ഇനിയില്ല, സലിം കുമാർ ടച്ച്

മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച സലിം കുമാർ മികച്ച അഭിനേതാക്കളുടെ നിരയിൽ എത്തിയത് സംസ്ഥാന, ദേശീയ പുരസ്കാരങ്ങളുടെ കൂടി തിളക്കത്തിലാണ്.
editorial about salim kumar

സലിം കുമാർ

Updated on

മലയാള സിനിമയ്ക്ക് അതുല്യനായ ഒരു നടനെക്കൂടി നഷ്ടമായിരിക്കുന്നു. അമ്പത്താറു വയസു മാത്രം പ്രായമുണ്ടായിരുന്ന സലിം കുമാറിന്‍റെ ദേഹവിയോഗം സിനിമാപ്രേമികളെയൊന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ അനശ്വരമായ നിരവധി കഥാപാത്രങ്ങൾ സ്മരണകളിൽ നിറയുന്നു. മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച സലിം കുമാർ മികച്ച അഭിനേതാക്കളുടെ നിരയിൽ എത്തിയത് സംസ്ഥാന, ദേശീയ പുരസ്കാരങ്ങളുടെ കൂടി തിളക്കത്തിലാണ്. രാജ്യത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം മലയാള സിനിമയ്ക്കു നേടിത്തന്ന അഭിനേതാക്കളിൽ ഒരാൾ എന്ന ബഹുമതി ഒരിക്കലും വിസ്മരിക്കപ്പെടുന്നതല്ല.

മൂന്നു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിൽ ഹാസ്യത്തിന്‍റെ മണവാളനായി ജനലക്ഷങ്ങളുടെ മനസിൽ കുടിയേറിയ സലിം കുമാർ ഗൗരവമുള്ള കഥാപാത്രങ്ങളുടെ മികവുകൊണ്ടും സകലരെയും അതിശയിപ്പിക്കുന്നതാണു കണ്ടത്. തന്‍റെ അഭിനയ പാടവം കൊണ്ട് ചലച്ചിത്ര പ്രേമികളെ പൊട്ടിച്ചിരിപ്പിക്കാനും പൊട്ടിക്കരയിപ്പിക്കാനും ഒരുപോലെ കഴിഞ്ഞ നടനാണ് അദ്ദേഹം. ചിരിക്കൊപ്പം ചിന്തകൾ കൂടി ഉയർത്തിയ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ മനസിൽ നിന്നു മായാതെ നിൽക്കുന്നവരാകും ഏറെ പേരും. അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലി ആരെയും ആകർഷിക്കുന്നതായിരുന്നു. സംവിധാനം ചെയ്ത മൂന്നു സിനിമകൾ- കംപാർട്ട്മെന്‍റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം- എന്നിവയും ഈ അവസരത്തിൽ ഓർമിക്കേണ്ടതായിട്ടുണ്ട്. ഏതു നിലയ്ക്കു നോക്കിയാലും മലയാള സിനിമയിൽ തന്‍റേതായൊരു സ്ഥാനം അദ്ദേഹത്തിനുണ്ടെന്നു നിസംശയം പറ‍യാം.

കോളെജ് വിദ്യാഭ്യാസ കാലത്ത് മഹാത്മാഗാന്ധി സർവകലാശാലാ കലോത്സവത്തില്‍ മൂന്നു വട്ടം മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള സലിം കുമാർ മിമിക്രിയിലൂടെ തന്നെയാണു കലാരംഗത്തു നിലയുറപ്പിക്കുന്നത്. കൊച്ചിൻ കലാഭവന്‍റെയും സാഗറിന്‍റെയും വേദികളിൽ സജീവമായ അദ്ദേഹം പിന്നീടു സിനിമയിലേക്കും എത്തുകയായിരുന്നു. ""ഇഷ്ടമാണ് നൂറുവട്ടം'' എന്ന സിനിമയിൽ തുടക്കം. 2000ൽ റിലീസായ തെങ്കാശിപ്പട്ടണത്തിലൂടെ തിരക്കേറിയ നടനായി മാറി. കല്യാണരാമൻ, സിഐഡി മൂസ, തിളക്കം, മീശ മാധവൻ, പുലിവാൽ കല്യാണം, മായാവി, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിലെ അവിസ്മരണീയമായ നിരവധി വേഷങ്ങൾ സലിം കുമാറിനെ അടയാളപ്പെടുത്തി. 2005ൽ "അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 2010ൽ ആണ് "ആദാമിന്‍റെ മകൻ അബു' എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിക്കുന്നത്. 2013ൽ "അയാളും ഞാനും തമ്മിൽ' എന്ന ചിത്രത്തിനു മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്കാരവും നേടി. 2013ൽ മികച്ച നടനുള്ള ടെലിവിഷന്‍ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 2016ൽ കറുത്ത ജൂതൻ എന്ന സിനിമയിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്.

സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനും അതു തുറന്നുപറയാനും അദ്ദേഹം തയാറായിരുന്നു. രാഷ്‌ട്രീയ നിലപാടുകളുടെ കാര്യത്തിലും അതു ബാധകമാണ്. ഉറച്ച കോൺഗ്രസുകാരനായിരുന്ന അദ്ദേഹം നർമത്തിൽ പൊതിഞ്ഞ സാമൂഹിക വിമർശനങ്ങൾ ഉയർത്തുന്നതിലൂടെയും ജനശ്രദ്ധ നേടി. തെരഞ്ഞെടുപ്പു സമയങ്ങളിൽ കോൺഗ്രസ്-യുഡിഎഫ് വേദികളിലെത്തി പാർട്ടിക്കും മുന്നണിക്കും വേണ്ടി സംസാരിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം പറവൂരിൽ നൽകിയ സ്വീകരണ പരിപാടിയിലാണു സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. സിനിമാ നടനായതു കൊണ്ട് നിലപാടുകൾ വെട്ടിത്തുറന്നു പറയുന്നതു നല്ലതല്ല എന്നൊരു ചിന്തയേ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. തികഞ്ഞ പൗരബോധം അദ്ദേഹം പാലിച്ചിരുന്നു. നാട്യങ്ങളില്ലാത്ത മനുഷ്യനായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഉയർച്ചകൾക്കു മാത്രമല്ല താഴ്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് സലിം കുമാർ. അപ്പോഴെല്ലാം കഠിനാധ്വാനത്തിലൂടെ വിജയത്തിലേക്കു തിരിച്ചെത്താനും മലയാള സിനിമയുടെ അഭിമാനമായി വളരാനും അദ്ദേഹത്തിനു കഴിഞ്ഞു. ‌

മീശ മാധവനിലെ അഡ്വ. മുകുന്ദനുണ്ണി, കല്യാണരാമനിലെ പ്യാരി, തിളക്കത്തിലെ ഓമനക്കുട്ടൻ, ഈ പറക്കും തളികയിലെ കോശി, പുലിവാൽ കല്യാണത്തിലെ മണവാളൻ, മായാവിയിലെ കണ്ണൻ സ്രാങ്ക്, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഉസ്മാൻ, പെരുമഴക്കാലത്തിലെ ആമു എളേപ്പ, അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവൽ, ആദാമിന്‍റെ മകൻ അബുവിലെ അബു തുടങ്ങി എത്രയെത്ര കഥാപാത്രങ്ങളാണ് ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത്. സലിം കുമാറിന്‍റേതായ എത്രയെത്ര ഡയലോഗുകളാണു പലരും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ദീപ്തമായ ഓർമകൾക്കു മുന്നിൽ മെട്രൊ വാർത്തയുടെ പ്രണാമം.

logo
Metro Vaartha
www.metrovaartha.com