
കുഞ്ഞുങ്ങളെ കൊല്ലുന്ന കേരളമോ? | മുഖപ്രസംഗം
നാടൊന്നാകെ കേഴുകയാണ്; അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നു വയസുകാരി കല്യാണിയെ ഓർത്ത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ അമ്മയുടെ കൈപിടിച്ച് സന്തോഷത്തോടെ ആംഗൻവാടിയിൽ നിന്നു പുറത്തിറങ്ങിയ കല്യാണി അമ്മയുമൊത്തുള്ള യാത്രക്കിടെ കാണാതായി എന്നു റിപ്പോർട്ടുകൾ വന്നതു മുതൽ അവളെ തിരിച്ചുകിട്ടുന്നതിനു വേണ്ടി പ്രാർഥനകളുമായി കാത്തിരിക്കുകയായിരുന്ന മുഴുവൻ ആളുകളെയും ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ പുലർച്ചെ മൂഴിക്കുളത്ത് പുഴയിൽ നിന്നു മൃതദേഹം കണ്ടെടുത്തത്. കുട്ടിയെയും കൊണ്ട് അമ്മ മൂഴിക്കുളം പാലത്തിലെത്തിയെന്നു വ്യക്തമായ ശേഷം എട്ടു മണിക്കൂറിലേറെ നീണ്ട തെരച്ചിലിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും ഇരുട്ടും എല്ലാം അവഗണിച്ച് പാതിരാത്രി കഴിഞ്ഞും കുട്ടിക്കായി തെരച്ചിൽ നടത്തുകയായിരുന്നു പൊലീസും അഗ്നിശമന സേനയും നാട്ടുകാരും. കുഞ്ഞിനെ കാണാതായെന്ന് ആദ്യം മൊഴി നൽകിയ അമ്മ പിന്നീടാണ് കുട്ടിയെ ഉപേക്ഷിച്ചതായി അറിയിക്കുന്നതെന്നു പൊലീസ് പറയുന്നുണ്ട്. സ്വന്തം മകളെ ഒരമ്മ എന്തിനാണ് ഈ വിധത്തിൽ കൊന്നത് എന്ന ചോദ്യം ഇപ്പോഴും ഉത്തരം തേടുകയാണ്.
കാരണങ്ങൾ പലവിധത്തിലാണു പറഞ്ഞുകേൾക്കുന്നത്. അമ്മയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നു ചില ബന്ധുക്കൾ പറയുന്നുണ്ട്. അത് അടുത്ത ചില ബന്ധുക്കൾ നിഷേധിക്കുന്നുണ്ട്. നേരത്തേ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കിയതാണെന്നു പറയുന്നുണ്ട്. ഭർതൃവീട്ടിലെ പ്രശ്നങ്ങൾ അമ്മയെ അസ്വസ്ഥയാക്കിയിരുന്നുവെന്നും ആരോപണമുണ്ട്. ഈ ആരോപണം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ അപായപ്പെടുത്താൻ മുൻപും ശ്രമിച്ചതായും പറയപ്പെടുന്നുണ്ട്. വാസ്തവം എന്താണെന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ഒന്നും അറിയാത്ത ഒരു പിഞ്ചു കുഞ്ഞിന് അമ്മയുടെ കൈകളാൽ മരണം വരിക്കേണ്ടിവന്നു എന്നതാണ് കാരണം എന്തായാലും അതിന്‍റെ ഫലം. അമ്മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ അതിനു വേണ്ട ചികിത്സ ലഭിച്ചോ എന്നത് ഒരു വിഷയമാണ്.
