സ്വയം നിയന്ത്രിക്കണം, വൈദ്യുതി ഉപയോഗം | മുഖപ്രസംഗം

സ്വയം നിയന്ത്രിക്കണം, വൈദ്യുതി ഉപയോഗം | മുഖപ്രസംഗം
Updated on

കൊടും ചൂടിൽ ചുട്ടുപൊള്ളുകയാണു കേരളം. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസും കടന്നു. കൊല്ലത്ത് 40 ഡിഗ്രി വരെ ഉയർന്നിട്ടുണ്ട്. മുപ്പത്തെട്ടും മുപ്പത്തൊമ്പതും ഒക്കെ ഡിഗ്രി ചൂടാണ് പല ജില്ലകളിലും അനുഭവപ്പെടുന്നത്. 2019നു ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഔദ്യോഗികമായി 41 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തുന്നത്. പാലക്കാട് ജില്ലയിൽ തുടർച്ചയായി എല്ലാ ദിവസവും 40 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തുകയാണ്. മറ്റു ജില്ലകളിലും ചൂട് കുറയാനുള്ള സാധ്യതയല്ല കാണുന്നത്. വേനൽ ഏറ്റവും രൂക്ഷമായ അവസ്ഥയിൽ തുടരുമ്പോൾ വൈദ്യുതി ഉപയോഗവും സർവകാല റെക്കോഡുകൾ കുറിക്കുകയാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി ഒരു ദിവസം 11 കോടി യൂണിറ്റ് കടന്നിരിക്കുന്നു. പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിനു മുകളിലായിട്ട് കുറച്ചുനാളായി. പീക്ക് മണിക്കൂറുകളിലെ ഉപയോഗവും റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5,500 മെഗാവാട്ടിന് അടുത്താണ്.

ഒരു വശത്ത് ഡാമുകൾ വറ്റിവരളുന്നു. മറുഭാഗത്ത് വൈദ്യുതിയുടെ ഉപയോഗം കുതിച്ചുയരുന്നു. വൈദ്യുതി ബോർഡിന് ഇതു സൃഷ്ടിക്കുന്നതു വലിയ പ്രതിസന്ധിയാണ്. ഉയർന്ന വില നൽകിയാണു പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നത്. കേന്ദ്ര പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി യൂണിറ്റിന് എട്ടു രൂപയിൽ കൂടുതൽ നൽകിയാണു കേരളം വാങ്ങുന്നത്. ഇതിനു പ്രതിദിനം 16 മുതൽ 20 വരെ കോടി രൂപ ചെലവാകുന്നുണ്ട്. ഉപയോഗിക്കുന്നതിൽ ബഹുഭൂരിഭാഗം വൈദ്യുതിയും പുറത്തുനിന്നു വാങ്ങേണ്ടിവരുന്ന സ്ഥിതിവിശേഷം ഏൽപ്പിക്കുന്ന സാമ്പത്തിക ബാധ്യത അന്തിമമായി ഉപയോക്താക്കളിൽ തന്നെ വന്നുചേരുമെന്ന് ഉറപ്പാണ്. അതല്ലാതെ അധിക ഭാരം താങ്ങാനുള്ള ആരോഗ്യസ്ഥിതിയൊന്നും കെഎസ്ഇബിക്ക് ഇല്ലല്ലോ. ഷോക്കടിപ്പിക്കുന്ന സർച്ചാർജുകൾ പിന്നാലെ വരാനിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി മാത്രമല്ല സാങ്കേതിക പ്രശ്നങ്ങളും ഉയർന്ന ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാവാം. പീക്ക് സമയത്തെ ഉപയോഗത്തിൽ വൻ വർധന വരുന്നതോടെ വൈദ്യുതി വിതരണ ശൃംഖലയിലും അമിത സമ്മർദമാവും. സ്വന്തം വൈദ്യുതി ബില്ല് കുറയ്ക്കാനും സംസ്ഥാനത്തിന്‍റെ മൊത്തം വൈദ്യുതി താത്പര്യങ്ങൾ സംരക്ഷിക്കാനും പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഓരോരുത്തരും നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. സ്ഥിതിഗതികൾ വഷളാവാതിരിക്കാൻ ഉപയോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിക്കുന്നുമുണ്ട്. നമ്മുടെ വൈദ്യുതി ഉപയോഗത്തിൽ കുതിച്ചുചാട്ടമുണ്ടാക്കിയ രണ്ടു പ്രധാന ഘടകങ്ങളുണ്ട്. ഒന്ന് എസിയുടെ ഉപയോഗം വ്യാപകമായി എന്നതാണ്. മറ്റൊന്ന് വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു എന്നത്. പകൽ ഓട്ടത്തിലുള്ള വൈദ്യുതി വാഹനങ്ങൾ രാത്രിയോടെ ചാർജ് ചെയ്യുമ്പോൾ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കൂടുന്നു. വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് അർധ രാത്രിക്കു ശേഷമോ പകലോ ആക്കുന്നത് ഉചിതമാകുമെന്ന് കെഎസ്ഇബി അഭ്യർഥിക്കുന്നത് ഇതുകൊണ്ടാണ്. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണമെന്ന അഭ്യർഥനയും ഗൗരവത്തിൽ കാണേണ്ടതാണ്.

