സിനിമയ്ക്കപ്പുറം അനുഭവങ്ങൾ ഒരുക്കുന്ന ഗോവ ചലച്ചിത്ര മേള

ഗോവ പനജിയിലെ 57ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഇത്രയും ദിവസത്തെ അനുഭവം വെള്ളിത്തിരയ്ക്കും അപ്പുറത്തേക്ക് വ്യാപിക്കുകയാണ്
 Goa Film Festival

ഗോവ ചലച്ചിത്ര മേള

Updated on: 

ഗോവ പനജിയിലെ 57ാമത് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഇത്രയും ദിവസത്തെ അനുഭവം വെള്ളിത്തിരയ്ക്കും അപ്പുറത്തേക്ക് വ്യാപിക്കുകയാണ്. സർഗാത്മക സ്ഥാപനങ്ങൾ, സാംസ്കാരിക സംരംഭങ്ങൾ, പ്രാദേശിക രുചികൾ, തദ്ദേശീയ ഉത്പന്നങ്ങൾ, മേളയുടെ സ്മരണികാ ഉത്പന്നങ്ങള്‍, ഭിന്നശേഷി സൗഹൃദ സംരംഭങ്ങൾ എന്നിവയുടെ സജീവ സംഗമ വേദിയായി മേള നഗരി മാറി. ഇവയെല്ലാം ചേർന്ന് പ്രതിനിധികൾക്കും ചലച്ചിത്രകാരന്മാർക്കും വിദ്യാർഥികൾക്കും സന്ദർശകർക്കും ഇന്ത്യയുടെ സമ്പന്ന സർഗാത്മക- സാംസ്കാരിക ഭൂമികയെ അടുത്തറിയാനും സംവദിക്കാനും അവസരമൊരുക്കുന്നു.

ചലനശേഷി കുറഞ്ഞ വ്യക്തികളുടെ അന്തസും അവര്‍ക്കാവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കാനായി പ്രവർത്തിക്കുന്ന "സ്വയം' എന്ന സംഘടനയുടെ ബോധവത്കരണ സംരംഭമാണ് ചലച്ചിത്ര മേളാ നഗരിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. രണ്ടാം തവണയാണ് "സ്വയം' മേളയുടെ ഭാഗമാകുന്നത്. ഭിന്നശേഷി സൗഹൃദ പൊതു ഇടങ്ങളുടെ ആവശ്യകതയിലേക്കും സാംസ്കാരിക- സാമൂഹ്യ പ്രവർത്തനങ്ങളിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തത്തിലേക്കും ഈ സംഘടന ശ്രദ്ധ ക്ഷണിക്കുന്നു. മേളയുടെ വേദികളിലുടനീളം ഒരുക്കിയ ഭിന്നശേഷി സൗഹൃദ ക്രമീകരണങ്ങൾക്ക് പിന്തുണയേകുന്ന ഈ സംരംഭം സാംസ്കാരിക അനുഭവങ്ങൾ എല്ലാവർക്കും പ്രാപ്യവും സുഗമവുമാക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു.

സർഗാത്മക സാങ്കേതികവിദ്യ, സിനിമ, ദൃശ്യ- ശ്രാവ്യ കലകൾ, ഡിസൈൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ സംരംഭങ്ങൾ അവതരിപ്പിക്കാനും സന്ദർശകരുമായി സംവദിക്കാനുമുള്ള വേദിയായി മേളാ നഗരി നിലകൊള്ളുന്നു. ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ദേശീയ മികവുകേന്ദ്രമായ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, ആനിമേഷൻ കഥാപാത്രങ്ങളെ നിർമിക്കുന്ന മത്സരത്തിലൂടെ സന്ദർശകരെ സജീവമായി പങ്കാളികളാക്കുന്നു. ഇവരുടെ സ്മരണികാ ഉത്പന്ന പ്രദർശനം സർഗാത്മക സാങ്കേതിക മേഖലയിലെ സാധ്യതകളും വളർന്നുവരുന്ന അവസരങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്തുന്നു.

