അതീവ ജാഗ്രത വേണം, നിപ പ്രതിരോധത്തിൽ

രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ഉൾപ്പെട്ട പ്രദേശത്താണു വൈറസ്ബാധ കണ്ടെത്തിയിരിക്കുന്നത്
nipah cases reported editorial

അതീവ ജാഗ്രത വേണം, നിപ പ്രതിരോധത്തിൽ

file image

Updated on

കേരളം വീണ്ടും നിപ ഭീതിയിലായിരിക്കുകയാണ്. കോഴിക്കോട് ഫറൂഖിലുള്ള നാൽപ്പത്തിമൂന്നുകാരനാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അദ്ദേഹത്തെ നിപ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. അവിടെ ഐസലേഷൻ വാർഡിൽ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണ് അദ്ദേഹമുള്ളത്. രോഗം പടരുന്നതു തടയാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗബാധിതന്‍റെ കുടുംബാംഗങ്ങളെ ക്വാറന്‍റൈനിലേക്കു മാറ്റിയതടക്കം നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഐസലേഷൻ വാർഡ് പ്രവർത്തിക്കുന്ന മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ആശുപത്രിയിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രത്യേക ജാഗ്രത ഉണ്ടാവണമല്ലോ.

രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ഉൾപ്പെട്ട പ്രദേശത്താണു വൈറസ്ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ക്യാംപ് ഒരുക്കുന്നുണ്ട്. രോഗത്തിന്‍റെ ഉറവിടം പരിശോധിക്കുക, സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയാറാക്കുക, ക്വാറന്‍റൈൻ ഉറപ്പാക്കുക തുടങ്ങിയ നടപടികൾ പുരോഗമിക്കുന്നു. കൂടുതൽ പേരിലേക്കു പടരാതെ വൈറസിനെ പിടിച്ചുകെട്ടേണ്ടതു നാടിന്‍റെ ആവശ്യമാണ്. അതിന് ആരോഗ്യ വകുപ്പ് പൂർണസജ്ജമായി രംഗത്തിറങ്ങണം. ജനങ്ങൾ അവരോടു സഹകരിക്കുകയും വേണം. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ഈ അവസരത്തിൽ അനിവാര്യമാണ്. വളരെ വേഗത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് എല്ലാവരും ഓർക്കണം. നിപയെ പ്രതിരോധിക്കുന്നതിൽ ആരോഗ്യ മേഖലയ്ക്കുള്ള പരിചയം ഈ അവസരത്തിൽ നമുക്കു സഹായകരമായി മാറണം.

കാടുപിടിച്ചു കിടന്ന സ്ഥലത്തോടു ചേർന്നുള്ള ഒരു ഗോഡൗൺ കുറച്ചു ദിവസം മുൻപ് വൃത്തിയാക്കിയപ്പോഴാണു വൈറസ്ബാധയുണ്ടായത് എന്നാണു നിഗമനം. ഏറെ നാളായി അടഞ്ഞുകിടന്നിരുന്ന ഗോഡൗൺ തുറന്നപ്പോൾ നിരവധി വവ്വാലുകൾ അതിലുണ്ടായിരുന്നു എന്നാണു പറയുന്നത്. വവ്വാലിന്‍റെ വിസർജ്യങ്ങൾ ഇവിടെ നിറഞ്ഞിരുന്നു. എന്തായാലും വവ്വാലിന്‍റെ സാന്നിധ്യമാണ് രോഗബാധയ്ക്കു കാരണമായി ഇവിടെയും സംശയിക്കപ്പെടുന്നത്. സംസ്ഥാനത്ത് ആവർത്തിച്ചു നിപ രോഗബാധിതരുണ്ടാവുന്നു എന്നതാണ് ഏറെ ആശങ്കാജനകമായിട്ടുള്ളത്. പല തവണയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള നിപ രോഗബാധയിൽ ഇതുവരെ 22 പേർ സംസ്ഥാനത്തു മരിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇതിനു പുറമേ രോഗബാധയിൽ നിന്നു മുക്തി നേടിയവരും ഉണ്ട്.

മുൻപ് രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വവ്വാലുകളിൽ നിന്നാണു നിപ ബാധിക്കുന്നതെന്ന നിഗമനത്തിൽ നാം എത്തിയതും അതുകൊണ്ടാണ്. എന്നാൽ, വവ്വാലുകളിൽ നിന്ന് വൈറസ് പടരുന്നത് ഏതു രീതിയിലാണ് എന്നതു സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ പുരോഗമിക്കുകയാണ്. ഈ വൈറസ് ഉയർത്തുന്ന ഭീഷണി അതിജീവിക്കുക എന്നതു കേരളത്തിന് അനിവാര്യമായിരിക്കുന്നു. 2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമത്തിലായിരുന്നു അത്. സംസ്ഥാനമൊട്ടാകെ ആശങ്കയിലായ നാളുകളായിരുന്നു പിന്നീട്. രോഗിയെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റർ ലിനിയടക്കം 17 പേർ അന്നു മരിച്ചു. ദിവസങ്ങൾ നീണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്കു ശേഷം 2018 ജൂൺ മുപ്പതിനു കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ മുക്തമായി പ്രഖ്യാപിച്ചു.

2019ൽ എറണാകുളത്ത് ഒരു യുവാവിനു വൈറസ് ബാധയുണ്ടായി. യുവാവ് രോഗമുക്തി നേടുകയും രോഗവ്യാപനം തടയാൻ നമുക്കാവുകയും ചെയ്തു. 2021 സെപ്റ്റംബറിൽ കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടു വയസുകാരനാണു വൈറസ് ബാധിച്ചു മരിച്ചത്. 2023 സെപ്റ്റംബറിൽ കോഴിക്കോട് പനി ബാധിച്ചു മരിച്ച രണ്ടുപേർക്കും നിപ സ്ഥിരീകരിക്കുകയുണ്ടായി. 2024ൽ മലപ്പുറത്തു വീണ്ടും നിപ മനുഷ്യ ജീവനുകളെടുത്തു.‌ കഴിഞ്ഞ വർഷം മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിപ വൈറസ് ബാധയുണ്ടായി.

കേരളം അടക്കം ഒമ്പതു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് ഐസിഎംആറിന്‍റെ പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (എൻഐവി) നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്. 2001ലും 2007ലും പശ്ചിമ ബംഗാളിലും പിന്നീടു കേരളത്തിലും മാത്രമാണ് രാജ്യത്ത് ഈ വൈറസ് മനുഷ്യരെ ബാധിച്ചിട്ടുള്ളത്. എന്തുകൊണ്ട് കേരളത്തിൽ മാത്രം നിപ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതിനുള്ള ഉത്തരം ആഴത്തിലുള്ള പഠനങ്ങൾ ആവശ്യപ്പെടുന്നതാണ്.

logo
Metro Vaartha
www.metrovaartha.com