

അതിവേഗ റെയ്‌ൽ: ബദൽ സാധ്യതകളും പരിശോധിക്കണം
എൽഡിഎഫ് സർക്കാരിന്‍റെ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതോടെ അതിവേഗ റെയ്‌ൽ യാത്രയ്ക്ക് കേരളത്തിനൊരു പദ്ധതി ഇല്ലാതായിരിക്കുകയാണ്. പല പ്രായോഗിക പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചാണു സിൽവർ ലൈൻ പദ്ധതിയെ അന്നത്തെ പ്രതിപക്ഷവും സമരരംഗത്തുണ്ടായിരുന്ന ജനങ്ങളും എതിർത്തിരുന്നത്. കേരളത്തിനു യോജിക്കാത്ത പദ്ധതിയാണ് ഇതെന്നു തുടക്കം മുതൽ പലരും ചൂണ്ടിക്കാണിച്ചിരുന്നു.
പാരിസ്ഥിതികമായി വലിയ ദോഷങ്ങളുണ്ടാക്കുമെന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടു. സാമ്പത്തികമായി വിജയകരമാവില്ല എന്ന അഭിപ്രായവും ഉയർന്നു. പദ്ധതിക്കെതിരേ കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഉയർന്ന ജനകീയ സമരങ്ങളെ പൊലീസ് നേരിട്ട രീതിയും വിമർശനമുയർത്തി. കേരളത്തിലെ പ്രതിപക്ഷം മാത്രമല്ല കേന്ദ്ര സർക്കാരും പദ്ധതിക്ക് അനുകൂലമായില്ല. കേന്ദ്രാനുമതിയില്ലാതായതോടെ പ്രതീക്ഷ നഷ്ടപ്പെട്ട പദ്ധതി അന്തിമമായി റദ്ദാക്കിയത് വി.ഡി. സതീശന്‍റെ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്.
അതോടെ ഇനിയെന്ത് എന്ന ചോദ്യവും ഉയർന്നുവന്നിട്ടുണ്ട്. അതിവേഗ യാത്രയ്ക്കുള്ള സൗകര്യം ഉണ്ടാവുക എന്നതു പുതിയ കാലത്തിന്‍റെ ആവശ്യമാണ്. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള മാർഗം തേടുന്നവരാണ് ഇന്നു നല്ലൊരു ശതമാനവും. യാത്രാമണിക്കൂറുകൾ വെട്ടിക്കുറയ്ക്കാൻ കഴിയുന്ന ഗതാഗത മാർഗത്തെക്കുറിച്ചു എല്ലായിടത്തും ആലോചനകൾ നടക്കുന്നുണ്ട്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും അതിവേഗ ട്രെയ്‌നുകൾ കാര്യക്ഷമമായി സർവീസ് നടത്തുന്നു.
മുംബൈ- അഹമ്മദാബാദ് പാതയിൽ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്‌ൻ പദ്ധതി അടുത്തവർഷം പൂർത്തിയാകാനിരിക്കുകയാണ്. ഇതിനിടെ, ഡൽഹിയിൽ നിന്നു സിലിഗുരിയിലേക്കുള്ള ബുള്ളറ്റ് ട്രെയ്‌ൻ പദ്ധതിയും കേന്ദ്ര റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലക്നൗ, വാരാണസി, പറ്റ്ന നഗരങ്ങളെ ബന്ധിപ്പിച്ച് ഡൽഹി- സിലിഗുരി യാത്രാസമയം ആറു മണിക്കൂറാക്കി ചുരുക്കുന്ന പദ്ധതി പരിഗണിക്കുന്നുവെന്നാണ് അദ്ദേഹം കോൽക്കത്തയിൽ അറിയിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായി ഈ ബുള്ളറ്റ് ട്രെയ്‌ൻ മാറും.
