

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാകട്ടെ
file photo
കേരളത്തെയൊന്നാകെ നടുക്കിയ സംഭവമായിരുന്നു ഡോക്റ്റർ വന്ദന ദാസിന്‍റെ കൊലപാതകം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദന ദാസ് 2023 മേയ് 10നു പുലർച്ചെ ഡ്യൂട്ടിക്കിടെയാണ് അക്രമിയുടെ കുത്തേറ്റുമരിക്കുന്നത്. ചികിത്സയ്ക്കായി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപ് ആശുപത്രിയിൽ വച്ച് അക്രമാസക്തനാവുകയായിരുന്നു. പൊലീസ് ഓഫിസർക്കും ആംബുലൻസ് ഡ്രൈവർക്കും അടക്കം പലർക്കും പ്രതിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചാണ് വന്ദന ദാസിനെ പ്രതി കുത്തിക്കൊലപ്പെടുത്തുന്നത്. ഡ്യൂട്ടിയിലുള്ള ഡോക്റ്ററെ കൊലപ്പെടുത്തിയ സംഭവം എന്ന നിലയിൽ ഏറെ ജനശ്രദ്ധ നേടിയ 'ഈ കേസിൽ പ്രതിക്കു കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രതിക്കു വധശിക്ഷ നൽകണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം അല്ലെന്നു കണ്ടെത്തിയാണു കോടതി ജീവപര്യന്തം വിധിച്ചത്. ശിക്ഷ വർധിപ്പിക്കുന്നതിനു ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
വലിയ പ്രതീക്ഷകളോടെ ആതുരസേവന രംഗത്തേക്കു കടന്നുവന്ന് അർപ്പണബോധത്തോടെ സേവനമനുഷ്ഠിച്ചിരുന്ന ഒരു ഡോക്റ്ററുടെ ജീവനെടുത്ത അക്രമി തനിക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കി. എന്തായാലും പ്രതിക്ക് അർഹിച്ച ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷനു കഴിയുന്നത് സമൂഹത്തിന് അത്രയും ആശ്വാസം നൽകും. ആരോഗ്യ പ്രവർത്തകർ ആശുപത്രികളിൽ ആക്രമിക്കപ്പെടുന്നതിനെതിരേ ശക്തമായ നടപടികൾ വേണമെന്ന ആവശ്യം ഉയർന്നുകൊണ്ടിരുന്ന സമയത്തായിരുന്നു വന്ദന ദാസ് അതിക്രൂരമായി കൊല്ലപ്പെടുന്നത്.
സംസ്ഥാനത്ത് ഒരാശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്റ്റർ കൊല്ലപ്പെട്ട ആദ്യ സംഭവം ആരോഗ്യ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമായി. അതോടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയുമുണ്ടായി. മികച്ച ചികിത്സയും പരിചരണവും ലഭിക്കുവാൻ ആരോഗ്യ സ്ഥാപനങ്ങളിൽ സമാധാനപൂർണമായ അന്തരീക്ഷം അത്യാവശ്യമെന്നു തിരിച്ചറിഞ്ഞായിരുന്നു ഈ നിയമഭേദഗതി. ഇതു പ്രകാരം കൂടുതൽ വിഭാഗങ്ങൾ ആരോഗ്യപ്രവർത്തകർ എന്ന പരിഗണനയിൽ ഉൾപ്പെട്ടു. ആരോഗ്യപ്രവർത്തകർക്കു നേരേയുള്ള ആക്രമണങ്ങൾക്കു ശിക്ഷ വർധിപ്പിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകനു നേരേയുള്ള ആക്രമണങ്ങൾക്കു പരമാവധി ഏഴു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന വിധത്തിൽ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചു. സർക്കാർ ആശുപത്രികളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കപ്പെട്ടതാണ്.
എന്നാൽ, അതിനു ശേഷവും സർക്കാർ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ആശുപത്രി സൂപ്രണ്ടിന്‍റെ മുറിയിലേക്ക് കൊടുവാളുമായി പ്രതി അനായാസം കയറിച്ചെന്ന് ഡോക്റ്ററെ ആക്രമിച്ച സംഭവം വരെയുണ്ടായി. ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം എത്രത്തോളം നടപ്പായെന്നു പരിശോധിക്കണമെന്ന് കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം കൂടുതൽ ശക്തമാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) ആവശ്യപ്പെടുന്നു. പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കുക, പ്രധാന ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, ആറു മാസം കൂടുമ്പോൾ സുരക്ഷാ ഓഡിറ്റ് നടത്തുക തുടങ്ങിയ നിർദേശങ്ങൾ കെജിഎംഒഎ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്റ്റർമാർ അടക്കം മുഴുവൻ ആളുകൾക്കും ഭയമില്ലാതെ ജോലിചെയ്യാനുള്ള അവസരം ഒരുക്കുന്നതു രോഗികൾക്കു ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്താൻ അത്യാവശ്യമാണ്.
ആവശ്യത്തിനു പൊലീസ് കാവലോ മറ്റു സുരക്ഷാ ജീവനക്കാരോ നിരീക്ഷണ ക്യാമറ സംവിധാനമോ ഇല്ലാത്ത ആശുപത്രികൾ കേരളത്തിലുണ്ടാവരുത്. എല്ലാ ആശുപത്രികളിലും ആരോഗ്യ പ്രവർത്തകർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ ഇനിയും വൈകിക്കൂടാ. അതല്ലെങ്കിൽ നമ്മുടെ ആരോഗ്യ മേഖലയെ തന്നെ അതു ബാധിക്കും. ചികിത്സ തൃപ്തികരമായി തോന്നിയില്ല എന്ന പേരിൽ ഡോക്റ്റർമാർ ആക്രമിക്കപ്പെട്ടാൽ എന്തു ധൈര്യത്തിലാണ് അവർ രോഗികളെ ചികിത്സിക്കുക. രോഗിയുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിനു സാധ്യതയുണ്ടെന്നു വന്നാൽ തന്‍റെ സുരക്ഷ ഉറപ്പാക്കുന്ന ചികിത്സയേ ഡോക്റ്റർ നടത്തി എന്നുവരൂ.
അടിയന്തര സാഹചര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ പോലും ഒരു സ്വയം പ്രതിരോധം ഡോക്റ്ററുടെ മനസിലുണ്ടായാൽ അതു രോഗിക്കു ഗുണകരമാവില്ല. ഓരോ ദിവസവും ആയിരക്കണക്കിനു പാവപ്പെട്ട രോഗികളാണു സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. അവർക്കുവേണ്ട ചികിത്സ ഉറപ്പുവരുത്തുന്ന ആരോഗ്യ പ്രവർത്തകർ നാടിനു ചെയ്യുന്ന സംഭാവനകൾ എത്ര വലുതാണെന്ന തിരിച്ചറിവിൽ നിന്നുവേണം അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടത്.