ലോകവ്യാപാര സംഘടനയുടെ അനിവാര്യമായ പരിഷ്കരണം

നിഷ്പക്ഷതയും പ്രവചനക്ഷമതയും നീതിയും ഉറപ്പുനൽകുന്ന നിയമങ്ങളിലധിഷ്ഠിതമായ ചട്ടക്കൂട് മുന്നോട്ടുവച്ചുകൊണ്ട്, ലോക വ്യാപാര സംഘടന ആഗോള വാണിജ്യത്തിന്‍റ കേന്ദ്ര സ്തംഭമായി‌ നിലകൊണ്ടു.
world trade organization

ലോകവ്യാപാര സംഘടനയുടെ അനിവാര്യമായ പരിഷ്കരണം

Updated on

ആഗോള ബഹുരാഷ്‌ട്ര വ്യാപാര സംവിധാനം അതിന്‍റ വിശ്വാസ്യതയിൽ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. 21ാം നൂറ്റാണ്ടിന്‍റ തുടക്കത്തിലും നിഷ്പക്ഷതയും പ്രവചനക്ഷമതയും നീതിയും ഉറപ്പുനൽകുന്ന നിയമങ്ങളിലധിഷ്ഠിതമായ ചട്ടക്കൂട് മുന്നോട്ടുവച്ചുകൊണ്ട്, ലോക വ്യാപാര സംഘടന ആഗോള വാണിജ്യത്തിന്‍റ കേന്ദ്ര സ്തംഭമായി‌ നിലകൊണ്ടു. എന്നാൽ ഇന്ന് ആ വാഗ്ദാനം കൂടുതൽ ദുർബലമാകുന്നതായി കാണുന്നു. ലോക വ്യാപാര സംഘടനയിലെ ഈ വിശ്വാസത്തകർച്ച ഏതെങ്കിലുമൊരു പരാജയത്തിന്‍റ മാത്രം ഫലമല്ല. ഘടനാപരമായ അസന്തുലിതാവസ്ഥകളും നിയമങ്ങൾ നടപ്പിലാക്കുന്നതിലെ അസമത്വവും ആഗോള സാമ്പത്തിക ശക്തികളുടെ മാറിക്കൊണ്ടിരിക്കുന്ന സമവാക്യങ്ങളുമെല്ലാം അതിന് കാരണമായിട്ടുണ്ട്.

ആഗോള ഉത്പാദന മേഖലയിലെ അമിത കേന്ദ്രീകരണവും ചൂഷണാത്മക വ്യാപാര രീതികളുമാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാനം. ആഗോള വിതരണ ശൃംഖലകൾ കൂടുതല്‍ പരസ്പര ബന്ധിതമാകുമ്പോഴും അവയുടെ വിന്യാസം അസമമായാണ് തുടരുന്നത്. ഏതാനും ചില പ്രമുഖ സമ്പദ്‌വ്യവസ്ഥകൾ നിർണായക മേഖലകളിൽ അമിത നിയന്ത്രണം കൈയേറുന്നു. ഈ കേന്ദ്രീകരണം ചില സന്ദർഭങ്ങളിൽ വിതരണ ശൃംഖലകളെ കൂടുതൽ കാര്യക്ഷമമാക്കി. എങ്കിലും അവയെ വലിയ രീതിയിൽ ദുർബലപ്പെടുത്തുകയും ചെയ്തു. ഭൗമരാഷ്‌ട്രീയമോ സാമ്പത്തികമോ പാരിസ്ഥിതികമോ ആയ ഏത് തടസങ്ങളും ആഗോള സംവിധാനത്തെയാകെ ബാധിക്കുന്ന പ്രത്യാഘാതങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.

കാഴ്ചപ്പാടുകളിലുണ്ടായ ഈ മാറ്റം ബഹുരാഷ്‌ട്ര സഹകരണത്തിന്‍റ അടിസ്ഥാന തത്വങ്ങളെത്തന്നെ വെല്ലുവിളിക്കുന്ന തരത്തില്‍ നയപരമായ പ്രതികരണങ്ങളുടെ തരംഗത്തിന് വഴിയൊരുക്കി. രാജ്യങ്ങൾ സ്വന്തം ആഭ്യന്തര താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സംരക്ഷണവാദ നയങ്ങളിലേക്കും തീവ്ര വ്യാവസായിക നയങ്ങളിലേക്കും കയറ്റുമതി നിയന്ത്രണങ്ങളിലേക്കും നീങ്ങുന്നു. ഇത്തരം തന്ത്രങ്ങൾ ഹ്രസ്വകാല പ്രതിരോധശേഷി നൽകിയേക്കാമെങ്കിലും അവ പലപ്പോഴും ലോക വ്യാപാര സംഘടനയുടെ സഹകരണ മനോഭാവത്തെയും നിയമപരമായ ചട്ടക്കൂടിനെയും ദുർബലപ്പെടുത്തുന്നു.

