ഏറ്റവും നല്ല രീതിയിൽ തെരഞ്ഞെടുപ്പിനെ നേരിടാം

ജനാധിപത്യത്തിലെ മഹത്തായ ഉത്സവം ഏറ്റവും ഭംഗിയായി നടത്താൻ നമുക്കു കഴിയണം.
Let's face the election in the best possible way

ഏറ്റവും നല്ല രീതിയിൽ തെരഞ്ഞെടുപ്പിനെ നേരിടാം

file photo

Updated on

കേരളവും തമിഴ്നാടും പുതുച്ചേരിയും പശ്ചിമബംഗാളും അസമും നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലേക്കു നീങ്ങുകയാണ്. തെരഞ്ഞെടുപ്പു കമ്മിഷൻ വോട്ടെടുപ്പു തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതീക്ഷിച്ചതുപോലെ ഒരൊറ്റ ഘട്ടമായാണു കേരളത്തിൽ പോളിങ് നടക്കുന്നത്. തമിഴ്നാട്, പുതുച്ചേരി, അസം നിയമസഭകളിലേക്കും ഒരു ഘട്ടം മാത്രമേയുള്ളൂ. അതേസമയം, പശ്ചിമ ബംഗാളിൽ രണ്ടു ഘട്ടമായി വോട്ടെടുപ്പു നടക്കുന്നു. കേരളത്തിലും അസമിലും പുതുച്ചേരിയിലും ഏപ്രിൽ ഒമ്പതിനാണു പോളിങ്.

തമിഴ്നാട്ടിൽ ഏപ്രിൽ 23ന്. ഏപ്രിൽ 23, 29 തീയതികളിലായി പശ്ചിമ ബംഗാളിൽ വോട്ടെടുപ്പാണ്. മേയ് നാലിനാണു വോട്ടെണ്ണുക. ആദ്യ ഘട്ടത്തിൽ തന്നെ വോട്ടെടുപ്പു നടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇനി വളരെ കുറച്ചു ദിവസമേയുള്ളൂ. അതുകൊണ്ടു തന്നെ രാഷ്‌ട്രീയ പാർട്ടികൾക്കു വളരെ തിരക്കേറിയ നാളുകളാണു മുന്നിലുള്ളത്. ചില കക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു കക്ഷികളും സ്ഥാനാർഥി നിർണയത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.

ഒട്ടും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാവുമെന്നാണു ആ കക്ഷികളുടെ നേതാക്കൾ അവകാശപ്പെടുന്നത്. സംസ്ഥാനത്തെ140 മണ്ഡലങ്ങളിലും രാഷ്‌ട്രീയ ആവേശം നിറഞ്ഞുനിൽക്കുകയാണ്. 2.7 കോടിയിലേറെ വോട്ടർമാരാണു കേരളത്തിലുള്ളത്. 30,471 പോളിങ് ബൂത്തുകളുണ്ട്. നിഷ്പക്ഷമായും സമാധാനപരമായും വോട്ടെടുപ്പു നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പു കമ്മിഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

കേരളത്തിൽ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാനാണു ജനവിധി തേടുന്നത്. അധികാരത്തിൽ തിരിച്ചെത്താൻ യുഡിഎഫ് പരിശ്രമിക്കുമ്പോൾ മികച്ച പ്രകടനത്തിലൂടെ ഇരു മുന്നണികളെയും മറികടക്കാനാണു ബിജെപി നേതൃത്വം നൽകുന്ന എന്‍ഡിഎയുടെ ശ്രമം. എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ ഭരണമുള്ള തമിഴ്നാട്ടിൽ അവർ ആഗ്രഹിക്കുന്നതും ഭരണത്തുടർച്ചയാണ്.

2011 മുതൽ പശ്ചിമ ബംഗാളിൽ അധികാരത്തിലുള്ള മമത ബാനർജിക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. അസമിൽ 2016 മുതൽ ബിജെപി ഭരണമാണ്. 2021 മുതൽ ഹിമാന്ത ബിശ്വ ശർമയാണു മുഖ്യമന്ത്രി. പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ സർക്കാരിന്‍റെ ഭരണമികവു ചൂണ്ടിക്കാണിച്ചാണ് എഐഎൻആർസി- ബിജെപി സഖ്യം വോട്ടുചോദിക്കുന്നത്.സ്ഥാനാർഥികൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കുമുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങൾ എല്ലായിടത്തും ഒരുക്കേണ്ടതുണ്ട്.

