

റോഡുകൾ കൊലക്കളങ്ങളാവരുത്
കൊച്ചി നെടുമ്പാശേരിയിലെ എയർപോർട്ട് റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപം ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയുണ്ടായ അതിദാരുണമായ വാഹനാപകടം രണ്ടു യുവതികളുടെയും ഒരു യുവാവിന്‍റെയും ജീവനാണു കവർന്നത്. 21, 22 വയസു മാത്രം പ്രായമുള്ള ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ അമിത വേഗത്തിൽ പാഞ്ഞുവന്ന ആഡംബര കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഈ കാർ ഓടിച്ചിരുന്നതു കേവലം 19 വയസു മാത്രം പ്രായമുള്ള വിദ്യാർഥിയാണ്. ഇയാൾ വാഹനമോടിച്ചിരുന്നത് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. 120 കിലോമീറ്റർ വേഗത്തിലാണു താൻ വാഹനമോടിച്ചതെന്നു പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. അപകടമുണ്ടാക്കുന്നതിനു മുൻപ് ഇയാൾ കൊച്ചിയിലെ മൂന്നു ബാറുകളിൽ കയറി മദ്യപിച്ചതായും പൊലീസ് വെളിപ്പെടുത്തുന്നു. ഇയാളും ഒപ്പമുണ്ടായിരുന്ന 19കാരൻ സുഹൃത്തും ജയിൽ ചട്ടമനുസരിച്ച് റിമാൻഡിൽ കാക്കനാട് ദുർഗുണ പരിഹാര പാഠശാലയിലാണിപ്പോഴുള്ളത്. സ്വയം ജോലി ചെയ്തു പണം കണ്ടെത്തി പഠനം നടത്തിവന്നിരുന്നവരാണ് അപകടത്തിൽ മരിച്ചവർ.
റോഡിലെ നിയമലംഘനങ്ങൾ എത്രയോ ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. എന്നിട്ടും അതൊന്നും തനിക്കു പ്രശ്നമല്ല എന്ന മട്ടിൽ തോന്നും പോലെ വാഹനം ഓടിക്കുന്നവർ മറ്റുള്ളവരുടെ ജീവനാണു ഭീഷണി ഉയർത്തുന്നത്. കേവലം 19 വയസു മാത്രം പ്രായമുള്ള പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരേയും നടപടി സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസാണ്. അതൊന്നും നോക്കാതെ ബാറുകൾ ആർക്കും മദ്യം നൽകും എന്നതാണോ ഇപ്പോഴത്തെ അവസ്ഥ. മൂന്നു ബാറുകളിൽ നിന്നും മദ്യപിക്കുന്ന ദൃശ്യങ്ങൾ പ്രതി സ്വന്തം ഫോണിൽ ചിത്രീകരിച്ചിരുന്നതായാണു പറയപ്പെടുന്നത്. ഈ ദൃശ്യങ്ങൾ നാടിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണ്. പുതിയ തലമുറയെ വഴിതെറ്റിക്കുന്നതിന് എത്ര എളുപ്പത്തിലാണു ലഹരിവസ്തുക്കൾ ലഭ്യമാവുന്നത്. പത്തനംതിട്ടയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരനെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയ സംഭവമുണ്ടായത് അടുത്തിടെയാണ്. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടവരിൽ തന്നെ നിയമലംഘകരുണ്ട് എന്നാണല്ലോ ഇതിനർഥം. റോഡ് നിയമങ്ങൾ കർശനമായി പാലിക്കണം എന്നതു പലകുറി ആവർത്തിക്കാറുണ്ടെങ്കിലും അതിലൊന്നും പലർക്കും ഒരു ശ്രദ്ധയുമില്ല എന്നതാണു വാസ്തവം.
