തുരങ്ക പാത: സുരക്ഷയിൽ പഠനം നടക്കട്ടെ

തുരങ്ക പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ തുടക്കം മുതൽ വലിയ അനാസ്ഥയുണ്ടായിട്ടുണ്ടെന്നു പരിസ്ഥിതി പ്രവർത്തകരും സംഘടനകളും ചൂണ്ടിക്കാണിക്കുന്നുണ്ട്
Representative image

പ്രതീകാത്മക ചിത്രം

Updated on

വയനാട്ടിലെ കള്ളാടിയിൽ അതിതീവ്ര മഴയ്ക്കിടെ തുരങ്ക പാതയുടെ നിർമാണം നടക്കുന്നതിനു സമീപം മണ്ണിടിഞ്ഞു കാണാതായ എട്ടു പേരുടെയും മൃതദേഹം കണ്ടെടുത്തതോടെ മണ്ണിനടിയിൽ പെട്ടവർക്കായുള്ള തെരച്ചിലും അവസാനിച്ചിരിക്കുകയാണ്. എൻഡിആർഎഫിന്‍റെയും നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും സന്നദ്ധ സംഘടനകളുടെയുമെല്ലാം നേതൃത്വത്തിൽ ആറു ദിവസമാണു മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായുള്ള തെരച്ചിൽ നടന്നത്. തുരങ്ക പാതയുടെ നിർമാണ കരാർ ഏറ്റെടുത്തിരുന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരായ ഇതര സംസ്ഥാനത്തുനിന്നുള്ളവരാണ് അപകടത്തിൽ മരിച്ചത്. ഏറെ വേദനാജനകമായ ഈ ദുരന്തത്തിനു കാരണമായതെന്ത് എന്നു കണ്ടെത്താനുള്ള അന്വേഷണം ഇനിയും പൂർത്തിയാവാനിരിക്കുകയാണ്. തുരങ്ക പാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപം വലിയ തോതിൽ മണ്ണു കൂട്ടിയിട്ടത് അപകടത്തിനു കാരണമായി എന്നു പറയുന്നുണ്ട്. കൂട്ടിയിട്ട മണ്ണ് അവിടെ നിന്നു നീക്കണമെന്നു ജില്ലാ കലക്റ്ററും ദുരന്ത നിവാരണ അഥോറിറ്റിയും ആവശ്യപ്പെട്ടിട്ടും കരാറുകാർ അതു ചെവിക്കൊണ്ടില്ല എന്ന ആക്ഷേപം സർക്കാർ പക്ഷത്തു നിന്നു തന്നെ ഉയർന്നിരുന്നു.

കനത്ത മഴയിൽ സോയിൽ പൈപ്പിങ് പോലുള്ള പ്രതിഭാസങ്ങൾ അപകടസാധ്യതയുണ്ടാക്കുമെന്നു മുൻകൂട്ടിക്കണ്ട് മഴ തുടങ്ങും മുൻപേ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു എന്നാണു പറയുന്നത്. ആ നിലയ്ക്കു നോക്കിയാൽ ഇതൊരു മനുഷ്യ നിർമിത ദുരന്തമാണ് എന്ന വാദം ശക്തമായി ഉയർന്നിട്ടുണ്ട്. അതേസമയം, കള്ളാടിയിലുണ്ടായതു പ്രകൃതിക്ഷോഭം മൂലമുള്ള ദുരന്തമാണെന്നാണു കരാർ കമ്പനിയുടെ വാദം. ദുരന്തസ്ഥലത്തിനു തൊട്ടുമുകളിൽ ഉരുൾപൊട്ടലുണ്ടായത്രേ. ദുരന്തത്തിനു കാരണമായത് എന്തൊക്കെയാണ് എന്നു വ്യക്തമാവാൻ അന്വേഷണം കഴിയണം. കരാർ കമ്പനി നിബന്ധനകൾ ലംഘിച്ചോ, അങ്ങനെയുണ്ടായെങ്കിൽ തന്നെ അതു വേണ്ടത്ര ഗൗരവത്തിൽ സർക്കാർ കണക്കിലെടുത്തോ എന്നൊക്കെ അന്വേഷണം നടത്തുന്നവർ കണ്ടെത്തട്ടെ. ദുരന്തത്തിൽ ഇരട്ട അന്വേഷണമാണു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരിന്‍റെ പാരിസ്ഥിതിക നിർദേശങ്ങൾ പാലിക്കപ്പെട്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. തുരങ്ക നിർമാണം തത്കാലം നിർത്തിവച്ചിരിക്കുകയാണ്. സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്തിക്കഴിഞ്ഞ ശേഷമേ ഇനി തുരങ്ക നിർമാണം ആരംഭിക്കൂ എന്നാണു മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശത്താണു തുരങ്ക പാത നിർമിക്കുന്നത് എന്നതിനാൽ തന്നെ കൂടുതൽ പഠനങ്ങൾ നടത്തുന്നതു നല്ലതാണ്. ആദ്യ പരിഗണന മനുഷ്യന്‍റെ ജീവനു തന്നെയാവണമല്ലോ.

