ജനങ്ങൾക്കു സേവനം ഉറപ്പു വരുത്തണം

കെഎസ്ആർടിസി കൺട്രോൾ റൂമിനെതിരേ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ മന്ത്രി ഗണേഷ് കുമാർ അതിൽ ഇടപെട്ട് നടപടി സ്വീകരിച്ചു എന്നതു സ്വാഗതാർഹമാണ്.
We must ensure service to the people

ജനങ്ങൾക്കു സേവനം ഉറപ്പു വരുത്തണം

Updated on

നഷ്ടം കുമിഞ്ഞുകൂടി കടുത്ത പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ രക്ഷപെടുത്താനുള്ള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പലവിധ ശ്രമങ്ങൾ സംസ്ഥാനം കണ്ടുകഴിഞ്ഞു. അദ്ദേഹം മന്ത്രിയായ ശേഷം കൊണ്ടുവന്ന മാറ്റങ്ങൾ പല വിധത്തിലുള്ളതാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ജീവനക്കാർക്ക് എല്ലാ മാസവും കൃത്യമായി ശമ്പളം നൽകുന്നു എന്നതാണ്. ഏപ്രിൽ മാസത്തെ ശമ്പളം ആ മാസം 30നു തന്നെ വിതരണം ചെയ്തു. മേയ് മാസത്തേത് 31നു നൽകി. എട്ടു വർഷത്തിനു ശേഷമാണ് കെഎസ്ആർടിസിയിൽ മുൻകൂർ ശമ്പളം എത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തുടർന്നുള്ള മാസങ്ങളിലും ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. എല്ലാ മാസവും സർക്കാരിൽ നിന്നു കോടികൾ കിട്ടിയാൽ മാത്രം ഓടിച്ചുപോകാവുന്ന നിലയിലാണ് കെഎസ്ആർടിസിയുള്ളത്. പ്രതിസന്ധി വളരെ രൂക്ഷമായപ്പോൾ വളരെ വൈകി ഗഡുക്കളായി ശമ്പളം നൽകുന്ന സ്ഥിതിയുണ്ടായി. ശമ്പളം കിട്ടാതെ ജീവിതം വഴിമുട്ടിയ നാളുകൾ ഏറെയുണ്ട് ജീവനക്കാരുടെ മുന്നിൽ. ശമ്പളം നൽകുന്നതിനു പല തവണ ഹൈക്കോടതി ഇടപെടലുകളുണ്ടായി എന്നതും ഓർക്കണം. ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ അടച്ചുപൂട്ടിക്കൂടേയെന്ന് ഹൈക്കോടതി വാക്കാൽ ആരായുക വരെയുണ്ടായിട്ടുണ്ട്. അതൊന്നും മറക്കാറായിട്ടില്ല.

ഇപ്പോൾ തുടർച്ചയായി 10 മാസം ഒറ്റത്തവണയായി ശമ്പളം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നൽകുമെന്ന് ഗണേഷ് കുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പു നൽകിയതാണ്. സർക്കാർ ആ വാക്കു പാലിക്കുന്നു എന്നതു നല്ല കാര്യം. ശമ്പളം കോർപ്പറേഷന്‍റെ ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണ്. യഥാസമയം ആ അവകാശം നടപ്പാക്കിക്കൊടുക്കേണ്ടത് സർക്കാരിന്‍റെയും കോർപ്പറേഷന്‍റെയും ഉത്തരവാദിത്വവുമാണ്. എസ്ബിഐയുമായി ചേർന്ന് ജീവനക്കാർക്കായി കോർപ്പറേഷൻ നടപ്പാക്കുന്ന ഇൻഷ്വറൻസ് പദ്ധതി ഏതാനും ദിവസം മുൻപാണു പ്രാബല്യത്തിൽ വന്നത്. 22,000ൽ ഏറെ സ്ഥിരം ജീവനക്കാർക്ക് ഇതിന്‍റെ ആനുകൂല്യത്തിന് അർഹതയുണ്ടാവുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ കൃത്യമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ജീവനക്കാർ ആത്മാർഥമായി പ്രവർത്തിക്കുക കൂടി ചെയ്യുമ്പോഴാണ് കെഎസ്ആർടിസി രക്ഷപെടാനുള്ള വഴികൾ തെളിയുന്നത്. യാത്രക്കാർക്ക് ഏറ്റവും മികച്ച നിലയിൽ സേവനങ്ങൾ നൽകാൻ ജീവനക്കാർക്കു കഴിയണം. അതിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്തി ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വണ്ടിയും ജീവനക്കാരും ഡിപ്പോയും ഓഫിസുകളും എല്ലാമുള്ളത് ജനങ്ങൾക്കു വേണ്ടിയാണ്. ജീവനക്കാർക്കെതിരേ ഉയരുന്ന പരാതികൾ ഗൗരവമായി കണ്ട് പരിശോധന നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കുന്നത് അത്യാവശ്യം തന്നെ.

