
സാമ്പത്തിക വളർച്ചയെ സഹായിക്കാൻ ആർബിഐ
ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) അതിന്‍റെ ഹ്രസ്വകാല വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചിരിക്കുന്നു. ഇക്കുറി റിപ്പോ നിരക്കിൽ അര ശതമാനം കുറവാണ് കേന്ദ്ര ബാങ്ക് വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് 5.5 ശതമാനമായി കുറയുന്നു. ഈ വർഷം തുടർച്ചയായി മൂന്നാം തവണയാണ് ആർബിഐയുടെ ധനനയ സമിതി യോഗം പലിശ നിരക്കു കുറയ്ക്കുന്നത് എന്നതാണു പ്രത്യേകം പറയേണ്ടത്. അതായത് രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള നയസമീപനത്തിന് കേന്ദ്ര ബാങ്ക് തയാറാവുന്നു.
വികസിത രാജ്യമാവുകയെന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വളർച്ചാ നിരക്ക് ഇടിയാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കൊപ്പം പ്രാധാന്യമുള്ളതാണ് റിസർവ് ബാങ്കിന്‍റെ നയങ്ങളും. നാണയപ്പെരുപ്പം നിയന്ത്രിച്ചു നിർത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. റിപ്പോ നിരക്ക് അതിനുള്ള ആയുധമായി കേന്ദ്ര ബാങ്കുകൾ ഉപയോഗിക്കുന്നതും പതിവാണ്. നാണയപ്പെരുപ്പം ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷം 3.7 ശതമാനം നാണയപ്പെരുപ്പമാണു പ്രതീക്ഷിക്കുന്നത്. നേരത്തേ കരുതിയിരുന്ന നാലു ശതമാനത്തിലും കുറവാണിത്. ആദ്യ ക്വാർട്ടറിൽ 2.9 ശതമാനം, രണ്ടാം ക്വാർട്ടറിൽ 3.4 ശതമാനം, മൂന്നാം ക്വാർട്ടറിൽ 3.5 ശതമാനം, അവസാന ക്വാർട്ടറിൽ 4.4 ശതമാനം എന്നിങ്ങനെയാണു കണക്കുകൂട്ടൽ. ഉപഭോക്തൃ വില സൂചികയനുസരിച്ചുള്ള ഏപ്രിൽ മാസത്തെ നാണയപ്പെരുപ്പം 2.92 ശതമാനം എന്നാണു കണക്കാക്കിയിരിക്കുന്നത്. മാർച്ചിലെ 3.25 ശതമാനത്തിലും കുറവാണിത്.
പ്രതീക്ഷിച്ചതിലും കുറഞ്ഞ നാണയപ്പെരുപ്പ നിരക്ക് പലിശ നിരക്കു കുറയ്ക്കാൻ കേന്ദ്ര ബാങ്കിന് അവസരം ഒരുക്കിയെന്നു പറയാം. കൊവിഡ് പ്രതിസന്ധി കാലത്ത് 2020 മാർച്ചിൽ വായ്പാപലിശ ഒറ്റയടിക്ക് മുക്കാൽ ശതമാനം വെട്ടിക്കുറച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പലിശയിടിവാണ് ഇപ്പോഴുണ്ടാവുന്നത്. അതു മാത്രമല്ല കരുതൽ ധന അനുപാതവും (സിആർആർ) കുറച്ചിട്ടുണ്ട്; നാലു ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായി. വാണിജ്യ ബാങ്കുകൾ കരുതൽ ധനമായി സൂക്ഷിക്കേണ്ട വിഹിതം ഒരു ശതമാനം കുറയുമ്പോൾ അവയ്ക്ക് അത്രയും കൂടുതൽ വായ്പകൾ നൽകാൻ കഴിയുന്നു. അതു സാമ്പത്തിക വ്യവസ്ഥയിൽ പണവിതരണം വർധിപ്പിക്കുകയാണു ചെയ്യുക. വിപണിയിൽ കൂടുതൽ പണമെത്തുന്നത് സാമ്പത്തിക വളർച്ചയ്ക്കു സഹായമായി മാറും. ഫണ്ട് ക്ഷാമം വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നത് ഒഴിവാക്കാം. റിപ്പോ നിരക്കിൽ കാൽ ശതമാനവും സിആർആറിൽ അര ശതമാനവും പരമാവധി ഇടിവു പ്രതീക്ഷിച്ചിടത്താണ് അതിലും വലിയ ആശ്വാസം കേന്ദ്ര ബാങ്ക് വായ്പയെടുക്കുന്നവർക്കു നൽകുന്നത്.
