

പുതിയ മുഖ്യമന്ത്രിക്ക് എല്ലാവിധ ഭാവുകങ്ങളും
പത്തു ദിവസം നീണ്ട രാഷ്‌ട്രീയ നീക്കങ്ങൾക്കും നടപടിക്രമങ്ങൾക്കും അതിനിടയിൽ നിറഞ്ഞുനിന്ന സസ്പെൻസുകൾക്കും ഒടുവിൽ കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുകയും ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും വൻ വിജയത്തിലേക്കു നയിക്കുകയും ചെയ്ത വി.ഡി. സതീശൻ തന്നെ അടുത്ത മുഖ്യമന്ത്രിയാവുന്നു. എംഎൽഎമാരിൽ ബഹുഭൂരിപക്ഷത്തിന്‍റെയും പിന്തുണയുണ്ടായിരുന്നു സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് എന്നാണു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. കെപിസിസി ഭാരവാഹികളിൽ നല്ലൊരു പങ്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നും കേട്ടിരുന്നു. ആ നിലയ്ക്ക് വേണുഗോപാൽ മുഖ്യമന്ത്രിയാവും എന്ന പ്രതീക്ഷയും അദ്ദേഹത്തിന്‍റെ അനുയായികൾ പുലർത്തിയിരുന്നതാണ്. കേരളത്തിൽ പാർട്ടിയുടെ വിജയത്തിനു മുഖ്യ പങ്കുവഹിച്ച നേതാവ് എന്ന വാദം വേണുഗോപാലിന്‍റെ അനുയായികൾ ഉന്നയിച്ചിരുന്നു.
സീനിയറായ തനിക്ക് അവസരം കിട്ടണം എന്ന നിലപാടിലായിരുന്നു മുൻ പ്രതിപക്ഷ നേതാവു കൂടിയായ രമേശ് ചെന്നിത്തല. സുദീർഘമായ രാഷ്‌ട്രീയ പ്രവർത്തന ചരിത്രമുള്ള തന്‍റെ സീനിയോറിറ്റിയും അച്ചടക്കവും അവഗണിക്കില്ലെന്ന് അദ്ദേഹവും അനുയായികളും വിശ്വസിച്ചു. ഘടകകക്ഷികൾ സതീശനു വേണ്ടി ഉറച്ച നിലപാടു സ്വീകരിക്കുകയുണ്ടായി. അതും പൊതുജനവികാരം അനുകൂലമായതും സതീശനു തുണയായി. പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ സ്വീകരിച്ച നിലപാടുകൾക്കുള്ള പിന്തുണയാണു മുന്നണിക്കു ജനങ്ങൾ നൽകിയതെന്ന് അദ്ദേഹത്തെ അനുകൂലിച്ചവർ ചൂണ്ടിക്കാണിച്ചു. ഡൽഹിയിൽ ചർച്ചകൾ എങ്ങുമെത്താതെ നീളുമ്പോൾ കേരളത്തിൽ സതീശനു വേണ്ടി നടന്ന പ്രകടനങ്ങൾ അസാധാരണ സാഹചര്യമാണു സൃഷ്ടിച്ചത്. നേതാക്കൾക്കു വേണ്ടിയുള്ള ഫ്ലക്സ് യുദ്ധവും ഹൈക്കമാൻഡ് ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. സതീശൻ തന്നെ മുഖ്യമന്ത്രിയാവണമെന്ന നിലപാടിൽ മുസ്‌ലിം ലീഗ് അവസാന നിമിഷം വരെ ഉറച്ചുനിന്നു എന്നാണ് അറിയുന്നത്. പട നയിച്ചവൻ നാടു ഭരിക്കും എന്നായിരുന്നു സതീശൻ അനുകൂലികളുടെ മുദ്രാവാക്യം. അതിനു കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ പച്ചക്കൊടി ലഭിച്ചിരിക്കുന്നു.
