

പ്രതീകാത്മക ചിത്രം
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനു കർശനമായ നടപടികൾ സ്വീകരിക്കുമെന്നു മാറിമാറി വരുന്ന സർക്കാരുകൾ അവകാശപ്പെടുന്നതു പതിവാണെങ്കിലും സ്ത്രീപീഡന കേസുകളിൽ ഒരു കുറവും സംസ്ഥാനത്തുണ്ടാവുന്നില്ല എന്നതു നിരാശാജനകമാണ്. പൊലീസിന്‍റെയും വനിതാ കമ്മിഷന്‍റെയുമൊക്കെ കണക്കുകൾ കാണിക്കുന്നത് ആശങ്കാജനകമായ ചിത്രമാണ്. സ്ത്രീധനവും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടു നടുക്കുന്ന ദുരന്തങ്ങൾ ആവർത്തിച്ചു കേൾക്കേണ്ടിവരുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കിടയിൽ പോലും സ്ത്രീകൾ അക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലുണ്ടായിട്ടുള്ള പുരോഗതിയൊന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ തടയുന്നില്ല എന്നതു നിർഭാഗ്യകരമാണ്.
തിരുവനന്തപുരം ആറ്റുകാലിൽ കഴിഞ്ഞ ദിവസം യുവതി ജീവനൊടുക്കിയ സംഭവത്തിൽ മരണത്തിനു കാരണമായി ബന്ധുക്കൾ ആരോപിക്കുന്നത് ഭർത്താവിന്‍റെ ക്രൂരപീഡനമാണ്. മർദനമേറ്റതിന്‍റെ മുറിപ്പാടുകൾ യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നുണ്ട്. ഭർത്താവ് മർദിച്ചെന്നു കാണിച്ച് യുവതി അമ്മയ്ക്കു വാട്സ് ആപ്പിൽ ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തി ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നു. ഒന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. അതിനുശേഷം സ്വർണത്തിനും പണത്തിനും വേണ്ടി കടുത്ത പീഡനം യുവതി നേരിട്ടു എന്നാണു പറയുന്നത്. വിവാഹ സമയത്തു നൽകിയ 50 പവനോളം സ്വർണം ഭർത്താവ് പണയം വയ്ക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നു ബന്ധുക്കൾ ആരോപിക്കുന്നു. സ്ത്രീധനമായി ലഭിച്ച സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കു പതിവായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്.
ഇന്നത്തെ കാലത്തും സ്ത്രീധനത്തിന്‍റെ പേരിലുള്ള ശാരീരികമായ ഉപദ്രവം സഹിക്കാതെ ഒരു യുവതിക്കു കേരളത്തിൽ ആത്മഹത്യ ചെയ്യേണ്ടിവരുന്നുവെങ്കിൽ നാം ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട് എന്നാണത് കാണിക്കുന്നത്. മുൻപ് സ്ത്രീധനവും സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് ഉത്രയെന്ന ഇരുപത്തഞ്ചുകാരിയെ ഭർത്താവ് മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്ന കേസ് സമൂഹ മനഃസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചതാണ്. കൊല്ലം നിലമേൽ സ്വദേശിയായിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവവും കേരളത്തെയപ്പാടെ ഉലച്ചു. ഈ ബിഎഎംഎസ് വിദ്യാർഥിനി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു സ്ത്രീധന പീഡന ആരോപണം ഉയർന്നത്. കേരളം മുഴുവൻ ചർച്ച ചെയ്ത ഈ സംഭവങ്ങളെത്തുടർന്ന് സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇനിയൊരു മരണം ഇവിടെയുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്നൊക്കെ പൊതുഅഭിപ്രായം ഉയരുകയുണ്ടായി. കർശനമായ നടപടികളെടുക്കുമെന്നു സർക്കാരും പ്രഖ്യാപിച്ചു. പക്ഷേ, അതിനു ശേഷവും സ്ത്രീധനവുമായി ബന്ധപ്പെട്ട് യുവതികളുടെ ജീവൻ നഷ്ടപ്പെടുന്നു എന്നതു നിസാരമായി കാണേണ്ടതല്ല. സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനുമെതിരേ കർശനമായ നിയമങ്ങളുള്ള നാടാണു നമ്മുടേത്. ഈ സാമൂഹിക വിപത്തിനെ അടിയോടെ തൂത്തെറിയാൻ നാം ശ്രമം തുടങ്ങിയിട്ടു വർഷങ്ങൾ ഏറെയായി. പക്ഷേ, ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീധനം ചിലർക്കെങ്കിലും വിവാഹങ്ങളിൽ മുഖ്യ പരിഗണനാ വിഷയമാവുന്നുണ്ട്. നിയമമുണ്ടെങ്കിലും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടികൾ പലപ്പോഴും ഉണ്ടാവാറില്ല എന്നതാവാം ഇക്കാലത്തും സ്വത്തിനായി വിലപേശാനും ഡിമാൻഡ് ചെയ്യാനും ഒക്കെ ആളുകൾ തയാറാവുന്നതിനു കാരണം.
കേരള പൊലീസിന്‍റെ കണക്കനുസരിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വലിയ വർധനയാണു കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2022 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ ഓരോ വർഷവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകൾ 18,000ൽ അധികമാണ്. 2020ലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ആകെ എണ്ണം 12,659 മാത്രമായിരിക്കുമ്പോഴാണിത്. 2025ൽ 2952 ബലാത്സംഗ കുറ്റകൃത്യങ്ങളാണ് ഉണ്ടായത്. ഭർതൃവീട്ടിലെ പീഡനങ്ങൾ 3,986 എന്നാണു കണക്ക്. 2020ൽ അത് 2,707 ആയിരുന്നു. ആറു വർഷത്തിനിടെ 43 പേരാണ് സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ചത്. കഴിഞ്ഞ വർഷം മാത്രം ആറു പേർ മരിച്ചു. പൊലീസ് കേസാവുന്നതിനു പുറമേ സ്ത്രീകൾക്കെതിരായ എത്രയോ അക്രമസംഭവങ്ങൾ പുറത്തറിയാത്തതായി ഉണ്ടാവും എന്നുകൂടി ഓർക്കേണ്ടതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക്, പ്രത്യേകിച്ചു യുവതലമുറയ്ക്കു കഴിയുന്നില്ലെങ്കിൽ പരിഷ്കൃത സമൂഹമാവാനുള്ള അർഹതയും നഷ്ടപ്പെടുകയാണ്. ലംഘിക്കാൻ വേണ്ടിയുള്ളതായി നിലകൊള്ളുന്നതാവരുത് സ്ത്രീപീഡനങ്ങൾക്കെതിരായ നിയമം.