

സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന
കെഎസ്ആർടിസി
MV Graphics
കെഎസ്ആർടിസിയിലെ ദീർഘദൂര സർവീസുകളിൽ ജീവനക്കാർക്കു വേണ്ടത്ര വിശ്രമം ലഭിക്കുന്നില്ല എന്ന പരാതി ഈ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായി ഉയർന്നുവന്നിട്ടുണ്ട്. കർണാടകയിലെ ബിഡദിയിൽ വച്ച് കെഎസ്ആർടിസി ഡീലക്സ് ബസ് അപകടത്തിൽ പെട്ട് ഡ്രൈവറും കണ്ടക്റ്ററും മരിച്ച ദുരന്തമുണ്ടായത് ഡ്രൈവർക്കു വേണ്ടത്ര വിശ്രമം കിട്ടാത്തതുകൊണ്ടാണ് എന്നാണു പറയുന്നത്. യാത്രക്കാരായ പലർക്കും ഈ അപകടത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ അപകടത്തിലാക്കുന്ന വിധത്തിലാണോ കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നടത്തുന്നതെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അടിയന്തരമായി പരിശോധിക്കേണ്ടതുണ്ട്. ഇതിനൊപ്പം പരിചയ സമ്പന്നരല്ലാത്ത ഡ്രൈവർമാരാണോ ഇത്തരം വണ്ടികൾ ഓടിക്കുന്നത്, പഴകിയ ബസുകളാണോ സർവീസ് നടത്തുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടക്കേണ്ടതാണ്. രാത്രികാലങ്ങളിലെ ദീർഘദൂര സർവീസുകളിൽ യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലാവുന്നതു സാധാരണമാണ്. അവരെ അപകടത്തിലേക്കു തള്ളിവിടാതെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് ഏറ്റവും മികച്ച സംവിധാനങ്ങൾ തന്നെ ഏർപ്പെടുത്തേണ്ടതാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കോഴിക്കോടു നിന്നു ബംഗളൂരുവിലേക്കു പുറപ്പെട്ട ബസാണ് ശനിയാഴ്ച രാവിലെ 6.40ന് ബിഡദിയിൽ അപകടത്തിൽ പെട്ടത്. ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിലായിരുന്നു അപകടം. മഴയുള്ള സമയത്ത് ബസ് നിയന്ത്രണം വിട്ട് റോഡിനടുത്തുള്ള സൂചനാ ബോർഡിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശികളായ കണ്ടക്റ്റർ എന്‍.എം. അരുൺ, ഡ്രൈവർ മിഥിലേഷ് എന്നിവരാണു മരിച്ചത്. വേണ്ടത്ര ഉറക്കം കിട്ടാത്ത ജോലി മൂലം ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മൈസൂരു സർവീസ് കഴിഞ്ഞ് മിഥിലേഷ് കോഴിക്കോട് ഡിപ്പോയിൽ തിരിച്ചെത്തിയതു വെള്ളിയാഴ്ച പുലർച്ചെയാണത്രേ. അന്നു രാത്രി തന്നെ ബംഗളൂരു സർവീസിനും കയറേണ്ടിവന്നു. രണ്ടു ഡ്യൂട്ടികൾക്കിടെ 15 മണിക്കൂർ സമയം ഡ്രൈവർക്കു നൽകിയെന്നും ഡ്യൂട്ടി ക്രമീകരണത്തിൽ വീഴ്ചയില്ലെന്നും കെഎസ്ആർടിസി അധികൃതർ വിശദീകരിക്കുന്നുണ്ട്. എന്നാൽ, തുടർച്ചയായി രണ്ടു രാത്രി വിശ്രമമില്ലാതെ ഏറെ മണിക്കൂറുകൾ വണ്ടിയോടിക്കേണ്ടിവരുന്നത് സുരക്ഷിതത്വം ഉറപ്പു നൽകുന്നുണ്ടോയെന്നു ബന്ധപ്പെട്ട എല്ലാവരും ആലോചിക്കേണ്ടതാണ്.
ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്റ്റർമാരായ സ്ഥിരം ജീവനക്കാരെ മാത്രമേ ജോലിക്കു നിയോഗിക്കാവൂ എന്ന ഉത്തരവുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ ഉത്തരവു ലംഘിക്കപ്പെട്ടിട്ടുണ്ട്. മിഥിലേഷ് താത്കാലിക ജീവനക്കാരനായിരുന്നു. ഡ്രൈവർ കം കണ്ടക്റ്റർ നിബന്ധനയും ഈ ബസിൽ പാലിക്കപ്പെട്ടില്ല. സൂപ്പർ ഫാസ്റ്റിനു മുകളിലുള്ള സർവീസുകളിൽ അനുഭവ പരിചയമുള്ള മുതിർന്ന ഡ്രൈവർമാർ വേണമെന്നു സർക്കുലറുള്ളതാണ്. അതും ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല. ഡ്രൈവറും കണ്ടക്റ്ററും ഡ്രൈവിങ് അറിയുന്നവരാവുമ്പോൾ ഒരാൾ തന്നെ നിരവധി മണിക്കൂറുകൾ വണ്ടിയോടിക്കേണ്ടിവരില്ല. ഇരുവരും മാറി മാറി ഓടിക്കുകയാണു ചെയ്യേണ്ടത്. അപ്പോൾ അപകടസാധ്യത കുറയും. ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതുകൊണ്ടാണ് ഡ്രൈവർ കം കണ്ടക്റ്റർ നിബന്ധന നടപ്പാക്കാൻ കഴിയാത്തതെന്നു പറയുന്നുണ്ട്. ഡ്രൈവർ, കണ്ടക്റ്റർ തസ്തികകളിലായി നിരവധി ഒഴിവുകൾ നികത്താതെ കിടപ്പുണ്ടത്രേ. കെഎസ്ആർടിസി വലിയ സാമ്പത്തിക ബാധ്യതയാണു സർക്കാരിനു വരുത്തിവയ്ക്കുന്നത് എന്നതു യാഥാർഥ്യമാണ്. എന്നുവച്ച് ആവശ്യത്തിനു ജീവനക്കാരില്ലാതെ സർവീസുകൾ നടത്തിക്കൊണ്ടുപോകുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തെയാണു ബാധിക്കുക. ഡ്രൈവർ കം കണ്ടക്റ്റർ തസ്തികകളിൽ ആവശ്യമുള്ളത്ര ജീവനക്കാരെ എത്രയും വേഗം നിയമിക്കുകയാണു വേണ്ടത്.
താത്കാലിക ജീവനക്കാർക്കു വിശ്രമത്തിനു വേണ്ട സമയം അനുവദിക്കാതെ ഡ്യൂട്ടിയും ഓവർ ടൈമും നൽകിക്കൊണ്ടു നടത്തുന്ന അഭ്യാസം പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഒരു ഡബിൾ ഡ്യൂട്ടിക്ക് അടുത്ത ദിവസം ഓഫ് നൽകണം എന്ന ചട്ടം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ്. ദീർഘദൂര സർവീസുകളുടെ ഡ്യൂട്ടി ക്രമീകരണങ്ങളിലെ പ്രശ്നവും ജീവനക്കാരുടെ ജോലി സമയവും വിശ്രമവുമെല്ലാം സർക്കാർ പരിശോധിക്കട്ടെ. അതുപോലെ തന്നെയാണു ബസുകളുടെ കാലപ്പഴക്കം. ബിഡദിയിൽ അപകടത്തിൽ പെട്ട ബസിന് 11 വർഷത്തിലേറെ പഴക്കമുണ്ടത്രേ. അന്തർ സംസ്ഥാന റൂട്ടുകളിലോടുന്ന കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബസുകൾക്ക് മുൻപ് അഞ്ചു വർഷമായിരുന്നു കാലവധി. അതു പിന്നീട് ഏഴും പത്തും വർഷമായി ഉയർത്തുകയുണ്ടായി. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു പഴകിയ ബസുകൾ ഇത്തരത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. സംസ്ഥാനത്തിനകത്ത് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലും അധികവും പഴഞ്ചൻ ബസുകൾ തന്നെയാണ്. പതിനഞ്ചും അതിൽ കൂടുതലും വർഷം പഴക്കമുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ട്. ബഹുഭൂരിഭാഗവും പത്തു വർഷം കഴിഞ്ഞവയാണ്. പഴകിയ ബസുകൾ കേടുവന്നു യാത്രക്കാർ വഴിയിൽ കുടുങ്ങുന്നതു പലപ്പോഴും സംഭവിക്കുന്നതാണ്. ബസ് ക്ഷാമം പരിഹരിക്കാൻ 1900 പുതിയ ബസുകൾ അടിയന്തരമായി വാങ്ങേണ്ടതുണ്ടെന്ന് കെഎസ്ആർടിസി സിഎംഡി സർക്കാരിനു കത്തയച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് 1400 കോടി രൂപയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടത്രേ. പഴകിയ ബസുകൾ ഉയർത്തുന്ന സുരക്ഷാ ആശങ്കയ്ക്കു പരിഹാരം കാണുന്നതിനു സർക്കാർ നടപടി വൈകിക്കൂടാ.