ഉദ്യോഗസ്ഥ വീഴ്ചകളോട് വിട്ടുവീഴ്ചയരുത്| മുഖപ്രസംഗം

വിവിധ സർവീസ് സംഘടനകൾ തമ്മിലുള്ള ചേരിതിരിവും തർക്കങ്ങളും മൂലം സർക്കാർ ഓഫിസുകളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുന്നുണ്ടെന്ന റിപ്പോർട്ടും ഗൗരവത്തിൽ കാണേണ്ടതു തന്നെ.
Editorial on
ഉദ്യോഗസ്ഥ വീഴ്ചകളോട് വിട്ടുവീഴ്ചയരുത്| മുഖപ്രസംഗം
Updated on

ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ സർക്കാരിനു പാളിച്ചകൾ സംഭവിച്ചാൽ അതു ജനതാത്പര്യത്തിനെതിരായി മാറുന്നത് സ്വാഭാവികമാണ്. അത്തരം ചില സംഭവങ്ങൾ ഇപ്പോൾ കേരളത്തിലുണ്ടാവുന്നുണ്ടെന്നത് സർക്കാരിനെ നിയന്ത്രിക്കുന്നവർ ഗൗരവത്തിലെടുക്കേണ്ടതാണ്. കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇതേക്കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഉയരുന്ന ആക്ഷേപങ്ങൾ മുതൽ തലസ്ഥാന നഗരത്തിലെ കുടിവെള്ള വിതരണം അഞ്ചു ദിവസം മുടങ്ങിയതു വരെ പല സംഭവങ്ങളാണ് ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിലെ ഉദ്യോഗസ്ഥർ നിലവിലുണ്ടായിരുന്ന എൻജിനീയറിങ് പ്രവേശന രീതി മാറ്റി സംവരണ രീതി അട്ടിമറിച്ചത് വലിയ വിവാദം ഉയർത്തിയതാണ്. വിവാദ പ്രവേശന പട്ടിക സർക്കാർ ഇടപെട്ട് റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. സമഗ്രശിക്ഷാ കേരളം പദ്ധതിയിൽ ഒഴിവുവന്ന ജില്ലാ അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്ക് ആറു സെക്രട്ടേറിയറ്റ് ജീവനക്കാരെ നിയമിക്കുകയും എന്‍ജിഒ യൂണിയന്‍റെ എതിർപ്പിനെത്തുടർന്ന് അവരെ തിരികെ വിളിക്കേണ്ടിവരികയും ചെയ്തത് മറ്റൊരു ഉദാഹരണമാണ്.

സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സർവീസ് നടത്തുന്നതിന് കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇ-ബസുകൾ കരാർ ലംഘിച്ച് മറ്റു ജില്ലകളിലേക്കും സർവീസ് നടത്താനെടുത്ത ഉദ്യോഗസ്ഥ തീരുമാനവും പരാതിക്ക് ഇടയാക്കിയിരിക്കുകയാണ്. നഗരത്തിനുള്ളിൽ സർവീസ് നടത്താൻ കഴിയുന്നില്ലെങ്കിൽ ഈ ബസുകൾ തിരുവനന്തപുരം കോർപ്പറേഷന് കൈമാറണമെന്നാണ് അവർ കെഎസ്ആർടിസിയോട് ആവശ്യപ്പെടുന്നത്. കെഎസ്ആർടിസി, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ കരാറിലെ പ്രധാന വ്യവസ്ഥ തന്നെ ലംഘിക്കാൻ തീരുമാനിച്ചത് ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിക്കാതെയാണ് എന്നു കരുതേണ്ടിവരും. ആരും നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഇല്ലാത്ത സാഹചര്യത്തിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ സർക്കാരിനെതിരേ ജനങ്ങളെ തിരിക്കുകയാണെന്ന പരാതി വ്യാപകമാവുന്നുണ്ട്. അതു വിലയിരുത്താനോ പരിശോധിക്കാനോ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ സർവീസ് സംഘടനകൾ തമ്മിലുള്ള ചേരിതിരിവും തർക്കങ്ങളും മൂലം സർക്കാർ ഓഫിസുകളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുന്നുണ്ടെന്ന റിപ്പോർട്ടും ഗൗരവത്തിൽ കാണേണ്ടതു തന്നെ.

