
മുഴുവൻ ചട്ടങ്ങളും ലംഘിച്ചുകൊണ്ടുള്ള അനധികൃത ബോട്ട് സർവീസ് 22 മനുഷ്യ ജീവനുകൾ കവർന്നത് നാലു ദിവസം മുൻപാണ്. സംസ്ഥാനത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സഞ്ചാരികളെ കുത്തിനിറച്ച് അപകടകരമായ വിധത്തിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത് നൂറു കണക്കിനു ബോട്ടുകളാണെന്നത് നേരത്തേതന്നെ ഈ മേഖലയെക്കുറിച്ച് അറിവുള്ളവർ പറയുന്നതാണ്. വൈകാതെ പത്തിലേറെ പേർ മരിക്കുന്ന ബോട്ടപകടം കേരളത്തിലുണ്ടാവുമെന്ന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി മുന്നറിയിപ്പു നൽകിയത് അടുത്തിടെ. അതിനൊപ്പം അദ്ദേഹം നൽകിയ മറ്റൊരു മുന്നറിയിപ്പാണ് രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയായി ആരോഗ്യ പ്രവർത്തകർ കേരളത്തിൽ മരിക്കുന്ന സംഭവം ഉണ്ടാകുമെന്നത്. മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകർ വീതം കേരളത്തിൽ അക്രമത്തിന് ഇരയാകുമ്പോൾ ഇതുവരെ ഒരു മരണം ഉണ്ടായില്ല എന്നതു ഭാഗ്യം മാത്രമാണെന്നും അദ്ദേഹം ഓർമിപ്പിക്കുകയുണ്ടായി. മുരളി തുമ്മാരുകുടിക്കും മുൻപേ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹുവും ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അധികം താമസിയാതെ കേരളത്തിൽ ആരോഗ്യ പ്രവർത്തകനോ ആരോഗ്യ പ്രവർത്തകയോ കൊല്ലപ്പെടുമെന്നാണ് അദ്ദേഹവും അതിൽ മുന്നറിയിപ്പു നൽകിയിരുന്നത്. അങ്ങനെയൊന്നു സംഭവിച്ചില്ലെങ്കിൽ മാത്രമാണ് അത്ഭുതമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
ബോട്ടുകളുടെ കൈവിട്ട കളി താനൂരിലാണ് മനുഷ്യ ജീവനുകൾ എടുത്തതെങ്കിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണ പരമ്പരയുടെ അവസാനം ജീവൻ നഷ്ടമായത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്. ഡോക്റ്റർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചതിലും രൂക്ഷമായി ഇനിയെങ്ങനെയാണ് ഉത്തരവാദപ്പെട്ടവരെ വിമർശിക്കേണ്ടത്. മയക്കുമരുന്നിന് അടിമയായ, അക്രമാസക്തനായ ഒരാളെ ഒരു ഡോക്റ്ററുടെ മുന്നിലേക്ക് ഇട്ടുകൊടുത്തത് എന്തു ധൈര്യത്തിലായിരുന്നുവെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണ്. ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതു പോലെ ഡോക്റ്ററെയല്ല പ്രതി ആദ്യം ആക്രമിച്ചത്. പ്രതിയുടെ ബന്ധുവിനെയും പൊലീസിനെയും ഒക്കെ ആക്രമിച്ചതിന് ഒടുവിലാണ് ഡോക്റ്റർ ആക്രമിക്കപ്പെടുന്നത്. അത്രയും സമയത്തിനുള്ളിലും അക്രമിയെ കീഴടക്കാൻ പൊലീസിനു കഴിഞ്ഞില്ലെന്നതും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിയുടെ പ്രത്യാക്രമണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസ് എന്ന സംശയത്തിന് അധികൃതർ പറയുന്ന ന്യായങ്ങളൊന്നും തൃപ്തികരമായ ഉത്തരമാവുന്നില്ല.
ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവൻ പണയം വച്ചാണോ ഈ നാട്ടിലെ പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമെന്ന് എന്തുകൊണ്ടാണ് ബന്ധപ്പെട്ടവർ (പുറമേക്കു പറയുന്ന വാക്കുകളിലല്ലാതെ) ഇനിയും തിരിച്ചറിയാത്തത്. ശക്തമായ നടപടി, ഉടൻ പരിഹാരം എന്നൊക്കെ പ്രഖ്യാപിക്കുന്നതല്ലാതെ ഫലപ്രദമായ ഒരു നടപടിയും ഇതുവരെ സർക്കാർ കൈക്കൊണ്ടിട്ടില്ലെന്ന് ഡോക്റ്റർമാരുടെ സംഘടനകൾ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. ഏതാനും മാസം മുൻപ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരുപ്പുകാരും ബന്ധുക്കളും ചേർന്ന് ഡോക്റ്ററെ മർദിച്ച സംഭവത്തിനു പിന്നാലെയായിരുന്നു സ്ഥിതി അതീവ ഗുരുതരമെന്നു കാണിച്ചുകൊണ്ട് ഡോ. സുൾഫിയുടെ കുറിപ്പ്. അന്നും പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഡോക്റ്റർക്കു മർദനമേറ്റതെന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. ആശുപത്രി സംരക്ഷണ നിയമം ശക്തിപ്പെടുത്തുന്നത് അടക്കം നടപടികൾ ഉടനുണ്ടാവുമെന്ന് അന്നും ഡോക്റ്റർമാർക്ക് സർക്കാർ ഉറപ്പു നൽകിയതാണ്. അങ്ങനെ എത്രയെത്ര ഉറപ്പുകൾ ഇതിനകം നൽകിക്കഴിഞ്ഞു.
ഇക്കുറി രോഗിയുടെ ബന്ധുക്കളല്ല, രോഗി തന്നെയാണ് ഡോക്റ്ററെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഒപ്പമുള്ള പൊലീസുകാർക്ക് അതു തടയാനുമായില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ഡിഅഡിക്ഷൻ സെന്ററിൽ നിന്ന് അടുത്തിടെയാണു പുറത്തിറങ്ങിയത് എന്നാണു പറയുന്നത്. സ്ഥിരം പ്രശ്നക്കാരനാണ് ഇയാളെന്ന് അയൽവാസികളും നാട്ടുകാരും പറയുന്നുണ്ട്. അടിപിടി കേസിനെ തുടർന്നാണ് കാലിലേറ്റ മുറിവ് തുന്നിക്കെട്ടുന്നതിന് ആശുപത്രിയിൽ എത്തിച്ചതും. എന്നിട്ടും ആക്രമണകാരിയാണ് ഇയാളെന്ന് പൊലീസ് അറിഞ്ഞില്ല എന്നാണോ? അതോ അറിവുണ്ടായിട്ടും ഡോക്റ്റർക്കരികിൽ എത്തിക്കുമ്പോൾ അവർ അപകടസാധ്യത മുൻകൂട്ടി കാണാതിരുന്നതാണോ?
സംസ്ഥാനത്ത് ലഹരി മരുന്നുകളുടെ ഉപയോഗം എന്തെന്തു വിനകളാണ് ഓരോ ദിവസവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥികളും യുവാക്കളും അടക്കമുള്ളവർ ലഹരിയുടെ സ്വാധീനത്തിൽ അകപ്പെടാതെ സംരക്ഷിക്കാൻ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ലഹരിക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുന്നുവെന്നും അവകാശപ്പെടുന്നുണ്ട്. അതിനിടയിലും ലഹരി ഉപയോഗം മൂലമുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നു. കുട്ടികൾക്കു വഴികാട്ടേണ്ട അധ്യാപകൻ ലഹരി ഉപയോഗിച്ച് അക്രമാസക്തനാവുന്നു. ലഹരി ഉപയോഗിച്ച് ചികിത്സയ്ക്കെത്തുന്നവരെ, പ്രത്യേകിച്ച് രാത്രിയിൽ, ഡോക്റ്റർമാർ അടക്കം ആരോഗ്യ പ്രവർത്തകർ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യുമെന്നത് വളരെ ഗൗരവത്തിൽ ആലോചിക്കേണ്ട വിഷയമാണ്. സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്ക് പലകുറി നൽകിയ ഉറപ്പുകൾ ഇനിയെങ്കിലും പാലിക്കാൻ സർക്കാർ തയാറാവുകയും വേണം.