വളർച്ച ത്വരിതപ്പെടുത്താൻ തനിക്കു ചെയ്യാവുന്നതു ചെയ്തിട്ടുണ്ട്, ഇനി സർക്കാരും കോർപ്പറേറ്റുകളും ബാങ്കിങ് മേഖലയുമൊക്കെയാണ് അവരുടെ പങ്ക് നിർവഹിക്കേണ്ടത് എന്ന സന്ദേശമാണ് തുടർച്ചയായി പലിശ ഇടിവ് അനുവദിച്ചതിലൂടെ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര നൽകുന്നത്. കഴിഞ്ഞ ഡിസംബറിലാണ് മൽഹോത്ര കേന്ദ്ര ബാങ്ക് ഗവർണറായി ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ആദ്യ ധനനയ സമിതി യോഗം ഫെബ്രുവരിയിലായിരുന്നു. അതിൽ റിപ്പോ നിരക്ക് കാൽ ശതമാനം കുറയ്ക്കുകയുണ്ടായി. പിന്നീട് ഏപ്രിലിലും കാൽ ശതമാനം കുറച്ചു. ഇപ്പോഴത്തെ അര ശതമാനം കൂടിയാവുമ്പോൾ ഈ വർഷം ഇതുവരെ കുറഞ്ഞത് ഒരു ശതമാനം വായ്പാ പലിശയാണ്. 2020 മേയ് മാസത്തിനു ശേഷം ആദ്യമായി റിപ്പോ നിരക്ക് കുറയ്ക്കുന്നത് സഞ്ജയ് മൽഹോത്ര ഗവർണറായ ശേഷമാണ് എന്നതും എടുത്തുപറയണം. കൊവിഡ് കാലത്തിനു ശേഷം പലിശ വർധനയുടെ കാലമായിരുന്നു. അതു ക്രമമായി വർധിച്ച് 6.5 ശതമാനം വരെയെത്തി. 2023 ഫെബ്രുവരി മുതൽ ഈ നിരക്കിൽ തുടർന്നു. രണ്ടു വർഷം യാതൊരു മാറ്റവുമില്ലാതെ തുടർന്ന നിരക്കാണ് തുടർച്ചയായി മൂന്നു തവണ കുറച്ചിരിക്കുന്നത്.
പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ ഇനിയും റിപ്പോ നിരക്ക് കുറച്ചേക്കാമെന്നു കരുതുന്നവരുണ്ട്. കേന്ദ്ര ബാങ്കിന്‍റെ ഹ്രസ്വകാല വായ്പാ പലിശ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആശ്വസിക്കുന്നത് ഭവന, വാഹന, വ്യക്തിഗത വായ്പകൾ എടുത്തിട്ടുള്ളവരാണ്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിന്നു ലഭിക്കുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശയുടെ നിരക്കാണു റിപ്പോ നിരക്ക്. റിപ്പോ കുറയുമ്പോൾ വാണിജ്യ ബാങ്കുകൾ അവരുടെ വായ്പകൾക്കും പലിശ കുറയ്ക്കും. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്കാവും അതിന്‍റെ നേട്ടം. ഫണ്ടുകൾക്ക് പലിശ കുറയുന്നത് വ്യവസായ മേഖലയെയും അതുവഴി സാമ്പത്തിക വ്യവസ്ഥയെ മൊത്തത്തിലും ആവേശത്തിലാക്കും. അതേസമയം, നിക്ഷേപങ്ങളുടെ പലിശയും കുറയുമെന്നത് ഇതിന്‍റെ മറുവശമാണ്. ബാങ്ക് പലിശയെ ആശ്രയിച്ചു ജീവിക്കുന്നവർക്കാണ് അതിന്‍റെ ക്ഷീണം അനുഭവിക്കേണ്ടിവരുക. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറയുമ്പോൾ ഓഹരി വിപണിയിലേക്കും മ്യൂച്വൽ ഫണ്ടുകളിലേക്കും കൂടുതൽ പണമെത്തും എന്നൊരു പ്രതീക്ഷ ആ മേഖലകളിലെ വിദഗ്ധർക്കുണ്ട്. എന്തായാലും വ്യവസായ മേഖലയിൽ മൊത്തത്തിൽ ഉണർവുണ്ടാക്കാൻ കേന്ദ്ര ബാങ്കിന്‍റെ നയം ഉപകരിക്കുമെന്നു പ്രതീക്ഷിക്കുക.