേഷനിലെത്തുന്ന ഏതൊരു വ്യക്തിയെയും കുറ്റവാളിയായല്ല മാന്യത അര്‍ഹിക്കുന്ന പൗരനായി കാണണമെന്നാണ് അദ്ദേഹം പൊലീസിനോടു നിർദേശിക്കുന്നത്. സ്റ്റേഷനിലെത്തുന്നവരെ "ഗുഡ് മോര്‍ണിങ്', "നമസ്‌കാരം' പറഞ്ഞു സ്വീകരിക്കണമെന്നും പരാതികള്‍ ഉദ്യോഗസ്ഥർ സമചിത്തതയോടെ കേട്ട് പരിഹാരം കാണണമെന്നും അദ്ദേഹം നിർദേശിക്കുന്നുണ്ട്. ഇതൊക്കെ പൊലീസുകാരുടെ മനസിലും ഉറയ്ക്കുന്നുണ്ടോയെന്നു വരും നാളുകളിലാണ് അറിയുക. രാഷ്‌ട്രീയ പാര്‍ട്ടികള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല എന്ന തീരുമാനം ‍ഉറപ്പുള്ളതായിരിക്കണം.

മന്ത്രി ഓർമിപ്പിക്കുന്നതുപോലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് ജാഗ്രത കാണിക്കേണ്ടതുണ്ട്. അതുപോലെ തന്നെ പ്രധാനമാണു പുതിയ തലമുറയെ കുറ്റകൃത്യങ്ങളില്‍ നിന്നു പിന്തിരിപ്പിക്കുന്നതും. ലഹരി മരുന്നു മാഫിയയ്ക്കെതിരായ പോരാട്ടം അതിന്‍റെ ഭാഗമാണ്. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങൾക്ക് ഇവിടെ യാതൊരുവിധ പിന്തുണയും ലഭിക്കുന്നില്ലെന്ന് ‍ഉറപ്പുവരുത്തണം. അത്തരം സംഘങ്ങളെ വേരോടെ പിഴുതെറിയുകയും വേണം. അന്തർ സംസ്ഥാന ലഹരി മാഫിയയെ തകര്‍ക്കാന്‍ കേരള പൊലീസ് മേധാവി ഇതര സംസ്ഥാന മേധാവിമാരുമായി ഏകോപിച്ചു പ്രവര്‍ത്തിക്കുമെന്നു മന്ത്രി പറയുന്നുണ്ട്. അത് അത്യാവശ്യം വേണ്ടതു തന്നെയാണ്. അധ്യയന വർഷത്തിന്‍റെ തുടക്കമായ ജൂണ്‍ ഒന്നു മുതല്‍ ലഹരിക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്ന പ്രഖ്യാപനം നാടിന്‍റെ നന്മ ആഗ്രഹിക്കുന്നവരെല്ലാം സ്വാഗതം ചെയ്യും.

ഇന്നത്തെ കാലത്ത് വളരെയധികം പ്രാധാന്യമുള്ള മേഖലയാണു സൈബർ പൊലീസിങ്. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഏറ്റവും ഫലപ്രദമായ സംവിധാനങ്ങളുണ്ടാകേണ്ടതുണ്ട്. പണം തട്ടിയെടുക്കുന്നതും വ്യക്തിവിവരങ്ങൾ ചോർത്തുന്നതും അപകീർത്തിപ്പെടുത്തുന്നതും പോലുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയാണ്. ലോൺ ആപ്പുകളുടെ ചതിയിൽ സാധാരണക്കാർ അകപ്പെടുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നിരവധി സൈബർ ക്രൈം കേസുകൾ പൊലീസിനു മുന്നിലെത്തുന്നുണ്ട്. അവയെല്ലാം ഏറ്റവും കാര്യക്ഷമമായി അന്വേഷിച്ച് പരാതിക്കാർക്കു നീതി ലഭ്യമാക്കാൻ പൊലീസ് സംവിധാനങ്ങൾ ജാഗ്രത കാണിക്കേണ്ടതാണ്. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും കാലഘട്ടം ആവശ്യപ്പെടുന്ന കാര്യങ്ങൾ തന്നെയാണ്.

സമർഥരുടെ വലിയ നിര തന്നെയുണ്ട് നമ്മുടെ പൊലീസ് സേനയിൽ എന്നതിനു സംശയമില്ല. വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും സമർപ്പിത സേവനമാണു ചെയ്യുന്നതും. അവർക്കു കൂടി അപമാനമുണ്ടാക്കുകയാണു ക്രിമിനൽ മനസുള്ള ചിലർ. ഇത്തരം ക്രിമിനൽ കേസ് പ്രതികൾക്ക് ഉന്നത പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണം കിട്ടുന്നതും ഇതിനു മുൻപ് കണ്ടിട്ടുണ്ട്. ഇത്തരക്കാർക്കുവേണ്ടി പൊലീസ് നടപടികളിൽത്തന്നെ വീഴ്ച വരുത്തുന്നത് ഗൗരവമുള്ള കാര്യമാണ്. സേനയെ കളങ്കപ്പെടുത്തുന്നവരെ സംരക്ഷിക്കേണ്ടതോ ഉൾക്കൊള്ളേണ്ടതോ ആയ ബാധ്യത പൊലീസിനില്ല'. കളങ്കിതരെ സേനയുടെ ഭാഗമാക്കില്ലെന്ന ഉറച്ച നിലപാട് സർക്കാരിനുണ്ടാവണം. അധികാര ദുർവിനിയോഗവും നിഷ്ക്രിയത്വവും അനുവദിച്ചുകൊടുക്കരുത്. കാക്കി യൂണിഫോം ധരിക്കുന്നതോടെ അതിരുകളില്ലാത്ത അധികാരം കൈവരുന്നുവെന്നു പൊലീസ് സേനയിലെ ചിലരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. വഴിവിട്ട സഞ്ചാരത്തിനുള്ള ലൈസൻസായി പൊലീസ് യൂണിഫോമിനെ കണക്കാക്കരുത്.

logo
Metro Vaartha
www.metrovaartha.com