

പൊലിഞ്ഞ സ്വപ്നം, കോച്ച് ഫാക്റ്ററി
സംസ്ഥാനത്ത് റെയ്‌ൽവേയുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പട്ട ഒന്നാണ് കഞ്ചിക്കോട് റെയ്‌ൽ കോച്ച് ഫാക്റ്ററി. കേരളത്തിന് അനുവദിക്കപ്പെട്ട ശേഷം വർഷങ്ങളായി മുടങ്ങിക്കിടന്ന ആ പദ്ധതി ഉപേക്ഷിച്ചു കഴിഞ്ഞു എന്ന വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലക്കാടിനും കേരളത്തിനും ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്ന ഒരു പദ്ധതിയാണു തണുത്തു മരവിച്ച് ഇല്ലാതാകുന്നത്. കാലത്തും സമയത്തും പ്രവർത്തനങ്ങൾ തുടങ്ങാതെ മുടങ്ങിക്കിടന്ന് പദ്ധതി തന്നെ അപ്രസക്തമായി എന്നതാണു നിർഭാഗ്യകരമായിട്ടുള്ളത്.
കഴിഞ്ഞ ദിവസം ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കോച്ച് ഫാക്റ്ററിയിൽ ഇനി യാതൊരു പ്രതീക്ഷയും വേണ്ടെന്നു സൂചന നൽകിയിട്ടുള്ളത്. റെയ്‌ൽവേയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴുള്ള കോച്ച് ഫാക്റ്ററികൾ മതി എന്നാണു മന്ത്രി അവകാശപ്പെടുന്നത്. അതായത് പുതിയ ഫാക്റ്ററിയുടെ ആവശ്യമില്ല. അതിനർഥം കഞ്ചിക്കോട്ടുള്ള ഭൂമിയിൽ ഫാക്റ്ററി വരില്ല. ആ ഭൂമി റെയ്‌ൽവേയുടെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കും എന്നു പറയുന്നുണ്ടെങ്കിലും എന്താണു പദ്ധതി എന്നതിലും വ്യക്തതയില്ല.
കേരളത്തിന്‍റെ റെയ്‌ൽവേ വികസനവുമായി ബന്ധപ്പെട്ട് എപ്പോഴും പറഞ്ഞുകേൾക്കുന്ന പ്രധാന പരാതി ഭൂമി ഏറ്റെടുക്കാനുള്ള പ്രശ്നങ്ങളാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ നിരന്തരം കുറ്റപ്പെടുത്തുന്ന രീതിയും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിലുണ്ടാവുന്ന അലംഭാവം കേരളത്തിലെ റെയ്‌ൽവേ വികസനം തടസപ്പെടുത്തുന്നുവെന്ന് അശ്വിനി വൈഷ്ണവ് തന്നെ നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്കമാലി- എരുമേലി ശബരി റെയ്‌ൽ പാത അടക്കമുള്ള പദ്ധതികളെ ഭൂമി ഏറ്റെടുക്കൽ തടസപ്പെട്ടിരിക്കുന്നതു ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കണക്കുകൾ സഹിതം പറയുകയുണ്ടായി.
സംസ്ഥാനത്തെ റെയ്‌ൽവേ പദ്ധതികൾക്ക് ആവശ്യമായ ആകെ ഭൂമി 476 ഹെക്റ്ററാണ്. ഇതിൽ ഏറ്റെടുത്തത് 73 ഹെക്റ്റർ മാത്രമാണെന്ന് റെയ്‌ൽവേ മന്ത്രി പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഭൂമിയുടെ പ്രശ്നം പറഞ്ഞു പദ്ധതികൾ ഒരു ഭാഗത്ത് മുടങ്ങിക്കിടക്കുമ്പോഴാണ് മറുഭാഗത്ത് റെയ്‌ൽവേയ്ക്കു കൈമാറിയ ഭൂമി ഉപയോഗിക്കാതെ പദ്ധതി തന്നെ പാഴായി പോകുന്നത് എന്നതാണു വൈരുധ്യം.
2008-09ലെ റെയ്‌ൽവേ ബജറ്റിലാണ് കേരളത്തിനു കോച്ച് ഫാക്റ്ററി പ്രഖ്യാപിക്കപ്പെട്ടത്. പാലക്കാട് റെയ്‌ൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപവത്കരിക്കുന്നതിനു പ്രത്യുപകാരമെന്ന നിലയിലാണ് കോച്ച് ഫാക്റ്ററി വാഗ്ദാനം ചെയ്തത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 239 ഏക്കർ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തു നൽകി. 2012 ഫെബ്രുവരി 21ന് അന്നത്തെ റെയ്‌ൽവേ മന്ത്രി ദിനേഷ് ത്രിവേദി കോച്ച് ഫാക്റ്ററിക്കു തറക്കല്ലിടുകയും ചെയ്തു.
