ജൂൺ 1 മുതൽ സ്കൂളുകളിൽ ആധാർ ക്യാംപെയ്ൻ

സ്കോളർഷിപ്പുകൾ, അഡ്മിഷനുകൾ, നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകൾ, പാസ്‌പോർട്ട് തുടങ്ങി വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് പുതുക്കിയ ആധാർ അനിവാര്യം
Aadhaar campaign in Kerala schools

കുട്ടികളുടെ ആധാർ അപ്ഡേഷൻ ഉറപ്പാക്കാൻ ക്യാംപെയ്ൻ.

Updated on

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കെല്ലാം ബയോമെട്രിക് വിവരങ്ങളും ആവശ്യമായ സ്ഥലങ്ങളിൽ ഡെമോഗ്രാഫിക് (ജനസംഖ്യാ) വിവരങ്ങളും ഉൾപ്പെടുന്ന പുതുക്കിയ ആധാർ ഉണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2026 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ എല്ലാ സ്കൂളുകളിലും പ്രത്യേക ആധാർ എൻറോൾമെന്‍റ് - അപ്ഡേഷൻ ക്യാംപെയിൻ നടത്തും.

കുട്ടികളുടെ ആധാർ വിവരങ്ങൾ കൃത്യസമയത്ത് പുതുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യമിടുന്നത്. സ്കോളർഷിപ്പുകൾ, അഡ്മിഷനുകൾ, നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകൾക്ക് ഹാജരാകുക, പാസ്‌പോർട്ടിന് അപേക്ഷിക്കുക തുടങ്ങി വിവിധ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് പുതുക്കിയ ആധാർ അത്യാവശ്യമാണ്.

'ഒരു മേഖല - ഒരു ദൗത്യം: എല്ലാവർക്കും പുതുക്കിയ ആധാർ' എന്ന പദ്ധതിയുടെ ഭാഗമായി ആധാർ എൻറോൾമെന്‍റ്, പുതുക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കായി ഇന്ത്യ പോസ്റ്റ് കേരള സർക്കിളിലെ കൊച്ചി സെൻട്രൽ റീജ്യൺ ശിൽപ്പശാല സംഘടിപ്പിച്ചു. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ശിൽപ്പശാല നടത്തിയത്.

എറണാകുളം, ആലുവ, ലക്ഷദ്വീപ്, ആർഎംഎസ് (ഇകെ) ഡിവിഷനുകളിലെ പോസ്റ്റ് ഓഫിസുകളിൽ നിന്നുള്ള ജീവനക്കാർ സെഷനിൽ പങ്കെടുത്തു. കോട്ടയം, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും സമാനമായ ശിൽപ്പശാലകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

മാതാപിതാക്കളും രക്ഷിതാക്കളും ഈ സംരംഭം പൂർണമായി പ്രയോജനപ്പെടുത്തണമെന്നും തങ്ങളുടെ കുട്ടികളുടെ ആധാർ വിവരങ്ങൾ പുതുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കൊച്ചി സെൻട്രൽ റീജ്യൺ അഭ്യർഥിച്ചു.

logo
Metro Vaartha
www.metrovaartha.com