കേരളത്തിന്‍റെ മാനസികാരോഗ്യം മോശമായി വരുന്നുവെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് സമീപകാലത്തു തുടർച്ചയായി ഉണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന അക്രമസംഭവങ്ങൾ, ദയയും കരുണയും വറ്റിയ കൊടുംക്രൂരതകൾ. സംസ്ഥാനത്ത് ഓരോ വർഷവും മാനസിക രോഗത്തിനു ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നു കണക്കുകൾ കാണിക്കുന്നുണ്ട്. കുടുംബബന്ധങ്ങളിലെ ശൈഥില്യം മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചുറ്റുപാടുമുള്ള സമ്മർദം താങ്ങാനാവാതെ ഭ്രാന്തമായ ചിന്തകളിലേക്കു പോകുന്നവരുണ്ട്. ആരോഗ്യരംഗത്ത് എത്രയൊക്കെ മുന്നിലാണു കേരളം എന്ന് നാം അവകാശപ്പെട്ടാലും മാനസികാരോഗ്യത്തിൽ ഉണ്ടായിട്ടുള്ള ഗുരുതരമായ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. ഓരോ കുടുംബങ്ങളുടെയും മാനസികാരോഗ്യമാണ് സമൂഹത്തിന്‍റെ ആരോഗ്യമായി മാറുന്നത്.
തനിക്കെന്തു സംഭവിച്ചാലും മക്കളെ നല്ല നിലയിൽ വളർത്തണമെന്ന് ആഗ്രഹിക്കുന്നവരാണു മാതാപിതാക്കൾ. അവർക്ക് അങ്ങനെയല്ല തോന്നുന്നത് എന്നു വന്നാൽ അതു ഭയാനകമായ അവസ്ഥയാണ്. മക്കൾ ജീവിച്ചിരിക്കേണ്ട എന്നൊരു ചിന്ത അവരിലുണ്ടാക്കുന്നത് ഏതൊക്കെ ഘടകങ്ങളാണെങ്കിലും അതു തിരുത്തപ്പെടുക തന്നെ വേണം. ഏതാനും ദിവസം മുൻപാണ് വാളയാറിൽ ഒരമ്മ നാലു വയസുള്ള മകനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കുട്ടിയെ 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു. കിണറ്റിലെ മോട്ടോർപൈപ്പിൽ തൂങ്ങിക്കിടന്ന കുട്ടിയെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണു രക്ഷിച്ചത്. ചെറിയ മക്കളെയും കൊണ്ട് അമ്മമാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ തുടർക്കഥയാണ്. ഒരു മാസം മുൻപാണ് കോട്ടയത്ത് അഭിഭാഷകയായ അമ്മ അഞ്ചും രണ്ടും വയസുള്ള മക്കളുമൊത്ത് മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്. പുഴയിൽ ചാടും മുൻപ് അമ്മ മക്കൾക്കൊപ്പം വീട്ടിലും ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നു പറയുന്നുണ്ട്.
കരുനാഗപ്പള്ളിയിൽ ഏഴും ഒന്നരയും വയസുള്ള മക്കളെ തീകൊളുത്തിയ ശേഷം അമ്മ സ്വന്തം ശരീരത്തിലും തീ കൊളുത്തിയതും കഴിഞ്ഞ മാസമാണ്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരും ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ മരിച്ചു. കോട്ടയം ഏറ്റുമാനൂരിൽ രണ്ടു മക്കളും അമ്മയും ട്രെയ്‌നിനു മുന്നിൽ ചാടി മരിച്ചതും ആലപ്പുഴയിൽ അമ്മയും മകളും ട്രെയ്‌നിനു മുന്നിൽ ചാടി ജീവനൊടുക്കിയതും അടുത്തകാലത്തു തന്നെയാണ്. താനും മക്കളും ഈ ലോകത്ത് ജീവിക്കേണ്ട എന്ന് അമ്മമാർ ചിന്തിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം ഒറ്റപ്പെട്ടതെന്നു കരുതി സമാധാനിക്കാനാവുന്നതല്ല. പുഴയിലും തീയിലും കയറിലും തീവണ്ടിപ്പാളങ്ങളിലും അവസാനിക്കേണ്ടതല്ല അമ്മമാരുടെയും കുട്ടികളുടെ ജീവിതം. കുട്ടികൾ വളർന്നു വലുതായി ഈ നാടിന്‍റെ അഭിമാനമാവേണ്ടതാണ്. അവരുടെ സ്വപ്നങ്ങൾ പൂത്തുലഞ്ഞ് സുഗന്ധം പരത്തേണ്ടതാണ്. ആത്മഹത്യയിലേക്കും വേണ്ടപ്പെട്ടവരുടെ ജീവനെടുക്കുന്നതിലേക്കും എത്തിച്ചേരുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് സർക്കാർ ഗൗരവമായി ആലോചിക്കണം.