വർഷത്തിൽ 600 കോച്ചുകൾ വരെ നിർമിക്കാവുന്ന ഫാക്റ്ററിയാണു വിഭാവനം ചെയ്തത്. പക്ഷേ, പിന്നീടു കാര്യങ്ങൾ മുന്നോട്ടുപോയില്ല. പദ്ധതിക്ക് ആവശ്യമായ ഫണ്ട് റെയ്‌ൽവേ അനുവദിച്ചില്ല. 2006-07ലെ റെയ്‌ൽവേ ബജറ്റിലാണ് ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോച്ച് ഫാക്റ്ററി അനുവദിക്കുന്നത്. 2012ൽ അതു പ്രവർത്തനമാരംഭിച്ചു. പക്ഷേ, കേരളത്തിലെ പദ്ധതി മാത്രം മുടങ്ങിക്കിടന്നു. പല തരത്തിലുള്ള സമ്മർദങ്ങളും പദ്ധതിക്കായി ഉണ്ടായിട്ടും അതൊന്നും റെയ്‌ൽവേയെ ഉണർത്താൻ പര്യാപ്തമായില്ല. ഏറ്റെടുത്തു നൽകിയ സ്ഥലം തിരികെ നൽകാനും റെയ്‌ൽവേ തയാറാവുന്നില്ല. നാടിന്‍റെ വികസനത്തിന് ഉപകരിക്കുന്ന പദ്ധതികൾ അവിടെ ഉണ്ടാവേണ്ടതുണ്ട്.
കോച്ച് ഫാക്റ്ററിക്കൊപ്പം അതിവേഗ റെയ്‌ൽ പാത എന്ന സ്വപ്നവും പൊലിയുമെന്ന നിലയാണിപ്പോഴുള്ളത്. സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിരുന്നു. അതിനു ബദലായി മെട്രൊമാൻ ഇ. ശ്രീധരൻ സമർപ്പിച്ച പദ്ധതിക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ അതിവേഗ റെയ്‌ലുമായി കേന്ദ്രം മുന്നോട്ടുപോകുന്നില്ലെന്നാണ് അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കിയത്. ശ്രീധരന്‍റെ പദ്ധതി നിലവിലുള്ള രൂപത്തിൽ പ്രായോഗികമല്ലെന്നാണ് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473 കിലോമീറ്റർ ദൂരത്തിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതും 23 സ്റ്റേഷനുകൾ ഉൾപ്പെടുന്നതുമായ പദ്ധതിയാണ് ഇ. ശ്രീധരൻ സമർപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ ലോജിസ്റ്റിക്സ്, ഗതാഗത സംയോജനം തുടങ്ങിയ കാര്യങ്ങൾ വേണ്ടത്ര പരിഗണിച്ചില്ലെന്നാണു സമിതി വിലയിരുത്തിയത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ പദ്ധതി താത്കാലികമായി നിർത്തിവച്ച സർക്കാർ, മെട്രൊ, തുറമുഖങ്ങൾ, ഉൾനാടൻ ജലഗതാഗതം എന്നിവയുമായി ഇതിനെ എങ്ങനെ സംയോജിപ്പിക്കാമെന്നതിനെക്കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
പദ്ധതി എങ്ങനെ വേണമെന്ന് എത്രയും വേഗം തീരുമാനിച്ച് കേന്ദ്രത്തിന്‍റെ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ഇതിനു സംസ്ഥാന സർക്കാർ തന്നെയാണു താത്പര്യം കാണിക്കേണ്ടത്. ഇപ്പോൾ കേന്ദ്രത്തിന്‍റെ പരിഗണനയിലുള്ളത് നിലവിലുള്ള റെയ്‌ൽ പാതയുടെ മൂന്ന്, നാല് പാതകളുടെ നിർമാണമാണ് എന്നത്രേ അശ്വിനി വൈഷ്ണവ് പറയുന്നത്. യാത്രാവേഗം കൂട്ടാനുള്ള ഏക പ്രതീക്ഷ ഇപ്പോൾ ഈ പാതകളിലാണ്. എന്നാൽ, മൂന്നാം പാതയ്ക്കുള്ള നടപടികൾ വേണ്ടത്ര മുന്നോട്ടു നീങ്ങുന്നില്ല എന്നാണു സൂചനകൾ. ഈ പാതയുടെ നിർമാണം തുടങ്ങുന്നതിനു പല നടപടികളും പൂർത്തിയാക്കാനുണ്ട്. അതിനൊക്കെ കാലതാമസമുണ്ടായാൽ അടുത്തൊന്നും മൂന്നാം പാതയും യാഥാർഥ്യമാവില്ല.