

ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷാ ഭീഷണി
2025 ജൂലൈയിൽ കോട്ടയം മെഡിക്കൽ കോളെജിലെ പഴയ കെട്ടിടത്തിന്റെ ഭാഗം തകർന്നുവീണ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് ഒരു സ്ത്രീ മരിച്ച ദുരന്തമുണ്ടായതിനു ശേഷം നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ ദയനീയാവസ്ഥ പുറത്തുവരുകയുണ്ടായി. 134 ആശുപത്രി വളപ്പുകളിലായി തകർന്നുവീഴാറായ 225 കെട്ടിടങ്ങളുണ്ടെന്നാണു കണ്ടെത്തിയത്. രോഗികളുടെയും ഒപ്പം വരുന്നവരുടെയും ആശുപത്രി ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താതെ പ്രവർത്തിക്കുന്ന ആശുപത്രികൾ എത്ര വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് അന്നു പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇത്തരം അപകടകരമായ കെട്ടിടങ്ങൾക്കു പകരം പുതിയ ആശുപത്രി കെട്ടിടങ്ങൾ ഏറ്റവും സുരക്ഷിതമായി പ്രവർത്തിക്കുന്ന വിധത്തിൽ നിർമിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, സമീപകാലത്ത് പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്കും വേണ്ടത്ര സുരക്ഷിതത്വമില്ല എന്ന പരാതികൾ അതീവ ഗൗരവത്തിൽ കാണേണ്ടതുണ്ട്.
ക്രമക്കേടുകളും അഴിമതിയും കൈയിട്ടുവാരലും എല്ലാം കൂടിയാവുമ്പോൾ കെട്ടിട നിർമാണത്തിൽ അപാകതകൾ പലതുണ്ടാവുന്നു. ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായ ഉടൻ തന്നെ അതിൽ ചോർച്ച കണ്ടെത്തിയ സംഭവമുണ്ടായിട്ടുണ്ട്. പുതിയ കെട്ടിടങ്ങൾ തകരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കുകയുണ്ടായി. അടുത്ത കാലത്തു നിർമിച്ച ഒട്ടേറെ കെട്ടിടങ്ങൾ ചോർന്നൊലിക്കുന്നുവെന്നു പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചിരുന്നു. പല കെട്ടിടങ്ങൾക്കും ഘടനാപരമായ തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നാണു പറയുന്നത്. നിർമാണ വേളയിൽ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിട്ടും ശരിയായ ഇടപെടൽ ഉണ്ടാവാതെപോയ കേസുകളുമുണ്ട്. ഇത്തരം സംഭവങ്ങളിലൊക്കെ കുറ്റക്കാരെ കണ്ടെത്തുകയും ശരിയായ നിയമ നടപടികൾ സ്വീകരിക്കുകയും വേണം. ജനങ്ങൾക്കു വേണ്ടി ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമിക്കുന്ന കെട്ടിടങ്ങൾ അഴിമതിക്കുള്ള അവസരമായി ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അവരൊക്കെ വലിയ അപരാധമാണു ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 270 കോടി രൂപ ചെലവിൽ നിർമിച്ച എട്ടു നിലകളുള്ള പുതിയ കെട്ടിടം ഉദ്ഘാടനത്തിനു പിന്നാലെ തന്നെ തകരാറുകൾ കാണിച്ചുതുടങ്ങി. സീലിങ്ങുകൾ തകർന്നുവീണു. ഫാനിന്റെ ലീഫുകൾ ഒടിഞ്ഞുവീണു. ടൈലുകളിൽ ചവിട്ടുമ്പോൾ പൊട്ടുന്നു എന്ന പരാതിയും ഉയരുകയുണ്ടായി. മുറികളിൽ വേണ്ടത്ര വെന്റിലേഷൻ ഇല്ല, വാതിലുകൾ ചേർത്തടയ്ക്കാൻ കഴിയുന്നില്ല തുടങ്ങിയ പരാതികളുമുണ്ട്. കെട്ടിടത്തിന്റെ പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലും ഗുരുതരമായ അപാകതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്ലംബിങ് ജോലികളിലെ തകരാറുകൾ കാരണം പൈപ്പുകൾ പൊട്ടുകയും തൂണുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുകയും ചെയ്യുന്നു എന്നാണു പരാതിയുള്ളത്. ഏതാനും ദിവസം മുൻപ് കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണത് റെറ്റിന പരിശോധനാ മുറിക്കു സമീപം നിരവധി ആളുകൾ ദിനംപ്രതിയെത്തുന്ന സ്ഥലത്താണ്. രോഗികൾ തലനാരിഴയ്ക്കു രക്ഷപെട്ടു എന്നു വേണം പറയാൻ. അതിനു പിന്നാലെ ശുചിമുറിയുടെ സീലിങ്ങും ഭിത്തിയുടെ ഭാഗവും ഇടിഞ്ഞുവീണു. ശുചിമുറിയിലേക്കു പ്രവേശിച്ച ഒരു ജീവനക്കാരി തലനാരിഴയ്ക്കാണു രക്ഷപെട്ടത്. ജൂലൈയിൽ സർജിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന യൂണിറ്റിനു സമീപവും സീലിങ് തകർന്നിരുന്നു. വ്യാപകമായ പരാതിയാണ് ഈ കെട്ടിടത്തെക്കുറിച്ചുള്ളത്. അതുകൊണ്ടു തന്നെ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുന്നത് ഉചിതമായ കാര്യമാണ്.
നിർമാണത്തിലെ ക്രമക്കേടുകൾ, സാങ്കേതിക പിഴവുകൾ, പ്രവൃത്തി നിർവഹണത്തിലെയും മേൽനോട്ടത്തിലെയും വീഴ്ചകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യ മന്ത്രി കത്തു നൽകിയിട്ടുണ്ട്. ഇതു കൂടാതെ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക സമിതിയെ നിയോഗിച്ചു പരിശോധന നടത്താൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കാര്യക്ഷമമായ അന്വേഷണം തന്നെ ഈ കെട്ടിടത്തിന്റെ കാര്യത്തിലുണ്ടാവണം. കെട്ടിട നിർമാണത്തിൽ സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ, നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകളും മേൽനോട്ടവും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കപ്പെടട്ടെ. കോടികൾ ചെലവഴിച്ചു നിർമിച്ച അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ സുരക്ഷയിൽ ഒരുറപ്പുമില്ല എങ്കിൽ അതു നിർമിച്ചവർ ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവും കാണിച്ചില്ല എന്നു തന്നെയാണ് അർഥം. നിർമാണ ചുമതലയുണ്ടായിരുന്ന ഏജൻസി പ്രവൃത്തികൾ മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകിയെന്നാണു പറയുന്നത്. ഇതിനു പിന്നിൽ സാമ്പത്തിക ക്രമക്കേടുകളുണ്ട് എന്ന ആരോപണവും അന്വേഷിക്കപ്പെടേണ്ടതാണ്.