

മുന്നേറാം, നവോന്മേഷത്തോടെ
സംസ്ഥാനത്തു പുതിയ അധ്യയന വർഷത്തിനു തുടക്കമായിരിക്കുകയാണ്. മധ്യവേനൽ അവധിക്കു ശേഷം സ്കൂളുകൾ തുറന്നപ്പോൾ 42 ലക്ഷം കുട്ടികളാണു വിദ്യാലയങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയെത്തിയ മൂന്നു ലക്ഷത്തിലേറെ കുട്ടികളെ വർണപ്പകിട്ടാർന്ന പ്രവേശനോത്സവത്തോടെ നമ്മുടെ വിദ്യാലയങ്ങൾ സ്വീകരിച്ചു. പുത്തനുടുപ്പും പുതിയ ബാഗും പുസ്തകവും കുടയുമായി പടികടന്നുവന്ന് അക്ഷരമുറ്റത്തു പിച്ചവയ്ക്കുന്ന അവർക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നാണ് ഈ നാടു മുഴുവൻ ആശംസിക്കുന്നത്. തിരുവനന്തപുരത്ത് പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങു നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാണിച്ചതുപോലെ നമ്മുടെ വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തിൽ ഒറ്റക്കെട്ടായ പ്രവർത്തനം കാഴ്ചവയ്ക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട എല്ലാവർക്കും കഴിയട്ടെ എന്നതാണു കുട്ടികളുടെ നല്ല ഭാവി ഉറ്റുനോക്കുന്ന ആരും ആഗ്രഹിക്കുക.
രാജ്യത്തിനു മാതൃകയായ പൊതുവിദ്യാഭ്യാസ മേഖലയാണു കേരളത്തിനുള്ളത്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിൽ അടിയുറച്ചു നിന്നുകൊണ്ട് അതിനു വേണ്ട സൗകര്യങ്ങളെല്ലാം നാം ഒരുക്കി. സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനം ഏർപ്പെടുത്തുന്നതിലും കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിനു പ്രോത്സാഹനം നൽകുന്നതിലും തുടങ്ങി പാഠപുസ്തക വിതരണത്തിലും അധ്യാപക പരിശീലനത്തിലും വരെ ശ്രദ്ധ ചെലുത്തേണ്ടതിന്‍റെ ആവശ്യകത നമുക്കറിയാം. വിദ്യാഭ്യാസത്തിൽ കാലത്തിനൊത്തുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിലും പരിശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇതെല്ലാം കൂടുതൽ ഗൗരവത്തോടെ തുടരേണ്ടതായിട്ടാണിരിക്കുന്നത്. ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ- വിജ്ഞാന ഹബ്ബായി കേരളത്തെ മാറ്റാനുള്ള സാധ്യതകളാണു നാം ഉപയോഗപ്പെടുത്തേണ്ടത്. മുഖ്യമന്ത്രി ഓർമിപ്പിച്ചതുപോലെ ഇതു വിജ്ഞാന വിസ്ഫോടനത്തിന്‍റെ കാലമാണ്. അറിവുകളുടെ അളവിലും വേഗത്തിലും അത്ഭുതകരമായ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. അവ തേടിപ്പിടിക്കാൻ വിദ്യാർഥികളെ പ്രാപ്തമാക്കുക എന്നതു വലിയ വെല്ലുവിളി തന്നെയാണ്. അതിനു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ പറയുന്നതുപോലെ വിദ്യാഭ്യാസ മണ്ഡലം നവോന്മേഷത്തോടു കൂടി മുന്നേറേണ്ടതുണ്ട്. ഈ ലക്ഷ്യത്തിൽ ഉറച്ച മനസോടെ പ്രവർത്തിക്കാൻ പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമാവണം.
