

വിമാനക്കമ്പനികളുടെ ഉത്സവ സീസൺ കൊള്ള
ഉത്സവ സീസണുകളിൽ ടിക്കറ്റ് ചാർജ് കുത്തനെ വർധിപ്പിച്ചു യാത്രക്കാരെ കൊള്ളയടിക്കുന്ന പതിവ് രാജ്യത്തെ വിമാനക്കമ്പനികൾ ഇത്തവണയും തുടരുകയാണ്. ദീപാവലി ആഘോഷത്തിനു സ്വന്തം വീട്ടിലെത്താൻ വിമാന സർവീസുകളെ ആശ്രയിക്കുന്നവർ കൊള്ളനിരക്കു കൊടുക്കേണ്ട അവസ്ഥയാണ്. പ്രത്യേകിച്ച് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളാണ് കുത്തനെ ഉയർത്തിയിരിക്കുന്നത്. അതിനാൽ തന്നെ അന്താരാഷ്ട്ര യാത്രകളെക്കാൾ ചെലവേറിയതായി ചില ആഭ്യന്തര റൂട്ടുകൾ മാറിയിട്ടുണ്ട്. അഞ്ചും ആറും മടങ്ങു വില വർധനയാണു യാത്രക്കാർ നേരിടേണ്ടിവരുന്നത്. ഏതു നിലയ്ക്കു നോക്കിയാലും ഇതു ചൂഷണം തന്നെയാണ്.
ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ക്രിസ്മസ്, പുതുവത്സര ആഘോഷക്കാലമായി. അതും വിമാനക്കമ്പനികൾക്കു യാത്രക്കാരെ ചൂഷണം ചെയ്യാനുള്ള അവസരമാണ്. അതായതു വരും ദിവസങ്ങളിലൊന്നും ന്യായമായ നിലയ്ക്ക് വിമാന ടിക്കറ്റ് കിട്ടാൻ സാധ്യതയില്ല എന്നർഥം. ആഭ്യന്തര വിമാനയാത്ര ഇന്നു വളരെയേറെ പ്രാധാന്യമുള്ളതാണ്. സമയത്തിനു വിലയേറിയ കാലമാണിത്. രണ്ടും മൂന്നും അതിലേറെയും ദിവസം യാത്ര ചെയ്തു സമയം നഷ്ടപ്പെടുത്താനില്ലാത്ത നിരവധിയാളുകളുണ്ട്. അവർക്കൊക്കെ ആശ്രയം വിമാന സർവീസുകളാണ്. പ്രത്യേകിച്ച് ആഘോഷക്കാലത്തു നാട്ടിലെത്താൻ അതിയായി മോഹിക്കുന്നവരുടെ പോക്കറ്റടിക്കുന്ന ഏർപ്പാട് ഒട്ടും നന്നല്ല. സാധാരണക്കാരുടെ ബജറ്റിനെ തകിടം മറിക്കുകയാണ് ഇത്തരം അധികച്ചെലവുകൾ. ഇത്തരത്തിൽ ടിക്കറ്റ് നിരക്ക് ഉയർത്താൻ അനുവദിക്കാതെ നിരക്കിന് ഒരു പരിധി നിശ്ചയിക്കാൻ സർക്കാർ ഭാഗത്തുനിന്നു ശ്രമമുണ്ടാവേണ്ടതാണ്. അവശ്യ സേവന മേഖലയായി വിമാന സർവീസിനെ കാണേണ്ടതുണ്ട്. അതിസമ്പന്നർക്കു വേണ്ടി മാത്രമുള്ളതല്ല വിമാന സർവീസ് എന്നു കമ്പനികളും സർക്കാരും തിരിച്ചറിയേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ വന്ന ഒരു ഹർജിയിൽ ചൂണ്ടിക്കാണിച്ചതനുസരിച്ച് സാധാരണ നിലയിൽ പതിനായിരം രൂപയുള്ള ടിക്കറ്റിന് 78,694 രൂപ വരെ വിമാനക്കമ്പനികൾ ഈടാക്കുന്നുണ്ട്. ഇന്ധന വില വർധനയുടെ പേരു പറഞ്ഞുള്ള അന്യായക്കൊള്ളയെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. ഒരേ റൂട്ടിൽ ഒരേ ദിവസം സർവീസ് നടത്തുന്ന വിമാനങ്ങൾക്കു വളരെയധികം വ്യത്യസ്തമായ നിരക്ക് ഈടാക്കുന്നതും പരാതിയായി ഉയരുന്നുണ്ട്. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും രാജ്യത്തെ പല നഗരങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കിൽ അഞ്ചും ആറും മടങ്ങ് വർധനയുണ്ട്. മുംബൈ- ഡൽഹി റൂട്ടിൽ വലിയ ചാർജാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഉത്സവ സീസണിൽ വിനോദ സഞ്ചാരം ലക്ഷ്യമാക്കിയുള്ള വിമാനയാത്രകൾക്കും താങ്ങാനാവാത്ത നിരക്ക് നൽകേണ്ടിവരുകയാണ്.
