ഖാലിസ്ഥാൻ തീവ്രവാദികളോട് കർശന നിലപാട് സ്വീകരിക്കണം | മുഖപ്രസംഗം

ഖാലിസ്ഥാൻ തീവ്രവാദികളോട് ഏതെങ്കിലും തരത്തിലുള്ള മൃദുല സമീപനം സ്വീകരിക്കുന്നത് അപകടകരമാണ്.
strict stance against Khalistan terrorists should be taken

ഖാലിസ്ഥാൻ തീവ്രവാദികളോട് കർശന നിലപാട് സ്വീകരിക്കണം | മുഖപ്രസംഗം

terrorist - representative image
Updated on

നമ്മുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു നേരേ ലണ്ടനിൽ ഖാലിസ്ഥാൻ വാദികളുടെ ആക്രമണ ശ്രമമുണ്ടായത് അങ്ങേയറ്റം അപലപനീയമാണ്. മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷിതമായി കടന്നുപോയി എന്നത് ആശ്വാസകരം. എങ്കിലും ജയശങ്കറിന്‍റെ കാറിനടുത്തേക്ക് ഖാലിസ്ഥാൻ അക്രമി ഓടിയടുക്കുകയുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കീഴ്പ്പെടുത്തി. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ചതം ഹൗസിലെ ഒരു ചർച്ചയിൽ ജയശങ്കർ പങ്കെടുക്കുമ്പോൾ വേദിക്കു പുറത്ത് ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധമുണ്ടാവുകയായിരുന്നു. അവർ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും പതാകകൾ വീശുകയും ചെയ്തിരുന്നു. ചർച്ച കഴിഞ്ഞു പുറത്തിറങ്ങിയ ജയശങ്കർ കാറിൽ കയറാൻ ശ്രമിക്കുമ്പോൾ ഒരു അക്രമി ഇന്ത്യൻ പതാക കീറിക്കൊണ്ട് അദ്ദേഹത്തെ ലക്ഷ്യംവച്ച് ഓടിയടുക്കുകയായിരുന്നു. യുകെയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കനത്ത സുരക്ഷാ വീഴ്ച തന്നെയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ലണ്ടൻ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് പൊതുവേ പരാതി ഉയരുന്നുണ്ട്. യുകെ സർക്കാരിന് ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടിവരും.

ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം കാണേണ്ട സാഹചര്യം തടയേണ്ടിയിരുന്നതു ലണ്ടൻ പൊലീസാണ്. ചെറിയൊരു സംഘം വിഘടനവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനപരമായ പ്രവർത്തനങ്ങൾ അപലപനീയമാണെന്ന് ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. ജനാധിപത്യ സ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗമാണ് ലണ്ടനിൽ കണ്ടതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ആതിഥേ‍യ സർക്കാർ നയതന്ത്ര കടമകൾ പൂർണമായും നിർവഹിക്കുമെന്നു പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നുണ്ട്. ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരേ ശക്തമായ നടപടിയെടുക്കാൻ യുകെ സർക്കാരിനു കഴിയണം. അവരോട് ഏതെങ്കിലും തരത്തിലുള്ള മൃദുല സമീപനം സ്വീകരിക്കുന്നത് അപകടകരമാണ്. നേരത്തേ ജനുവരിയിൽ ഒരു വിഭാഗം ഖാലിസ്ഥാൻ അനുകൂല തീവ്രവാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു മുന്നിൽ സംഘടിച്ചു പ്രതിഷേധിച്ചിരുന്നു. ഹാരോ പട്ടണത്തിലെ ഒരു സിനിമാ തീയെറ്ററിൽ അതിക്രമിച്ചു കയറി കങ്കണ റണാവത്തിന്‍റെ സിനിമ "എമർജൻസി' പ്രദർശിപ്പിക്കുന്നതു തടയാനുള്ള ശ്രമവും ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തിയതാണ്. 2023ൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരേ ഖാലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണമുണ്ടായി. ഇന്ത്യാ വിരുദ്ധ ശക്തികളുടെ യുകെയിലെ പ്രകോപനപരമായ നീക്കങ്ങളിൽ കേന്ദ്ര സർക്കാർ തുടർച്ചയായി ആശങ്ക അറിയിക്കുന്നുണ്ട്. അതിനനുസരിച്ച് തീവ്രവാദികൾക്കെതിരേ കർശന നടപടികളും ഉണ്ടാവേണ്ടതുണ്ട്.