പ്രധാന സമ്പദ്‌വ്യവസ്ഥകളെ അവരുടെ വാഗ്ദാനങ്ങളിൽ പ്രതിബദ്ധത പുലര്‍ത്തുന്നവരാക്കി മാറ്റാൻ സംഘടനയ്ക്ക് സാധിക്കാത്തതാണ് നിലവിലെ സാഹചര്യങ്ങൾക്ക് മുഖ്യ കാരണമെന്ന് ലോക വ്യാപാര സംഘടനയിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായമുണ്ട്. നിയമങ്ങൾ അസമമായി പ്രയോഗിക്കപ്പെടുകയോ നിയമനിര്‍വഹണ സംവിധാനങ്ങൾ പരാജയപ്പെടുകയോ ചെയ്യുമ്പോള്‍ ഈ വ്യവസ്ഥിതിയിലെ വിശ്വാസം തകരുന്നു. ലോക വ്യാപാര സംഘടന ഒരു നിഷ്പക്ഷ മധ്യസ്ഥ സംവിധാനമായി പ്രവർത്തിക്കുന്നില്ല എന്ന ധാരണ ഗ്ലോബല്‍ സൗത്തിലേതുള്‍പ്പെടെ പല രാജ്യങ്ങൾക്കിടയിലും കൂടുതൽ ദൃഢമായി മാറാന്‍ ഇത് കാരണമായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ലോക വ്യാപാര സംഘടനയുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്നത് പരിഷ്കരണ ശ്രമങ്ങളുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു. പരിഷ്കരണത്തിന്‍റ ആവശ്യകതയെക്കുറിച്ച് ലോക വ്യാപാര സംഘടനയിലെ അംഗങ്ങൾക്കിടയിൽ പൊതു യോജിപ്പുണ്ടെങ്കിലും അത് എങ്ങനെ നടപ്പാക്കണമെന്നതില്‍ കുറഞ്ഞ ധാരണ മാത്രമേയുള്ളൂ. പരിഷ്കരണ ഘടനയും ഉള്ളടക്കവും സംബന്ധിച്ച ചർച്ചകൾ കൂടുതൽ തർക്കങ്ങൾക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു.

ചില രാജ്യങ്ങൾ മാത്രം ഒപ്പുവയ്ക്കുന്ന ഭാഗിക ബഹുരാഷ്‌ട്ര കരാറുകൾ സംബന്ധിച്ച ചർച്ചകളിൽ ഈ തത്വങ്ങളുടെ പ്രായോഗികത വലിയ സമ്മർദം നേരിടുന്നുണ്ട്. ലോക വ്യാപാര സംഘടന അംഗങ്ങളിൽ, പ്രത്യേകിച്ച് ഗ്ലോബൽ നോർത്തിലെ രാജ്യങ്ങൾ മാത്രം ചർച്ച ചെയ്തുണ്ടാക്കുന്ന ഇത്തരം കരാറുകളെ സമവായാധിഷ്ഠിത നിയമനിർമാണ വെല്ലുവിളികളുടെ പ്രായോഗിക പരിഹാരമായാണ് കാണുന്നത്. വികസന നിലവാരത്തിലും ദേശീയ മുൻഗണനകളിലും വലിയ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന അംഗത്വ വ്യവസ്ഥയിൽ സങ്കീർണ വിഷയങ്ങളിൽ എല്ലാവരുടെയും ഏകകണ്ഠ തീരുമാനമുണ്ടാവുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോക വ്യാപാര സംഘടനയുടെ രൂപീകരണത്തിന് മുൻപ് 1947ലെ ഗാട്ട് വ്യവസ്ഥയിലുണ്ടായിരുന്നത് പോലെ താല്പര്യമുള്ള രാജ്യങ്ങൾക്ക് മറ്റ് രാജ്യങ്ങളുടെ പ്രതിബന്ധമില്ലാതെ പുതിയ നിയമങ്ങളുമായി മുന്നോട്ടുപോകാന്‍ ഭാഗിക ബഹുരാഷ്‌ട്ര കരാറുകള്‍ വഴിയൊരുക്കുന്നു.

