പുതുയുഗ കേരളം ലക്ഷ്യമിടുന്ന നയപ്രഖ്യാപനം

നയപ്രഖ്യാപനം ഉറപ്പുനൽകുന്നതിൽ വിശ്വസിച്ചാണ് ഇനി ഈ നാട് മുന്നോട്ടുപോകുക.
Governor Rajendra Vishwanath Arlekar delivers the first policy speech of the UDF government

യുഡിഎഫ് സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

Updated on

യുഡിഎഫ് സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്‍റെ തുടക്കത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വായിച്ചത് തികച്ചും ശാന്തമായ അന്തരീക്ഷത്തിലായിരുന്നു. വന്ദേമാതരം പൂർണമായി ആലപിക്കാത്തതുമായി ബന്ധപ്പെട്ട് പിന്നീടു വിവാദമുയർന്നെങ്കിലും സഭയ്ക്കകത്ത് ഇക്കാര്യത്തിൽ വിഷയങ്ങളൊന്നുമുണ്ടായില്ല. എൽഡിഎഫ് സർക്കാരിന്‍റെ കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗങ്ങളിൽ സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുന്നതിനു കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നു എന്നായിരുന്നു പിണറായി വിജയൻ സർക്കാർ നിരന്തരം ആരോപിച്ചിരുന്നതും. എന്നാൽ, വി.ഡി. സതീശന്‍റെ സർക്കാർ തുടക്കത്തിൽ തന്നെ കേന്ദ്ര സർക്കാരിനെതിരേ തിരിയുന്നില്ല എന്നതു ശ്രദ്ധേയമാണ്.

കേന്ദ്രവുമായി സഹകരിച്ചു മുന്നോട്ടുപോകാനുള്ള ശ്രമം ഉണ്ടാകുന്നത് എന്തായാലും നല്ല കാര്യമാണ്. സഹകരണ ഫെഡറലിസത്തിലും കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മകമായ ഇടപെടലുകളിലും സർക്കാർ ഉറച്ചു വിശ്വസിക്കുന്നു എന്നാണു നയപ്രഖ്യാപനത്തിൽ പറയുന്നത്. കേന്ദ്ര- സംസ്ഥാന ബന്ധത്തിൽ നല്ലൊരു മാറ്റം കാണാൻ കഴിഞ്ഞാൽ അതു പൊതുവേ സ്വാഗതം ചെയ്യപ്പെടും. രാഷ്ട്രീയം മാറ്റിവച്ച് വികസന കാര്യങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുക എന്നതാണല്ലോ നാടിനു ഗുണകരമാവുക. ഒറ്റയ്ക്കു പ്രവർത്തിക്കുന്നതിനെക്കാൾ ഒരുമിച്ചു പ്രവർത്തിക്കുകയാണു നല്ലത് എന്ന ജവഹർലാൽ നെഹ്റുവിന്‍റെ വാക്കുകൾ നയപ്രഖ്യാപന പ്രസംഗം ഉദ്ധരിക്കുന്നുണ്ടല്ലോ.