ഒരു കാലത്ത് പഞ്ചാബിനെ ഭീകര പ്രവർത്തനത്തിന്‍റെ കേന്ദ്രമാക്കി മാറ്റിയവരാണ് ഖാലിസ്ഥാൻ തീവ്രവാദികൾ. പഞ്ചാബിലെ അവരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിനു മുഴുവൻ ഭീഷണി ഉയർത്തിയിരുന്നു. പഞ്ചാബിനെ സ്വതന്ത്ര പരമാധികാര രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഘടനവാദികൾ ദേശവിരുദ്ധ പോരാട്ടത്തിന് ഇറങ്ങിയപ്പോൾ അവരെ നേരിടാൻ ഇന്ത്യൻ സൈനികർക്ക് സുവർണ ക്ഷേത്രത്തിൽ കയറേണ്ട സാഹചര്യം വരെയുണ്ടായി.1984ലെ ഈ ബ്ലൂസ്റ്റാർ ഓപ്പറേഷനിലാണ് ഭിന്ദ്രൻവാല അടക്കമുള്ള ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്. ഖാലിസ്ഥാൻ ഭീകരവാദികളെ തുടച്ചുനീക്കിയ ഓപ്പറേഷനു ശേഷം ആ വർഷം തന്നെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റു മരിക്കുകയും ചെയ്തു. സുവർണ ക്ഷേത്രത്തിൽ സൈന്യം കയറിയതിനു പ്രതികാരമെന്ന നിലയിലാണ് അംഗരക്ഷകർ ഇന്ദിര ഗാന്ധിയുടെ ജീവനെടുത്തത്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ചതിന് ഒരു പ്രധാനമന്ത്രിക്കു സ്വന്തം ജീവൻ തന്നെ നൽകേണ്ടിവന്നു എന്നതാണ് ഖാലിസ്ഥാൻ പ്രസ്ഥാനത്തെക്കുറിച്ച് ഓർക്കുമ്പോൾ ഓരോ രാജ്യസ്നേഹിയുടെയും മനസിലെത്തുക. പ്രധാനമന്ത്രിയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് ഡൽഹിയിലുണ്ടായ കലാപങ്ങളിൽ നിരവധിയാളുകളുടെ ജീവനും നഷ്ടമായി. ഇന്ത്യ വിഭജനത്തിനു ശേഷം രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വംശീയ കലാപമായി അതു മാറി.

ഇന്ത്യയിൽ ഇനി ഒരു തരത്തിലുള്ള വിഘടനവാദ പ്രവർത്തനങ്ങളും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇവിടുത്തെ സർക്കാരിനു കഴിയും. എന്നാൽ, രാജ്യത്തിനു പുറത്തിരുന്ന് ഖാലിസ്ഥാൻ വാദികൾ ഇന്ത്യക്കെതിരേ നടത്തുന്ന പ്രവർത്തനങ്ങളും അവസാനിപ്പിക്കേണ്ടതുണ്ട്. യുകെയിൽ മാത്രമല്ല ക്യാനഡയിലും അമെരിക്കയിലും എല്ലാം ഖാലിസ്ഥാൻ വാദികളുണ്ട്. അവരുടെ ഭാഗത്തുനിന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പിക്കാൻ ആ രാജ്യങ്ങളുടെ സർക്കാരുകൾക്കു ബാധ്യതയുണ്ട്. ക്യാനഡയിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ഖാലിസ്ഥാൻ വാദികളിൽ നിന്നു ഭീഷണി നേരിടുന്ന സാഹചര്യം വരെയുണ്ടായി. അവിടുത്തെ സർക്കാർ ഖാലിസ്ഥാൻ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയർന്നതാണ്. ക്യാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല നേതാവ് ഹർജിത് സിങ് നിജ്ജാർ ക്യാനഡയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യയ്ക്കു നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കനേഡിയൻ സർക്കാർ ഉയർത്തിയത്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന ടാബ്ലോ ഖാലിസ്ഥാൻ തീവ്രവാദികൾ ക്യാനഡയിലെ പരേഡിൽ അവതരിപ്പിച്ചതും ശക്തമായ പ്രതിഷേധത്തിനു കാരണമായി. വിഘടന വാദത്തിനും ഭീകരപ്രവർത്തനത്തിനും അനുകൂലമായി നിൽക്കുന്നവരെ സഹായിക്കാതിരിക്കാൻ ജനാധിപത്യ രാജ‍്യങ്ങൾക്കെല്ലാം ഉത്തരവാദിത്വമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com