തുരങ്ക പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ തുടക്കം മുതൽ വലിയ അനാസ്ഥയുണ്ടായിട്ടുണ്ടെന്നു പരിസ്ഥിതി പ്രവർത്തകരും സംഘടനകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. പദ്ധതിക്കു പാരിസ്ഥിതികാനുമതി ലഭിച്ചതുപോലും വേണ്ടത്ര പഠനം നടത്താതെയാണ് എന്നാണു പരാതി ഉയരുന്നത്. കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ. 298 പേരാണ് ആ ദുരന്തത്തിൽ മരിച്ചത്. ഇതേ മേഖലയിലുള്ള പ്രദേശത്താണു തുരങ്ക പാത നിർമിക്കുന്നത് എന്നതിനാൽ തന്നെ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. പദ്ധതിക്കു സംസ്ഥാനം പാരിസ്ഥിതികാനുമതി തേടിയതു തിരക്കിട്ടാണെന്നും കേന്ദ്രത്തിന്‍റെ അനുമതി നേടാൻ പരിസ്ഥിതി ലോല മേഖലയാണെന്ന കാര്യം മറച്ചുവച്ചു എന്നും ആരോപണമുണ്ട്. ഗൗരവമേറിയ പല വിഷയങ്ങളും പഠന വിധേയമാക്കാതെയാണു പദ്ധതി ആരംഭിച്ചതെന്നാണു പരിസ്ഥിതി സംഘടനകൾ പറയുന്നത്. തുരങ്കം നിർമിക്കാൻ കൂറ്റൻ പാറകൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മൂലം മണ്ണിനുണ്ടാകുന്ന ബലക്ഷയം ഉരുൾപൊട്ടലിന് ആക്കം കൂട്ടാമെന്നുവരെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്.

എന്തായാലും പ്രദേശത്തെ അപകടസാധ്യതകളെല്ലാം പരിശോധിച്ച ശേഷമേ ഇനി തുരങ്ക പാതയുടെ നിർമാണം ആരംഭിക്കൂവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങൾ കൊണ്ടു തന്നെ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പദ്ധതിയെ ശക്തമായി എതിർത്തിരുന്ന നേതാവാണു വി.ഡി. സതീശൻ. ഗുരുതരമായ സുരക്ഷാ ആശങ്കകളുയരുമ്പോൾ അതു പരിശോധിക്കാൻ അദ്ദേഹം തയാറാവുന്നത് വികസന വിരോധം എന്ന മട്ടിൽ കാണേണ്ടതില്ല. വിദഗ്ധരായ പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം തേടുന്നതിലോ അവരുയർത്തുന്ന ആശങ്കകൾ പരിഗണിക്കുന്നതിലോ എന്തെങ്കിലും കുറവു കാണേണ്ടതുമില്ല. വയനാടിന്‍റെ പുരോഗതിക്കു സഹായകരമായതാണ് ഈ തുരങ്കപാത എന്നതിൽ തർക്കമൊന്നുമില്ല. അടിസ്ഥാന സൗകര്യ വികസനം ഏതു നാടിന്‍റെയും പുരോഗതിക്കു പ്രധാനമാണല്ലോ. മുൻ സർക്കാരിന്‍റെ അവസാനകാലത്തു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഈ പാത നാലു വർഷം കൊണ്ടു പണി തീർക്കാൻ ഉദ്ദേശിച്ചുള്ളതാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുതൽ വയനാട്ടിലെ മേപ്പാടി വരെയുള്ള തുരങ്ക പാതയ്ക്ക് എട്ടു കിലോമീറ്ററിലേറെയാണു നീളം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 60 ഉപാധികളോടെയാണു തുരങ്ക പാത അംഗീകരിച്ചിട്ടുള്ളത്. ഈ ഉപാധികളൊക്കെ കർശനമായി പാലിക്കപ്പെടുന്നുണ്ടോ എന്നതു പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

logo
Metro Vaartha
www.metrovaartha.com