മിൽമ നെയ്യ് തട്ടിപ്പ്: മുഴുവൻ സത്യവും പുറത്തുവരട്ടെ

ശബരിമലയിലേക്കു മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണിപ്പോൾ
Sabarimala ghee corruption

ശബരിമല സന്നിധാനം.

File photo

Updated on

കോടിക്കണക്കിനു വരുന്ന അയ്യപ്പഭക്തരെ മുഴുവൻ വഞ്ചിച്ചുകൊണ്ടുള്ള ശബരിമലയിലെ സ്വർണപ്പാളി തട്ടിപ്പു സംബന്ധിച്ചു പുറത്തുവന്ന ഓരോ റിപ്പോർട്ടുകളും നാടിനെ ഞെട്ടിക്കുന്നതായിരുന്നു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസിന്‍റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മൂന്നു മുൻ പ്രസിഡന്‍റുമാർ അടക്കം ബോർഡുമായി ബന്ധപ്പെട്ട പലരും ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ സ്വർണക്കൊള്ളയാണു ശബരിമലയിൽ നടന്നത് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനു പിന്നിൽ വലിയ തോതിലുള്ള ഗൂഢാലോചനയുണ്ടായിരുന്നു എന്നും ആരോപണമുണ്ട്. എന്തായാലും ഈ കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെയാണു ശബരിമലയിൽ നടന്ന മറ്റൊരു വലിയ തട്ടിപ്പിന്‍റെ വിവരങ്ങൾ കൂടി പുറത്തുവരുന്നത്. ശബരിമലയിലേക്കു മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണിപ്പോൾ.

എസ്പി എം.ജെ. സോജന്‍ തലവനായ അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി സി.എസ്. ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി കൈമാറിയ പട്ടികയില്‍ നിന്നാണു ഹൈക്കോടതി സംഘത്തലവനെ തീരുമാനിച്ചിരിക്കുന്നത്. വിജിലന്‍സ് ഇന്‍സ്പെക്റ്റര്‍മാരായ എ.എസ്. സജി ശങ്കര്‍, എസ്. ശ്രീജിത്ത്, ടി.ആര്‍. കിരണ്‍, ആര്‍.എസ്. രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. ഇവരുടെ അന്വേഷണം പുരോഗമിക്കുമ്പോൾ തട്ടിപ്പു സംബന്ധിച്ച ആരോപണങ്ങളിൽ എന്തുമാത്രം വാസ്തവമുണ്ട് എന്നു വ്യക്തമാവും. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ മുൻ ദേവസ്വം ബോർഡിലെ ചിലർ നെയ്യ് തട്ടിപ്പ് ആരോപണത്തിലും ഉൾപ്പെടുന്നുണ്ട് എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. ക്രമക്കേടു സംബന്ധിച്ച ആരോപണം പ്രഥമദൃഷ്ട്യാ അതീവ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞ മണ്ഡലകാലത്ത് മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയനിൽ നിന്ന് 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ടാണു ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു സ്ഥാപനം ലിറ്ററിന് 369 രൂപയ്ക്ക് നെയ്യ് നൽകാമെന്നു ടെൻഡർ നൽകിയിരുന്നുവത്രേ. അതിന്‍റെ ഗുണനിലവാര പരിശോധനയും നടത്തുകയുണ്ടായി. അതിനു ശേഷമാണു കൂടുതൽ മികച്ചത് മിൽമയുടെ നെയ്യാണെന്ന് എക്സിക്യൂട്ടിവ് ഓഫിസർ ദേവസ്വം ബോർഡിനു കത്ത് നൽകിയത്. അതിന്‍റെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ റദ്ദാക്കി ലിറ്ററിന് 510 രൂപയ്ക്ക് മിൽമയുടെ നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഒരു യൂണിറ്റ് അരവണയ്ക്ക് 10 ലിറ്റർ നെയ്യ് വേണ്ട സ്ഥാനത്ത് മിൽമ നെയ്യ് ഏഴു ലിറ്റർ മതിയാകുമെന്നായിരുന്നു എക്സിക്യൂട്ടിവ് ഓഫിസറുടെ നിലപാട്. ഉയർന്ന തുക നൽകണം എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ച് മിൽമയിൽ നിന്നു നെയ്യ് വാങ്ങുന്നതിനെ ദേവസ്വം കമ്മിഷണർ എതിർത്തെങ്കിലും ബോർഡ് മിൽമയെ അനുകൂലിക്കുകയായിരുന്നു. ഇങ്ങനെ ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ ഇടപാടിൽ മിൽമ തിരുവനന്തപുരം യൂണിയൻ നടപടിക്രമങ്ങൾ അട്ടിമറിച്ചു എന്നും പറയുന്നുണ്ട്. മിൽമ എംഡി പോലും അറിയാതെയായിരുന്നു വിൽപ്പനയുടെ കാര്യം തീരുമാനിച്ചതത്രേ.