ഈ വിഷയത്തിൽ സന്തുലിതാവസ്ഥയിലൂന്നി ശ്രദ്ധാപൂര്‍വം കൈക്കൊള്ളുന്നതാണ് ഇന്ത്യയുടെ നിലപാട്. നിയമ നിർമാണവുമായി മുന്നോട്ടുപോകുന്നതില്‍ ഭാഗിക ബഹുരാഷ്‌ട്ര ഉടമ്പടികളുടെ സാധ്യതകളെ അംഗീകരിക്കുമ്പോഴും ഇത്തരം സംവിധാനങ്ങൾ ബഹുരാഷ്‌ട്ര കരാര്‍ വ്യവസ്ഥയെ തകർക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നു. ഓരോ കരാറുകളെയും പ്രത്യേകമായി കാണുന്ന രീതിക്ക് പകരം ഭാഗിക ബഹുരാഷ്‌ട്ര ഉടമ്പടികളെ ലോക വ്യാപാര സംഘടനയുടെ ഘടനയിലേക്ക് സംയോജിപ്പിക്കാന്‍ സമഗ്രവും വ്യവസ്ഥാപിതവുമായ സമീപനമാണ് ഇന്ത്യ നിർദേശിക്കുന്നത്.

മുൻകാല വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സംഘടനയ്ക്ക് സംഭവിച്ച പരാജയമാണ് പരിഷ്കരണ ചർച്ചകളിലെ മറ്റൊരു പ്രധാന വശം. പല വികസ്വര രാജ്യങ്ങൾക്കിടയിലും ഇത് വലിയ അതൃപ്തിക്ക് കാരണമായി തുടരുകയാണ്. കൃഷി, വികസനം, പ്രത്യേക പരിഗണനാ വ്യവസ്ഥകൾ തുടങ്ങിയ മേഖലകളിൽ നിറവേറ്റപ്പെടാത്ത പ്രതിബദ്ധതകൾ കേവലം നിയമനിർമാണ പോരായ്മകൾ മാത്രമല്ല, ആഗോള വ്യാപാര സംവിധാനത്തിലെ ദീർഘകാല അസമത്വങ്ങൾ പരിഹരിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ബഹുരാഷ്‌ട്ര വ്യാപാര സംവിധാനത്തിന്‍റ ഭാവി നിലനിൽക്കുന്നത് പരസ്പരവിരുദ്ധ താല്പര്യങ്ങളെ ഒത്തുതീർപ്പാക്കാനും പങ്കാളിത്ത സ്ഥാപനങ്ങളിൽ വീണ്ടും വിശ്വാസം കെട്ടിപ്പടുക്കാനും അംഗങ്ങള്‍ കൈവരിക്കുന്ന ശേഷിയുടെ അടിസ്ഥാനത്തിലാണ്. വെല്ലുവിളികൾ കഠിനമാണ്. അപകടസാധ്യതകൾ വലുതുമാണ്. ലോക വ്യാപാര സംഘടന ദുർബലമാകുന്നത് ഏകപക്ഷീയതയിലും ശക്തിപ്രയോഗത്തിലുമൂന്നിയ ചർച്ചകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു വിഭജിത ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വഴിമാറിയേക്കാമെന്ന അപകടസാധ്യത ഉയര്‍ത്തുന്നു. അതേസമയം ലോക വ്യാപാര സംഘടന പരിഷ്കരിക്കപ്പടുകയും പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്യുന്നതിലൂടെ കൂടുതൽ പ്രതിരോധശേഷിയാര്‍ന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സഹകരണാത്മകവുമായ ഒരു ആഗോള സാമ്പത്തികക്രമത്തിന് അടിത്തറയിടാൻ സാധിക്കും.

നിലവിലെ പരിഷ്കരണ ചർച്ചകളിൽ ഇന്ത്യ നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ ഈ ദൗത്യത്തിന്‍റ അടിയന്തരാവസ്ഥയും സങ്കീർണതയും തിരിച്ചറിയുന്നതിന്‍റ പ്രതിഫലനമാണ്. സന്തുലിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിയെ മുൻകൂട്ടി കാണുന്നതുമായ പരിഷ്കരണങ്ങൾക്കുവേണ്ടി വാദിക്കുന്നതിലൂടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ലോകവ്യാപാര സംഘടന പ്രസക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. നിശ്ചയദാർഢ്യവും പ്രവചനക്ഷമതയും ഉള്‍ച്ചേര്‍ക്കലും തുല്യതയും ലാളിത്യവും വ്യാപാരത്തില്‍ ഉറപ്പാക്കാന്‍ ലോക വ്യാപാര സംഘടനയ്ക്ക് സാധിക്കുന്നുണ്ട്; അതായത്, നിയമാധിഷ്ഠിത വ്യാപാര ക്രമം ലോക വ്യാപാര സംഘടന ഉറപ്പാക്കുന്നു.

logo
Metro Vaartha
www.metrovaartha.com