മുഴുവൻ വിദ്യാർഥികൾക്കും സജീവമായതും സന്തോഷകരമായതുമായ ഒരു കലാലയ വർഷം ഒരുങ്ങുന്നത് കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. സ്കൂൾ അധികൃതരും അധ്യാപകരും രക്ഷകർത്താക്കളും അതിൽ പങ്കാളികളാവണം. പഠനത്തിന്‍റെ പ്രാധാന്യം കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ബോധ്യമുണ്ടാവണം. അധ്യാപകർ എത്രമാത്രം സജ്ജരാണോ അതിനനുസരിച്ചാവും കുട്ടികളുടെ പഠന നിലവാരവും ഉയരുക. ഓരോ വിദ്യാർഥിയും പഠനലക്ഷ്യങ്ങൾ നേടുന്നുവെന്ന് ഉറപ്പുവരുത്താൻ അധ്യാപകർക്കു കഴിയേണ്ടതുണ്ട്. പുതിയ കാലത്തിനനുസരിച്ചു പഠന നിലവാരം ഉയർത്താൻ ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിക്കണം. ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളെ നേരിടുമ്പോൾ കൂടുതൽ വിജയങ്ങളുണ്ടാവുന്നതിനു നമ്മുടെ കുട്ടികളുടെ പഠന നിലവാരം ഉയരേണ്ടതുണ്ട്. ഇതിനാവശ്യമായതെന്തൊക്കെയാണോ അതെല്ലാം ആലോചിച്ചു നടപ്പാക്കേണ്ടതാണ്.
ഇന്നലെ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് മുഴുവൻ വിദ്യാർഥികളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കുകയുണ്ടായി. ഓൺലൈൻ ചതിക്കുഴികളെക്കുറിച്ചു കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിന് ഇത്തരം അവസരങ്ങളെ ഉപയോഗിക്കുന്നതു സ്വാഗതാർഹമാണ്. ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബോധവത്കരണം കുട്ടികൾക്കു നൽകേണ്ടതു തന്നെയാണ്. കേരള പൊലീസിന്‍റെ സൈബർ വിഭാഗം നടപ്പിലാക്കുന്ന "കിഡ് ഗ്ലൗ' പദ്ധതിയുടെ ഭാഗമായിരുന്നു സൈബർ സുരക്ഷാ പ്രതിജ്ഞ. ഡിജിറ്റൽ ലോകത്ത് ഒളിഞ്ഞിരിക്കുന്ന നിരവധിയായ അപകടങ്ങൾ അറിയാതെ കുട്ടികൾ അവയിൽ ചെന്നുചാടാനുള്ള സാധ്യത വളരെയേറെയാണ്. ഓൺലൈൻ ഗെയ്മിങ് കെണികളിൽ വീണുപോകാതിരിക്കുന്നതു മുതൽ സോഷ്യൽ മീഡിയ സുരക്ഷ വരെ വിഷയങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും അടിസ്ഥാന സൈബർ സുരക്ഷാ പരിശീലനം നൽകുന്നതും "കിഡ് ഗ്ലൗ' പദ്ധതിയുടെ ഭാഗമാണെന്നാണു പറയുന്നത്.
സൈബർ സുരക്ഷ എന്നതുപോലെ പ്രധാനമാണു ലഹരി വിരുദ്ധ ബോധവത്കരണവും. വിദ്യാർഥികൾക്കിടയിൽ ലഹരി മരുന്നുകളുടെ ഉപയോഗം വർധിച്ചു വരുന്നതു തടയാൻ പ്രത്യേക ജാഗ്രത ആവശ്യമാണ്. കൂട്ടുകാർ ആരെങ്കിലും തെറ്റായ വഴിയിൽ സഞ്ചരിക്കുന്നുണ്ടെങ്കിൽ അവരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ സഹപാഠികൾ മുൻകൈ എടുക്കണമെന്നാണു മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. വിഷയത്തിന്‍റെ ഗൗരവം കുട്ടികൾക്കു മനസിലായാൽ ലഹരി മാഫിയകളെ നേരിടുന്നത് കലാലയാധികൃതർക്ക് എളുപ്പമാവും. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയാൻ ഓപ്പറേഷൻ തൂഫാനിലൂടെ കേരള പൊലീസ് നടപടികൾ സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്. സ്കൂൾ തലത്തിൽ പ്രത്യേക കരിക്കുലം നടപ്പാക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. സർക്കാരിന്‍റെ ശ്രദ്ധ എപ്പോഴും ഈ വിഷയത്തിൽ ഉണ്ടാവേണ്ടതുണ്ട്.