പുതിയ സംസ്ഥാന സർക്കാരിനെ ഞെരുക്കാതിരിക്കാൻ കേന്ദ്രവും കേന്ദ്രത്തിൽ പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിയാതിരിക്കാൻ സംസ്ഥാനവും തയാറാവേണ്ടതുണ്ട്. കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ടില്ല എന്നതു കൊണ്ടു തന്നെയാവണം പ്രസംഗത്തിൽ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുകൾ ഗവർണർക്കു പ്രകടിപ്പിക്കേണ്ടതായും വന്നില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ അവസാന നയപ്രഖ്യാപന പ്രസംഗം വലിയ വിവാദമായി മാറിയത് ഈ സാഹചര്യത്തിൽ ഓർക്കാവുന്നതാണ്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചില ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലും നടത്തുകയായിരുന്നു. കേന്ദ്ര സർക്കാർ നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ധനകാര്യ ഫെഡറലിസത്തിന്‍റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ഇതുവഴി കേന്ദ്രമെന്നും കുറ്റപ്പെടുത്തുന്ന വാചകം ഗവർണർ ഒഴിവാക്കി. മന്ത്രിസഭ അംഗീകരിച്ച ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുന്നതും ഇതുമായി ബന്ധപ്പെട്ടു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതും കോടതി അവ ഭരണഘടനാ ബെഞ്ചിനു റഫര്‍ ചെയ്തിരിക്കുന്നതും പരാമർശിക്കുന്ന ഭാഗവും ഒഴിവാക്കി. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം തന്നെയാണ് ഔദ്യോഗികമായി നിയമസഭയും അംഗീകരിക്കുകയെന്ന് അന്നത്തെ സ്പീക്കർ വ്യക്തമാക്കുകയുണ്ടായി. എന്തായാലും അ‍ത്തരം വിഷയങ്ങൾക്കൊന്നും ഇത്തവണ സാധ്യതയുണ്ടായില്ല.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കുമെന്നു നയപ്രഖ്യാപന പ്രസംഗത്തിലും സർക്കാർ ആവർത്തിക്കുന്നുണ്ട്. ഖജനാവിന്‍റെ യഥാർഥ സ്ഥിതി ജനങ്ങൾ അറിയുന്നത് എന്തായാലും നല്ലതാണ്. ദരിദ്രർക്കും നിരാലംബർക്കും വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്ന പ്രഖ്യാപനവും പ്രയോഗത്തിൽ വരേണ്ടതാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു നൽകിയ പ്രധാന വാഗ്ദാനമാണ് ഇന്ദിരാ ഗ്യാരന്‍റികൾ. അതു നടപ്പാക്കും എന്ന പ്രഖ്യാപനം പ്രതീക്ഷിച്ചതു തന്നെയാണ്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര, കോളെജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ വീതം വിദ്യാഭ്യാസ സഹായം, പ്രതിമാസം 3000 രൂപ വീതം ക്ഷേമപെൻഷൻ, ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്, സംരംഭകരാകാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ പലിശരഹിത വായ്പ എന്നിവയൊക്കെ ഇതിന്‍റെ ഭാഗമാണ്. വയോജനങ്ങളുടെ ക്ഷേമത്തിനു പ്രത്യേക വകുപ്പ് രാജ്യത്തു തന്നെ ആദ്യമായി സ്ഥാപിക്കുന്നതു കേരളത്തിലാണ്.

സംയോജിത തുറമുഖ കേന്ദ്രം, ഏവിയേഷൻ ഹബ്ബ് എന്ന നിലയിലൊക്കെ കേരളത്തെ മാറ്റുമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്. ഈ വാഗ്ദാനങ്ങൾ നടപ്പായാൽ അതു കേരളത്തിന്‍റെ വളർച്ചയ്ക്കു പ്രധാന പങ്കുവഹിക്കുമെന്നതിൽ സംശയമില്ല. മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ശക്തമായ നടപടി എന്ന വാഗ്ദാനവും പാലിക്കപ്പെടേണ്ടതാണ്. വളർന്നു വരുന്ന തലമുറകളെ മയക്കുമരുന്നിൽ നിന്നു രക്ഷിക്കേണ്ടത് നാടിന്‍റെ ആവശ്യമാണല്ലോ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ചും നയപ്രഖ്യാപന പ്രസംഗം പറയുന്നുണ്ട്. മലയോരങ്ങളോടു ചേർന്നു താമസിക്കുന്ന ലക്ഷക്ക‍ണക്കിനാളുകൾ ഈ നടപടികളിൽ പ്രതീക്ഷ വയ്ക്കുന്നു. സമീപകാലത്ത് എത്രയോ ആളുകളാണ് നാട്ടിലിറങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായത്.

സ്കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ മൂന്നു ദിവസം വരെ ആർത്തവ അവധി പ്രഖ്യാപിച്ചതോടൊപ്പം പഠനത്തിൽ അവർ പിന്നിലാവാതിരിക്കാൻ വാരാന്ത്യത്തിൽ "ക്യാച്ച് അപ്' ക്ലാസുകൾ കൂടി ഏർപ്പെടുത്തുന്നതു ശ്രദ്ധേയമാണ്. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ആറു മാസത്തെ പ്രസവാവധി അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഓരോ വീട്ടിലും വികസനമെത്തുന്ന, ഓരോ യുവജനത്തിനും അവസരം ലഭ്യമാകുന്ന, ഭരണം സുതാര്യവും മാനുഷികവുമാകുന്ന പുതുയുഗ കേരളത്തിലേക്കുള്ള യാത്ര നയപ്രഖ്യാപനം ഉറപ്പുനൽകുന്നതിൽ വിശ്വസിച്ചാണ് ഇനി ഈ നാട് മുന്നോട്ടുപോകുക.

logo
Metro Vaartha
www.metrovaartha.com