ഭരണനിർവഹണത്തിലെ പാളിച്ച പരിഹരിക്കാനായില്ലെങ്കിൽ സർക്കാരിനെതിരായ ജനവികാരം ഉയർത്താൻ അതു കാരണമാവുമെന്നു സർക്കാർ തിരിച്ചറിയേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും അഞ്ചു ദിവസം കുടിവെള്ളം മുടങ്ങിയത് അഞ്ചു ലക്ഷത്തിലേറെ ആളുകളെയാണു ബാധിച്ചത്. സെക്രട്ടേറിയറ്റിൽ വരെ വെള്ളത്തിനു ബുദ്ധിമുട്ടുണ്ടായി. ഇങ്ങനെയൊരു സാഹചര്യം ഒരു കാരണവശാലും ഉണ്ടായിക്കൂടാത്തതാണ്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തേണ്ടതും ഇനി ഇത് ആവർത്തിക്കാതിരിക്കാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. തിരുവനന്തപുരം- കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് വാട്ടർ അഥോറിറ്റിയുടെ ജലവിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലികൾ മൂലമാണ് തിരുവനന്തപുരം നഗരത്തിനു ദിവസങ്ങളോളം കുടിവെള്ളം കിട്ടാതായത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന പണികൾ തീർന്നതു നാലു ദിവസം കൊണ്ട്. അഞ്ചാം ദിവസവും എല്ലായിടത്തും കൃത്യമായി വെള്ളം എത്തിയതുമില്ല. വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ പണികൾ നടത്തിയതാണു പ്രശ്നമായതെന്ന് ആരോപണം ഉയരുന്നുണ്ട്. അപ്രതീക്ഷിതമായി വാൽവിൽ ചോർച്ചയുണ്ടാവുകയും മറ്റു ചില സാങ്കേതിക പ്രശ്നങ്ങൾ ഉയർന്നുവരികയും ചെയ്തതാണ് പല ദിവസങ്ങളിലേക്കു പ‍ണികൾ നീട്ടിക്കൊണ്ടുപോയത്. കുടിവെള്ളം എപ്പോഴെത്തുമെന്ന് പറയാൻ ആർക്കും കഴിയാത്ത അവസ്ഥയുണ്ടായി. നഗരവാസികളിൽ ഭൂരിപക്ഷവും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പൈപ്പ് വെള്ളം മുടങ്ങിയാൽ നഗരജീവിതം നരകതുല്യമാവുമെന്ന് ആർക്കാണറിയാത്തത്.

കുടിവെള്ള വിതരണം നിർത്തിവച്ചുള്ള അറ്റകുറ്റപ്പണികൾക്കും പൈപ്പ് പൊട്ടുമ്പോഴുള്ള അടിയന്തര ജോലികൾക്കും പൊതുമാർഗനിർദേശം തയാറാക്കാൻ തീരുമാനമായിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ചു ചേർത്തിട്ടുണ്ട്. പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുമ്പോൾ ജനങ്ങൾക്കു കുടിവെള്ളം മുട്ടാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന് കൃത്യമായി ഉദ്യോഗസ്ഥർക്കു ബോധ്യമുണ്ടാവണം. മുന്നറിയിപ്പുകൾ നൽകുന്നതും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും പ്രധാനമാണ്. തിരുവനന്തപുരത്ത് എന്തൊക്കെ വീഴ്ചകളുണ്ടായോ അതു വിശദമായി പരിശോധിച്ച് കാരണങ്ങളും പരിഹാരവും കണ്ടെത്തിയാലേ മറ്റൊരിടത്തും അത് ആവർത്തിക്കാതിരിക്കൂ. തലസ്ഥാന നഗരിയിൽ നാൽപ്പത്തിനാലു വാർഡുകളെ ബാധിക്കുന്ന പ്രശ്നമായിട്ടും അതിനനുസരിച്ചുള്ള ഗൗരവം ഉദ്യോഗസ്ഥർ നൽകിയില്ലെന്ന ആരോപണം ഉന്നതതല യോഗം പരിശോധിക്കട്ടെ. റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പൈപ്പ് ലൈനിന്‍റെ അലൈൻമെന്‍റ് മാറ്റണമെന്ന് റെയിൽവേ മാസങ്ങൾ മുൻപു തന്നെ ജല അഥോറിറ്റിയെ അറിയിച്ചിരുന്നതാണത്രേ. ഇത്രകാലവും അതു ഗൗരവത്തിൽ എടുക്കാതിരുന്ന അഥോറിറ്റി വേണ്ടത്ര ആസൂത്രണമില്ലാതെയാണ് അവസാനം പണി നടത്താൻ ഇറങ്ങിയത് എന്ന കുറ്റപ്പെടുത്തലുകൾ പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. തലസ്ഥാന നഗരിയിൽ, ഭരണസംവിധാനങ്ങളുടെ മൂക്കിനു താഴെയാണ് ഇത്ര വലിയ പാളിച്ച സംഭവിച്ചതെന്നു കൂടി ഓർക്കേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com