ചട്ടങ്ങൾ ലംഘിക്കുന്നതിനെതിരേ പക്ഷഭേദമില്ലാതെ നടപടികളെടുക്കാൻ കമ്മിഷനു കഴിയണം. ജാതിയുടെയോ മതത്തിന്‍റെയോ പേരിൽ സംഘർഷങ്ങളുണ്ടാക്കുക, പരസ്പര വിദ്വേഷം ജനിപ്പിക്കുക, സ്ഥാനാർഥികളുടെ സ്വകാര്യ ജീവിതത്തെ മോശമായി ചിത്രീകരിക്കുക, വോട്ടർമാർക്കു കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക തുടങ്ങി കമ്മിഷൻ വിലക്കു കൽപ്പിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ചു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കിറങ്ങുന്ന മുഴുവൻ ആളുകൾക്കും ബോധ്യമുണ്ടാവണം.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഏതാനും ദിവസം മുൻപ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ കലക്റ്റർമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. പോളിങ് ശതമാനം വർധിപ്പിക്കാൻ വിപുലമായ ഇടപെടലുകൾ നടത്തുന്നതിന് കലക്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തു നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന പരിശ്രമങ്ങൾ വിജയിക്കുന്നതാണു സമീപകാലത്തു കണ്ടിട്ടുള്ളത്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉയർന്ന പോളിങ് രേഖപ്പെടുത്തുന്ന ചരിത്രമാണു കേരളത്തിനുള്ളത്. നമ്മുടെ ഉറച്ച ജനാധിപത്യ വിശ്വാസത്തിന്‍റെ ഭാഗമാണത്. ഏറ്റവും മികച്ച നിലയിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളും അതിന്‍റെ ഫലമായി മികച്ച പോളിങ്ങും കാഴ്ചവയ്ക്കാൻ ഇക്കുറിയും കേരളത്തിനു കഴിയട്ടെ.

നേതാക്കളായാലും പ്രവർത്തകരായാലും ഉദ്യോഗസ്ഥരായാലും വോട്ടർമാരായാലും മഹത്തായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് തങ്ങളെന്ന ബോധ്യം എല്ലാവർക്കുമു‍ണ്ടാവുകയാണു വേണ്ടത്. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം മറ്റുള്ളവരുടെ അവകാശത്തെയും മാനിച്ചുകൊണ്ടാവണം‍ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നടക്കേണ്ടത്.

ഏതു പാർട്ടിയിലും മുന്നണിയിലും പെട്ടവരായാലും ഒരേ അവകാശങ്ങളാണു നമുക്കുള്ളത്. അത് ഒരിടത്തും അട്ടിമറിക്കപ്പെട്ടുകൂടാ. നാടിന്‍റെ പുരോഗതിയിൽ ഊന്നിയുള്ള രാഷ്‌ട്രീയ പ്രചാരണ‍ത്തിനാണ് രാഷ്‌ട്രീയ കക്ഷികൾ മുന്നോട്ടു വരേണ്ടത്. വർഗീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി രാഷ്‌ട്രീയ മുതലെടുപ്പു നടത്താനും ശ്രമങ്ങളുണ്ടാവുന്നത് ഏതു ഭാഗത്തുനിന്നായാലും നിരുത്സാഹപ്പെടുത്തേണ്ടതാണ്.

ജാതി, മത വേർതിരിവുകൾ പ്രോത്സാഹിപ്പിക്കുന്നത് അധികാരത്തിലെത്താനുള്ള എളുപ്പമാർഗമായി ആരും കാണാതിരിക്കണം. ജനാധിപത്യത്തിലെ മഹത്തായ ഉത്സവം ഏറ്റവും ഭംഗിയായി നടത്താൻ നമുക്കു കഴിയണം. കമ്മിഷന് അതിന്‍റെ ഉത്തരവാദിത്വം വീഴ്ചകളില്ലാതെ നിറവേറ്റുന്നതിന് സംസ്ഥാനത്തെ മുഴുവൻ രാഷ്‌ട്രീയ കക്ഷികളും നേതാക്കളും അവരോടു സഹകരിക്കേണ്ടതുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com