ഉയർന്ന വില നൽകി മിൽമയിൽ നിന്നു നെയ്യ് വാങ്ങി എന്നതു മാത്രമല്ല വിഷയം. ഈ നെയ്യ് വഴിമധ്യേ മറിച്ചു വിറ്റ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ഗുണനിലവാരം കുറവ് എന്നതിനൊപ്പം മായം ചേർക്കലും സംശയിക്കുന്നുണ്ട്. ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം ഇതു സംബന്ധിച്ചു നൽകിയ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന പല കാര്യങ്ങളുമുണ്ടത്രേ. മിൽമയിൽ നിന്ന് എന്നു പറഞ്ഞുവന്ന നെയ്യ് പമ്പയിൽ വിശദമായ പരിശോധനയില്ലാതെയാണു കടത്തിവിട്ടത് എന്നാണ് ആരോപണം. മിൽമയുടെ പാക്കറ്റുകളിൽ തന്നെയാണ് നെയ്യ് എത്തിയിരിക്കുന്നത്. കൃത്രിമം നടത്തിയിട്ടുണ്ടെങ്കിൽ അത് എവിടെവച്ചാണ്, ആരൊക്കെയാണു പിന്നിൽ എന്നൊക്കെ കണ്ടെത്തേണ്ടതായിട്ടാണിരിക്കുന്നത്. ഉയർന്ന വില നൽകി വാങ്ങുകയും ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ നെയ്യ് ഉപയോഗിക്കുകയും ചെയ്യേണ്ടിവന്നു എങ്കിൽ എത്ര വലിയ പാതകമാണ് അതിനു പിന്നിൽ പ്രവർത്തിച്ചവർ ചെയ്തിട്ടുള്ളത്. അവർക്കു കടുത്ത ശിക്ഷ തന്നെ നൽകേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ നെയ്യാണ് അരവണയിൽ ചേർത്തതെങ്കിൽ അത് അയ്യപ്പഭക്തരെ മുഴുവൻ വഞ്ചിക്കുന്ന നടപടിയാണ്.

എന്തായാലും ഇത്തവണ നെയ്യ് പണംകൊടുത്ത് പുറത്തുനിന്നു വാങ്ങില്ലെന്നാണു ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ വ്യക്തമാക്കിയിരിക്കുന്നത്. അരവണ നിർമാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ ബോർഡിന്‍റെ തീരുമാനം. ആവശ്യത്തിനു നെയ്യ് ഭക്തർ തന്നെ കൊണ്ടുവരുമെന്നുവേണം കരുതാൻ. ശബരിമലയുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാവുന്ന തട്ടിപ്പുകളിലും വിവാദങ്ങളിലും ഭക്തർക്കു വലിയ മാനസിക പ്രയാസമുണ്ടാവുന്നുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത ശബരിമലയിൽ ആവശ്യമാണ്.

logo
Metro Vaartha
www.metrovaartha.com