യാഥാർഥ്യമാവട്ടെ, ബൈപാസും ലൈറ്റ് മെട്രൊകളും

നാടിന്‍റെ പുരോഗതിക്കു വേണ്ടി സ്വന്തം ഭൂമി നൽകാൻ തയാറായി മുന്നോട്ടുവരുന്നവരെ അനിശ്ചിതത്വത്തിൽ കുടുക്കി വട്ടംകറക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല
 metro

ലൈറ്റ് മെട്രൊ

Updated on

ഏതു നാടിന്‍റെയും പുരോഗതിയിൽ പ്രധാന പങ്കു വഹിക്കുന്നതാണ് അവിടുത്തെ ഗതാഗത സൗകര്യങ്ങൾ. റോഡുകളും റെയ്‌ൽവേയും വിമാനത്താവളങ്ങളും തുറമുഖങ്ങളും ജനജീവിതം മെച്ചപ്പെടുത്തുകയും സാമ്പത്തിക വളർച്ചയ്ക്കു സഹായിക്കുകയും ചെയ്യും. യാത്രാസമയം കുറയ്ക്കാനും ചരക്കു നീക്കം വേഗത്തിലാക്കാനും ഏതു നാട്ടിലും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. കേരളത്തിൽ ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. പല ഭാഗങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതിനിടെയാണ് ഏറെക്കാലമായി കാത്തിരിക്കുന്ന അങ്കമാലിയിൽ നിന്നുള്ള ബൈപാസിന് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. അങ്കമാലി മുതൽ അരൂർ വരെ 50 കിലോമീറ്റർ ബൈപാസ് പൂർത്തിയായാൽ ഈ മേഖലയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാവും.

നേരത്തേ അങ്കമാലിയിൽ നിന്നു കുണ്ടന്നൂർ വരെ നിശ്ചയിച്ചിരുന്ന പദ്ധതി അരൂർ വരെ നീട്ടിയതു നന്നായി. മുൻപു നിശ്ചയിച്ചിരുന്ന ആറു വരി എന്നത് എട്ടു വരിയാക്കുന്നതും സ്വാഗതാർഹമാണ്. പിന്നീട് 10 വരിയായി വികസിപ്പിക്കാനും കഴിയുന്ന രീതിയിലാണു നിർമാണം നടക്കുകയത്രേ. ആദ്യ ഘട്ടത്തിൽ 70 മീറ്റർ വീതിയിൽ എട്ടു വരിയായി പാത തയാറാവുമ്പോഴേ അതൊരു ചരിത്രമാവും. സംസ്ഥാനത്ത് എട്ടു വരിയിൽ നിർമിക്കുന്ന ആദ്യ പാത എന്ന ചരിത്രം. നേരത്തേ തീരുമാനിച്ച അങ്കമാലി- കുണ്ടന്നൂർ ബൈപാസ് പദ്ധതി സ്ഥലം ഏറ്റെടുക്കലിന്‍റെ നടപടിക്രമങ്ങൾ വൈകിയതു കൊണ്ടാണു തടസപ്പെട്ടത്. അതിന്‍റെ ട്രാഫിക് സർവെ റിപ്പോർട്ട് പോലും കാലഹരണപ്പെട്ടു. വാഹനപ്പെരുപ്പം കണക്കിലെടുത്ത് എട്ടു വരി പാത തന്നെ വേണം എന്നു തീരുമാനിച്ചതു പുതിയ ട്രാഫിക് സർവെയിലാണ്. എന്തായാലും പുതിയ പദ്ധതിയും പ്രതിസന്ധിയിൽ അകപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക താത്പര്യം കാണിക്കേണ്ടതുണ്ട്. ഇനിയുള്ള നടപടികളിൽ യാതൊരു അലംഭാവവും ഉണ്ടായിക്കൂടാ. നിലവിൽ സ്ഥാപിച്ചിട്ടുള്ള കല്ലുകൾ മാറ്റി സ്ഥാപിക്കുന്നതടക്കം നടപടികളിൽ തടസങ്ങളില്ലാതെ നോക്കണം.