വൈകിട്ട് ആറു മുതൽ 12 വരെയുള്ള സമയത്ത് അത്യാവശ്യമില്ലാത്ത വൈദ്യുതോപകര‍ണങ്ങൾ ഓഫ് ചെയ്യേണ്ടതുണ്ട്. മാറ്റിവയ്ക്കാവുന്നതെല്ലാം പകൽ സമയത്തേക്കു മാറ്റുകയാണു വേണ്ടത്. സാമൂഹിക അവബോധത്തോടെയുള്ള ഇടപെടൽ എല്ലാ ഭാഗത്തുനിന്നും ഉണ്ടായാൽ വലിയൊരളവു വരെ വൈദ്യുതിസമ്മർദം നമുക്ക് അതിജീവിക്കാനാവും. ഈ വേനൽ അങ്ങനെ കടന്നുകിട്ടുമെങ്കിലും വൈദ്യുതി പ്രതിസന്ധിക്കു ശാശ്വതമായ പരിഹാരം അതല്ല എന്നു കൂടി പറയേണ്ടതുണ്ട്. വരും വർഷങ്ങളിലും വൈദ്യുതി ഉപയോഗം കുതിച്ചുയരാൻ തന്നെയാണു സാധ്യത. എസിയും വൈദ്യുതി വാഹനങ്ങളുമൊക്കെ കൂടുതലായി ഉപയോഗത്തിൽ വരുമെന്ന് ഉറപ്പാണ്. പുരോഗതിയുടെ ഓരോ ചുവടിലും അധിക വൈദ്യുതി ആവശ്യമായി വരും. വർധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് താങ്ങാവുന്ന വിലയ്ക്കുള്ള വൈദ്യുതി ലഭ്യതയും ഉറപ്പാക്കുക സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഇതിലുണ്ടാവുന്ന വീഴ്ച നാടിന്‍റെ പുരോഗതിയെയും ബാധിക്കും. വൈദ്യുതി ബോർഡിന്‍റെ കെടുകാര്യസ്ഥതയും എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. കോടിക്കണക്കിനു രൂപയുടെ നഷ്ടക്കണക്കുകളും പറഞ്ഞ് ജനങ്ങളെ പിഴിഞ്ഞുകൊണ്ടിരിക്കുക എന്നതല്ലാതെ സ്വന്തം കാര്യത്തിൽ ഇരുട്ടിൽ നിന്നു പുറത്തുകടക്കാനുള്ള ഒരു വഴിയും കെഎസ്ഇബി കാണുന്നില്ല.

logo
Metro Vaartha
www.metrovaartha.com