ടീം യുഡിഎഫ് എന്ന നിലയിൽ മുന്നണിയെ കോർത്തിണക്കി അഞ്ചുവർഷക്കാലവും ഭംഗിയായി നയിക്കാൻ സതീശനു സാധിച്ചു എന്നതിൽ തർക്കമില്ല. 2021ലെ തെരഞ്ഞെടുപ്പിൽ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടർ ഭരണം നേടിയപ്പോൾ തീർത്തും ദുർബലമായ അവസ്ഥയിലായി കോൺഗ്രസും യുഡിഎഫും. 99 സീറ്റിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 41 മണ്ഡലങ്ങളാണ് യുഡിഎഫിനു കിട്ടിയത്. അതിൽ തന്നെ കോൺഗ്രസിന് 21 എംഎൽഎമാർ മാത്രമായിരുന്നു. പിന്നീട് ആത്മവിശ്വാസം വളർത്തിയെടുക്കാനും ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം നേടാനും പാർട്ടിയെയും മുന്നണിയെയും പ്രാപ്തമാക്കിയതിൽ പ്രധാന പങ്കുണ്ട് സതീശന്. ഗംഭീര വിജയത്തോടെ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിച്ചില്ലെങ്കിൽ രാഷ്‌ട്രീയ വനവാസത്തിനു പോകുമെന്ന അദ്ദേഹത്തിന്‍റെ ആവർത്തിച്ചുള്ള പ്രഖ്യാപനം ഉറച്ച മനസുള്ള നേതാവിന്‍റെ ലക്ഷ്യബോധം തെളിയിക്കുന്നതായിരുന്നു. സതീശന്‍റെ തെരഞ്ഞെടുപ്പു ഫല പ്രവചനങ്ങളെല്ലാം ശരിയാവുന്നതാണ് ഈ അഞ്ചു വർഷക്കാലത്തിനിടെ കേരളം കണ്ടത്. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്നും അദ്ദേഹം പറഞ്ഞപ്പോൾ നെറ്റിചുളിച്ചവരാണ് ഏറെയും. പക്ഷേ, കേരള ജനത ആ വാക്കുകൾക്കൊപ്പമാണു നിലയുറപ്പിച്ചത്.
സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ ശക്തമായ പോരാട്ടം തന്നെ അദ്ദേഹം കാഴ്ചവച്ചു. അദ്ദേഹത്തിന്‍റെ ഉറച്ച നിലപാടുകൾ ജനപിന്തുണ നേടുന്നതായി. യുഡിഎഫ് കേരളത്തെ പുനർ നിർമിക്കുമെന്നു വാഗ്ദാനം ചെയ്തു നടത്തിയ പുതുയുഗ യാത്രയിൽ ജനങ്ങളെ ഒപ്പം ചേർക്കാനും തന്‍റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിൽ കോൺഗ്രസിനെയും യുഡിഎഫിനെയും ഇനിയും ഒന്നിച്ചു കൊണ്ടുപോകുക എന്ന ഭാരിച്ച ദൗത്യമാണു സതീശനു മുന്നിലുള്ളത്. രമേശ് ചെന്നിത്തലയും വേണുഗോപാലും അടക്കം ധാരാളം സീനിയർ നേതാക്കൾ കോൺഗ്രസിലുണ്ട്. മുഖ്യമന്ത്രിയാകാനും മന്ത്രിയാകാനും എല്ലാം അർഹതയുള്ളവർ. എല്ലാവരെയും കേൾക്കാനും അംഗീകരിക്കാനും കഴിയേണ്ടതുണ്ട്. കോൺഗ്രസിന്‍റെ മന്ത്രിമാരെ നിർണയിക്കുന്നതുപോലും എളുപ്പമായിരിക്കണമെന്നില്ല. "ടീം യുഡിഎഫ് ' ഇനിയും ഒരു വിള്ളലുമില്ലാതെ മുന്നോട്ടുപോകുമോ എന്നാണു കേരളം മുഴുവൻ ഉറ്റുനോക്കുന്നത്. ""ഒരാൾക്കു മാത്രമായി ഒന്നും ചെയ്യാനാവില്ല, എല്ലാവരും ഒന്നിച്ചു നിൽക്കണം'' എന്നാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സതീശൻ പ്രതികരിച്ചത്. പൊതുപ്രവർത്തനത്തിന്‍റെയും രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെയും നിർവചനം മാറ്റിയെഴുതുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാൻ സതീശനു കഴിയട്ടെ. പുതിയ മുഖ്യമന്ത്രിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.