മുൻപ് തീരുമാനിച്ചിരുന്ന കുണ്ടന്നൂർ വരെയുള്ള ബൈപാസിന്‍റെ വിജ്ഞാപനം റദ്ദായതോടെ ആശങ്കയിലായത് നിരവധി ഭൂവുടമകളാണ്. ഏറ്റെടുക്കുന്ന സ്ഥലത്തു മഞ്ഞക്കുറ്റികൾ സ്ഥാപിച്ചതിനാൽ ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയാതായി. ഏറ്റെടുക്കപ്പെടുന്ന ഭൂമിക്കു പകരം പുതിയ സ്ഥലം വാങ്ങാൻ ശ്രമം തുടങ്ങിയവരും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥയുണ്ടായി. ഇനിയും സ്ഥലം ഏറ്റെടുപ്പിന്‍റെ കാര്യത്തിലുണ്ടാവുന്ന താളപ്പിഴകളുടെ പേരിൽ ഭൂവുടമകളെ വലയ്ക്കരുത്. നാടിന്‍റെ പുരോഗതിക്കു വേണ്ടി സ്വന്തം ഭൂമി നൽകാൻ തയാറായി മുന്നോട്ടുവരുന്നവരെ അനിശ്ചിതത്വത്തിൽ കുടുക്കി വട്ടംകറക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല.

ദേശീയ പാതയിൽ തൃശൂർ- എറണാകുളം റൂട്ടിൽ അങ്കമാലി ഭാഗം മുതലുള്ള ഗതാഗതക്കുരുക്കു പരിഹരിക്കാൻ പുതിയ ബൈപാസ് ഉപകരിക്കും. കൊച്ചി നഗരത്തിൽ കടക്കാതെ തന്നെ കേരളത്തിന്‍റെ തെക്ക്, വടക്കു ഭാഗങ്ങളിലേക്കു പുതിയ പാതയിലൂടെ എളുപ്പത്തിൽ യാത്ര ചെയ്യാം. ദേശീയപാതയിലുണ്ടാവുന്ന ഗതാഗതക്കുരുക്കു മൂലം നൂറുകണക്കിനു യാത്രക്കാർക്കാണ് ഇപ്പോൾ വിലപ്പെട്ട സമയം നഷ്ടപ്പെടുന്നത്. ഈ സമയനഷ്ടം പുതിയ കാലത്തിനു യോജിച്ചതല്ല.

ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതിയ യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊകളെക്കുറിച്ചു പറയുന്നുണ്ട്. വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന ഈ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളും എത്രയും വേഗം ആരംഭിക്കാനാവണം. ഇത്തവണയെങ്കിലും ഈ പദ്ധതികൾ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ വച്ചുപുലർത്തുന്നവർ നിരവധിയാണ്. രണ്ടു നഗരത്തിലും ഇപ്പോൾ കാണുന്ന ഗതാഗതക്കുരുക്കിനു വലിയ ആശ്വാസം പകരും ലൈറ്റ് മെട്രൊ എന്നതിൽ സംശയമൊന്നുമില്ല.

തിരുവനന്തപുരം ലൈറ്റ് മെട്രൊയുടെ പദ്ധതിരേഖ ഈയടുത്ത ദിവസങ്ങളിൽ തന്നെ കൊച്ചി മെട്രൊ റെയ്‌ൽ ലിമിറ്റഡ് സംസ്ഥാന സർക്കാരിനു സമർപ്പിക്കുമെന്നാണ് അറിയുന്നത്. അത് മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രാനുമതിക്ക് അയയ്ക്കുന്നതിനു കാലതാമസം ഉണ്ടാവരുത്. കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനും സന്നദ്ധമാവണം. കോഴിക്കോട് ലൈറ്റ് മെട്രൊയ്ക്കു വേണ്ടിയുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ നേരത്തേ കൊച്ചി മെട്രൊ റെയ്‌ൽ ലിമിറ്റഡ് തയാറാക്കി സംസ്ഥാന സർക്കാരിനു സമർപ്പിച്ചതാണ്. പിന്നീടു കാര്യങ്ങൾ വേണ്ടവിധം മുന്നോട്ടുപോയില്ല. മെട്രൊയുടെ സാധ്യതാ പഠനത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നാണു പുതിയ സർക്കാർ വ്യക്തമാക്കുന്നത്. ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളതു തുടർ പ്രവർത്തനങ്ങൾക്കു സഹായകരമാവും എന്നു തന്നെ കരുതാം.

logo
Metro Vaartha
www.metrovaartha.com