കേന്ദ്ര പബ്ലിക്കേഷൻസ് ഡിവിഷൻ ഡയറക്റ്ററേറ്റ് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ശേഖരത്തോടൊപ്പം പ്രശസ്ത ഗാന്ധിയൻ പുസ്തക പരമ്പരയും പ്രദർശിപ്പിക്കുന്നു. തെരഞ്ഞെടുത്ത പുസ്തകങ്ങൾക്ക് നൽകുന്ന പ്രത്യേക കിഴിവുകൾ സന്ദർശകരെ ആകർഷിക്കുകയും സാഹിത്യ സൃഷ്ടികൾ അടുത്തറിയാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെന്നൈയിലെ എസ്എ ഫിലിം അക്കാദമി, ഹരിയാന റോഹ്ത്തക്കിലെ ദാദാ ലക്ഷ്മി ചന്ദ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സ്, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവയുടെ പങ്കാളിത്തം ഇന്ത്യയുടെ വളർന്നുവരുന്ന മാധ്യമ– വിനോദ-സർഗാത്മക വ്യവസായങ്ങൾക്ക് സംഭാവന നൽകുന്ന അക്കാദമിക- പ്രൊഫഷണൽ മേഖലകളുടെ വ്യാപ്തി വ്യക്തമാക്കുന്നു.

പരമ്പരാഗത നാഗാ വിഭവങ്ങളും ബിരിയാണിയും മുതൽ ദോശ, കാപ്പി, ബേക്കറി ഉത്പന്നങ്ങൾ വരെ പ്രാദേശികവും ജനപ്രിയവുമായ വൈവിധ്യമാർന്ന ഭക്ഷണ ശാലകൾ നഗരിയുടെ അനുഭവത്തിന് പുതിയ മാനം നൽകുന്നു. ഗോവയുടെ തനത് സ്പർശം നൽകി ഗോവ വനം വികസന കോർപ്പറേഷൻ പ്രാദേശികമായി സംഭരിച്ച കശുവണ്ടിയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തിന്‍റെ തദ്ദേശീയ ഉത്പന്നങ്ങളെ മേളയില്‍ ഉയർത്തിക്കാട്ടുന്നു. മേളയുടെ സ്മരണികാ ഉപഹാരങ്ങളും സർഗാത്മക ഉത്പന്നങ്ങളും സന്ദർശകർക്കായി മെർച്ചൻഡൈസ് സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വസ്ത്രങ്ങളും മറ്റ് അനുബന്ധ ഉത്പന്നങ്ങളും പ്രദർശിപ്പിക്കുമ്പോൾ, എന്‍റർടൈൻമെന്‍റ് സൊസൈറ്റി ഓഫ് ഗോവയും സ്വന്തം മെർച്ചൻഡൈസ് ശേഖരം മേളയില്‍ അവതരിപ്പിക്കുന്നു.

ചലച്ചിത്ര മേളയുടെ അനുഭവം ഡിജിറ്റൽ, പ്രക്ഷേപണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ച് പ്രൈം വീഡിയോ, സ്റ്റോറി ടിവി ആപ്പ്, ബിഗ് എഫ്എം എന്നിവരും വിവിധ സ്റ്റാളുകളിലൂടെ മേളയിൽ പങ്കെടുക്കുന്നു. മാറുന്ന മാധ്യമ- വിനോദ മേഖലയിലെ വിവിധ ഘടനകളുമായും സംവിധാനങ്ങളുമായും ഇടപഴകാൻ ഇവരുടെ സാന്നിധ്യം സന്ദർശകർക്ക് അവസരമൊരുക്കുന്നു.

മേളയിലെ പങ്കാളിത്തത്തിന് സൗകര്യമൊരുക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെയും എന്‍റർടൈൻമെന്‍റ് സൊസൈറ്റി ഓഫ് ഗോവയെയും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനെയും സ്റ്റാൾ നടത്തിപ്പുകാർ പ്രശംസിച്ചു എന്നതു ശ്രദ്ധേയമാണ്. സർഗാത്മക സ്ഥാപനങ്ങൾ, പ്രാദേശിക രുചികൾ, തദ്ദേശീയ ഉത്പന്നങ്ങൾ, വിനോദ സംവിധാനങ്ങള്‍, ഭിന്നശേഷി സൗഹൃദ സംരംഭങ്ങൾ എന്നിവയുടെ സംഗമത്തിലൂടെ ഇന്ത്യയുടെ സാംസ്കാരികവും സർഗാത്മകവുമായ ഭൂമികയുടെ വിവിധ തലങ്ങൾ കണ്ടെത്താനും സംവദിക്കാനും ഇടപഴകാനും സന്ദര്‍ശകര്‍ക്ക് ഇടമൊരുക്കുകയാണ് ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളാ നഗരി.