കേരളത്തിന് ബുള്ളറ്റ് ട്രെയ്‌ൻ ഒന്നുമില്ലെങ്കിലും കൂടുതൽ വേഗത്തിൽ സഞ്ചരിക്കാവുന്ന റെയ്ൽ പാത അനിവാര്യമാണ്. സിൽവർ ലൈനിനു പകരം മെട്രൊമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതി അതുകൊണ്ടു തന്നെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. പദ്ധതി സംബന്ധിച്ച വിവരങ്ങൾ ശ്രീധരൻ മുഖ്യമന്ത്രി വി.ഡി സതീശനെ ധരിപ്പിക്കുകയുണ്ടായി. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്ക് മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകുന്ന പദ്ധതിയാണു ശ്രീധരൻ മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 473.2 കിലോമീറ്റർ നീളത്തിൽ 23 സ്റ്റേഷനുകളോടെയാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ കണ്ണൂരിൽനിന്ന് കാസർഗോട്ടേക്കും കോഴിക്കോടുനിന്ന് കൽപ്പറ്റയിലേക്കും പട്ടാമ്പിയിൽനിന്നും തൃശൂരിൽനിന്നും പാലക്കാട്ടേക്കും പാത നീട്ടാമെന്നും റിപ്പോർട്ടിലുണ്ട്.
നിലവിൽ റെയ്ൽവേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാണ് അതിവേഗ പാത കടന്നുപോവുക എന്നും പറയുന്നു. സിൽവർ ലൈനിനെ അപേക്ഷിച്ച് സ്ഥലമേറ്റെടുക്കേണ്ടതു കുറയുമെന്നതാണു ബദൽ പദ്ധതിയുടെ മെച്ചമായി ചൂണ്ടിക്കാണിക്കുന്നത്. തൂണുകളും ഭൂഗർഭ പാതകളുമാണു പുതിയ പദ്ധതിയിൽ പരിഗണിക്കുന്നത്.
പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമി നിർമാണത്തിനു ശേഷം ഉടമകൾക്കുതന്നെ കൃഷിക്കോ കന്നുകാലി വളർത്തലിനോ നിശ്ചിത വ്യവസ്ഥകളോടെ പാട്ടത്തിനു നൽകാനാകും. സ്വന്തം സൗരോർജ പ്ലാന്‍റുകളിൽനിന്നുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹരിത റെയ്‌ൽ ഇടനാഴിയാവും ഇത് എന്നും പറയുന്നുണ്ട്. ഇതിൽ ബാക്കിവരുന്ന വൈദ്യുതി കെഎസ്ഇബിക്കു നൽകാനും ലക്ഷ്യമിടുന്നുണ്ടത്രേ.
പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത് ഏകദേശം 60,000 കോടി രൂപയാണ്. ഇതിൽ 36,000 കോടി രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 51:49 എന്ന അനുപാതത്തിൽ ഇക്വിറ്റിയായി വഹിക്കും. ബാക്കിവരുന്ന 24,000 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിക്കാനാണു നിർദേശിച്ചിരിക്കുന്നത്. പദ്ധതി സംബന്ധിച്ചു വിശദമായ പഠനത്തിനു സംസ്ഥാന സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
ഗതാഗത സെക്രട്ടറി അധ്യക്ഷനാകുന്ന ഈ സമിതിയിൽ റെയ്‌ൽ, ധനകാര്യ വിദഗ്ധർക്കൊപ്പം പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീധരന്‍റെ നിർദേശങ്ങൾ സാങ്കേതികമായും സാമ്പത്തികമായും എത്രത്തോളം പ്രായോഗികമാണെന്നു പരിശോധിച്ച് സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണു പറയുന്നത്. പദ്ധതിയുടെ ഗുണദോഷങ്ങൾ വിശദമായി പഠിച്ച് പോരായ്മകളുണ്ടെങ്കിൽ അതു നികത്തി നാടിന് അനുയോജ്യമായ വിധത്തിൽ നടപ്പാക്കുക എന്നതു സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്.