അമിത വേഗം കൊണ്ട് നിരവധി അപകടങ്ങളാണു സംസ്ഥാനത്തു സംഭവിക്കുന്നത്. അമിതമായ ആത്മവിശ്വാസമാണ് പലപ്പോഴും അമിത വേഗത്തിനു കാരണമാവുക. അതിരുകടന്ന ആത്മവിശ്വാസം ജനിപ്പിക്കുന്നതിൽ ലഹരി വസ്തുക്കൾക്കും പങ്കുണ്ട്. അതുകൊണ്ടു തന്നെ ലഹരി ഉപയോഗിച്ച് റോഡിലിറങ്ങുന്നതിനെതിരേ കർശനമായ നടപടികളാണ് ആവശ്യമുള്ളത്. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിക്കുന്ന കേസുകളിൽ ശിക്ഷ കടുപ്പിക്കുന്നതു സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുന്ന രീതിയിൽ നിയമത്തിൽ മാറ്റം വരുത്തുമെന്നാണു പറയുന്നത്. അമിത വേഗത്തിനും അശ്രദ്ധമായി വാഹനമോടിക്കുന്നതിനുമുള്ള ശിക്ഷ കടുപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റോഡിലെ നിയമലംഘനങ്ങൾ കർശനമായി തടയാൻ "കേരള റോഡ് സുരക്ഷാ മിഷൻ' തുടങ്ങുകയാണത്രേ. നല്ല കാര്യമാണത്. മോട്ടോർ വാഹന വകുപ്പും ട്രാഫിക് പൊലീസും സഹകരിച്ചു പ്രവർത്തിക്കുന്നത് മെച്ചപ്പെട്ട ഫലമുണ്ടാക്കും.
അതിനൊപ്പം റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടതാണ് എന്നു കൂടി ഉറപ്പാക്കേണ്ടതുണ്ട്. ആവശ്യമുള്ള സുരക്ഷാ ക്രമീകരണങ്ങൾ റോഡുകളിൽ ഉണ്ടായിരിക്കണം. സമീപകാലത്ത് സംസ്ഥാന പാതകളിലും ദേശീയ പാതകളിലുമൊക്കെ അപകടങ്ങൾ വർധിച്ചുവരുകയാണ്. തൃശൂർ, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയപാതകളിലെ അപകടങ്ങൾ കുറയ്ക്കാൻ സംസ്ഥാന സർക്കാർ ചില അടിയന്തര നടപടികൾ പ്രഖ്യാപിച്ചിരുന്നു. ജില്ലാ അടിസ്ഥാനത്തിൽ കലക്റ്ററുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ നിർദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണു വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഓരോ ജില്ലയിലെയും ദേശീയപാതാ നിർമാണവും സുരക്ഷയും ഈ കമ്മിറ്റി വിലയിരുത്തി സർക്കാരിനു റിപ്പോർട്ട് നൽകുമെന്നായിരുന്നു അറിയിപ്പ്. എൻഎച്ച്എഐ അധികൃതർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ജില്ലാ കലക്റ്റർമാർ എന്നിവരുടെ അടിയന്തര യോഗം മന്ത്രി വിളിച്ചു ചേർക്കുകയും യോഗത്തിൽ അപകടങ്ങളുടെ കാരണങ്ങൾ വിലയിരുത്തുകയും ഉടൻ നടപ്പാക്കേണ്ട സുരക്ഷാ നടപടികൾ തീരുമാനിക്കുകയും ചെയ്തിരുന്നു. എൻഎച്ച് 66 ഉൾപ്പെടെയുള്ള ദേശീയപാതകളിൽ നിർമാണത്തിലിരിക്കുന്നതും പണി പൂർത്തിയായതുമായ സ്ഥലങ്ങളിൽ വാണിങ് സൈനേജ്, ബാരിയർ, ലൈറ്റിങ്, റിഫ്ലക്റ്റർ എന്നിവ ഉടൻ സ്ഥാപിക്കുമെന്ന് മന്ത്രി പറയുകയുണ്ടായി. റോഡിന്‍റെ വശങ്ങളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതു തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും ബ്ലാക്ക് സ്‌പോട്ടുകളിൽ ഹ്രസ്വകാല സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും രാത്രിയിൽ പ്രത്യേക സ്പീഡ് ചെക്കുകളും പരിശോധനകളും നടത്തുമെന്നും പ്രഖ്യാപനമുണ്ടായി. അതൊക്കെ എത്രത്തോളം യാഥാർഥ്യമായിട്ടുണ്ടെന്നു ബന്ധപ്പെട്ടവർ തന്നെ പരിശോധിക്കട്ടെ.