വിമാനക്കമ്പനികളുടെ തോന്നുംപടി വില കൂട്ടൽ നടപടിയുടെ ദോഷം തുടർച്ചയായി അനുഭവിക്കുന്നവരാണു മലയാളികൾ. ഓണം വന്നാലും വിഷു വന്നാലും ക്രിസ്മസ് വന്നാലും എന്താഘോഷം വന്നാലും അവധിക്കാലം വന്നാലും കേരളത്തിലേക്കുള്ള വിമാനച്ചാർജ് കുത്തനെ കൂട്ടുന്നതു പതിവാണ്. പ്രത്യേകിച്ച് പ്രവാസി മലയാളികളെ ആഘോഷക്കാലത്തു കൊള്ളയടിക്കാൻ പ്രത്യേക മിടുക്കു തന്നെ വിമാനക്കമ്പനികൾക്കുണ്ട്. കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കണമെന്നു സംസ്ഥാനം ഓരോ സീസണിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെടാറുള്ളതാണ്. ഡൈനമിക് പ്രൈസിങ് രീതിയാണുള്ളതെന്നും അതിൽ ഇടപെടാൻ കഴിയില്ലെന്നുമാണു കേന്ദ്രം നിലപാട് സ്വീകരിക്കുക പതിവ്. സാധാരണക്കാർക്ക് അത്യാവശ്യ സമയങ്ങളിൽ വിലക്കയറ്റം അനുഭവിക്കേണ്ടിവരുന്ന സംവിധാനം തന്നെയാണു ഡൈനമിക് പ്രൈസിങ് രീതി. വിപണിയിലെ ഡിമാൻഡിനെ അടിസ്ഥാനമാക്കി വില നിശ്ചയിക്കുന്നതാണ് ഈ രീതി. ഡിമാൻഡ് കൂടുന്ന അവസരങ്ങളിൽ മുഴുവൻ വിമാനക്കമ്പനികളും ഒന്നിച്ച് യാത്രക്കാരെ ചൂഷണം ചെയ്യാൻ ഇറങ്ങുകയാണു ചെയ്യുന്നത്.
രാജ്യത്തെ വിമാന സർവീസുകൾ മൊത്തം സ്വകാര്യ മേഖലയിലാണ്. പൊതുമേഖലയിൽ ഉണ്ടായിരുന്ന എയർ ഇന്ത്യയെയും സർക്കാർ കൈവിട്ടുകളഞ്ഞു. ഇതിനൊപ്പമാണ് സ്വകാര്യ കമ്പനികളുടെ ലാഭമെടുപ്പ് അവസരം ഇടപെടലുകൾ ഒഴിവാക്കി അനുവദിക്കുന്നത്. എന്തായാലും പുതിയ വ്യോമയാന ചട്ടങ്ങൾ ജനുവരിയിൽ നിലവിൽ വരുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ നിരക്കുകളിലും മറ്റും ഇടപെടാനുള്ള അധികാരം ഇതുപ്രകാരം കേന്ദ്ര സർക്കാരിനുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ പൊതുതാത്പര്യം മുൻനിർത്തി കേന്ദ്ര സർക്കാരിന് ഇടപെടാം എന്നാണു പറയുന്നത്. ഉത്സവ സീസണുകളിൽ ഇപ്പോൾ കാണുന്ന കഴുത്തറപ്പൻ സമീപനം ഇടപെടാനുള്ള സാഹചര്യമായി കേന്ദ്ര സർക്കാർ കാണുമോ എന്നതാണു വിഷയം. പുതിയ ചട്ടം നിലവിൽ വന്നാലും സാധാരണ സാഹചര്യങ്ങളിൽ വിമാനക്കമ്പനികൾക്കു സ്വന്തമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയും. മത്സര സാധ്യതകൾ കണക്കിലെടുത്ത് നിരക്കു നിശ്ചയിക്കുന്ന രീതി തുടരും. എന്നാൽ, ടിക്കറ്റ് നിരക്കുകൾ, ക്യാൻസലേഷൻ ചാർജുകൾ, റീഫണ്ട് വ്യവസ്ഥകൾ തുടങ്ങിയവ ബുക്കിങ് അവസരത്തിൽ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. വിമാനക്കമ്പനികളുടെ നിരക്കുകൾ ഡിജിസിഎ കൃത്യമായി നിരീക്ഷിക്കുമെന്നു പറയുന്നുണ്ടെങ്കിലും കൊള്ളയിൽ ഇടപെടുമോ എന്നതാണ് അറിയാനുള്ളത്.