

വന്ദേ ഭാരത് ട്രെയ്ൻ കേരളത്തിലും ഓടാൻ തുടങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വേഗമേറിയതും തദ്ദേശീയമായി നിർമിച്ചതുമായ അത്യാധുനിക ട്രെയ്നാണ് ഇന്ത്യൻ റെയ്ൽവേയുടെ അഭിമാനമായ വന്ദേഭാരത്. അതിവേഗ യാത്രയ്ക്ക് കേരളത്തിന് എത്രയും വേഗം ഈ ട്രെയ്ൻ അനുവദിക്കണമെന്ന യാത്രക്കാരുടെ ആഗ്രഹം റെയ്ൽവേ മന്ത്രാലയം അംഗീകരിച്ചു പ്രാവർത്തികമാക്കുകയാണ്. വൈകാതെ ഈ ട്രെയ്ൻ കേരളത്തിലെത്തുമെന്ന് ഫെബ്രുവരിയിൽ മെട്രൊ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ സർവീസിനായി ട്രാക്കുകൾ ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണെന്നും അന്നു ഞങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം കേരളം സന്ദർശിക്കുമ്പോൾ സംസ്ഥാനത്തെ വന്ദേഭാരത് സർവീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ഇപ്പോൾ അറിയുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂർ വരെയാണു സർവീസ് നടത്തുകയെങ്കിലും വൈകാതെ അതു മംഗലാപുരത്തേക്കു ദീർഘിപ്പിച്ചേക്കാം.
ആദ്യം ഒരു വന്ദേഭാരത് ട്രെയ്നാണ് കേരളത്തിൽ സർവീസിനുണ്ടാവുക എന്നാണു കേൾക്കുന്നത്. കേരളീയരുടെ അതിവേഗ യാത്രയ്ക്ക് ഇങ്ങനെ ഒരു ട്രെയ്ൻ പോരാ. കൂടുതൽ അതിവേഗ ട്രെയ്നുകൾ നമുക്ക് ആവശ്യമാണ്. അതിലേക്കുള്ള തുടക്കം എന്ന നിലയിൽ സന്തോഷത്തോടെയാണ് മലയാളികൾ ഈ വന്ദേഭാരതിനെ സ്വീകരിക്കുക. ഇന്നലെ ട്രെയ്ൻ കേരളത്തിലെത്തിയപ്പോൾ തന്നെ അതൊരാവേശമായിട്ടുണ്ട്. കേരളത്തിന് കേന്ദ്ര സർക്കാരിന്റെ വിഷുക്കൈ നീട്ടം എന്നൊക്കെയാണു പലരും വിശേഷിപ്പിക്കുന്നത്. അതെന്തായാലും വിഷുത്തലേന്നാണ് അപ്രതീക്ഷിതമായി ട്രെയ്ൻ കേരള അതിർത്തി കടന്നുവന്നത്. കേരളത്തിനു വന്ദേഭാരത് സർവീസ് അനുവദിക്കാൻ കാണിച്ച താത്പര്യം തുടർന്നും റെയ്ൽവേയിൽ നിന്ന് ഉണ്ടാവുമെന്നു പ്രതീക്ഷിക്കുക.
മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ വന്ദേഭാരതിനു കഴിയുമെങ്കിലും നമ്മുടെ ട്രാക്കുകൾ അതിനു യോജിച്ചതല്ല. കുറഞ്ഞ വേഗമെന്നു പറയുന്ന മണിക്കൂറിൽ 130 കിലോമീറ്റർ പോലും ഇവിടെ പറ്റില്ല. കേരളത്തിൽ തത്കാലം പരമാവധി വേഗം 90-110 കിലോമീറ്ററാവുമെന്നാണു കരുതുന്നത്. കൂടുതൽ വേഗത്തിലുള്ള യാത്ര നമുക്കു സാധ്യമാവണമെങ്കിൽ ട്രാക്കുകളിൽ ഇനിയും ജോലികൾ ബാക്കിയുണ്ട്. അതിൽ യാതൊരു അലംഭാവവും കാണിക്കരുത്. എത്രയും വേഗം വന്ദേഭാരത് കൂടുതൽ വേഗത്തിൽ കുതിച്ചുപായുന്നതു കാണാൻ കഴിയണം.
യാത്രാ സൗകര്യങ്ങളിലെ കുറവുകൾ കേരളം നേരിടുന്ന പ്രധാന പ്രശ്നം തന്നെയാണ്. വന്ദേഭാരത് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ 620 കിലോമീറ്റർ പിന്നിടാൻ പന്ത്രണ്ടും പതിമൂന്നും മണിക്കൂർ എടുക്കേണ്ടി വരുന്ന അവസ്ഥയാണു കേരളത്തിലുള്ളത്. ഇതുമൂലം ജനങ്ങൾ കഷ്ടപ്പെടുകയും സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ പലതും തടസപ്പെടുകയും ചെയ്യുന്നുണ്ട്. ഈ അവസ്ഥ മാറിക്കിട്ടാൻ റെയ്ൽ വികസനം അനിവാര്യമാണ്. അതിന് സംസ്ഥാന സർക്കാരിന്റെ കൂടി സഹകരണത്തോടെ കേന്ദ്ര സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണം. അതിവേഗ ട്രെയ്നുകൾ ഓടിക്കാൻ പാളം പുനഃക്രമീകരിക്കുന്ന പ്രവർത്തനങ്ങളുടെ സർവേ പൂർത്തിയായിട്ടുണ്ടെന്ന് റെയ്ൽവേ അധികൃതർ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.
വേഗം കൊണ്ടു മാത്രമല്ല അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും രാജ്യത്തു തരംഗമായി മാറിയതാണ് വന്ദേഭാരത് എക്സ്പ്രസുകൾ. 2019 ഫെബ്രുവരിയിൽ ഡൽഹി- വാരണാസി റൂട്ടിൽ ആദ്യമായി സർവീസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസുകൾ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാളങ്ങളിൽ കയറിക്കഴിഞ്ഞു. ഇനിയും നിരവധി റൂട്ടുകളിൽ സർവീസിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. ഈ അതിവേഗ ട്രെയ്നുകൾക്കൊപ്പം നഗരങ്ങൾക്കു പുതിയ മെട്രൊ ട്രെയ്ൻ പദ്ധതിയും റെയ്ൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രൊ ട്രെയ്നുകൾ ഡിസംബറോടെ ആരംഭിക്കുമെന്നാണു പറയുന്നത്. അതിവേഗം സർവീസ് നടത്താൻ കഴിയുന്ന തരത്തിലാവും ഇവയുടെ രൂപകൽപ്പനയും. യാത്രക്കാർക്കു കുറഞ്ഞ നിരക്കിലുള്ള യാത്രയും ഈ ട്രെയ്നുകളിൽ നടത്താനാവുമെന്നാണു പറയുന്നത്. ഇതടക്കം ആധുനിക സൗകര്യങ്ങളെല്ലാം കാലതാമസമില്ലാതെ കേരളത്തിനും ലഭ്യമാവട്ടെ.