കെഎസ്ആർടിസി കൺട്രോൾ റൂമിനെതിരേ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ മന്ത്രി ഗണേഷ് കുമാർ അതിൽ ഇടപെട്ട് നടപടി സ്വീകരിച്ചു എന്നതു സ്വാഗതാർഹമാണ്. യാത്രക്കാർക്ക് തങ്ങളുടെ പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമുള്ള സൗകര്യത്തിനാണ് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. എല്ലാ ബസുകളിലും ആ നമ്പർ എഴുതിവച്ചിട്ടുമുണ്ട്. അതു ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ അതിനു കാരണക്കാർ നടപടി നേരിടുക തന്നെ വേണം. യാത്രക്കാരനെന്ന നിലയിൽ മന്ത്രി കൺട്രോൾ റൂമിലേക്കു വിളിച്ചിട്ടും ആരും ഫോൺ എടുത്തില്ല എന്നാണു വാർത്ത. ഫോൺ എടുത്തപ്പോൾ കൃത്യമായ മറുപടിയുമില്ല. യാത്രക്കാരനാണെന്നു ധരിച്ച് മന്ത്രിയോടു ദേഷ്യപ്പെട്ട് പെരുമാറുകയും ചെയ്തു. കൺട്രോൾ റൂമിനു തന്നെ കൺട്രോളില്ലെങ്കിൽ എന്താണവസ്ഥ..! ഫോണെടുക്കാനും വിവരങ്ങൾ ശരിയായി നൽകാനും ചുമതലപ്പെട്ടവർ അതൊന്നും ചെയ്യാതെ ജനങ്ങളെ വലയ്ക്കുകയാണെങ്കിൽ അതെങ്ങനെ നിസാരമായി കാണും? രണ്ടു വനിതകളടക്കം കുറ്റക്കാരായ ഒമ്പതു പേരെയും വിവിധ ഡിപ്പൊകളിലേക്കു സ്ഥലം മാറ്റിയിരിക്കുകയാണ്.

ഇത്തരത്തിലുള്ള പരിശോധനകളും അതിന്മേലുള്ള നടപടികളും കോർപ്പറേഷനിൽ തുടർന്നും ഉണ്ടാവേണ്ടതുണ്ട്. ഉയർന്ന ഉദ്യോഗസ്ഥർ അതിനു തയാറാവണം.

കൺട്രോൾ റൂമിൽ മാത്രമല്ല, കെഎസ്ആർടിസിയുടെ സംവിധാനങ്ങളിലൊന്നും അനാസ്ഥയില്ലെന്ന് ഉറപ്പാക്കണം. എല്ലാവരും അനാസ്ഥ കാണിക്കുന്നു എന്നല്ല. കുറച്ചു പേരെങ്കിലും അങ്ങനെയാണ്. അവർ കോർപ്പറേഷന്‍റെ സേവനം മികച്ച നിലയിലാക്കുന്നതിനു തടസം സൃഷ്ടിക്കുന്നുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ധാരാളം പേരുണ്ട്. അവരുടെ സേവനത്തിന്‍റെ വില കളയുകയാണ് ഉത്തരവാദിത്വബോധം കാണിക്കാത്തവർ. കെഎസ്ആർടിസി ഇപ്പോഴും ദുർഘടയാത്രയിൽ തന്നെയാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് അതു ചലിക്കുന്നത്. എസ്ബിഐയിൽ നിന്ന് ഓവർഡ്രാഫ്റ്റെടുത്ത് ശമ്പളം നൽകുകയും സർക്കാർ സഹായം കിട്ടുമ്പോൾ തിരിച്ചടയ്ക്കുകയുമൊക്കെയാണ് ഇപ്പോൾ ചെയ്യുന്നത്. നഷ്ടക്കണക്കുകൾ ശേഷിക്കുന്നുണ്ട്. ആയിരക്കണക്കിനു കോടി രൂപ സർക്കാർ കെഎസ്ആർടിസിക്കു നൽകിക്കഴിഞ്ഞിട്ടുണ്ട്. അതൊന്നും ആരും മറക്കരുത്.

ഒരു ജനസേവന സ്ഥാപനം എന്ന നിലയ്ക്കു കോർപ്പറേഷൻ നല്ല നിലയിൽ മുന്നോട്ടുപോകണമെങ്കിൽ ജീവനക്കാരുടെ പൂർണ പിന്തുണ അനിവാര്യമാണ്. കഴിയാവുന്നത്ര സേവനം ഉറപ്പാക്കിക്കൊണ്ടാവണം ആ പിന്തുണ. കെഎസ്ആർടിസിയിലേക്കു കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിച്ചുവരുന്നുണ്ട്. പുതിയ ബസുകളും ചലോ ആപ്പുമായി സഹകരിച്ചുള്ള നടപടികളും മറ്റും ഇതിന്‍റെ ഭാഗമാണ്. എല്ലാം വിജയിക്കണമെങ്കിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ ആവശ്യമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com