ഫുട്ബോളിന്‍റെ നെറുകയിൽ സ്പാനിഷ് യുവനിര

ലോക ഫുട്ബോളിലെ സൂപ്പർ ഹീറോ, അർജന്‍റീനയുടെ നായകൻ ലയണൽ മെസി കണ്ണീരോടെയാണു കളിക്കളം വിട്ടത്
Spanish teenage superstar Lamine Yamal

സ്പാനിഷ് കൗമാര സൂപ്പർ താരം ലാമിൻ യമാൽ

Updated on

യൂറോപ്യൻ ചാംപ്യൻമാരായ സ്പെയ്ൻ ലോക ഫുട്ബോളിലെ രാജാക്കന്മാരായി അവരോധിക്കപ്പെട്ടിരിക്കുന്നു. അമെരിക്കയിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അവർ സൗത്ത് അമെരിക്കൻ ചാംപ്യൻമാരായ അർജന്‍റീനയെ പരാജയപ്പെടുത്തിയത് അധിക സമയത്തെ ഏക ഗോളിനാണ്. നിലവിലുള്ള ലോക ചാംപ്യൻമാർ കൂടിയായിരുന്ന അർജന്‍റീനയ്ക്ക് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ കഴിയാതെ പോയി എന്നതാണു ലക്ഷക്കണക്കിനു വരുന്ന അവരുടെ ആരാധകരെ നിരാശപ്പെടുത്തുന്നത്.

ലോക ഫുട്ബോളിലെ സൂപ്പർ ഹീറോ, അർജന്‍റീനയുടെ നായകൻ ലയണൽ മെസി കണ്ണീരോടെയാണു കളിക്കളം വിട്ടത്. 2010ലാണ് ഇതിനു മുൻപ് സ്പെയ്ൻ ലോകകപ്പ് ജേതാക്കളായിട്ടുള്ളത്. ഫൈനലിൽ കടന്ന രണ്ടു വട്ടവും കപ്പ് സ്വന്തമാക്കി എന്നതു സ്പെയ്നിന്‍റെ നേട്ടമാണ്.

ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കേപ് വെർദെയോട് ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾരഹിത സമനില പിടിച്ചു തുടങ്ങിയ സ്പെയ്ൻ പിന്നീട് ആത്മവിശ്വാസം ഒന്നിനൊന്നു വർധിപ്പിച്ചാണ് ഓരോ ഘട്ടവും പിന്നിട്ടത്. എട്ടു മത്സരങ്ങളിൽ ഒരേയൊരു ഗോൾ മാത്രമാണ് സ്പെയ്ൻ വഴങ്ങിയത്. പന്തു ചോരാത്ത അവരുടെ പ്രതിരോധവും എതിരാളികളെ വശം കെടുത്തിയ പാസിങ് ഗെയിമും ഫുട്ബോൾ പ്രേമികളെയൊന്നാകെ ആകർഷിച്ചതാണ്.

ഗ്രൂപ്പ് മത്സരങ്ങളിൽ നാലു ഗോളിന് സൗദി അറേബ്യയെ തകർത്ത അവർ ഏക ഗോളിനാണ് ഉറൂഗ്വേയെ മറികടന്നത്. നോക്കൗട്ടിൽ എതിരില്ലാത്ത മൂന്നു ഗോളിന് ഓസ്ട്രിയയെ കീഴടക്കി പ്രീ ക്വാർട്ടറിൽ എത്തി. പോർച്ചുഗലിനെ ഒരേയൊരു ഗോളിനു മറികടന്ന് ക്വാർട്ടറിലും ബെൽജിയത്തെ 2-1നു തോൽപ്പിച്ച് സെമിയിലും കടന്നു. ഏതു പ്രതിരോധത്തെയും വിറപ്പിക്കാനുള്ള കരുത്തുണ്ടെന്ന് അഭിമാനിച്ചിരുന്ന ഫ്രാൻസിനെ സെമിയിൽ അവർ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്.

സ്വയം പ്രതിരോധക്കോട്ട തീർക്കുകയും ഫ്രഞ്ച് പ്രതിരോധം തകർക്കുകയും ചെയ്ത സ്പാനിഷ് പട അർജന്‍റീനയ്ക്കു ഫൈനലിൽ വെല്ലുവിളിയാവുമെന്ന് ഉറപ്പായിരുന്നു. അപ്പോഴും അർജന്‍റീനയല്ലേ, മെസിയല്ലേ എന്ന പ്രതീക്ഷയാണ് അവരുടെ ആരാധകർ വച്ചുപുലർത്തിയത്. തോൽവി മുന്നിൽ കാണുമ്പോഴും പൊരുതിക്കളിച്ചു തിരിച്ചുവരാൻ ശേഷിയുണ്ടെന്നു തെളിയിച്ച ടീം കൂടിയായിരുന്നല്ലോ അർജന്‍റീനയുടേത്.

പുറകിലായ ശേഷം അവസാന നിമിഷങ്ങളിൽ പൊരുതിക്കയറി പ്രീ ക്വാർട്ടറിൽ ഈജിപ്തിനെയും സെമിയിൽ ഇംഗ്ലണ്ടിനെയും കീഴടക്കിയ അർജന്‍റീന ഏതു സാഹചര്യത്തിലും തിരിച്ചുവരാൻ ശേഷിയുണ്ടെന്നു തെളിയിച്ചതാണ്. പക്ഷേ, സ്പെയ്നു മുന്നിൽ ഒന്നും നടന്നില്ല. മത്സരത്തിലുടനീളം പ്രതിരോധത്തിലായിരുന്ന അർജന്‍റീന അധിക സമയത്തിന്‍റെ അവസാനം ഗോളിനു വേണ്ടി ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

തുടർച്ചയായ സ്പാനിഷ് റെയ്ഡുകൾക്കിടയിലും പതറാതെ നിന്ന അർജന്‍റൈൻ ഗോളി എമിലിയാനോ മാർട്ടിനസിന്‍റെ തകർപ്പൻ സേവുകൾ ഇല്ലായിരുന്നുവെങ്കിൽ തോൽവിയുടെ ഭാരം ഇതിന്‍റെ പല മടങ്ങാവുമായിരുന്നു. അധിക സമയത്തെ ഫെറാൻ ടോറസിന്‍റെ ഏക ഗോൾ കൊണ്ടു മാത്രമല്ല സ്പെയ്നെ അളക്കേണ്ടത്.

മത്സരത്തിലുടനീളം അവർ പുലർത്തിയ ആധിപത്യം സ്പാനിഷ് ആരാധകർക്കു സംതൃപ്തിയേകുന്നതാണ്. സ്പെയ്നിന്‍റെ ഈ പുതുനിര ലോക ഫുട്ബോളിൽ ഇനിയും നിരവധിയായ അത്ഭുതങ്ങൾ കാഴ്ചവയ്ക്കാൻ പോന്നവരാണ്. ലോകത്തെ ഏറ്റവും മികച്ച യുവനിരയുണ്ടെന്ന് അവർക്ക് അഭിമാനിക്കാം. ലോകകപ്പിലെ എണ്ണപ്പെടുന്ന താരങ്ങളായി മാറിയ ലാമിൻ യമാലിനും പൗ കുബാർസിക്കും 19 വയസ് മാത്രമാണു പ്രായം എന്നോർക്കുക.

ഇതാദ്യമായി 48 ടീമുകൾ അണിനിരന്ന പോരാട്ടമായിരുന്നു ഇത്തവണ ലോകകപ്പിലുണ്ടായത്. മൂന്നു രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. അമെരിക്കയ്ക്കു പുറമേ ക്യാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ലോക മാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്. ആകെയുള്ള 104 മത്സരങ്ങളിൽ എഴുപത്തെട്ടും അമെരിക്കയിലായിരുന്നു.മെക്സിക്കോയിലും ക്യാനഡയിലും 13 മത്സരങ്ങൾ വീതം. 16 നഗരങ്ങളാണു മത്സരങ്ങൾക്കു വേദിയൊരുക്കിയത്. ഒരു മാസക്കാലം നീണ്ട ഫുട്ബോൾ മാമാങ്കത്തിന്‍റെ ആവേശം കേരളത്തിലും അങ്ങോളമിങ്ങോളം അലയടിച്ചിരുന്നു.

അർജന്‍റീനയ്ക്കും ബ്രസീലിനും ഫ്രാൻസിനും സ്പെയ്‌നുമൊക്കെ വേണ്ടി വാദിച്ചവരും കട്ടൗട്ടുകളും ഫ്ലക്സുകളും വച്ചവരും ആർപ്പുവിളിച്ചവരും കേരളത്തിലുമുണ്ട്. പല പക്ഷത്തായിരുന്ന ആരാധകർ എല്ലാം നോക്കിക്കണ്ടത് പല കണ്ണിലൂടെയായിരുന്നു. എന്നാൽ, അതിന്‍റെയൊക്കെ പൊതുസ്വഭാവം സ്പോർട്സിനോടുള്ള ആവേശമാണ്. ഫുട്ബോളിനോടുള്ള താത്പര്യമാണ്. എന്തായാലും ലോകകപ്പ് കഴിഞ്ഞു. ജയിച്ചതും തോറ്റതും ഫുട്ബോൾ തന്നെയാണ്. മത്സരക്കാലത്തെ വെല്ലുവിളികളും തർക്കങ്ങളും വാദങ്ങളും എല്ലാം അവിടംകൊണ്ട് അവസാനിക്കുന്നവയാണ്. സ്പോർട്സ്മാൻ സ്പിരിറ്റോടെ അതെല്ലാം ഉൾക്കൊള്ളാനാവണം. ശത്രുതയുണ്ടാക്കുകയല്ല സ്പോർട്സിന്‍റെ ലക്ഷ്യം. എല്ലാ അതിർവരമ്പുകളും മറികടന്ന് ഒരൊറ്റ വികാരമായി ആളുകളെ ഒന്നിപ്പിക്കുന്നതാണല്ലോ ഫുട്ബോൾ.

logo
Metro Vaartha
www.metrovaartha.com